പ്രശസ്ത എഴുത്തുകാരനും മുതിർന്ന മാധ്യമ പ്രവർത്തകനും ലോക സഞ്ചാരിയുമായ അനിൽകുമാർ എ.വി.യുടെ തിങ്കൾ പംക്തി തുടരുന്നു…
നുറുങ്ങുകൾ ‐ 21

മാധ്യമങ്ങളുടെ സത്ത, ധാർമികത, ശക്തി എന്നിവ പിടിച്ചെടുക്കുക, സത്യം അന്വേഷിക്കുക, അധികാരത്തെ ഉത്തരവാദിത്തപ്പെടുത്തുക, ശബ്ദമില്ലാത്തവർക്ക് ശബ്ദം നൽകുക തുടങ്ങിയവയാണ് പത്രപ്രവർത്തനത്തിന്റെ കാതലായ ലക്ഷ്യങ്ങൾ. മാധ്യമങ്ങളെ കൈകാര്യം ചെയ്യുന്നത് രാജ്യത്തിന്റെ ജലവിതരണ സംവിധാനത്തെ വിഷലിപ്തമാക്കുന്നതിന് തുല്യമാണ്. – അത് ഏവരുടെയും ജീവിതത്തെ സങ്കൽപ്പിക്കാനാവാത്തവിധം ബാധിക്കുന്നുവെന്നും പറയാറുണ്ട്. ലോകത്തിന്റെ ഹൃദയത്തോട് കഴിയുന്നത്ര അടുക്കാനാണ് താൻ പത്രപ്രവർത്തകനായതെന്നാണ് – ടൈം, ലൈഫ്, ഫോർച്യൂൺ, സ്പോർട്സ് ഇല്ലസ്ട്രേറ്റഡ് എന്നീ മാസികകളുടെ സ്ഥാപകനായ അമേരിക്കൻ പ്രസാധകൻ ഹെൻറി റോബിൻസൺ ലൂസിന്റെ വാക്കുകൾ. അമേരിക്കയിൽ പ്രസിഡന്റ് നാലുകൊല്ലം ഭരിക്കുന്നു, പത്രപ്രവർത്തനം എന്നെന്നേക്കുമായി ഭരിക്കുന്നുവെന്ന് അടിവരയിട്ടതാകട്ടെ – ഐറിഷ് എഴുത്തുകാരൻ ഓസ്കാർ വൈൽഡ്. 1865 ഫെബ്രുവരി ഏഴിന് ജോർജ് മുറെ സ്മിത്ത് ലണ്ടനിൽ സ്ഥാപിച്ച ദി പാൾ മാൾ ഗസറ്റ് സായാഹ്ന പത്രത്തിൽ പ്രവർത്തിച്ച അദ്ദേഹം ദി പിക്ചർ ഓഫ് ഡോറിയൻ ഗ്രേ നോവലിന്റെയും ദി ഇംപാർട്ൻസ് ഓഫ് ബീയിങ് ഏണസ്റ്റ് നാടകത്തിന്റെയും പേരിലാണ് പ്രശസ്‌തനായത്. പത്രപ്രവർത്തനം വായനക്കാരെ ചരിത്രത്തിന് സാക്ഷ്യം വഹിക്കാൻ അനുവദിക്കുന്നു; ഫിക്ഷൻ അതിൽ ജീവിക്കാനുള്ള അവസരം നൽകുന്നുവെന്നായിരുന്നു – ന്യൂ ജേണലിസം ശാഖയുടെ ആദ്യകാല പരിശീലകരിൽ ഒരാളായ അമേരിക്കൻ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ജോൺ റിച്ചാർഡ് ഹെർസിയുടെ സാക്ഷ്യം. ജപ്പാനിലെ ഹിരോഷിമയിൽ അമേരിക്ക അണുബോംബ് വർഷിച്ചതിന്റെ വിനാശകരങ്ങളായ അനന്തരഫലങ്ങൾ മുൻനിർത്തിയുള്ള അദ്ദേഹത്തിന്റെ വിവരണങ്ങൾ ന്യൂയോർക്ക് സർവകലാശാലയുടെ ജേണലിസം വിഭാഗത്തിന്റെ 36 അംഗ പാനൽ 20‐ാം നൂറ്റാണ്ടിലെ അമേരിക്കൻ പത്രപ്രവർത്തനത്തിലെ ഏറ്റവും മികച്ച കൃതിയായി തെരഞ്ഞെടുക്കുകയുമുണ്ടായി. ചരിത്രത്തിന്റെ ആദ്യ കരട് രൂപമാണ് ജേണലിസം എന്ന വാഷിങ്‌ടൺ പോസ്റ്റ് പ്രസാധകൻ ഫിലിപ്പ് ഗ്രഹാമിന്റെ നിർവചനം തത്സമയ സംഭവങ്ങൾ പകർത്തുന്നതിലെ മാധ്യമങ്ങളുടെ പങ്ക് കൃത്യമായി അടയാളപ്പെടുത്തി. ചരിത്രകാരന്മാർ പിന്നാമ്പുറ കാഴ്ചകൾ ആശ്രയിക്കുമ്പോൾ ലോക സംഭവവികാസങ്ങൾ സംബന്ധിച്ച പ്രാരംഭ ധാരണയെ രൂപപ്പെടുത്തുന്ന നേരിട്ടുള്ള ദൃക്‌സാക്ഷി വിവരണങ്ങൾ, വസ്തുതകൾ, സന്ദർഭം എന്നിവ പത്രപ്രവർത്തകർ നൽകുന്നുവെന്നാണ് അദ്ദേഹം അർഥമാക്കിയത്.

അതിഗൗരവങ്ങളായ ധാരണകളുടെ കോലാഹലരഹിതമായ സമന്വയം
മേൽപ്പറഞ്ഞ അതിഗൗരവങ്ങളായ ധാരണകളുടെ കോലാഹലരഹിതമായ സമന്വയമായിരുന്നു 2026 മെയ് 20ന് അന്തരിച്ച മുതിർന്ന പത്രപ്രവർത്തകൻ കെ ജി പരമേശ്വരൻ നായരുടെ സംഭാവനകളുടെ സത്ത. 94‐ാം വയസിൽ തിരുവനന്തപുരം തിരുമല തൃക്കണ്ണാപുരം സൊസൈറ്റി റോഡിലെ ‘ഉമാമഹേശ്വരം’ എന്ന വസതിയിലായിരുന്നു അപ്രതീക്ഷിതമല്ലെങ്കിലും നേദനാജനകമായ വിയോഗം. 1931ല്‍ തൃക്കണ്ണാപുരത്ത് കെ കൃഷ്ണപിള്ളയുടെയും കെ തങ്കമ്മയുടെയും മകനായാണ് ജനനം. ഭാര്യ സംഗീതാധ്യാപികയും ഡബ്ബിങ് കലാകാരിയുമായ സുഭദ്രാമ്മ. രാജേശ്വരി (ഹിന്ദുസ്ഥാൻ ലാറ്റക്സ്), സുജ (എൽഐസി ഹൗസിങ് ഫിനാൻസ്) മക്കൾ. മരുമക്കൾ: രാജശേഖരൻ ( മുൻ അനൗൺസർ ആകാശവാണി), സുനിൽ കുമാർ (എംപ്ലോയീസ് പ്രോവിഡന്‍റ് ഫണ്ട്). ഇപ്പോഴത്തെ പല പ്രമുഖ രാഷ്ട്രീയ നേതാക്കളുടെയെല്ലാം കോളേജ് പഠനകാലത്ത് ഒളിമങ്ങാതെ മനസിൽ നിറഞ്ഞ മാതൃകാ വ്യക്തിത്വമായിരുന്നു അദ്ദേഹം. പുതിയ എംഎൽഎമാരായി സഭയിൽ എത്തുന്ന എല്ലാ പാർടികളിലുംപെട്ടവർക്കും കൈമാറിയ ഉപദേശങ്ങളും നിർദേശങ്ങളും വഴികാട്ടിയായി. പുതുമുഖങ്ങൾക്കും പരിണിതപ്രജ്ഞർക്കും അവ റഫറൻസും സർവവിജ്ഞാനകോശവുമായിരുന്നു. ബിരുദം നേടിയ ശേഷം തിരുവിതാംകൂർ-‐കൊച്ചി മുഖ്യമന്ത്രിയായിരുന്ന സി കേശവന്റെ മകനും സ്വാതന്ത്ര്യസമര സേനാനിയും റെവല്യൂഷണറി സോഷ്യലിസ്‌റ്റ് പാർടി (ആർഎസ്‌പി) നേതാവും എഴുത്തുകാരനുമായ കെ ബാലകൃഷ്‌ണന്റെ കൗമുദിയായിരുന്നു ആദ്യ കളരി; തുടക്കം 1961 ൽ. രണ്ടു വർഷത്തിനകം 1963 ആഗസ്‌ത് എട്ടിന് കേരള കൗമുദി പത്രത്തിൽ ചേർന്നു. അവിടെ തലസ്ഥാന ലേഖകനും ബ്യൂറോചീഫുമായി.

‘ത്യാഗസീമ’ ചലച്ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവഹിച്ച കൗമുദി ബാലകൃഷ്ണൻ
1951-ൽ പുറത്തിറങ്ങിയ ‘ത്യാഗസീമ’ ചലച്ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, നിർമാണം എന്നിവ നിർവഹിച്ചത് കൗമുദി ബാലകൃഷ്ണനാണ്. സത്യൻ, പ്രേം നസീർ, ഭാരതിമേനോൻ, സേതുലക്ഷ്മി , നാരായണപിള്ള, സി ഐ പരമേശ്വരൻ പിള്ള, ജി വിവേകാനന്ദൻ , ഇന്ദിരാഭായ് തങ്കച്ചി തുടങ്ങിയവർ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. ആദ്യം റിലീസ് ചെയ്ത സത്യൻ ചിത്രം ആത്മസഖി (1952) ആയിരുന്നു. പക്ഷേ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയ സിനിമ വെളിച്ചം കാണാത്ത ത്യാഗസീമയും. ചില അമച്വർ നാടകങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ച പൊലീസ് സബ് ഇൻസ്‌പെക്ടറായിരുന്ന സത്യനേശൻ നാടാർ സിനിമാ മോഹവുമായി നടക്കുകയായിരുന്നു. അദ്ദേഹത്തിന്റെ അയൽക്കാരനായിരുന്ന കൗമുദി ബാലകൃഷ്ണന്റെ സഹായത്തോടെയാണ് സത്യനേശന്റെ ആഗ്രഹം സഫലമായത്. എൻ പി ചെല്ലപ്പൻ നായരുടെ കഥയ്ക്ക് നാഗവള്ളി ആർ എസ് കുറുപ്പ് സംഭാഷണം എഴുതി വി എസ് രാഘവൻ സംവിധാനം ചെയ്‌ത് 1950 ആഗസ്‌ത് 24ന് ഇറങ്ങിയ ചന്ദ്രിക എന്ന ചിത്രം നിർമിച്ച കെഎംകെ മേനോൻ പുതിയൊരു സംരംഭം ഒരുക്കാൻ ആഗ്രഹിച്ചു. ബാലകൃഷ്ണന്റെ നിറമില്ലാത്ത മഴവില്ല്, കലയാവ് ഒരു വർഷം, മധുവിധു പ്രേമം തുടങ്ങിയ നോവലുകൾ അക്കാലത്തെ ബെസ്റ്റ് സെല്ലറുകൾ. ത്യാഗസീമയുടെ കഥയും തിരക്കഥയും സംഭാഷണവും എഴുതാൻ അദ്ദേഹത്തെ ഏൽപ്പിച്ചു. സത്യനേശൻ പേര് സത്യൻ എന്ന് ചുരുക്കി അഭിനയിക്കാൻ പൊലീസ് വകുപ്പിൽനിന്ന് അനുമതി നേടുകയും ചെയ്തു. അങ്ങനെ നായകനായി. അന്ന് അബ്ദുൾ ഖാദർ എന്നറിയപ്പെട്ട പ്രേം നസീറും പ്രധാന വേഷത്തിൽ. പിന്നീട് കെഎംകെ മേനോന്റെ ജീവിതസഖിയായ ഭാരതിയും മദ്രാസിൽ നിന്നുള്ള സേതുലക്ഷ്മിയും സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തിരുവനന്തപുരം ശാസ്തമംഗലത്തെ കൊച്ചു വീട്ടിലായിരുന്നു ചിത്രീകരണം. 1952 മാർച്ച് 12ന് സി കേശവന്റെ നേതൃത്വത്തിലുള്ള കോകൺഗ്രസ് മന്ത്രിസഭ വീണു. അദ്ദേഹം പുതിയ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും പാർടിക്ക് ഭൂരിപക്ഷം കിട്ടിയില്ല, അ ആനാപ്പറമ്പിൽ ജോസഫ് ജോൺ (എ ജെ ജോൺ) നേതൃത്വം നൽകിയ സഖ്യകക്ഷി മന്ത്രിസഭയ്ക്ക് വഴിയൊരുക്കി. തുടർന്നുണ്ടായ രാഷ്ട്രീയ മാറ്റങ്ങൾ സത്യന് ഏറെ പ്രശ്നങ്ങളുണ്ടാക്കിയതായിരുന്നു. തിരുവിതാംകൂർ സ്റ്റേറ്റ് പൊലീസിലെ ഡെപ്യൂട്ടി സൂപ്രണ്ട് മേരി അർപുതം അദ്ദേഹം സിനിമയിൽ അഭിനയിക്കുന്നത് വിലക്കി. കരാറിലെത്തിയ മറ്റ് ഗവൺമെന്റ് ജീവനക്കാരും പിന്മാറി. അത്തരം അപ്രതീക്ഷിത സംഭവങ്ങളുടെ ഫലമായി നിർമാതാവ് ത്യാഗസീമ ഉപേക്ഷിച്ചു. തുടർന്ന് സത്യൻ ജോലിയിൽനിന്ന് രാജിനൽകി. 1952-ൽ പി സുബ്രഹ്മണ്യം തിരുവനന്തപുരം നേമത്ത് നീല പ്രൊഡക്ഷൻസിന് രൂപംനൽകി. ത്യാഗസീമയിലെ രംഗങ്ങൾ കാണാനിടയായ അദ്ദേഹത്തെ സത്യന്റെ ഭാവാഭിനയം ആകർഷിച്ചു. തന്റെ ആദ്യ ചിത്രമായ ആത്മസഖിയിൽ നായകനാവാൻ അദ്ദേഹത്തെ വിളിക്കുകയുമുണ്ടായി. കെ പി കൊട്ടാരക്കരയുടെ കഥയ്‌ക്ക് ജി ആർ റാവു സംവിധാനം നിർവഹിച്ച് 1952 ആഗസ്‌ത് 17 ന് ഇറങ്ങിയ അത് വൻ വിജയമായിരുന്നു. വീരൻ, എം എൻ നമ്പ്യാർ, മുതുകുളം രാഘവൻ പിള്ള, കെ പി കൊട്ടാരക്കര, മുത്തയ്യ,ബി എസ് സരോജ, പങ്കജവല്ലി, മിസ് കുമാരി, സി ആർ ലക്ഷ്മി,കുമാരി തങ്കം,അമ്പലപ്പുഴ മീനാക്ഷി, എൻ ആർ തങ്കം എന്നിങ്ങനെ സത്യനൊപ്പം നീണ്ട താരനിരയും ഉണ്ടായി. ത്യാഗസീമയുടെയോ അതിലെ ഗാനങ്ങളുടെയോ ദൃശ്യങ്ങൾ ഇപ്പോൾ ലഭ്യമല്ല. സിനിമയെക്കാൾ സംഭ്രമജനകമായ ഇത്തരം കുറേ ഏടുകൾ കെ ജി പരമേശ്വരൻ നായർ അഭിമുഖങ്ങളിൽ വിവരിച്ചിട്ടുണ്ട്.

തുളച്ചുകയറിയ ‘കാണാപ്പുറം’ പംക്തി
മൂന്നര ദശാബ്ദത്തിലേറെ കേരള കൗമുദിയില്‍ പത്രപ്രവര്‍ത്തകനായിരുന്ന കെ ജി പരമേശ്വരൻ നായർ നിയമസഭാ റിപ്പോര്‍ട്ടിങ്ങിന്റെ പതിവ് രീതികളും സ്വഭാവവും ആഴത്തിലും പരപ്പിലും മാറ്റിയെഴുതി. 1998ൽ വിരമിച്ച ശേഷം എട്ടുകൊല്ലം പംക്തികാരനായി തുടർന്നു. കേരള രാഷ്ട്രീയം മുൻനിർത്തിയുള്ള മൂർച്ചയേറിയ ആഖ്യാനങ്ങളായ ‘കാണാപ്പുറം’ പംക്തി തുളച്ചുകയറുന്നവയായി. സമകാലികാവസ്ഥയുടെ നേർക്കാഴ്ചകളും തിരശ്ശീലയ്ക്ക് പിന്നിലെ സംഭവവികാസങ്ങളും അതിലൂടെ വായനക്കാരിലെത്തിച്ചു. പ്രധാന ചലനങ്ങളുടെയും നേതാക്കളുടെ പ്രവർത്തനങ്ങളുടെയും ‘കാണാപ്പുറങ്ങൾ’ അനാവരണം ചെയ്യുകയുമുണ്ടായി. ഏറ്റവും കൂടുതൽ കാലം തുടർച്ചയായി സഭാ റിപ്പോർട്ടറായി പ്രവർത്തിച്ച സ്തുത്യര്‍ഹമായ സേവനം മുന്‍നിര്‍ത്തി നിയമസഭ അദ്ദേഹത്തെ പ്രത്യേകമായി ആദരിക്കുകയും ചെയ്‌തു. സഭാ നടപടികളുടെ കൃത്യവും ആധികാരികവുമായ റിപ്പോർട്ടിങ്ങിന് അദ്ദേഹം പ്രശസ്തനായിരുന്നു. ഏറ്റുമുട്ടൽ, ഗുസ്‌തി, കൈയാങ്കളി പോലെയുള്ള ആവേശത്തിരതള്ളലിനു പകരം സഭാതലത്തിൽ ഉന്നയിക്കപ്പെടുന്ന ജനകീയ പ്രശ്‌നങ്ങളിലാണ് ഈന്നിയത്. ആധുനിക സാങ്കേതികവിദ്യയുടെയും നവമാധ്യമങ്ങളുടെയും പിന്തുണയില്ലാതിരുന്ന കാലത്ത് വിവിധ ശ്രേണികളിൽപെട്ടവരുമായുള്ള ബന്ധവും സൗഹൃദവുമായിരുന്നു ഒട്ടുമിക്ക വാർത്തകളുടെയും ജീവനാഡി. സത്യസന്ധത മുറുകെപിടിച്ചതിനാൽ ചില സുപ്രധാന വിവരങ്ങൾ തേടിയെത്തി. കൗമുദി പത്രത്തിൽ കെ ബാലകൃഷ്ണനൊത്തും കേരള കൗമുദിയിൽ കെ വിജയരാഘവനൊത്തും പ്രവർത്തിച്ച വർഷങ്ങൾ ഊർജദായകങ്ങളായിരുന്നുവെന്ന് കെ ജി എപ്പോഴും അയവിറക്കിയിട്ടുണ്ട്. കെ സി ജോൺ, കെ സി സെബാസ്‌റ്റ്യൻ,കെ വിജയരാഘവൻ,സി ആർ എൻ പിഷാരടി, കെ വി എസ് ഇളയത്, ശാന്തകുമാരൻ നായർ, വി പി മാധവൻ നായർ,കെ ആർ രവി, കെ മോഹനൻ തുടങ്ങി 1960 കളിലും 70 കളിലും തിരുവനന്തപുരത്തെ പത്രപ്രവർത്തകലോകത്തെ വഴിതെറ്റാതെ നയിച്ച ഏറ്റവും പ്രതിഭാധനരായവർക്കൊപ്പം പിറകെ വന്ന അനേകർക്ക് നേവഴി തെളിയിച്ച മികച്ച മാധ്യമ ധീരനാണ് ഇപ്പോൾ ഇറങ്ങിപ്പോയത്. എന്നും നേർരേഖയിൽമാത്രം ചലിച്ച സത്യത്തിന്റെ തൂലികയാണ് നിശ്‌ചലമായതും. ഒരിക്കലും വീണ്ടെടുക്കാനാവാത്ത വലിയ നഷ്ടം.
കേരള നിയമസഭ ചരിത്രവും ധർമവും
സംസ്ഥാന സർക്കാരിന്റെ പരമോന്നത മാധ്യമ ബഹുമതിയായ 2021ലെ സ്വദേശാഭിമാനി- കേസരി പുരസ്‌കാരം, പട്ടം താണുപിള്ള അവാർഡ്, കെ സി സെബാസ്റ്റ്യൻ പുരസ്‌കാരം, കെ വിജയരാഘവൻ അവാർഡ്, പി സി സുകുമാരൻ നായർ അവാർഡ്, മികച്ച നിയമസഭാ റിപ്പോർട്ടിങ്ങിനുള്ള ജി കാർത്തികേയൻ സ്മാരക അവാർഡ് തുടങ്ങിയവ നേടുകയുണ്ടായി കെ ജി. തിരുവനന്തപുരം പ്രസ് ക്ലബ് പ്രസിഡന്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. സീനിയർ ജേർണലിസ്റ്റ്സ് യൂണിയൻ കേരളയിലെ ഏറ്റവും മുതിർന്ന അംഗമാണ്. ‘കേരള നിയമസഭ ചരിത്രവും ധർമവും’ ഉൾപ്പെടെ ഒട്ടേറെ പുസ്തകങ്ങളുടെ കർത്താവാണെന്നതും എടുത്തു പറയണം. കേരള നിയമസഭയുടെയും അതിനുമുമ്പ് നിലവിലുണ്ടായിരുന്ന നിയമനിർമാണ സഭകളുടെയും ആവിര്‍ഭാവവും വികാസപരിണാമങ്ങളും സസൂക്ഷ്മം നിരീക്ഷിക്കുന്നതാണ് കേരള ഭാഷാ ഇൻസ്‌റ്റിറ്റ്യൂട്ട് 2014 ൽ പ്രസിദ്ധീകരിച്ച കൃതി. രൂപീകരണ പശ്ചാതലങ്ങള്‍, നേട്ടങ്ങളും കോട്ടങ്ങളും, സാമാജിക ധര്‍മങ്ങളും പെരുമാറ്റ സംഹിതയും എന്നിങ്ങനെ നിയമസഭയെപ്പറ്റി അവശ്യം അറിഞ്ഞിരിക്കേണ്ട വിവരങ്ങളുമാണ് പ്രതിപാദ്യം. സംസ്ഥാനത്ത് ചിലപ്പോഴെല്ലാം തലപൊക്കിയ ഭരണസ്ഥിരതയില്ലായ്മയുടെ പരിച്ഛേദവും അതില്‍ അവധാനതയോടെ ചർച്ചചെയ്‌തു. അനുഭവങ്ങളില്‍ നിന്ന് സ്രോതസ് സംഭരിച്ച് വസ്തുനിഷ്ഠമായ അവതരണത്താലും സരളമായ ആഖ്യാനത്താലും ശ്രദ്ധേയമായ അത് ചരിത്രാന്വേഷികൾക്കും നിയമസഭാ സാമാജികര്‍ക്കും അധ്യാപകര്‍ക്കും മാധ്യമ വിദ്യാർഥികള്‍ക്കും ഗവേഷകർക്കും രാഷ്ട്രീയക്കാര്‍ക്കും ഒരുപോലെ ഉപകരിക്കുന്നതാണ്. നാലു പതിപ്പുകളിലായി മുമ്പ് പ്രസിദ്ധീകരിച്ച ഗ്രന്ഥത്തിന്റെ പരിഷ്‌ക്കരിച്ച അഞ്ചാം പതിപ്പാണ് ഇപ്പോള്‍ വിപണിയിൽ. തലസ്ഥാന നഗരിയിലെ അതിപ്രഗത്ഭ പത്രപ്രവർത്തകരുടെ പഴയ തലമുറയിൽ അവശേഷിച്ച അവസാന കണ്ണികളിലൊന്നായിരുന്നു കെ ജി പരമേശ്വരൻ നായർ. കോൺഗ്രസ് നേതാവും പറവൂർ നിയമസഭാമണ്ഡലത്തിൽ നിന്നും വിജയിച്ച് 1971 സെപ്‌തംബർ 25ന് സി അച്യുതമേനോൻ മന്ത്രിസഭയിലെ ധന‐നിയമ വകുപ്പുകളുടെ ചുമതലക്കാരനായിരുന്നു കെ ടി ജോർജ്. 1972 ഏപ്രിൽ മൂന്നിന് സഭാലോബിയിൽ പരമേശ്വരൻ നായരടക്കം പത്രപ്രവർത്തകരുടെ കൂടെ പുകവലിച്ച് കുശലം പറഞ്ഞ് നിന്ന ശേഷം അകത്തുകയറി സബ് മിഷന് മറുപടി നൽകാൻ എഴുന്നേറ്റനിന്നയുടൻ ബോധരഹിതനായി വീണ് മരിച്ചത് പ്രസ് ഗ്യാലറിയിലിരുന്ന് കാണേണ്ടിവന്ന വേദനാജനകങ്ങളായ മിനുട്ടുകൾ അദ്ദേഹം ഹൃദേയം പിളർന്ന മട്ടിലാണ് പലപ്പോഴും അനുസ്‌മരിക്കാറുണ്ടായിരുന്നത്. 42‐ാം വയസിലായിരുന്നു ആ അകാല വിയോഗം. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായാണ് ഒരംഗം സഭാ നടപടികൾക്കിടയിൽ മരണപ്പെടുന്നതെന്നും സൂചിപ്പിക്കാറുണ്ടായി.

കോളേജ് നാടകവേദിയിൽ പ്രശസ്‌ത നടൻ മധുവിനൊപ്പം
തിരുവനന്തപുരം അമച്വർ നാടകവേദി (അമച്വർ സ്റ്റേജ്)യിലെ പ്രധാന അഭിനേതാവായിരുന്നു കെ ജി പരമേശ്വരൻ നായർ . മാധവൻ നായരായി യൂണിവേഴ്സിറ്റി കോളേജ് വിദ്യാർഥിയായിരിക്കവെ ഇരുവരുമൊരുമിച്ച് ചില നാടകങ്ങളിൽ വേഷമിട്ടതിന്റെ കൗതുകങ്ങൾ പ്രശസ്‌ത നടൻ മധു ഓർത്തെടുത്തിട്ടുണ്ട്. 1954 ൽ യൂണിവേഴ്സിറ്റി കോളേജ് യൂണിയൻ ഉദ്ഘാടനവേളയിൽ കെ ജിയും സഹപാഠികളും ചേന്നവതരിപ്പിച്ച നാടകത്തിൽ നിന്നൊരു രംഗം പ്രശസ്‌ത ടെലിവിഷൻ ജേണലിസ്‌റ്റും ചരിത്ര കുതുകിയുമായ ബൈജു ചന്ദ്രൻ പോസ്‌റ്റ്‌ചെയ്‌തിരുന്നു. വെള്ളിത്തിരയിൽ മുഖം കാണിക്കാനുള്ള അടങ്ങാത്ത ആഗ്രഹവുമായി 1950 – ൽ മുൻ തിരുവനന്തപുരം മേയറും ബിസിനസുകാരനുമായ പി സുബ്രഹ്മണ്യം സ്ഥാപിച്ച മെരിലാൻഡ് സ്റ്റുഡിയോയിലെത്തിയ യുവാവിന് ടി എൻ ഗോപിനാഥൻ നായരുടെ കഥയ്‌ക്ക് മുട്ടത്തുവർക്കി സംഭാഷണങ്ങളൊരുക്കി താൻ സംവിധാനംചെയ്‌ത് 1961 ജനുവരി 28-ന് റിലീസായ ‘ക്രിസ്തുമസ് രാത്രി’യിൽ ഫലിതം തുളുമ്പിയ കമ്പൗണ്ടറുടെ വേഷമാണ് അദ്ദേഹം നീക്കിവെച്ചത്. ഗാനങ്ങൾ പി. ഭാസ്കരനും സംഗീതസംവിധാനം ബ്രദർ ലക്ഷ്മണനും നിർവഹിച്ചു. എ പി കോമള, കമുകറ പുരുഷോത്തമൻ, പി ലീല, പി ബി ശ്രീനിവാസൻ, ടി എസ് കുമരേശൻ എന്നിവർ പിന്നണിയിൽ. കൊട്ടാരക്കര ശ്രീധരൻ നായർ, ടി കെ ബാലചന്ദ്രൻ,തിക്കുശി സുകുമാരൻ നായർ, പറവൂർ ഭരതൻ, ഗോവിന്ദൻകുട്ടി, മിസ് കുമാരി,അംബിക (പഴയത്)അടൂർ പങ്കജം, എസ് പി പിള്ള, ബഹദൂർസോമൻ (പഴയത്), പങ്കജവല്ലി, കണ്ണമ്മ എന്നിവർക്കൊപ്പം കെ ജി പരമേശ്വരൻ നായരുടെ പേരും നടീനടന്മാരുടെ പട്ടികയിൽ ഉൾപ്പെടുത്തുകയുണ്ടായി. ആശുപത്രിയിലെ നഴ്‌സായെത്തിയ സുഭദ്രാമ്മയെ അദ്ദേഹത്തിന് നന്നേ പിടിച്ചു. അഞ്ചു കൊല്ലത്തെ അനുരാഗത്തിന് അവസാനം ഇരുവരും ജീവിതത്തിൽ ഒന്നിച്ചു. എസ്‌എൽ പുരം സദാനന്ദൻ രചിച്ച് അദ്ദേഹം സ്ഥാപിച്ച കല്പന തിയേറ്റേഴ്സ് രംഗത്തെത്തിച്ച ഏറെ ജനപ്രിയമായ ‘വില കുറഞ്ഞ മനുഷ്യൻ’ നാടകത്തിൽ കാമുകീകാമുകന്മാരായും ഇരുവരും തിളങ്ങി. സുഭദ്രാമ്മ പിൽക്കാലത്ത് തിരക്കേറിയ ഡബ്ബിങ് ആർടിസ്‌റ്റും സംഗീതാധ്യാപികയും റേഡിയോ കലാകാരിയുമൊക്കെയായി പേരെടുത്തു. വൈക്കം മുഹമ്മദ് ബഷീർ എഴുതിയ തിരക്കഥ ആസ്‌പദമാക്കി എ വിൻസെന്റ് സംവിധാനംചെയ്‌ത് 1964 ഒക്ടോബർ 22ന് ഇറങ്ങിയ മലയാളത്തിലെ ആദ്യ പ്രേതകഥയായി അറിയപ്പെടുന്ന ഭാർഗവീനിലയം ചലച്ചിത്രത്തിൽ തെലുങ്ക് നടിയും സംവിധായകയുമായ വിജയ നിർമല ജീവൻ നൽകിയ ഭാർഗവിക്കുട്ടിക്ക് ശബ്ദംകൊടുക്കുകയും ചെയ്‌തു. പരമേശ്വരനാകട്ടെ അഭിനയം വിട്ട് അറിയപ്പെടുന്ന രാഷ്ട്രീയ ലേഖകനായി.

എൻ. കൃഷ്ണപിള്ളയുടെ ‘കന്യക’
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കുന്ന കാലം തൊട്ടുള്ള ചങ്ങാതിമാരാണ് താനും കെ ജി പരമേശ്വരൻ നായരുമെന്നാണ് നടൻ മധു പറഞ്ഞത്. കേരള ഇബ്‌സൻ എന്ന് ഖ്യാതിനേടിയ പ്രാഫസർ എൻ കൃഷ്ണപിള്ളയുടെ ഏറ്റവും മികച്ച സാമൂഹിക നാടകങ്ങളിലൊന്നായ ‘കന്യക’ ( 1943) കോളേജിൽ അവതരിപ്പിക്കാമെന്ന് ആദ്യം നിർദ്ദേശിച്ചതും അതിൽ തനിക്ക് കഥാപാത്രം അനുവദിച്ചതും അദ്ദേഹം. വിവാഹത്തെയും സ്ത്രീ സ്വാതന്ത്ര്യത്തെയും സംബന്ധിച്ച തെറ്റായ ധാരണകളെയും അന്ധവിശ്വാസങ്ങളെയും തുറന്നുകാണിച്ചതായിരുന്നു ആ രംഗാവിഷ്‌ക്കാരം. ഉന്നതവിദ്യാഭ്യാസം നേടുന്ന വനിതകൾ വിവാഹം ചെയ്യുന്നത് സ്വാതന്ത്ര്യം ഹനിക്കുമെന്ന ചിലരുടെ അന്നത്തെ ചിന്താഗതിയെ കടന്നാക്രമിക്കുന്നതുമായി. പ്രശസ്ത നാടകരചയിതാവും ചെറുകഥാകൃത്തുമായിരുന്ന എൻ പി ചെല്ലപ്പൻ നായരുടെ ‘പ്രണയ ജാംബവാൻ’ (1938) തുടങ്ങിയവയിലും ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. സമകാലിക രാഷ്ട്രീയത്തെപ്പറ്റിയുള്ള വിമർശനം അദ്ദേഹത്തിന്റെ കൃതികളിൽ സമൃദ്ധമായിരുന്നു. ജനവിരുദ്ധമായ എല്ലാറ്റിനെയും വിമർശിക്കും. ചരിത്ര പണ്ഡിതൻകൂടിയായിരുന്ന എൻ പി ഹാസ്യസാഹിത്യരചനകളും നടത്തിയിട്ടുണ്ട്. ഗൗരവമുള്ള പ്രശ്നങ്ങളെ നർമബോധത്തോടെ ആവിഷ്കരിക്കുകയുമുണ്ടായി. സാമൂഹികവിമർശനവും കുറിക്കുകൊള്ളുന്ന ഫലിതവും ശ്രദ്ധേയങ്ങൾ. സ്വാനുഭവങ്ങൾ പ്രമേയമാക്കിയാണ് രചനകളേറെയും എഴുതിയിട്ടുള്ളത്. അക്കാലത്ത് പരമേശ്വരൻ നായരുടെ നാടകാഭിനയം കണ്ടപ്പോൾ സിനിമയിൽ എത്തുമെന്ന് താൻ കരുതിയെന്നും പക്ഷേ പിന്നീട് ആ മേഖലയിൽ ചെന്നുപെട്ടത് താനാണെന്നും മധു ഓർമിച്ചു. പരമേശ്വരൻ നായരുടെ അച്ഛൻ കോവളം കൊട്ടാരത്തിലെ ഉദ്യോഗസ്ഥനായിരുന്നു. അവിടെയായിരുന്നു കുറച്ചുകാലം ആ മകൻ താമസിച്ചിരുന്നത്. ഒരിക്കൽ മധുവിനെ അവിടേക്ക് ക്ഷണിച്ചുകൊണ്ടുപോയി. കൊട്ടാരത്തിലേക്ക് എല്ലാവർക്കും പോകാൻ അനുവാദമുണ്ടായിരുന്നില്ല.പെരമേശ്വരന്റെ സ്വാധീനത്തിൽ എല്ലായിടവും ചുറ്റിക്കണ്ടു. അവിടെ നിന്ന് പ്രകൃതി സൗന്ദര്യം ആസ്വദിച്ചു. കോളേജ് പഠനകാലത്തെ നല്ലോർമയാണ് ഇന്നും ആ ദിനങ്ങളെന്നാണ് മധുവിന്റെ വിലയിരുത്തൽ. എസ് ടി ഹിന്ദു കോളേജിലും പിന്നീട് നാഗർകോവിലിലെ സ്കോട്ട് ക്രിസ്ത്യൻ കോളേജിലും ഹിന്ദി ലക്ചററായിരുന്ന അദ്ദേഹം സിനിമയിൽ അഭിനയിക്കാനുള്ള ആഗ്രഹവുമായി നടന്നപ്പോൾ പരമേശ്വരനും പ്രോത്സാഹിപ്പിച്ചു. തിരുവനന്തപുരത്തു വരുമ്പോഴൊക്കെ പരസ്‌പരം കാണുമായിരുന്നു. എന്റെ അഭിനയത്തെ ഇത്രത്തോളം വിമർശിച്ച കൂട്ടുകാരൻ വേറെയില്ല. ആ നിർദ്ദേശങ്ങൾ ഉൾക്കൊണ്ടു. നല്ല വേഷങ്ങൾ ചെയ്യുമ്പോൾ പ്രശംസകൾ ചൊരിഞ്ഞു. ഞാൻ സംവിധായകനായപ്പോൾ അദ്ദേഹത്തെ സിനിമയിൽ അഭിനയിപ്പിക്കണമെന്നുറപ്പിച്ചു.

ധീരസമീരേ യമുനാ തീരേ
കൊല്ലത്ത് ജനിച്ച് ദക്ഷിണേന്ത്യൻ തിരക്കഥാകൃത്ത്, നാടകകാരൻ, ഗാനരചയിതാവ്, പത്രപ്രവർത്തകൻ എന്നി നിലകളിൽ പ്രശസ്തനായ ചേരി വിശ്വനാഥ് എഴുതിയ ‘ധീരസമീരേ യമുനാ തീരേ’ സിനിമയുടെ തിരക്കഥ വായിച്ചപ്പോൾ പറ്റിയ വേഷം ഉണ്ടെന്ന് തോന്നി. ഞാൻ വിളിച്ചു. അദ്ദേഹത്തിന്റെ പല കൃതികളും ചേരി എന്ന തൂലികാനാമത്തിലാണ് എഴുതിയത്, അത് ചേരിയിൽ എന്ന കുടുംബനാമത്തിൽനിന്ന് സ്വീകരിച്ചതാണ്. നാടകകൃത്തും പത്രപ്രവർത്തകനുമായി കരിയർ ആരംഭിച്ച വിശ്വനാഥ് ദക്ഷിണേന്ത്യയിലെ പ്രശസ്തമായ കലാനിലയം നാടക സംഘവുമായി ബന്ധപ്പെട്ടിരുന്നു. നാലര പതിറ്റാണ്ടിലധികം നീണ്ട സാഹിത്യ ജീവിതത്തിൽ 16 നോവലുകളും 25 നാടകങ്ങളും 19 റേഡിയോ നാടകങ്ങളും ഒട്ടേറെ ചലച്ചിത്ര ഗാനങ്ങളും രചിച്ചിട്ടുണ്ട്. 1977 ലെ ‘താലപ്പൊലി’ യിലെ ഗാനം ആ വർഷത്തെ ഏറ്റവും വലിയ ഹിറ്റായിരുന്നു. മുതിർന്ന ചലച്ചിത്ര നിർമാതാക്കളായ എം കൃഷ്ണൻ നായർ, ക്രോസ്ബെൽറ്റ് മണി, എം മണി എന്നിവരെക്കൂടാതെ എനിക്കുവേണ്ടിയും തിരക്കഥയെഴുതിയിട്ടുണ്ട്; ആകെ 20 സിനിമകൾ. തനിനിറം, ഈനാട് എന്നിവയുടെ ചീഫ് എഡിറ്ററായും സേവനമനുഷ്‌ഠിച്ചു. എനിക്കും കവിയൂർ പൊന്നമ്മ, തിക്കുറിശി സുകുമാരൻ നായർ,ഉണ്ണിമേരി, ടി പി മാധവൻ, വിധുബാല തുടങ്ങിയവർക്കുമൊപ്പം കെ ജിയും ‘ധീരസമീരേ യമുനാ തീരേ’ യിൽ അഭിനയിച്ചു. എം മണി നിർമിച്ച അത് 1977 ജനുവരി 21 ന് പ്രദർശനത്തിനെത്തി. ഞാൻ സ്ഥാപിച്ച ഉമ സ്റ്റുഡിയോയിൽ പിറന്ന ആദ്യ ചിത്രം. കുറച്ചുകാലം മുമ്പുവരെ ഞാൻ പരമേശ്വരന്റെ വീട്ടിലേക്കും അദ്ദേഹം ഇങ്ങോട്ടും വരുമായിരുന്നു. യാത്ര ചെയ്യാനുള്ള ബുദ്ധിമുട്ട് വന്നപ്പോൾ സംസാരം ഫോണിലായി. മാധ്യമ പ്രവർത്തനത്തിന് സംസ്ഥാന സർക്കാരിന്റെ പരമോന്നത ബഹുമതിയായ സ്വദേശാഭിമാനി കേസരി പുരസ്കാരം അദ്ദേഹം നേടിയപ്പോൾ ഞാൻ വിളിച്ചു. ഒരിക്കൽ കൂടി പരസ്പരം കാണണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷേ…മധു അർധവിരാമമിട്ടു.







No Comments yet!