Skip to main content

ഉടൽ വസ്ത്രമാകുന്ന ‘ഹിംസ’

ശാരീരികമായ അതിരുകളെയും അസ്തിത്വപരമായ പരിവർത്തനങ്ങളെയും കുറിച്ചുള്ള വായന ആവശ്യപ്പെടുന്ന കവിതയാണ് ആദില കബീറിന്റെ പാമ്പുറ. സ്ത്രീശരീരത്തിനും അന്യവസ്തുവിനും ഇടയിലുള്ള അതിർവരമ്പുകൾ മാഞ്ഞുപോകുന്ന അവസ്ഥയാണ് കവിതയിൽ കാണുന്നത്. പാമ്പ് ഒരു പുറംവസ്തുവായിട്ടല്ല ഇവിടെ വരുന്നത്. ശരീരത്തിലേക്ക് അലിഞ്ഞുചേരുന്ന ‘ഉറ’ ആയിട്ടാണ് .

​നമ്മുടെ ശരീരത്തിന്റെ ഭാഗമല്ലാത്ത എന്നാൽ ശരീരത്തോട് ഒട്ടിനിൽക്കുന്നവ അറപ്പുളവാക്കുന്നതോ ഭയപ്പെടുത്തുന്നതോ ആയ നിരാകരിക്കേണ്ട വസ്തു ആയി മാറുന്നു. “ഇലാസ്തികതയുള്ളൊരു കാലുറ കണക്കെ വലിഞ്ഞു കയറുന്ന നീളൻ പാമ്പ്” എന്ന വരിയിൽ പാമ്പ് ശരീരത്തിന്റെ അവിഭാജ്യ ഘടകമായി മാറാൻ ശ്രമിക്കുന്നത് കാണാം. ഉപേക്ഷിക്കേണ്ടത് ഇവിടെ ഭീതിയും അന്യത്വവും തമ്മിലുള്ള പോരാട്ടമായി മാറുന്നു. കവിതയിലെ ‘ഞാൻ’ ഈ അധിനിവേശത്തെ വിറയലോടെയല്ലനിരീക്ഷിക്കുന്നത്. ഒരുതരം നിശ്ചലതയോടെയാണ് . വലതുകാൽപാദം പാമ്പിന്റെ വായയിലായിരിക്കുമ്പോഴും “ഞാൻ ശ്രദ്ധയോടെയിരിക്കുകയാണ്” എന്ന് കവി പറയുന്നു. ഇത് ഭയത്തിനപ്പുറം, തന്റെ ശരീരത്തിലേക്ക് കടന്നുവരുന്ന അന്യമായ ഒന്നിനെ (The Other) നോക്കിനിൽക്കുന്ന ഇരയുടെ മരവിപ്പാണ്. ശരീരത്തിന്റെ അതിരുകൾ ലംഘിക്കപ്പെടുമ്പോൾ ഉണ്ടാകുന്ന ഈ സംഘർഷം ഉപേക്ഷിക്കപ്പെടേണ്ടതിന്റെ കൃത്യമായ രൂപമാണ്.

​സ്ഥിരാന്തരപരിണാമം ഒരു വസ്തു മറ്റൊന്നിനോട് ചേരുമ്പോൾ പുതിയൊരു അവസ്ഥ രൂപപ്പെടുന്നു. ഇവിടെ പാമ്പ് കാലിലേക്ക് വലിഞ്ഞുകയറുമ്പോൾ അത് കാലിന്റെ ആകൃതി കൈക്കൊള്ളുന്നു. ഇത് ശരീരത്തിന്റെ സ്വാഭാവികമായ അതിരുകൾ ഇല്ലാതാക്കുന്ന പ്രക്രിയയാണ്. പാമ്പ് ശരീരത്തെ വിഴുങ്ങുകയല്ല ഇവിടെ ശരീരവുമായി ചേർന്ന് പുതിയൊരു ജൈവ രൂപമായി മാറുകയാണ് ചെയ്യുന്നത്. “വിരലെല്ലാം സമർത്ഥമായവൻ വിഴുങ്ങിയിട്ടുണ്ട്” എന്ന വരിയിലൂടെ ശരീരത്തിന്റെ ഭാഗങ്ങൾ പാമ്പിന്റേതായി മാറുന്ന രൂപാന്തരം (Metamorphosis) നമുക്ക് കാണാം. പാമ്പ് ഒരു ജീവിയായിട്ടല്ല അനുഭവപ്പെടുന്നത്. മനുഷ്യശരീരവുമായി സംഗമിച്ച് പുതിയൊരു സത്തയായി മാറാൻ ശ്രമിക്കുന്ന ഒന്നായിട്ടാണ് അനുഭവപ്പെടുന്നത്. സ്ഥിരമായ സ്വത്വങ്ങളിൽ നിന്ന് വിട്ടുമാറി മറ്റൊന്നാകാനുള്ള ഒരു പ്രക്രിയ ഇവിടെ അബോധപൂർവ്വമായി നടക്കുന്നുണ്ട്.

​സ്ത്രീശരീരം ചരിത്രപരമായി പലതരം കടന്നുകയറ്റങ്ങൾക്ക് വിധേയമായിട്ടുള്ളതാണ്. ആദിലയുടെ കവിതയിൽ ഈ സ്ഥിരാന്തരപരിണാമം വേദനയുടെയും കൂടി ആണ്. ഇതിനെ സ്ത്രീ അനുഭവങ്ങളുമായി ബന്ധിപ്പിക്കുമ്പോൾ അത് അധികാരത്തിന്റെ കടന്നുകയറ്റങ്ങളെ സൂചിപ്പിക്കുന്നു. സ്ത്രീശരീരം പലപ്പോഴും മറ്റൊരാളുടെ അധിനിവേശത്തിന് വിധേയമാകുന്ന ഒന്നാണ്. കവിതയിൽ പാമ്പ് അരയോളം എത്തുമ്പോൾ അത് വസ്ത്രങ്ങൾക്കിടയിൽ കുടുങ്ങുന്നതും “നാണംകെടും” എന്ന് പറയുന്നതും ലൈംഗികമായ അതിക്രമങ്ങളുടെ പരോക്ഷ സൂചനയാണ്. ഇവിടെ ശരീരം കേവലം ഒരു മാംസപിണ്ഡമല്ല.രാഷ്ട്രീയവും സാമൂഹികവുമായ പോരാട്ടങ്ങൾ നടക്കുന്ന ഒരിടമാണ്.

​രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെടുന്നതിലാണ് കവിതയുടെ യഥാർത്ഥ ദുരന്തംകാണുന്നത്. “ഈ കരിങ്കത്തി കൊണ്ട് അവനെ വരഞ്ഞു കീറി ഞാൻ കാലിങ്ങ് പുറത്തെടുക്കുമല്ലോ” എന്ന കാവ്യശകലം പ്രത്യാശയുടെ പ്രതീകമാണ്. എന്നാൽ തുടർന്നു വരുന്ന ശകലങ്ങൾ ആ പ്രത്യാശയെ തകർക്കുന്നു. കയ്യിലുള്ള കരിങ്കത്തി കൊണ്ട് പാമ്പിനെ മുറിച്ചുമാറ്റാൻ ശ്രമിക്കുന്ന ഇര, വാസ്തവത്തിൽ മുറിവേൽപ്പിക്കുന്നത് സ്വന്തം ശരീരത്തെ തന്നെയാണ്. പാമ്പ് അപ്പോഴേക്കും അസ്ഥികളിലേക്കും നാഡികളിലേക്കും പടർന്നിരിക്കുന്നു. രക്ഷപ്പെടാനുള്ള ശ്രമം തന്റെ തന്നെ ശരീരത്തെ തകർക്കുന്ന ഒന്നായി മാറുന്നു. എന്നാൽ നമ്മെ വേട്ടയാടുന്ന ഒന്നിനെ പുറന്തള്ളാൻ ശ്രമിക്കുമ്പോൾ നമ്മുടെ അസ്തിത്വത്തിന്റെ തന്നെ ഒരു ഭാഗം നമുക്ക് നഷ്ടമാകുന്നു. കവിതയുടെ അവസാനം പാമ്പിനെക്കാൾ വേദനിക്കുന്നത് സ്വന്തം തുടയെല്ല് പൊട്ടുന്നതിലാണ്.

​പാമ്പ് ഇവിടെ കേവലം ഒരു പുറംജീവിയല്ല എന്നു കാണാം. ശരീരത്തെ ഗ്രസിക്കുന്ന ആന്തരികമായ ഒരു അവസ്ഥ കൂടിയാണ്. അതോടൊപ്പം സ്വാഭാവികമായ അതിരുകൾ ഇല്ലാതാകൽ ഇവിടെ സംഭവിക്കുന്നു. ശരീരത്തിന്റെ അതിരുകൾ പാമ്പിന്റെ വായയോടെ ഇല്ലാതാകുന്നു.

“അയ്യോഹ്… പാദങ്ങൾ ഞെരിഞ്ഞു പൊട്ടുന്നു… എന്റെ തുടയെല്ല്…!!!”

എന്ന വിലാപം കേവലം വേദനയല്ല. തന്റെ ശരീരം എന്ന ആധിപത്യം തകർക്കപ്പെട്ടതിന്റെയും മറ്റൊന്നിനാൽ പൂർണ്ണമായും കീഴടക്കപ്പെട്ടതിന്റെയും അന്ത്യമാണ്. വേട്ടക്കാരനും ഇരയും തമ്മിലുള്ള വേർതിരിവ് ഇല്ലാതാകുമ്പോൾ, വേട്ടക്കാരനെ കൊല്ലാൻ ശ്രമിക്കുന്നത് ആത്മഹത്യയ്ക്ക് തുല്യമായി മാറുന്നു.

​ആദിലയുടെ ഈ കവിതയിലൂടെ വെളിപ്പെടുന്നത് ഇരയുടെ മനഃശാസ്ത്രമല്ല. ഇരയും വേട്ടക്കാരനും തമ്മിലുള്ള ഇഴചേരലിനെആണ്.ശാരീരികമായ ഈ കടന്നുകയറ്റത്തെയും അതിനുശേഷമുണ്ടാകുന്ന വ്യക്തിത്വത്തിന്റെ തകർച്ചയെയും വിശകലനം ചെയ്യാൻ ഇത് നമ്മെ സഹായിക്കുന്നു. ഹിംസ എന്നത് പുറത്തുനിന്ന് മാത്രം സംഭവിക്കുന്ന ഒന്നല്ല; അത് നമ്മെ വിഴുങ്ങുകയും നമ്മുടെ തന്നെ ഭാഗമായി മാറുകയും ചെയ്യുന്നു. താൻ മുറിച്ചു മാറ്റാൻ ശ്രമിക്കുന്നത് പാമ്പിനെയല്ല എന്നു കാണാം.തന്റെ തന്നെ ഭാഗമായി മാറിയ ഒരു ഹിംസയെയാണെന്ന തിരിച്ചറിവിലാണ് കവിത അവസാനിക്കുന്നത്. സ്വത്വത്തെ വീണ്ടെടുക്കാൻ ശ്രമിക്കുമ്പോഴേക്കും അത് മറ്റൊന്നിനാൽ പൂർണ്ണമായും കീഴടക്കപ്പെട്ടു കഴിഞ്ഞു എന്ന തിരിച്ചറിവാണ് ആദിലയുടെ എഴുത്തിനെ പ്രശ്നപ്പെടുത്തുന്നത്.

***

No Comments yet!

Your Email address will not be published.

No related posts found.