Skip to main content

മെയ്

എവിടെയാണ്
മെയ്മാസമേ! നീ-
പുലർ ജലകണങ്ങളെ
സ്വർണ്ണമാക്കുന്നത്
ഖനികളിൽ, നിന്ന്
പ്രാണനോവിൻ വേർപ്പ്-
പൊടിയുമാധികൾ
നിസ്സഹം നിൽക്കവേ!
മഴയിൽ, മൗനത്തി-
ലോരോ നദിക്കരെ-
ചിറകൾ കെട്ടുന്നൊ-
രാകാശമൊന്നിലായ്
ചകിരിനാരുകൾക്കുള്ളിൽ
പരമ്പരാഗതമൊരോർമ്മകൾ
തൂങ്ങുന്ന മച്ചിലായ്
നിണമണിഞ്ഞ കാൽ-
പ്പാടുകൾ മുദ്രവച്ചെഴുതി
നീങ്ങുന്ന വിപ്ളവക്കാഴ്ചയിൽ
എവിടെ മെയ്?
നിൻ്റെ ഗുൽമോഹറിൻ-
പകൽക്കനല് തൂവുന്ന
ചോന്ന പൂമ്പാറ്റകൾ
കരയിലപ്പക്ഷി ചിക്കി-
ച്ചികഞ്ഞ മൺതരികളിൽ
ഭൂമി മുന്നോട്ട് നീങ്ങവേ;
പഴയ ഗ്രാമത്തിലാൾപ്പാർപ്പ്
കൂടുന്ന വഴികളിൽ
മരത്തണല് ചോർന്നീടവേ.
പുഴകളാഴങ്ങളിൽ
നിന്ന് പോളിമർ-
ക്കുരുതിയിൽ മുങ്ങി
ശ്വാസമറ്റീടവേ
അറിയൂ, മെയ് നിൻ്റെ
മദ്ധ്യാഹ്നവേനലിൻ-
സിരയിലുണ്ടാത്മ-
നൊമ്പരക്കനലുകൾ
കൊടികളിൽ നിന്നുമിറ്റ്
വീഴും നിറം
ഹൃദയഭിത്തിയിൽ
വിസ്ഫോടനസ്വരം
വെയില് തുള്ളുന്നിടക്കിടെ
കാർമുകിൽ-
ച്ചുരുളുതിർക്കുന്നു
കണ്ണുനീർത്തുള്ളികൾ!
പുതിയ വീഥികൾ
വിപ്ളവക്കാറ്റിൻ്റെ-
പഴമ ചോരുന്ന
മേൽപ്പാലഗോപുരം.
അവധിയാണെന്ന്
ചുമരിലാണിത്തുമ്പി-
ലൊരു കലണ്ടറിൻ
ചോന്ന മുദ്രാങ്കിതം
അവധിയില്ലാതെ
നീണ്ടുപോകും ജന്മ-
വ്യഥയിൽ മെയ് നീ
കരഞ്ഞോ, ചിരിച്ചുവോ?

***

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.