Skip to main content

അപ്പംനേർച്ച – ബഹുത്വ സഞ്ചാരത്തിനുള്ള പോം ‘വഴികൾ’

കെ.എ. ജയശീലന്റെഅപ്പം നേർച്ച’ ആചാരവിവരണമായിട്ടു കാണാനാവില്ല.ഇത് ചലനാത്മകമായ വ്യവസ്ഥയെ കുറിച്ചുള്ള വിവരണമാണ്. ക്രമീകരണം സങ്കൽപ്പം. അപ്പവും അത് നിർമ്മിക്കുന്ന ഗ്രാമീണരും ഡീലോസിലേക്കുള്ള വഴികളും ക്ഷേത്രവുമെല്ലാം ചേർന്ന് ഇതിൽ വലിയ ഘടന രൂപപ്പെടുന്നു. ഇവിടെ അപ്പം എന്ന വസ്തുവിനേക്കാൾ പ്രാധാന്യം അത് കടന്നുപോകുന്ന ഇടങ്ങൾക്കും ആ കൈമാറ്റ പ്രക്രിയയ്ക്കുമാണ്. സ്ഥിരമായ ഒരിടത്തു നിൽക്കാതെ നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഈ അവസ്ഥയെ ഒരു നിരന്തര പ്രവാഹമായി കണക്കാക്കാം.

അതിർത്തിയിൽ നിന്ന് ആരംഭിച്ച് അതിർത്തി ലംഘിക്കുന്ന അപ്പത്തിന്റെ യാത്രയാണ് ഇതിൽ കാണാൻ കഴിയുന്നത്. ഗ്രാമത്തിൽ നിന്ന് അപ്പം പുറപ്പെടുമ്പോൾ അത് ആ പ്രദേശത്തിന്റെ അതിരുകളെ ലംഘിക്കുന്നു. അടുത്ത ഗ്രാമത്തിലെത്തുമ്പോൾ അത് പുതിയൊരു അപ്പമായി പുനർനിർമ്മിക്കപ്പെടുന്നു. അങ്ങനെ ഒരു ഗ്രാമത്തിന്റെ മാത്രം ഉടമസ്ഥതയിലായിരുന്ന നേർച്ച, യാത്രയിലൂടെ ഒരു പൊതുസഞ്ചയത്തിലേക്ക് മാറുകയാണ് ചെയ്യുന്നത്. ഇത് അപ്പത്തെ ഒരു പ്രത്യേക ബിന്ദുവിൽ ഉറപ്പിക്കാതെ നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്നു.

​കേന്ദ്രമില്ലാത്ത അപ്പത്തിന്റെ പട൪ച്ച. ഇത് ഒന്നിൽ നിന്ന് മറ്റൊന്നിലേക്ക് പടരുന്നു. ആദ്യത്തെ ഗ്രാമീണ൯ നേർച്ച നേരുന്നുണ്ടെങ്കിലും ആ നേർച്ചയുടെ പൂർത്തീകരണം അനേകം ഗ്രാമങ്ങളുടെ പങ്കാളിത്തത്തിലാണ്ട്.ഇവിടെ അധികാരത്തിന്റെയോ ഉത്തരവാദിത്തത്തിന്റെയോ പിരമിഡായ ഘടനയ്ക്ക് പകരം തിരശ്ചീനമായ (Horizontal) ഒരു ബന്ധമാണ് ഗ്രാമങ്ങൾ തമ്മിലുള്ളത്. ഓരോ ഗ്രാമവും അങ്ങനെ ആ ശ്രേണിയിലെ പ്രധാനപ്പെട്ട ഓരോ ബിന്ദുവായി മാറുന്നു.

​അപ്പം ഒരു സ്ഥിരവസ്തുവാകാതെ മാറിമാറി സഞ്ചരിക്കുന്നു. ഓരോ ദിവസവും പുതിയ അപ്പം ഉണ്ടാക്കുമ്പോൾ നേർച്ച തന്നെ പുതുതായി മാറുന്നു .അതുവഴി നേർച്ചയിലേക്കുള്ള യാത്രയ്ക്കോ പ്രവർത്തിക്കോ പ്രാധാന്യം ലഭിക്കുന്നു. കവിത, രേഖീയചിന്താഗതിയെ അങ്ങനെ മറികടക്കുന്നു. പുണ്യം എന്നത് ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ മാത്രം ലഭിക്കുന്ന ഒന്നെല്ലാതെ ആയി മാറുന്നു. ആ യാത്രയിലുടനീളം ചിതറിക്കിടക്കുന്ന ഒന്നാണെന്ന് വ്യക്തമാക്കുവാൻ കവിതക്ക് കഴിയുന്നു.

​കവിതയിലെ പുണ്യത്തിന്റെ വിതരണം ബഹുത്വത്തിലേക്ക് നീങ്ങുന്നു. നേർച്ച നേരുന്ന വ്യക്തിയിൽ മാത്രം ഒതുങ്ങാതെ ഭക്തിയുടെ ഫലമായി പുണ്യം മാറുന്നു. ആ വ്യവസ്ഥയിലുള്ള എല്ലാവരിലേക്കും എത്തുന്നു. വ്യക്തിപരമായ കർതൃത്വത്തെ (Individual Subjectivity) റദ്ദു ചെയ്തുകൊണ്ട് ഒരു സാമൂഹിക യന്ത്രം (Social Machine) എന്ന നിലയിലാണ് ഗ്രാമങ്ങൾ ഇവിടെ പ്രവർത്തിക്കുന്നത്. ഒറ്റക്കൊരാളിലോ ഗ്രാമത്തിലോ കേന്ദ്രീകരിക്കാതെ ആണ് അതിന്റെ പ്രഭാവം. എല്ലായിടത്തും ഒരേപോലെ. കവിതയുടെ അവസാന വരികളിൽ കൃത്യമായി അത് പ്രതിഫലിക്കുന്നുണ്ട്.

സംവേദനക്ഷമതയുടെ മേഖലകൾ കവിതയിലെ അപ്പത്തിന്റെ സഞ്ചാരപഥങ്ങളിലും അതിനൊപ്പം ദർശിക്കാവുന്നതാണ്. അപ്പം ഓരോ ഗ്രാമത്തിലും എത്തുമ്പോൾ അവിടെ ഊർജ്ജകൈമാറ്റം നടക്കുന്നുണ്ട്. ഇത് കേവലം ഭൗതികമായ കൈമാറ്റമല്ല. വികാരങ്ങളുടെയും വിശ്വാസങ്ങളുടെയും തീവ്രതയാണ് അവിടെ ഉണ്ടാകുന്നത്. അതിന്റെ ഭാവവും പ്രകടമാണ്. അപ്പം സ്വീകരിക്കുന്നവരും അത് പുതുതായി നിർമ്മിക്കുന്നവരും തമ്മിലുള്ള ആത്മബന്ധംഉണ്ടാകുന്നുണ്ട്. അത് ഒരു പുതിയ സാമൂഹിക ഘടനയും രൂപപ്പെടുത്തുന്നത്.

രേഖീയമായ സമയക്രമത്തെ അപ്പത്തിന്റെ ഇതേ നൈമിഷികത വെല്ലുവിളിക്കുകയും ചെയ്യുന്നു. ദിവസവും അപ്പം കേടുവരുന്നു എന്നത് സമയത്തിന്റെ നാശശക്തിയെ കാണിക്കുമ്പോൾ, പിറ്റേന്ന് പുതിയ അപ്പം നിർമ്മിക്കപ്പെടുന്നത് സമയത്തിന്റെ പുനരുജ്ജീവനത്തെയും സൂചിപ്പിക്കുന്നു. ഭൂതകാലത്തെ നേർച്ചയും ഭാവിയിലെ ലക്ഷ്യസ്ഥാനമായ ക്ഷേത്രവും വർത്തമാനകാലത്തെ നിർമ്മാണപ്രക്രിയയിൽ ലയിച്ചും ചേരുന്നു. ഇവിടെ സമയം എന്നത് കൃത്യമായ അളവില്ല. അത് മാറ്റത്തിന്റെ നിരന്തരാവസ്ഥയിലാണ്.

ഇതിനെല്ലാം ഉപരി വരേണ്യമായ ആചാരക്രമങ്ങളെ ഈ കവിത അട്ടിമറിക്കുന്നുണ്ട്. നേർച്ച എന്നത് സാധാരണ ഗതിയിൽ വ്യക്തിയും ദൈവവും തമ്മിലുള്ള കരാറാണ്. എന്നാൽ ഇവിടെ അപ്പത്തിന്റെ യാത്ര ആ കരാറിനെ ഒരു കൂട്ടായ രാഷ്ട്രീയ പ്രവർത്തനമാക്കി മാറ്റുന്നു. ഔദ്യോഗികമായ മതനിയമങ്ങൾക്കും ആചാരങ്ങൾക്കും ഉള്ളിൽ നിന്നുകൊണ്ട് തന്നെ അവയെ കൂടുതൽ ജനകീയവും വികേന്ദ്രീകൃതവുമാക്കി മാറ്റുന്ന ഒരു ഉപഭോഗരീതി ഇവിടെ പ്രവർത്തിക്കുന്നതായും കാണാം.

​ ഗ്രാമങ്ങളുടെ ഈ നടത്തത്തിൽ പലായനപ്രവർത്തനവും നടക്കുന്നുണ്ട്. അതിരുകളിൽ ഒതുങ്ങിനിൽക്കാതെയുള്ള ഈ പ്രവർത്തനം പുറത്തേക്കാണ് പോകുന്നത്. അത് നിലവിലുള്ള സാമൂഹിക വ്യവസ്ഥിതിക്കുള്ളിൽ പുതിയൊരു സഞ്ചാരപഥമാണ് വെട്ടിത്തുറക്കുന്നത്. ഈ മാറ്റം സ്ഥിരമായ വാസസ്ഥലങ്ങളിൽ വിള്ളലുകൾ വീഴ്ത്തുകയും മനുഷ്യരെ ചലനാത്മകമായ ഒരു ലോകത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്നു.

​വ്യക്തിയുടെ പ്രാധാന്യം ഒഴിവാക്കുന്നത് കവിതയിലെ ഗ്രാമപ്രവർത്തനങ്ങളിൽ കാണാം. ഇവിടെ ആരാണ് അപ്പം ഉണ്ടാക്കിയത് എന്നതിനോ ആരാണ് ആദ്യം നേർച്ച നേർന്നത് എന്നതിനോ പ്രാധാന്യമില്ല. കർതൃത്വം എന്നത് പലരിലേക്ക് ചിതറിക്കിടക്കുകയാണ് (Dividuality). ഓരോരുത്തരും വലിയ യന്ത്രത്തിന്റെ ഓരോ ഭാഗമായാണ് മാറുന്നത് പോലെ ആണ്. ഒരാളുടെ അസാന്നിധ്യം ആ പ്രക്രിയയെ തടസ്സപ്പെടുത്തുമെങ്കിലും, വ്യക്തി എന്ന നിലയിൽ ആരും അവിടെ അനിവാര്യരല്ല. ഈ പാരസ്പര്യമാണ് സമൂഹത്തെ ഒരു ഓർഗാനിക് ഘടനയായി നിലനിർത്തുന്നത്.

ഈ സാഹചര്യത്തിൽ ആഗ്രഹത്തിന്റെപ്രവർത്തനം ​അപ്പത്തിന്റെ നിർമ്മാണവും വിതരണവും ഏറ്റെടുക്കുന്നു. ഭക്തിയാണ് ആഗ്രഹമായി മാറി ഈ യന്ത്രത്തെ ചലിപ്പിക്കുന്നത്. ആഗ്രഹം വ്യക്തിപരമായ മോക്ഷത്തിനായിട്ടല്ല ഇവിടെ പ്രവർത്തിക്കുന്നത്. അതിന്റെ തന്നെ തുടർച്ചയ്ക്കു വേണ്ടിയാണ് പ്രവർത്തിക്കുന്നത്. ഗ്രാമത്തിൽ നിന്ന് അപ്പം അടുത്ത ഗ്രാമത്തിലേക്ക് എത്തുമ്പോൾ ആഗ്രഹോത്പാദനം വീണ്ടും സംഭവിക്കുന്നു. ലക്ഷ്യസ്ഥാനത്ത് എത്തുന്നതുവരെ ഈ യന്ത്രം നിരന്തരം പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു.

​പുണ്യവും ഇതിനനുബന്ധമായാണ് പ്രവർത്തിക്കുന്നത്. പുണ്യം എന്നത് കൈപിടിയിലൊതുങ്ങുന്ന ഒരു വസ്തുവല്ല. അത് പ്രവർത്തനത്തിൽ ഉടനീളം വ്യാപിച്ചു കിടക്കുന്ന ഒരു സാധ്യതയാണ്. ക്ഷേത്രത്തിൽ അപ്പം സമർപ്പിക്കപ്പെടുമ്പോൾ ആ സാധ്യത യാഥാർത്ഥ്യമായി മാറുന്നു. എന്നാൽ ആ പുണ്യം നേർച്ചക്കാരിൽ മാത്രം ഒതുങ്ങുന്നില്ല എന്ന കവിയുടെ നിരീക്ഷണം ബഹുത്വത്തിൽ അതിഷ്ഠിതമായ വിതരണത്തെയാണ് ശരിവെക്കുന്നത്. ഒന്ന് എന്ന അവസ്ഥയിൽ നിന്ന് അനേകം എന്ന അവസ്ഥയിലേക്കുള്ള പരിവർത്തനമാണ് കവിതയിൽ പ്രത്യക്ഷമാകുന്ന ആത്മീയത.

​അതുകൊണ്ടുതന്നെ കവിതയിലെ ഈ സഞ്ചാരം കേവലം സ്ഥലപരമായ ഒന്നല്ല. അത് ചിന്തയുടെയും അനുഭവത്തിന്റെയും പുതിയ തലങ്ങളിലേക്കുള്ള വളർച്ചയാണ്. ലോകം എന്നത് മാറിക്കൊണ്ടിരിക്കുന്ന ബന്ധങ്ങളുടെ ഒരു ശൃംഖലയാണെന്ന് അപ്പത്തിന്റെ യാത്ര നമ്മെ ബോധ്യപ്പെടുത്തുന്നു. ഓരോ കൈമാറ്റവും ആ ശൃംഖലയെ ശക്തമാക്കുകയും മനുഷ്യാനുഭവത്തിന് പുതിയ അർത്ഥങ്ങൾ നൽകുകയും ചെയ്യുന്നു.

അപ്പം നേർച്ച, കേവലം ഭക്തിയിൽ നടക്കുന്ന പ്രവർത്തനമല്ല .അത് അസ്തിത്വത്തിന്റെ തന്നെ നിരന്തരമായ പുനർനിർമ്മാണമാണ്. കവിതയിൽ വിവരിക്കുന്ന അപ്പത്തിന്റെ സഞ്ചാരം ഏകാത്മകമല്ലാത്ത പാരസ്പര്യത്തിന് മികച്ച ഉദാഹരണമാണ്. ഓരോ ഗ്രാമവും അതിന്റെ അസ്തിത്വത്തെ അടുത്ത ഗ്രാമത്തിലേക്ക് അപ്പം കൈമാറുന്നതിലൂടെ വികസിപ്പിക്കുകയാണ് ചെയ്യുന്നത്. ഇവിടെ അപ്പം എന്നത് ഒരു ഗ്രാമത്തിന്റെ അടയാളമല്ല. അത് ഗ്രാമങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ഉപാധിയാണ്.

​പരമ്പരാഗതമായ അറിവധികാര ക്രമങ്ങളെ ഈ കവിത നിശബ്ദമായി മറികടക്കുന്നത് ഇങ്ങനെ ആണ്. അപ്പോളോ എന്ന കേന്ദ്രീകൃതദൈവ സങ്കൽപ്പത്തേക്കാൾ പ്രാധാന്യം ആ ദൈവത്തിലേക്ക് നീളുന്ന മനുഷ്യരുടെ വൈവിധ്യമാർന്ന കൈമാറ്റങ്ങൾക്കാണ്. അതിൽ അലച്ചിലിന്റെ ചിന്താപദ്ധതി പ്രകടമാണ്. ഒരു നിശ്ചിത സ്ഥാനത്ത് ഉറച്ചുനിൽക്കാതെ നിരന്തരം അതിരുകൾ ലംഘിച്ചു നീങ്ങുന്ന അപ്പം പ്രപഞ്ചത്തിലെ ചലനാത്മകതയെയാണ് പ്രതിനിധീകരിക്കുന്നത്.

​കവിതയുടെ അവസാന ഭാഗത്ത് പുണ്യം വിതരണം ചെയ്യപ്പെടുന്ന രീതി സമത്വദർശനവുമായി ചേർന്നുനിൽക്കുന്നതാണ്. ആത്മീയത എന്നത് ഒരാൾക്ക് മാത്രം ഉടമസ്ഥാവകാശമുള്ള സ്വകാര്യ സമ്പത്തല്ലെന്നും അത് ഒരു പ്രവാഹമാണെന്നും വെളിപ്പെടുത്തുന്നു. ഈ പ്രവാഹത്തിൽ പങ്കുചേരുന്ന എല്ലാവരും അതിന്റെ ഭാഗമായി മാറുന്നു. നേർച്ച നേർന്നവരും അപ്പം ഉണ്ടാക്കിയവരും അത് ചുമന്നവരും ഒരേ തലത്തിൽ പുണ്യത്തിന്റെ ഗുണഭോക്താക്കളാകുന്നു. ഇത് വ്യക്തികേന്ദ്രീകൃതമായ ലോകവീക്ഷണത്തെ തകർത്ത് ഒരു കൂട്ടായ അസ്തിത്വത്തെ സ്ഥാപിക്കുന്നു.

​അപ്പം കേടുവരുന്നതിനെ ഒരു പരിമിതിയായി കാണുന്നതിനു പകരം അതിനെ പുതിയൊരു സർഗ്ഗാത്മകതയുടെ തുടക്കമായി കവിത അടയാളപ്പെടുത്തുന്നു. നൈമിഷികതയെ ആഘോഷിക്കുന്ന സമീപനമാണിത്. പഴയത് അവസാനിക്കുമ്പോൾ പുതിയത് ഉദയം ചെയ്യുന്നു എന്ന തിലൂടെ മാറ്റം മാത്രമാണ് ശാശ്വതം എന്ന് കവിത അടിവരയിടുന്നു. ഓരോ പുതിയ അപ്പവും മുൻപത്തെ അപ്പത്തിന്റെ പകർപ്പല്ല .അത് ആ പ്രത്യേക നിമിഷത്തിന്റെ സവിശേഷമായ ഉൽപ്പന്നമാണ്.

​മനുഷ്യസമൂഹം ഒരു യന്ത്രം പോലെ ഒത്തുചേർന്ന് പ്രവർത്തിക്കുന്നതിന്റെ മനോഹരമായ രൂപീകരണമാണ് ഈ കവിത. ഈ യന്ത്രത്തിൽ വ്യക്തിയും ഗ്രാമവും സ്വയം നഷ്ടപ്പെട്ടുകൊണ്ട് വലിയൊരു പ്രവർത്തനത്തിന്റെ ഭാഗമാകുന്നു. വ്യക്തിപരമായ താൽപ്പര്യങ്ങളില്ലാത്ത ഇത്തരം കൂട്ടായ പ്രവർത്തനങ്ങളാണ് ലോകത്തിന്റെ താളം നിലനിർത്തുന്നത്. കവി വിഭാവനം ചെയ്യുന്ന ഈ സമുദായം സംയോജകസങ്കൽപ്പത്തിന്റെ പ്രായോഗിക രൂപമാണ്.

​കെ.എ. ജയശീലന്റെ കവിത ജീവിതത്തെയും അതിലെ ബന്ധങ്ങളെയും ഒരു വലിയ ശൃംഖലയായി കാണാൻ നമ്മെ പ്രേരിപ്പിക്കുന്നു. അപ്പം എന്ന ലളിതമായ പ്രതീകത്തിലൂടെ ഭക്തി ഭാവം, സാമൂഹികത എന്നിവയുടെ സങ്കീർണ്ണമായ ഇഴപിരിയലുകൾ കവിത അനാവരണം ചെയ്യുന്നു. പുണ്യം എന്നത് ലക്ഷ്യത്തിൽ എത്തിച്ചേരുമ്പോൾ ലഭിക്കുന്ന പ്രതിഫലമല്ലെന്നും ആ ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ നാം നടത്തുന്ന വിട്ടുവീഴ്ചകളും സഹകരണങ്ങളുമാണെന്നാണ് ഇതുപറയുന്നത്.

​ഇത്തരത്തിൽ സമുദായത്തിലൂടെ സഞ്ചരിക്കുന്ന അപ്പം മനുഷ്യത്വത്തിന്റെ തന്നെ ആകെത്തുകയായി മാറുന്നു. അത് പങ്കുവെക്കപ്പെടുമ്പോൾ മാത്രമാണ് അതിന്റെ അർത്ഥം പൂർത്തിയാകുന്നത്. വ്യക്തിത്വത്തിന്റെ അതിരുകൾ ഭേദിച്ച് അന്യന്റെ വിശപ്പും വിശ്വാസവും സ്വന്തമായി ഏറ്റെടുക്കുന്ന ഒരു ലോകക്രമത്തെയാണ് കവിത വിഭാവനം ചെയ്യുന്നത്. ഇത് ബഹുത്വത്തിന്റെ ആത്യന്തികമായ വിജയം കൂടിയാണ്. കൊതിയ സമുദായങ്ങൾക്ക് മുന്നറിയിപ്പുമാണ്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.