എന്നെ കാണുമ്പോഴേ
അവരുടെ ഉള്ളിൽ
ചവർപ്പ് നിറയുമായിരുന്നു.
പരിചയമില്ലാത്ത
ആരെയോ എന്നപോലെ
അവരെന്നെ
നീട്ടിവിളിക്കുമായിരുന്നു.
കരിഞ്ചെയ്തി,
കറുത്ത പരിപ്പ്
കറുത്ത മനസ്സ്
കറുത്ത പരാക്രമി
എന്നിങ്ങനെ
അവരുടെ പദ ശൈലികളെല്ലാം
മറ്റുള്ളവരുടെ നിറത്തെ
പരിഹസിക്കുന്നതായിരുന്നു.
പൂച്ചകളോടെന്നപോലെ
എന്നെപ്പറയുന്ന
ചീത്തകൾ കേട്ട്
ഒറ്റക്കിരുന്ന്
തല കുമ്പിട്ട് ഞാൻ
അലമുറയിട്ട്
കരഞ്ഞിരുന്നു.
ആദ്യമായെന്റെ
പ്രണയവാർത്തകൾ
ഉയർന്നു വന്നപ്പോൾ
അമ്മ പരാതിയുമായി ചെന്നു .
എന്റെ മകന് പ്രേമിക്കാൻ
ഇവളെയേ കിട്ടിയുള്ളോ?
എന്നവർ നിന്ദിച്ചു തള്ളി.
പ്രണയത്തിൽ അപമാനിക്കപ്പെടുന്നതിനേക്കാളുമേറെ
ഇതെന്നെ
ക്രുദ്ധയാക്കി.
വിളയാത്ത കതിര്
കൊയ്യുമ്പോലെ
പ്രണയിക്കാനുള്ള
എന്റെ ആത്മവിശ്വാസത്തെ
അവർ തകർത്തു കളഞ്ഞു.
തുടക്കത്തിലേ നീതിയേകാത്ത
ആ പടിക്കെട്ടിൽ നിന്ന്
ഞാൻ നേർച്ച നേർന്നു.
പരിഹസിക്കപ്പെടുവാനായി മാത്രം
ചലച്ചിത്രങ്ങളിലെ ദൃശ്യങ്ങളിൽ
കറുത്ത പെൺകുട്ടികളെ
ചിത്രീകരിച്ചിരുന്നു.
ഇപ്പോഴും നിറഞ്ഞ കണ്ണുകൾ കാണാണെനിക്കാവില്ല.
ചിത്രങ്ങളെടുക്കുമ്പോൾ
കുഞ്ഞുന്നാളിലെ
ചില ഓർമ്മകൾ
ഓടിയെത്തും.
പെട്ടെന്ന് ആ കാഴ്‌ചയ്ക്ക് പുറത്തേക്കു
ഞാൻ കടക്കാനാശിക്കും.
വാശിയാലാണ്
കറുത്ത ഉടുപ്പുകൾ അണിയാൻ തുടങ്ങിയത്.
മകളേ, കറുപ്പണിയരുതേ എന്ന് പിതാവ് കൈകൂപ്പി പറയും.
കണ്മഷിയും പൊട്ടും എനിക്ക് അത്രമേൽ ഇഷ്ടമായ
ഒരുക്കു സാധനങ്ങളായിരുന്നു.
വാശിയോടെ ഞാൻ നിറയെ കണ്മഷിയെഴുതും .
കണ്മഷി നിനക്ക് ശോഭിക്കുന്നില്ലെന്ന് അവരിൽ നിന്നും
പലവട്ടം പറഞ്ഞു കേട്ടു.
ദേവീ ദേവന്മാരും സജ്ജനങ്ങളും ചേർന്ന് എന്നെ
ഒരുപാട് മുറിവേൽപ്പിച്ചു.
എന്നിട്ടും ഞാനൊരു ഇലമുളച്ചിപോലെ
വീണ്ടും മുളച്ചു പൊന്തുന്നു.
***
വിവര്‍ത്തക പരിചയം :
മിനി. പി എസ്.
തിരുവനന്തപുരം സ്വദേശി. മിനി അനാമിക എന്ന പേരിൽ എഴുതുന്നു. ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ നിന്നും മലയാളത്തിലേക്കു മൊഴിമാറ്റം നടത്തുന്നു. ആനുകാലികങ്ങളിലും സോഷ്യൽ മീഡിയയിലും എഴുതുന്നു. ഹൈദ്രബാദിൽ താമസം.







Excellent translation