പുകക്കുഴലിൽ നിന്ന്
കരിയെടുത്ത് പല്ലുതേച്ച
ഉമ്മൂമ്മക്കുട്ടികൾ
വെറ്റിലച്ചെല്ലത്തിന്റെ
പങ്ക് ചോദിച്ചു ചെന്നിട്ടും
വടിയെടുത്തില്ല ഉമ്മൂമ്മ
നൂറും പുകേലേം കൂട്ടാതെ
വെറ്റില ചവച്ചോർക്കു
ചുണ്ടുചോക്കാത്ത സങ്കടം
നിക്കാരക്കൊട്ടേന്ന്
അത്തറു മണത്തപ്പോൾ
മുറുക്കാൻ ചെല്ലം തുറന്നതും
ചുണ്ടുചുവന്നതും
പൊള്ളിയ നാക്കും
പെരുത്ത തലയുമായി
ഭൂമിയെക്കാൾ വേഗത്തിൽ തിരിഞ്ഞ്
ഒതുക്കുകല്ലിൽ
ഓർമ പിടഞ്ഞതും
രഹസ്യമായിരിക്കട്ടെ
വടിയെടുക്കാത്തൊരുമ്മൂമ്മ
ചാപ്പിലെ പത്തായത്തിൽ
എള്ളുണ്ടയും തരിയുറപ്പിച്ചതുമായി
കാത്തിരിപ്പുണ്ട്
ഒറ്റമുലച്ചിക്കഥകളും
ജിന്നുകുട്ടിക്കഥകളും
നരവീണ കസവിന്റെ തട്ടത്തുമ്പിൽ കെട്ടിവച്ചു
ഓർമകളുടെ ചെല്ലപ്പെട്ടി തുറക്കാൻ
വെറ്റിലക്കറപുരണ്ട
ചിരിയുമായി…
***
നഫ്സാന
വടകര സ്വദേശിനി. വടകര എം.യു.എം ഹയർ സെക്കന്ററി സ്കൂളിൽ ഇംഗ്ലീഷ് അധ്യാപികയായി ജോലി ചെയ്യുന്നു. പെയ്യാതെപോയ മഴ എന്ന കവിതാസമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്.







No Comments yet!