Skip to main content

പെണ്ണുടലിന്റെ കാമനകള്‍

പെണ്ണുടലിന്റെ കാമനകളെ, കാമനകളുടെ സമ്മര്‍ദ്ദത്തില്‍ ഇരിക്കപ്പൊറുതിയില്ലാത്തവളെ, അവളുടെ മനോസഞ്ചാരങ്ങളെയും ആമന്ത്രണങ്ങളെയും ചെയ്തികളെയും എഴുതിയിരിക്കുന്ന കഥയാണ് മനോജ് വെള്ളനാടിന്റെ ‘ഉടല്‍വേദം’. കഥയിലെ ജാന്‍സി (സോഫിയ) എഴുതിയ കുറിപ്പിലെ വാക്കുകള്‍ സ്‌ത്രൈണവികാരത്തിന്റെ വേദമന്ത്രങ്ങളാണെന്ന് ഈ ശീര്‍ഷകത്തിലൂടെ കഥാകാരന്‍ പറയുന്നതായി നമുക്കു തോന്നുന്നു. ഈ മന്ത്രവചസ്സുകള്‍ക്കുള്ളില്‍ സോഫിയയുടെ സ്ത്രീമനസ്സില്‍ നിറഞ്ഞിരിക്കുന്ന പുരുഷന്റെ ഉടലിനോടുള്ള കാമമോഹങ്ങള്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്നു. കുഞ്ഞിനു മുലപ്പാല്‍ നല്‍കുന്ന അമ്മയുടെ ശരീരവും ആണിന്റെ ലൈംഗികാസക്തിയുടെ ആക്രമണത്തില്‍ വേദനിക്കുന്ന ശരീരവും ആണ്‍ ഉടലിലേക്കുള്ള പെണ്‍മോഹങ്ങളുടെ ശരീരവും – സോഫിയയുടെ ശരീരത്തിലൂടെ ആവിഷ്‌ക്കരിക്കുന്ന കഥാകാരന്‍ പെണ്‍ഉടലിന്റെ ഭൗതികതയുടെ ബഹുലമാനങ്ങളെ എഴുതുന്നു.

തുടക്കത്തില്‍ രണ്ടു സ്ത്രീകളുടെ കഥ പറയുകയാണെന്ന പ്രതീതി ജനിപ്പിക്കുന്നുണ്ട്, കഥാകാരന്‍. ഒരു വശത്ത് സോഫിയ : വിവാഹിത, അമ്മ, ഉദ്യോഗസ്ഥയായ സ്ത്രീ. മറുവശത്ത് ജാന്‍സി : സോഫിയയുടെ സഹപ്രവര്‍ത്തക, മനസ്സിനും ശരീരത്തിനും ‘പ്രശ്‌ന’മുള്ളവള്‍. കഥയുടെ തുടര്‍ച്ചയില്‍ ജാന്‍സി എന്ന കൂട്ടുകാരിയെ കുറിച്ച് സോഫിയ പറയുന്നതിനാണ് നാം ചെവി കൊടുക്കുന്നത്. സ്വയം അവളെ കുറിച്ചു തന്നെ, അവളുടെ ആഗ്രഹങ്ങളെ കുറിച്ചു തന്നെയാണ് സോഫിയ പറയുന്നതെന്നു പിന്നീടു നാം ഗ്രഹിച്ചു തുടങ്ങുന്നു. കൂട്ടുകാരിയായ ജാന്‍സിയല്ല, സോഫിയയുടെ മനസ്സില്‍ സൃഷ്ടിക്കപ്പെട്ട ജാന്‍സിയാണ് കഥയില്‍ പ്രവര്‍ത്തിക്കുന്നത്. സോഫിയയുടെ അടക്കിപ്പിടിച്ച ആഗ്രഹത്തിന്റെ സ്വരൂപം. സോഫിയ ജാന്‍സിയെ കുറിച്ച് പറയുന്ന രഹസ്യങ്ങള്‍ അതിശയകരമായി വ്യക്തിപരമാണ്. അവളുടെ ആകര്‍ഷണം, ശരീരപ്രതികരണം, അവള്‍ ഓടിപ്പോകുന്ന സമയങ്ങള്‍ എല്ലാം തന്നെ സോഫിയയുടെ അനുഭവങ്ങളാണ്. കഥയുടെ തുടക്കത്തില്‍ സോഫിയ ഓഫിസില്‍ നിന്ന് അപ്രതീക്ഷിതമായി എഴുന്നേറ്റ് ഓടിപ്പോകുന്നുണ്ടല്ലോ? അതേ സംഭവരൂപം ഇതരരൂപത്തില്‍ അവള്‍ പറയുന്ന ജാന്‍സിയിലും ആവര്‍ത്തിക്കുന്നു.

”എനിക്കവനെക്കാള്‍ പ്രിയം
ആ ചുണ്ടുകള്‍ക്കു മീതേ
ചാമരം വീശുന്ന
മീശയാണ്.
ആദ്യമെത്തുന്നത്,
ആദ്യമെന്നെ തൊടുന്നത്,
ആദ്യമെന്നില്‍ കൊള്ളുന്നത്,
അതാണല്ലോ!”

ഇതു കൂട്ടുകാരിയായ ജാന്‍സിയുടെ വാക്കുകളല്ല. സോഫിയയുടെ വാക്കുകളാണ്. സോഫിയ ശ്യാമിനോടു പറയുന്ന ജാന്‍സി സോഫിയയുടെ പ്രതിബിംബം മാത്രമാണ് – സോഫിയ അവളുടെ അടച്ചുവെച്ച ലൈംഗികാഭിലാഷത്തെ മറ്റൊരാളുടെ, ജാന്‍സി എന്ന സുഹൃത്തിന്റെ ആഗ്രഹമായി അവതരിപ്പിക്കുന്നു. അവള്‍ക്ക് ഇങ്ങനെ ചെയ്യേണ്ടി വരുന്നതില്‍ സമൂഹത്തിന്റെ വിലക്കുകളും പുരുഷാധികാരവും ഒരു കാരണമാണെന്നു തീര്‍ച്ച! ജാന്‍സിയുടെ രോഗമെന്നത് യഥാര്‍ത്ഥത്തില്‍ സോഫിയയുടെ ലൈംഗികകാമനകളുടെ ഭാഷ മാത്രമാണ്.

മനോജ് വെള്ളനാട്‌

സോഫിയയുടെ ശരീരം സൈ്വര്യം നല്‍കാത്ത കാമനകളുടെയും നിര്‍വ്വഹിക്കേണ്ടുന്ന കടമകളുടെയും സംഘര്‍ഷഭൂമിയാണ്. ഒരു വശത്ത് ഭര്‍ത്താവായ ശ്യാമിന്റെ ആക്രമണത്തോളമെത്തുന്ന ലൈംഗികതയ്ക്കു മേയാനുള്ള ഉടല്‍. മറുവശത്ത് സ്‌ത്രൈണത തുളുമ്പുന്ന കാമമോഹങ്ങളുടെ ശരീരം. കഥയിലെ ശരീരവിവരണങ്ങള്‍ സവിശേഷമായി ശ്രദ്ധിക്കണം. വിയര്‍പ്പ്, വിറയല്‍, മുലപ്പാല്‍ കിനിയല്‍ – ഇവയൊക്കെ ആഗ്രഹത്തിന്റെയും ലജ്ജയുടെയും വേദനയുടെ കൂടി സംഘര്‍ഷഭാവങ്ങളെ പ്രതിനിധീകരിക്കുന്നതാണ്. പുരുഷബോധത്താല്‍ കീഴടക്കപ്പെട്ട സമൂഹം അവളെ അമ്മയാകാന്‍ അനുവദിക്കുന്നു. ഭാര്യയാകാന്‍ അനുവദിക്കുന്നു. ഇപ്പോള്‍, ഉദ്യോഗസ്ഥയാകാനും അനുവദിക്കുന്നു – പക്ഷേ, ലൈംഗികാഭിലാഷങ്ങളുള്ള ശരീരമുള്ള സ്ത്രീയായി അംഗീകരിക്കുന്നില്ല. അതുകൊണ്ട് അവള്‍ തന്റെ ആഗ്രഹത്തെ രോഗമായി കാണിക്കുന്നു, അതിനൊരു പേര് നല്‍കുന്നു – ജാന്‍സി.

രോഗം ആര്‍ക്കാണ്? രോഗം സ്ത്രീയെ തിരിച്ചറിയാത്ത പുരുഷനാണ്. പുരുഷാധികാരത്തിന്റെ ലോകത്ത് അത് സമൂഹത്തിന്റെ പൊതുബോധമാണ്. സ്ത്രീയുടെ ആഗ്രഹത്തെ മാരകമായ രോഗമായാണ് പൊതുബോധം കാണുന്നത്. അതുകൊണ്ട് അവള്‍ക്ക് രോഗിണിയുടെ വേഷത്തില്‍, ജാന്‍സി എന്ന സുഹൃത്തിന്റെ വേഷത്തില്‍ തന്റെ മോഹങ്ങളെ കുറിച്ച് ഭര്‍ത്താവിനോടു പറയേണ്ടി വരുന്നു.

കഥയുടെ തുടക്കത്തില്‍ തന്നെ സോഫിയയുടെ കണ്ണ് പുരുഷന്മാരുടെ ശരീരത്തിലേക്ക് വഴുതിപ്പോകുന്നത് എഴുതപ്പെടുന്നുണ്ട് – മുട്ടന്‍ ശരീരങ്ങള്‍, എയിറ്റ്പാക്ക് ബോഡി, മീശ, മീശയില്ലാത്ത മുഖം… സാധാരണസാഹിത്യത്തില്‍ പുരുഷന്‍ സ്ത്രീയെ നോക്കുന്ന ”പുരുഷദൃഷ്ടി”യാണ് പ്രബലമായ ആഖ്യാനവിഷയമെങ്കില്‍ ഇവിടെ എഴുത്തുകാരന്‍ സ്ത്രീയുടെ ദൃഷ്ടി പുരുഷശരീരത്തിലേക്ക് തിരിക്കുന്നു. ഇതൊരു മറിച്ചിടലാണ്. സ്ത്രീയുടെ കണ്ണ് പുരുഷനെ വസ്തുവായി കാണുന്നു. എന്നാല്‍ അതിനെ രോഗം, മാനസികാസ്വസ്ഥത എന്നിങ്ങനെ വിളിക്കേണ്ടുന്ന സ്ഥിതിയുണ്ട്. ഇതിലൂടെ എഴുത്തുകാരന്‍ സ്വയം തന്നെ – പുരുഷനെ തന്നെ – സൂക്ഷ്മമായി വിമര്‍ശിക്കുന്നു. സ്ത്രീയുടെ ലൈംഗികാഭിലാഷങ്ങള്‍ പൊതുബോധത്തിന് അസഹനീയമായതിനാല്‍ അതിനെ രോഗമെന്ന് ആവിഷ്‌ക്കരിക്കുന്നു. സോഫിയയ്ക്ക് മീശയോടുള്ള ആകര്‍ഷണത്തെ, അവളുടെ അടക്കിപ്പിടിച്ച അഭിലാഷങ്ങളെ അവളുടെ വാക്കുകളില്‍ തന്നെ പിന്നീട് നാം അറിയുന്നുണ്ട്. രോഗം ആ പ്രഖ്യാപനത്തിനായുള്ള മാര്‍ഗ്ഗമായി മാറ്റിത്തീര്‍ക്കപ്പെടുന്നു.

സോഫിയയുടെയും ഭര്‍ത്താവായ ശ്യാമിന്റെയും ബന്ധം തുടക്കത്തിലെങ്കിലും ഏറ്റവും വേദനാജനകമായ അനുഭവമാണ്. ശ്യാമിന് സോഫിയയുടെ ശരീരവും ലൈംഗികബന്ധവും തന്റെ തൃപ്തിക്കായുള്ള മാര്‍ഗ്ഗം മാത്രമാണ്; സോഫിയയുടെ വേദനയോ ആഗ്രഹമോ അവന്‍ പരിഗണിക്കുന്നില്ല. സോഫിയക്ക് വേദനിക്കുമ്പോഴും അവന്‍ അത് അറിയുന്നില്ല – അവളുടെ ശരീരം അവനു സ്വന്തം അവകാശമാണെന്ന മനോഭാവം. അപ്രതീക്ഷിതമായ ക്രൂരത. ഇവ എല്ലാം സോഫിയയെ മനസ്സിനെ ബാധിക്കുന്നു.

”ഞാനെന്ത് ചെയ്യാനാണ്. തൊട്ടാ വേദന. പിടിച്ചാ വേദന. എത്രയെന്ന് വച്ചിട്ടാ.”

സ്വാഭാവികമെന്നോണമാണ് ശ്യാം ഇങ്ങനെ പ്രതികരിക്കുന്നത്. ആക്രമണം സ്വാഭാവികമാണ്!

”ശ്യാമിന്റെ നഖങ്ങളമര്‍ന്നപ്പോള്‍ അവള്‍ അമ്മേയെന്ന് അറിയാതെ വിളിച്ചുപോയി. ശ്യാം അവളുടെ വസ്ത്രങ്ങള്‍ എന്നത്തേയും പോലെ വലിച്ചുകീറുകയും കുടുക്കുകള്‍ വലിച്ചുപൊട്ടിക്കുകയും ചെയ്തു. നിമിഷങ്ങള്‍ക്കുള്ളില്‍ ശ്യാം വേദനപ്പിച്ചുകൊണ്ടുതന്നെ സോഫിയയിലേയ്ക്ക് ആഴ്ന്നിറങ്ങുകയും മിനിറ്റുകള്‍ക്കുള്ളില്‍ ക്രീഡകള്‍ അവസാനിപ്പിച്ച് സ്വയം ചുരുണ്ടുകൂടുകയും ചെയ്തു.”

സോഫിയയുടെ മാനസികലോകവും അയാള്‍ മനസ്സിലാക്കുന്നില്ല. അവന്റെ ശരീരം ബന്ധത്തില്‍ ഉണ്ടെങ്കിലും മനസ്സു കൊണ്ട് ഇണയെ അറിയുന്നില്ല.

ശ്യാമിന്റെ അനാസ്ഥയും ലൈംഗികാവശ്യങ്ങളെ സംബന്ധിച്ച അവന്റെ സ്വയംകേന്ദ്രിതസമീപനവും
പുരുഷാധികാരസമൂഹത്തിന്റെ ശീലം തന്നെയാണ്. ലൈംഗികജീവിതത്തില്‍ പുരുഷാനുഭവത്തിന്റെ ഏകാധിപത്യം ഇന്ത്യന്‍ സമൂഹത്തില്‍ മൂര്‍ത്തയാഥാര്‍ത്ഥ്യമാണ്. സ്ത്രീയുടെ വേദനയെ പുരുഷന്‍ അവഗണിക്കുന്നു. എന്നാല്‍ സോഫിയയുടെ കണ്ണിലൂടെ കാണുമ്പോള്‍, സ്ത്രീയുടെ ആഗ്രഹം ഒരിക്കലും വെറും ശാരീരികം മാത്രവുമല്ല – അത് അവളുടെ അസ്തിത്വം സ്ഥാപിക്കാനുള്ള ശ്രമം കൂടിയാണ്. സോഫിയയുടെ കണ്ണീരും ഇറ്റുവരുന്ന മുലപ്പാലിന്റെ തുള്ളിയും അതിനോടുള്ള പ്രതികരണമാണ്. അവള്‍ ജാന്‍സിയുടെ ലോകത്തിലേക്കു പോകുന്നു – ജാന്‍സി പറയുന്നതായി അവള്‍ പറയുന്നതെല്ലാം അവളുടെ സ്വന്തം മനസ്സു തന്നെയാണ്.

സോഫിയയുടെ (ജാന്‍സിയുടെ) പ്രശ്‌നം കേട്ട് മരുന്ന് എഴുതിക്കൊടുക്കുന്ന ഡോ. അരുണ്‍ ശങ്കറിന് അവളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാകുന്നുണ്ടെന്നു കരുതണം. എന്നാല്‍, അയാള്‍ അതിനെ കുറിച്ച് ശ്യാമിനോട് സംസാരിക്കുന്നതായ പ്രത്യക്ഷസൂചനകള്‍ കഥയിലില്ല.

ഡോക്ടര്‍ അരുണിന്റെ ചോദ്യം –

‘മീശയുണ്ടായിരുന്നെങ്കില്‍ പ്രശ്‌നം തീര്‍ന്നേനെ?” –

സവിശേഷമാണ്. അയാളുടെ ചോദ്യം കേട്ടയുടനെ സോഫിയ മറ്റു വസ്തുക്കളിലേക്കു നോക്കുന്നു. തുടക്കത്തിലെ ഈ മൗനം പലപ്പോഴും സ്ത്രീയുടെ പ്രതിരോധഭാഷയാണ്. സ്ത്രീയുടെ ആഗ്രഹം അവളുടെ ഉടലിന്റെ രാസപ്രശ്‌നമാണെന്നു കാണുന്ന രീതിയിലാണോ അരുണ്‍ മരുന്നുകള്‍ കുറിച്ചു കൊടുക്കുന്നതെന്നും സംശയിക്കണം! സോഫിയ ഉന്നയിക്കുന്ന ‘രോഗ’ത്തിന്റെ സാമൂഹികമാനങ്ങള്‍ അയാളുടെ നോട്ടത്തില്‍ വരുന്നില്ല! ആ നിലയില്‍ ഡോക്ടറുടെ കാഴ്ചയും പുരുഷകാഴ്ചയാണ്. തണുത്തത്. വിധിക്കുന്നത്. സമൂഹം അവമതിക്കാത്ത സ്ത്രീയായി തുടരാന്‍ സോഫിയ അയാളുടെ മുന്നില്‍ വിതുമ്പുന്നു.

കഥാന്ത്യത്തില്‍ സോഫിയ ”ഞായറാഴ്ച നമുക്കും സൂ കാണാന്‍ പോകാം” എന്നു പറയുമ്പോള്‍ – അത് ജാന്‍സിയുടെ വാക്കുകള്‍ തന്നെയാണ്. അവളുടെ ഉള്ളിലെ യാഥാര്‍ത്ഥ്യവും പറഞ്ഞുകൊണ്ടിരുന്ന കെട്ടുകഥയും തമ്മിലുള്ള അതിരുകള്‍ ഇല്ലാതാകുന്നു. എങ്കിലും, കഥ ശുഭപര്യവസായിയാണ്. ജാന്‍സി പറഞ്ഞതായി സോഫിയ പറയുന്നതെല്ലാം അവളുടെ മനസ്സു തന്നെയാണെന്നു വൈകിയാണെങ്കിലും ശ്യാം മനസ്സിലാക്കുന്നുണ്ടാകണം.

”യൂ നോ, ദേര്‍ ആര്‍ ടു പെയേര്‍സ് ഓഫ് ലിപ്‌സ് ഇന്‍ എ വിമന്‍! വണ്‍ ഹൊറിസോണ്ടല്‍ ആന്റ് വണ്‍ വെര്‍ട്ടിക്കല്‍. ദി ബോത്ത് ആര്‍ മെന്റ് ഫോര്‍ കിസിംഗ്. ഇതിന്ന് ജാന്‍സി പറഞ്ഞതാണ്. എന്താണെന്നു മനസ്സിലായോ?”
സോഫിയ പതിഞ്ഞ സ്വരത്തില്‍ ചോദിച്ചു. ശ്യാമൊന്നും മിണ്ടാതെ അവളെ ചേര്‍ത്തുപിടിച്ചു.

സോഫിയ തുടര്‍ന്നു:

”ജാന്‍സി പിന്നെ പറയുവാണ്,
ദേര്‍ ആര്‍ ടു ഇയേര്‍സ്, ടു ഐസ്, ടു ചീക്സ്, ടു ബ്രസ്റ്റ്‌സ്…”

”ഈ ജാന്‍സി പറയുവാ.”

അവളെ പറഞ്ഞു മുഴുമിപ്പിക്കാന്‍ സമ്മതിക്കാതെ ശ്യാം വീണ്ടും ആ ചുണ്ടുകളെ സ്വന്തമാക്കി.

”ഇനി മേലാലീ ജാന്‍സിയുടെ കാര്യം മിണ്ടരുതിവിടെ. അവളു പോയി പണിനോക്കട്ടെ.”

ജൂലിയ ക്രിസ്റ്റേവയും ലൂസ് ഇരിഗാറെയും പറഞ്ഞ ‘അടക്കിവെക്കപ്പെട്ട ശരീരം’ എന്ന ആശയം ഈ ആഖ്യാനത്തില്‍ പൂര്‍ണ്ണമായി പ്രകടമാണ്. സ്ത്രീശരീരം പുരുഷാധിപത്യപ്രതീകാത്മകക്രമത്തിന്റെ നിയന്ത്രണഘടനകള്‍ക്കും അര്‍ത്ഥങ്ങള്‍ക്കും അനുസൃതമായി നിയന്ത്രിക്കപ്പെടുന്നതായി കാണുന്നു. ഇത്, സ്ത്രീകളുടെ അനുഭവങ്ങളെ ചരിത്രപരമായി പാര്‍ശ്വവല്‍ക്കരിക്കുകയും പുരുഷനുമായി ബന്ധപ്പെട്ടു മാത്രം അവയെ നിര്‍വ്വചിക്കുകയും ചെയ്യുന്നു.

സോഫിയയുടെ ആഗ്രഹം സമകാലമനുഷ്യാവസ്ഥയുടെ സ്വാഭാവികത തന്നെയാണെന്ന ബോദ്ധ്യത്തോടെ കഥാകാരന്‍ അവളെ എഴുതുന്നു. ”ഉടല്‍വേദം” എന്ന കഥ സ്ത്രീശരീരത്തെ ഒരു രാഷ്ട്രീയവിഷയമാക്കി മാറ്റുന്നു.
സോഫിയയുടെ ശരീരത്തിലൂടെ എഴുത്തുകാരന്‍ കാണിക്കുന്നത്, സ്ത്രീയുടെ ശരീരം എങ്ങനെ നിശബ്ദമാക്കപ്പെട്ടിരിക്കുന്നുവെന്നാണ്. സ്ത്രീക്ക് തന്റെ സ്വത്വം മറച്ചുവെച്ച് മറ്റൊരാളായി തനിക്കു വേണ്ടി സംസാരിക്കേണ്ടി വരുന്നു. സോഫിയയുടെ ശരീരം അതിന്റെ മുഴുവന്‍ വിറയലിലും വേദനയിലും ഒരു പ്രതീകമാകുന്നു – അഭിലഷിക്കുന്നവളില്‍ നിന്നും കുറ്റബോധത്തിലേക്കും സ്വയം മറഞ്ഞ് മറ്റൊന്നായി പ്രത്യക്ഷപ്പെടുന്നതിലേക്കും സ്ത്രീയെ തള്ളുന്ന സമൂഹത്തിന്റെ പ്രതീകം.

മനോജ് വെള്ളനാട് ഈ കഥയില്‍ സ്ത്രീ ശരീരത്തിന്റെ ഭൗതികതയെ ആഖ്യാനത്തിന്റെ ഭാഷയാക്കി മാറ്റുന്നു. സോഫിയയുടെ സംസാരവും മൗനവും, ആഗ്രഹവും വേദനയും എല്ലാം ചേര്‍ന്ന് ഒരു ശരീരലേഖനം (body-script) സൃഷ്ടിക്കുന്നു. അവളുടെ ആകര്‍ഷണം പുരുഷന്റെ ശരീരത്തിലേക്കുള്ളതാകുമ്പോള്‍ തന്നെ അതിന്റെ അടിയുറച്ച ആഗ്രഹം അവളുടെ സ്വയം ശരീരത്തിന്റെ തിരിച്ചറിവ് തന്നെയാണ്. അതിനാല്‍ ഈ കഥയെ സ്ത്രീയുടെ ശരീരത്തെപ്പറ്റിയുള്ള സ്വയം ബോധത്തിന്റെ അന്വേഷണകഥയായും വായിക്കാം. സ്ത്രീയുടെ ഉടലിന്റെ വിറയലിലൂടെ ആത്മാവിന്റെ വിറയലിനെ എഴുതിക്കാണിക്കുന്ന കഥ മനോജ് വെള്ളനാട് എഴുതിയിരിക്കുന്നു.


ഉടല്‍വേദം
രചന : മനോജ് വെള്ളനാട്
പ്രസാധകര്‍ : ഡി.സി. ബുക്‌സ്
വില : 210/-

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.