രവി മെല്ലെ ഗെയ്റ്റ് തുറന്നു. മാഷ് പേപ്പർ വായനയിൽ മുഴുകി ഉമ്മറത്തിരിക്കുന്നുണ്ടല്ലോ. എന്തൊരു പ്രാകൃത വേഷാ മാഷടെ. പണ്ട് ക്ലാസ്സെടുക്കുമ്പോൾ മാഷിന്റെ വേഷത്തേയും, ഹെയർസ്റ്റൈലും കൗതുകത്തോടെ നോക്കിയിരിന്നിട്ടുണ്ട്. രവി നടന്ന് ഉമ്മറത്തെത്തിയതും,
“ഇതാരാ രവിയോ എന്നേ വന്ന്?
“ഇന്നലെ മാഷെ.”
“എന്താടോ കാശ് മാത്രം മതിയോ, നാടൊന്നും വേണ്ടാതായോ തനിക്ക്?”
“നാട് വേണ്ടാഞ്ഞിട്ടല്ല മാഷെ, പക്ഷെ വേറെ വഴിയില്ല.”
“ഇറാൻ ഖത്തറിൽ ബോംബിട്ട വാര്‍ത്ത വായിക്കായിരുന്നു. നിനക്കവിടെ പ്രശ്നമൊന്നും ഇല്ലല്ലോ ല്ലേ? ”
“ഞാൻ അബുദാബിയിലാ, യുദ്ധം തുടങ്ങിയാൽ എല്ലായിടത്തും പ്രശ്നം തന്നെയാണ്. മണിയേട്ടനില്ലേ ഇവിടെ ?”
“മോളിലെ മുറിയിലുണ്ട് .”
രവി ഇടനാഴികയിലൂടെ നടന്ന് കോണിപ്പടി കയറുമ്പോഴേ ‘ജബ ദീപ് ജലേ ആനാ’ പാട്ടിന്റെ മൂളൽ കേട്ടു .
മുറിയുടെ വാതിൽക്കലെത്തി “മണിയേട്ടാ”എന്ന് വിളിച്ചപ്പഴേക്കും ചാരുകസേരയിൽ കണ്ണടച്ച് കിടക്കുന്ന ആളൊന്ന് ഞെട്ടി രവിയെ നോക്കി ചിരിച്ചു.
“സുഖല്ലേ മണിയേട്ടാ?”
” ഇന്നലെ അയ്യപ്പൻവിളക്ക് കണ്ടിട്ട് നീ എന്താ കുട്ടാ പറയാതെ പോയത്. വാവര്
തന്ന പത്തിരി കഷണം തരാൻ ഞാൻ നിന്നെ കുറേ നോക്കി.”
“മണി ഏട്ടാ ഞാൻ രവിയാ, ഞാനിന്നലെ അബുദാബീന്ന് വന്നിട്ടല്ലേയുള്ളു.”
“നാനാത്ത് പറമ്പില് എത്ര മണിക്കാ നാടകം തുടങ്ങാ, നമുക്കൊരുമിച്ച് എന്റെ സൈക്കിളില് പോവാം. ഉണ്ണിക്കുട്ടനും വരാമെന്ന് പറഞ്ഞിട്ടുണ്ട്? ”
“മണിയേട്ടനെന്താ പറയുന്നത്, നാടകമോ,?”
രവി ആശ്ചര്യത്തോടെ ചോദിച്ചു.
“പാർട്ടി മീറ്റിങ്ങിൽ പ്രസംഗിക്കാനുള്ള പ്രസംഗം തയ്യാറാക്കാനുണ്ട്. ഞാനതെഴുതട്ടെ.”
എന്നും പറഞ്ഞ് മണിയേട്ടൻ കൂനിക്കൂടിയിരുന്ന് എഴുതാൻ തുടങ്ങി.
കാണാൻ ആർത്തിയോടെ എത്തിയ തന്നോടൊരു വിശേഷവും ചോദിക്കാതെ കുനിഞ്ഞിരുന്ന് എഴുതുന്ന മണിയേട്ടനെ കണ്ട് രവിക്കിത്തിരി പരിഭ്രമം തോന്നി. രവി അതിശയത്തോടെ മണിയേട്ടനെ തന്നെ നോക്കി നില്ക്കുമ്പോൾ
“ഇങ്ങോട്ടു പോരു രവി.”
പുറകിൽ നിന്നും മാഷിന്റെ ശബ്ദം.
“മാഷെ എന്താ പറ്റിയത് മണിയേട്ടന്? ”
പറഞ്ഞു വന്നപ്പോഴേക്കും രവിയുടെ ഒച്ചയിടറി.
“ഉണ്ണിക്കുട്ടന്റെ മരണത്തിൽ നിന്നും അവന് കരകയറാൻ പറ്റിയിട്ടില്ല. ഉണ്ണിക്കുട്ടനെ കാറിലിരുത്തി കള്ള് വാങ്ങിക്കാൻ ഷാപ്പില് പോയി തിരിച്ചുവന്നപ്പോഴല്ലേ, കാറിന്റെ ഉള്ളിലിരുന്ന് ശ്വാസംമുട്ടി ഉണ്ണി മരിച്ചത്. മണിയേട്ടന്റെ ശ്രദ്ധക്കുറവുകൊണ്ടാണ് മകനെ എനിക്ക് നഷ്ടമായതെന്ന് പറഞ്ഞ് രേവതിയും അവനെ
കുറ്റപ്പെടുത്തിക്കൊണ്ടേയിരുന്നു. കള്ള് കുടിയും ബഹളവും സഹിക്കാൻ പറ്റാതായപ്പോൾ അവൾ പോയി. രണ്ട് പ്രാവശ്യമായി ഷോക്കടിപ്പിക്കുണൂ. ഈ മുറിയാണിപ്പോളവന്റെ ലോകം. മാഷെന്തൊക്കെയോ പിന്നെയും പറഞ്ഞു കൊണ്ടേയിരുന്നു. രവി അതൊന്നും കേട്ടതേയില്ല. രവിയുടെ ശ്രദ്ധ മുഴുവനും ചുമരിലുള്ള ഫോട്ടോയിലായിരുന്നു. മികച്ച നാടക രചയിതാവിനുള്ള സംസ്ഥാനതല ട്രോഫി പിടിച്ചു നില്‍ക്കുന്ന മണിയേട്ടന്റെ ഫോട്ടോ. ആരോടും യാത്ര പറയാതെ രവി കോണിപ്പടി ഇറങ്ങുമ്പോൾ മണിയേട്ടൻ ‘ജബ ദീബ് ജലേ ആന’ മൂളുന്നുണ്ടായിരുന്നു.
***








No Comments yet!