Skip to main content

SYLVIA SLEIGH – പുരുഷ നഗ്നതയിലൂടെ രാഷ്ട്രീയം പറഞ്ഞ ചിത്രകാരി

ഇരുപതാം നൂറ്റാണ്ടിൽ ജീവിച്ച അമേരിക്കൻ ചിത്രകാരിയായ സിൽവിയ സ്ലീയുടെ പെൺനിറങ്ങളിൽ രൂപപ്പെട്ട കാൻവാസുകളിലെ പുരുഷ നഗ്നതയുണ്ടാക്കിയ മിന്നൽപിണരുകളിലൂടെ വ്യവസ്ഥാപിതാസ്വാദനങ്ങളുടെ മുനയൊടിച്ചുകളയുന്ന മനോഹരമായ കാഴ്ചകളെ കുറിച്ചാണ് പറയാനുള്ളത്.

ചിത്രങ്ങളും ശില്പങ്ങളുമൊന്നും മുദ്രവാക്യങ്ങളാവേണ്ടതില്ലെന്ന് നമ്മൾ തിരിച്ചറിഞ്ഞതിന്റെ ചരിത്ര രാഷ്ട്രീയ വഴികൾ വളരെ വിപുലമാണ്. സഹനവും ക്രോധവും ആകുലതകളും വളരെയേറെ സംവേദനക്ഷമമാകുന്ന പുരുഷ നഗ്നതയുടെ പ്രയോഗങ്ങൾ, ആധുനിക പെൺചിത്ര സങ്കൽപ്പങ്ങളിലൂടെ നമുക്കുള്ളിൽ കനലുകളായിതീരുകയും
മുദ്രാവാക്യാഖ്യാനങ്ങൾക്കതീതമായി കഠിനരാഷ്ട്രീയം പറയുന്ന ഒരു ശക്തമായ ഭിംഭമായി അത് പരിണമിക്കുകയുമുണ്ടായി.

Philip Golub Reclining, 1971 by Sylvia Sleigh, who, depicting herself painting her nude male muse, challenged established gendered power relations between artist and model #women
Philip Golub Reclining, 1971 by Sylvia Sleigh

1971 ൽ വരച്ച ‘Philip Golub Reclaining‘ എന്ന സ്ലീയുടെ സെൽഫ് പോർട്രൈറ്റ് ആയി അറിയപ്പെടുന്ന ചിത്രം നമ്മൾ പഠിക്കേണ്ടത് 1647 ൽ വെലാസ്കസ് വരച്ച ’Rokeby Venus‘ എന്ന ചിത്രത്തിലെ ഭംഗിയുള്ള സ്ത്രീശരീരത്തിന്റെ പുരുഷ നഗ്നതയിലേക്കുള്ള പുനർ പ്രയാണവുമായി ബന്ധപ്പെടുത്തിയാണ്.

File:Diego Velázquez, Venus at Her Mirror (The Rokeby Venus).jpg - Wikimedia Commons
Rokeby Venus

“1914 ൽ Rokeby Venus എന്ന ഈ വെലാസ്കസ് ചിത്രം ഫെമിനിസ്റ്റ് ആക്ടിവിസ്റ്റ് മേരി റിചാർഡ്സൺ ആക്രമിച്ചത് ഒരു
ഇറച്ചി വെട്ടുന്ന കത്തി ഉപയോഗിച്ച് പെയിന്റിംഗിൽ പലതവണ വെട്ടികൊണ്ടായിരുന്നു. ഭരണകൂടം തടവിലാക്കിയ മറ്റൊരു ഫെമിനിസ്റ്റും മനുഷ്യാവകാശപ്രവർത്തകയുമായ എമെലിൻ പാങ്ക്ഹർസ്റ്റിന്റെ വിമോചനത്തിനായുള്ള പ്രതിഷേധമായാണ് അവർ ഒരു ലോകപ്രശസ്ത ചിത്രം ഇത്തരത്തിൽ വെട്ടിക്കീറിയത്.

‘നിങ്ങളെല്ലാവരും സൗന്ദര്യമുണ്ടെന്ന് പറയുന്ന വീനസിന്റെ ഈ ചിത്രത്തേക്കാൾ എത്രയോ മനോഹരമാണ് ജയിലിൽ കഴിയുന്ന പാങ്ക്ഹർസ്റ്റിന്റെ വ്യക്തിത്വം.‘

-അറസ്റ്റിനുമുൻമ്പ് റിചാർഡ്സൺ പറഞ്ഞ പ്രധാന വാചകങ്ങളാണിത്.

പിന്നീട് അൻമ്പത്തിയേഴ്‌ വർഷങ്ങൾക്ക് ശേഷം അതേ ചിത്രം പുരുഷനഗ്നതയിൽ സ്ലീ പുനർനിർമ്മിച്ചത് പ്രത്യക്ഷമായ സ്ത്രീപക്ഷ നിലപാടുകളോടെയായിരുന്നു.

സ്ലീയുടെ പുരുഷ നഗ്നതാ പ്രദർശനത്തിനെതിരെ കോടതിയിലെത്തിയ കേസ് തള്ളിപ്പോയത് ’സ്ത്രീകളുടേതിനേക്കാൾ പവിത്രത കുറഞ്ഞതാണോ പുരുഷന്റെ ജനനേന്ദ്രിയം‘ എന്ന സ്ലീയുടെ ശക്തമായ മറുചോദ്യത്തിലായിരുന്നു.

Remembering Sylvia Sleigh | Broad Strokes Blog | National Museum of Women in the Arts
Painting by Sylvia Sleigh

ചരിത്രത്തിലെ അഭിനവ സ്ത്രീ സൗന്ദര്യാരാധകർക്ക് സുഖം പ്രതിനിധാനം ചെയ്തിരുന്ന ടിഷ്യാൻ, ഇൻഗ്രെ, വെലാസ്കസ് തുടങ്ങിയവരുടെ ചിത്രങ്ങളിലെ സ്ത്രീകളുടെ സ്ഥാനത്ത് പുരുഷനെ സ്ഥാപിച്ചുകൊണ്ടും, സൃഷ്ടിയിലേർപ്പെടുന്ന ആൺകൊയ്മക്ക് പകരം സ്വന്തം രൂപത്തെ പ്രതിഷ്ഠിച്ചുകൊണ്ടും സ്ലീ വെട്ടിത്തെളിച്ച ദുർഘടമേറെ നിറഞ്ഞ വ്യത്യസ്തമായ സഞ്ചാരപാതയിലൂടെ നടന്നുപോകുന്നത് വളരെ ഉദ്ധ്യേഗഭരിതമാണ്.
ഇന്ഗ്രെയുടെ ‘ടർക്കിഷ് ബാത്ത്’ എന്ന ചിത്രം അതേപേരിൽ പുനർനിർമിച്ചതിൽ ആ ചിത്രത്തിലെ നഗ്നരായ സ്ത്രീകൾക്ക് പകരം സ്വന്തം ഭർത്താവും സുഹൃത്തുക്കളുമടങ്ങുന്ന കുറച്ചുപേരായിരുന്നു മോഡലുകൾ.
കായിക ശക്തി മാത്രം തിരിച്ചറിഞ്ഞ ഒരു ദുരന്ത രൂപമായി പുരുഷൻ മാറുകയും എന്നാൽ അവന്റെ ആന്തരികമായ അനുഭൂതിയും സൗന്ദര്യവും കണ്ടെത്താനുള്ള ശ്രമങ്ങൾ സാമൂഹിക രാഷ്ട്രീയ ആലേഖനങ്ങളായി അവന്റെ നഗ്നമായ ശരീരത്തിലൂടെയാണുണ്ടാകേണ്ടത് എന്ന് സ്ലീ വ്യക്തമായി പറഞ്ഞുവെക്കുന്നു.
ഒരു ഭൂരിപക്ഷത്തിന് അലോസരമുണ്ടാകുന്ന കാഴ്ചയായി പുരുഷ നഗ്നത മാറുകയും ഉർവരതയുടെയും സൗന്ദര്യത്തിന്റെയും പ്രതിനിധാനങ്ങളായി സ്ത്രീശരീരം കടന്നുവരികയും ചെയ്യുമ്പോൾ
ആ ഇടങ്ങളിൽ കൊടുങ്കാറ്റുയർത്തിയ കുറച്ച് ഫെമിനിസ്റ്റ് ചിത്രകാരികളെ കുറിച്ച് പറയാതെ നമ്മളെത്രകാലം കലാചരിത്രം പഠിച്ചുകൊണ്ടിരിക്കും.

No Comments yet!

Your Email address will not be published.