Skip to main content

മലയാളിയോട് മാറി നിൽക്കാൻ പറയുന്ന ‘അംശ’ ങ്ങൾ

കുറച്ച് ദിവസം മുമ്പ് ദൃശ്യം സിനിമയുടെ കൊമേഴ്‌സ്യൽ വിജയത്തിന് ശേഷം മോഹൻലാൽ എന്ന അഭിനേതാവിനെ തള്ളിമറിച്ചുകൊണ്ട് നിഷാദ് റാവുത്തറും പ്രമോദ് രാമനും ചേർന്ന് Out of Focus എന്ന പരിപാടിയിൽ നടത്തിയ ചർച്ച കണ്ടപ്പോൾ ചിരിക്കണോ കരയണോ എന്ന് അറിയാത്ത ഒരു അവസ്ഥയായിരുന്നു. ഇവർക്ക് ഇപ്പോഴും “മലയാളി” എന്ന സ്വരൂപത്തെ വാഴ്ത്തിപ്പാടുകയും, മലയാളിയുടെ നായകസ്വരൂപത്തിന് കയ്യടിക്കുകയും, അതുതന്നെയാണ് പോപ്പുലർ കൾച്ചർ എന്ന് അടിവരയിടുകയും ചെയ്യേണ്ടി വരുന്നത് എന്തൊരു സാംസ്കാരിക ദാരിദ്ര്യമാണെന്ന് തോന്നി. മലയാളിത്തത്തെയും അതിന്റെ ഹെറോയിസത്തെയും ഇങ്ങനെ വായിക്കുന്നത്, നായക സങ്കൽപ്പങ്ങൾ പൊളിഞ്ഞ് ദ്രവരൂപമാകുന്ന ഈ ഡി-സ്ട്രക്ചേർഡ് ലോകത്ത് ശുദ്ധ അബദ്ധമാണ്. റാവുത്തറും രാമനുമൊക്കെ ഇതൊക്കെ ഇങ്ങനെ വായിക്കുമ്പോഴാണ് ഈ മലയാളിത്തത്തിനെ തന്നെ അട്ടിമറിക്കുന്ന ദൃശ്യഭാഷയിൽ ആക്സോമാനിയാക്കിന്റെ അംശം, പാപം, കണ്മഷി പോലുള്ള മ്യൂസിക് വീഡിയോകൾ കേരളത്തിൽ പുറത്തിറങ്ങുന്നത്.

ഇതിങ്ങനെ പറയാനുള്ള ആത്മവിശ്വാസം നൽകുന്നത്, നമ്മൾ ജീവിക്കുന്നത് ആക്സോമാനിയാക് പുറത്തുവിട്ട അംശം, പാപം, കണ്മഷി എന്നീ മൂന്ന് മ്യൂസിക് വീഡിയോകൾ മലയാളിയെ തന്നെ പൊളിച്ചെഴുതുന്ന സെക്ഷ്വാലിറ്റിയുടെയും ശരീരരാഷ്ട്രീയത്തിന്റെയും ഒരു പുതിയ ആസ്വാദനകാലത്താണ് എന്നതുകൊണ്ടാണ്. മലയാളിയുടെ സൊ-കോൾഡ് സൗന്ദര്യലോകത്തെയും ജാതിബോധത്തിൽ ഊന്നിയ സൗന്ദര്യശാസ്ത്രത്തെയും ഹിന്ദുത്വ മിത്തിക്കൽ ലോകത്തിലെ ശുദ്ധതാ സങ്കൽപ്പങ്ങളെയും മെറ്റമോർഫോസിസ് ചെയ്യുകയും ലിക്വിഡേറ്റ് ചെയ്യുകയും ചെയ്യുന്ന അപാരമായ സൗന്ദര്യമുള്ള വീഡിയോകളാണ് ഇവ.മലയാളിയുടെ ടിപ്പിക്കൽ സൗന്ദര്യബോധത്തെയും മോഹൻലാലിസത്തെയും ചോദ്യം ചെയ്യുക മാത്രമല്ല, ഡിജിറ്റൽ ക്യാമറ, കളറിംഗ്, എഡിറ്റിംഗ്, ശരീരരാഷ്ട്രീയം, സെക്ഷ്വാലിറ്റി എന്നിവയുടെ പുതിയ രൂപകങ്ങളിലൂടെ ശബ്ദങ്ങളുടെയും ദൃശ്യങ്ങളുടെയും മുഴുവൻ വ്യാകരണത്തെയും ഈ മ്യൂസിക് വീഡിയോകൾ പുനർനിർവചിക്കുന്നു. ഇൻസ്റ്റഗ്രാം റീലുകളിലും യൂട്യൂബ് വിഷ്വൽ കൾച്ചറിലും വളർന്ന, ഗ്ലോബൽ പോപ്പ് കൾച്ചറിന്റെ സൗന്ദര്യബോധം ഉൾക്കൊണ്ട ഒരു തലമുറയുടെ സാംസ്കാരിക പരിവർത്തനമാണ് ഇവിടെ കാണുന്നത്. ഈ വീഡിയോകൾ ഗാനങ്ങളുടെ ദൃശ്യാവിഷ്കാരങ്ങൾ മാത്രമല്ല; മറിച്ച് പുതിയ തലമുറയുടെ ബോഡി പോളിറ്റിക്സും വിഷ്വൽ സെൻസിബിലിറ്റിയും രേഖപ്പെടുത്തുന്ന സാംസ്കാരിക ഡോക്യുമെന്റുകളാണ്.

അംശം എന്ന വീഡിയോയിൽ ഗന്ധർവ്വൻ എന്ന സങ്കൽപ്പത്തെ പുതിയ കാലത്തെ വിഷ്വൽ കൾച്ചറിലേക്ക് പുനരാവിഷ്കരിക്കുന്ന ഒരു ശ്രമമുണ്ട്. തെരുവ്, ശരീരത്തിന്റെ ലൈംഗികത, വേശ്യാലയങ്ങൾ, കറുത്ത ശരീരങ്ങളുടെ ദൃശ്യത, അലങ്കാരങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ, രാത്രിയുടെ അന്തരീക്ഷം എന്നിവ ചേർന്ന് ഇവിടെ ഒരു പുതിയ വിഷ്വൽ സെമിയോട്ടിക്സ് രൂപപ്പെടുന്നു. ഇന്ത്യൻ പുരാണങ്ങളിലെ ഗന്ധർവ്വൻ സംഗീതത്തിന്റെയും പ്രണയത്തിന്റെയും അതീന്ദ്രിയ ലോകത്തിന്റെയും പ്രതീകമായിരുന്നെങ്കിൽ, ഇവിടെ അവൻ തെരുവിലൂടെ നടക്കുന്ന ഒരു ശരീരമായി മാറുന്നു. ക്ഷേത്രത്തിന്റെ ശുദ്ധതയിലല്ല, തെരുവിന്റെ പൊടിയിലും ഇരുട്ടിലും ആഗ്രഹങ്ങളിലും ജീവിക്കുന്ന ഒരു ഗന്ധർവ്വൻ.

ഈ വീഡിയോയുടെ ഏറ്റവും വലിയ മനോഹാരിത മോറൽ ബോർഡറിംഗ് ഇല്ലാത്ത ശരീരങ്ങളുടെ ആഘോഷമാണ്. ശുദ്ധതയുടെയും അശുദ്ധിയുടെയും പരമ്പരാഗത വിഭാഗീകരണങ്ങളെ തകർത്തുകൊണ്ട് ശരീരത്തെ തന്നെ ഒരു സ്വതന്ത്ര സൗന്ദര്യഭാഷയായി ഇവിടെ അവതരിപ്പിക്കുന്നു. ബ്ലാക്ക് സെക്ഷ്വാലിറ്റിയെ ആഘോഷിക്കുന്നതിലൂടെ കേരളീയ സൗന്ദര്യശാസ്ത്രത്തിന്റെ പതിവ് മാനദണ്ഡങ്ങൾക്കും ഇത് വെല്ലുവിളി ഉയർത്തുന്നു. ഇന്ന് ലോകം ജീവിക്കുന്നത് സ്ഥിരമായ ഐഡന്റിറ്റികളുടെ ലോകത്തല്ല. മാറിക്കൊണ്ടിരിക്കുന്ന ഹൈബ്രിഡ് ഐഡന്റിറ്റികളുടെയും ഫ്ലൂയിഡ് ജെൻഡർ അനുഭവങ്ങളുടെയും ലോകത്താണ്. ആ മാറ്റത്തിന്റെ ട്രേസുകൾ ‘അംശ ‘ ത്തിൽ വ്യക്തമായി കാണാം. സ്ത്രീകളുടെ ക്വിയർ സാധ്യതകളും കറുത്ത ഗന്ധർവ്വന്റെ ശരീരവും ലൈംഗികതയും ചേർന്ന് രൂപം ‘എന്ന ഏകതാനതയെ തന്നെ തകർക്കുന്നു. ജെൻഡർ, ശരീരം, സൗന്ദര്യം എന്നിവയുടെ പരമ്പരാഗത അതിർത്തികൾ ഇവിടെ മങ്ങിപ്പോകുന്നു. പെർഫോർമറ്റിവിറ്റിയുടെയും ഐഡന്റിറ്റി ഫോർമേഷന്റെയും പുതിയ സാംസ്കാരിക സാധ്യതകളാണ് വീഡിയോ തുറന്നിടുന്നത്.

കോവിഡ് കാലത്ത് ലോകസിനിമാ കാഴ്ചകളിലെ വലിയ അട്ടിമറികളിലൊന്ന് ചില സ്പാനിഷ്, ലാറ്റിൻ അമേരിക്കൻ, മെക്സിക്കൻ സിനിമകളുടെ ക്യാമറ ഭാഷകളായിരുന്നു. Y Tu Mamá También, Amores Perros, City of God, La Haine തുടങ്ങിയ സിനിമകൾ ക്യാമറയുടെ തന്നെ സൗന്ദര്യശാസ്ത്രത്തെ പുനർനിർവചിച്ചു. സ്ഥാപിതമായ ക്യാമറ വ്യാകരണങ്ങളെ തകർത്തുകൊണ്ട് ഒരു പുതിയ ദൃശ്യ ജനാധിപത്യം അവ സൃഷ്ടിച്ചു. പുതിയ ഡിജിറ്റൽ സംസ്കാരത്തിൽ ക്യാമറ ശരീരങ്ങളെ പിന്തുടരുകയാണ്. ചിലപ്പോൾ അത് ഓടുന്നു, ചിലപ്പോൾ കുലുങ്ങുന്നു, ചിലപ്പോൾ ഫോക്കസ് പോലും നഷ്ടപ്പെടുന്നു. ഒരുകാലത്ത് ഇവയെല്ലാം തെറ്റുകളായിരുന്നു. ഇന്ന് അവ തന്നെ എസ്തെറ്റിക്സായി മാറിയിരിക്കുന്നു. ഇന്ന് അടിത്തട്ടിലെ കോളനികളിൽ ജീവിക്കുന്ന കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിച്ച് നിർമ്മിക്കുന്ന റീലുകളുടെ ക്യാമറ ഭാഷകളിൽ പോലും ഇത്തരം സിനിമകളുടെ സ്വാധീനം കാണാം. ഓടുന്ന ക്യാമറ, കുലുങ്ങുന്ന ക്യാമറ, ശരീരത്തോട് ചേർന്ന് ശ്വസിക്കുന്ന ക്യാമറ, ഫ്രെയിമിന് പുറത്തേക്ക് ഒഴുകുന്ന ക്യാമറ — ഇവ പഴയ സിനിമാ വ്യാകരണത്തിന്റെ പരാജയമല്ല; പുതിയ വിഷ്വൽ കൾച്ചറിന്റെ ജനനമാണ്.

ആക്സോമാനിയാക്കിന്റെ വീഡിയോകൾ കാണുമ്പോൾ അതാണ് ഓർമ്മ വരുന്നത്. ഇവിടെ ക്യാമറയ്ക്ക് ഒരു രാജാവില്ല. ഇവിടെ ക്യാമറ ഒരു നായകനെ ആരാധിക്കുന്നില്ല. ഇവിടെ ക്യാമറ മോഹൻലാലിനെ സൃഷ്ടിക്കുന്നില്ല. ഇവിടെ ക്യാമറ ശരീരങ്ങളുടെ ഇടയിലൂടെ അലഞ്ഞുനടക്കുകയാണ്. ഒരു തരത്തിൽ പറഞ്ഞാൽ ഇവിടെ ക്യാമറ ഒരു കഥാപാത്രമല്ല, ഒരു അനുഭവമാണ്. ഡിജിറ്റൽ യുഗത്തിലെ ഏറ്റവും വലിയ സാംസ്കാരിക മാറ്റങ്ങളിൽ ഒന്ന് നായകകേന്ദ്രിതമായ ഫ്രെയിമുകളിൽ നിന്ന് ശരീരകേന്ദ്രിതമായ ഫ്രെയിമുകളിലേക്കുള്ള മാറ്റമാണ്. പഴയ സിനിമകളിൽ ക്യാമറ നായകനെ മഹത്വവൽക്കരിക്കുകയായിരുന്നു. പുതിയ വിഷ്വൽ സംസ്കാരത്തിൽ ക്യാമറ ശരീരങ്ങളെ രേഖപ്പെടുത്തുകയാണ്. ആ ശരീരങ്ങൾ ചിലപ്പോൾ മനോഹരമാണ്, ചിലപ്പോൾ അസ്വസ്ഥത സൃഷ്ടിക്കുന്നവയാണ്, ചിലപ്പോൾ ലൈംഗികമാണ്. പക്ഷേ അവ എല്ലായ്പ്പോഴും ജീവനുള്ളവയാണ്.

ഈ മ്യൂസിക് വീഡിയോകളുടെ മറ്റൊരു വലിയ പ്രത്യേകത അവയുടെ എഡിറ്റിംഗ് ഭാഷയും കളറിംഗ് സൗന്ദര്യശാസ്ത്രവുമാണ്. ഡിജിറ്റൽ തലമുറയുടെ വീഡിയോ സംസ്കാരം കഥയെക്കാൾ മൂഡിനെ ആഘോഷിക്കുന്നതാണ്. ഇൻസ്റ്റഗ്രാം ഫിൽട്ടറുകൾ, റീൽ സംസ്കാരം, നിയോൺ കളറുകൾ, ബ്ലാക്ക് എസ്തെറ്റിക്സ്, ഡീസാച്ചുറേറ്റഡ് ടോണുകൾ, ഗ്ലിച്ച് എസ്തെറ്റിക്സ്, ഫാസ്റ്റ് കട്ടുകൾ, ഹൈപ്പർ എഡിറ്റിംഗ് എന്നിവ ചേർന്ന് ഒരു പുതിയ ദൃശ്യസംസ്കാരം രൂപപ്പെട്ടിട്ടുണ്ട്ഒരു തരത്തിൽ പറഞ്ഞാൽ പുതിയ തലമുറ ജീവിതത്തെ കാണുന്നതിലും കൂടുതൽ ജീവിതത്തെ എഡിറ്റ് ചെയ്യുകയാണ്. അവർ ഭക്ഷണം കഴിക്കുന്നില്ല, ഫ്രെയിം ചെയ്യുന്നു. അവർ യാത്ര പോകുന്നില്ല, ക്യൂറേറ്റ് ചെയ്യുന്നു. അവർ ജീവിതം ജീവിക്കുന്നില്ല, കളർ ഗ്രേഡ് ചെയ്യുന്നു. ഇത് വെറുമൊരു സാങ്കേതിക മാറ്റമല്ല. അനുഭവങ്ങളെ കാണുകയും അവതരിപ്പിക്കുകയും ചെയ്യുന്ന രീതിയിലുണ്ടായ ഒരു വലിയ സാംസ്കാരിക പരിവർത്തനമാണ്. അതുകൊണ്ടാണ് ആക്സോമാനിയാക്കിന്റെ വീഡിയോകൾ മലയാള സിനിമയുടെ പരമ്പരാഗത ദൃശ്യവ്യാകരണത്തേക്കാൾ റീലുകളുടെ ലോകത്തോട് കൂടുതൽ സംഭാഷണം നടത്തുന്നത് പോലെ തോന്നുന്നത്. ടിക് ടോക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് ഷോർട്സ് എന്നിവ സൃഷ്ടിച്ച പുതിയ എഡിറ്റിംഗ് ബോധം ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ചിലപ്പോൾ കഥയേക്കാൾ മൂഡ് പ്രധാനമാകുന്നു. കഥാപാത്രത്തേക്കാൾ അന്തരീക്ഷം പ്രധാനമാകുന്നു. സംഭാഷണത്തേക്കാൾ ശരീരം പ്രധാനമാകുന്നു. അതാണ് പുതിയ ഡിജിറ്റൽ എസ്തെറ്റിക്സ്.

കണ്മഷി എന്ന മ്യൂസിക് വീഡിയോയിലേക്ക് വരുമ്പോൾ, കണ്മഷി എന്ന അലങ്കാരത്തെ കുറിച്ച് മാത്രമല്ല സംസാരിക്കുന്നത്. ഇവിടെ കണ്മഷി ഒരു ഓർണമെന്റ് മാത്രമല്ല; ഒരു സാംസ്കാരിക ചിഹ്നമാണ്. ശരീരത്തെ എങ്ങനെ ദൃശ്യവൽക്കരിക്കണം, സൗന്ദര്യത്തെ എങ്ങനെ നിർമ്മിക്കണം, ജെൻഡറിനെ എങ്ങനെ അവതരിപ്പിക്കണം എന്ന ചോദ്യങ്ങളുമായി അത് ബന്ധപ്പെട്ടു കിടക്കുന്നു.അതുകൊണ്ടുതന്നെ കണ്മഷി ഒരു അലങ്കാരത്തിന്റെ വീഡിയോ അല്ല. അലങ്കാരത്തിലൂടെ രൂപപ്പെടുന്ന ഒരു വിഷ്വൽ ഐഡന്റിറ്റിയുടെ വീഡിയോയാണ്. പുരുഷത്വത്തിന്റെയും സ്ത്രീത്വത്തിന്റെയും അതിർത്തികളെ മങ്ങിക്കുന്ന ഒരു സൗന്ദര്യശാസ്ത്രം അവിടെ പ്രവർത്തിക്കുന്നുണ്ട്. ഒരുകാലത്ത് പുരുഷന്റെയും സ്ത്രീയുടെയും ശരീരങ്ങൾക്കിടയിൽ വ്യക്തമായ അതിർത്തികൾ സൃഷ്ടിച്ചിരുന്ന സൗന്ദര്യബോധം ഇവിടെ ചോദ്യം ചെയ്യപ്പെടുന്നു.

ഇന്ന് റീൽ സംസ്കാരത്തിന്റെ എഡിറ്റിംഗ് മറ്റൊന്നാണ്. അവിടെ കഥയേക്കാൾ എനർജി പ്രധാനമാണ്. വിഷ്വലിന്റെ തുടർച്ചയേക്കാൾ ആഘാതം അവിടെ പ്രധാനമാണ്. ലോജിക്കിനേക്കാൾ അനുഭവം പ്രധാനമാണ്. അതുകൊണ്ടാണ് ഇന്നത്തെ ഡിജിറ്റൽ തലമുറയുടെ വിഷ്വൽ ഭാഷയിൽ ഫാസ്റ്റ് കട്ടുകളും ജംപ് കട്ടുകളും റിഥമിക് എഡിറ്റിംഗും ഇത്രയും പ്രാധാന്യമാകുന്നത്. ഒരു തരത്തിൽ പറഞ്ഞാൽ അവർ സിനിമ കാണുന്നില്ല; അവർ ഫ്രാഗ്മെന്റുകൾ കാണുന്നു. അവർ കഥ കാണുന്നില്ല; അവർ മൊമെന്റുകൾ കാണുന്നു. അവർ കഥാപാത്രങ്ങളെ കാണുന്നില്ല; അവർ വൈബുകളെ കാണുന്നു. ഈ വൈബ് കൾച്ചറിന്റെ സ്വാധീനം ആക്സോമാനിയാക്കിന്റെ വീഡിയോകളിൽ വ്യക്തമായി കാണാം. ഒരർത്ഥത്തിൽ പറഞ്ഞാൽ ഇത് സിനിമയ്ക്കും മ്യൂസിക് വീഡിയോയ്ക്കും ഇടയിൽ രൂപപ്പെടുന്ന ഒരു പുതിയ ദൃശ്യഭാഷയാണ്. കഥയേക്കാൾ അനുഭവത്തിനും, കഥാപാത്രത്തേക്കാൾ ശരീരത്തിനും, യാഥാർത്ഥ്യത്തേക്കാൾ മൂഡിനും പ്രാധാന്യം നൽകുന്ന ഒരു പോസ്റ്റ്-ഡിജിറ്റൽ വിഷ്വൽ സംസ്കാരം.

ആക്സോമാനിയാക്കിന്റെ വീഡിയോകളിൽ കറുത്ത ശരീരങ്ങൾ കേന്ദ്രത്തിലേക്ക് വരുന്നു. ഇവിടെ ലൈംഗികത കുറ്റബോധത്തിന്റെ ഭാഷയിൽ മാത്രം സംസാരിക്കപ്പെടുന്നില്ല. പ്രത്യേകിച്ച് അംശം എന്ന വീഡിയോയിലെ ഗന്ധർവ്വ സങ്കൽപ്പം ശ്രദ്ധേയമാണ്. ഇന്ത്യൻ പുരാണങ്ങളിൽ ഗന്ധർവ്വൻ പലപ്പോഴും സംഗീതത്തിന്റെയും സൗന്ദര്യത്തിന്റെയും പ്രണയത്തിന്റെയും അതീന്ദ്രിയ ലോകത്തിന്റെയും പ്രതീകമായിരുന്നു. എന്നാൽ ഇവിടെ ഗന്ധർവ്വൻ സ്വർഗത്തിൽ നിന്നിറങ്ങി തെരുവിലൂടെ നടക്കുന്ന ഒരു ശരീരമായി മാറുന്നു. അവൻ ക്ഷേത്രത്തിന്റെ ശുദ്ധതയിലല്ല ജീവിക്കുന്നത്; തെരുവിന്റെ പൊടിയിലും ഇരുട്ടിലും ആഗ്രഹങ്ങളിലും ജീവിക്കുന്നു. അതുകൊണ്ടുതന്നെ ഇത് ഗന്ധർവ്വന്റെ ഒരു പുനർവായന മാത്രമല്ല; ഗന്ധർവ്വത്വത്തിന്റെ തന്നെ ഡീകൺസ്ട്രക്ഷനാണ്.

ഈ വീഡിയോകളിൽ പ്രവർത്തിക്കുന്ന മറ്റൊരു പ്രധാന ഘടകം അവയുടെ പോസ്റ്റ്-ഹീറോയിക് സ്വഭാവമാണ്. മലയാള സിനിമയുടെ ചരിത്രം വലിയ തോതിൽ നായകകേന്ദ്രീകൃതമായിരുന്നു. കഥയെ മുന്നോട്ട് നയിച്ചത് നായകനായിരുന്നു. ക്യാമറ സേവിച്ചത് നായകനെയായിരുന്നു. പ്രേക്ഷകന്റെ ആഗ്രഹങ്ങൾ പോലും നായകനിലൂടെ തന്നെയായിരുന്നു സഞ്ചരിച്ചിരുന്നത്. എന്നാൽ ഇവിടെ അത്തരം ഒരു കേന്ദ്രമില്ല. ഇവിടെ നായകൻ ഇല്ല. ഇവിടെ നായകത്വം പോലും ഇല്ല. ഇവിടെ ശരീരങ്ങളുടെ ഒഴുക്കുകളാണ് ഉള്ളത്. അനുഭവങ്ങളുടെ ചിതറലുകളാണ് ഉള്ളത്.അതുകൊണ്ടാണ് ഈ വീഡിയോകൾ മോഹൻലാലിനെ എതിർക്കുന്നത് അല്ലെങ്കിൽ മോഹൻലാലിസത്തെ വിമർശിക്കുന്നത് എന്നതിലുപരി, നായകത്വം എന്ന ആശയത്തെ തന്നെ പ്രസക്തിയില്ലാത്തതാക്കുന്നത്. അതാണ് ഇവയുടെ ഏറ്റവും വലിയ സാംസ്കാരിക രാഷ്ട്രീയം.

ഇവിടെ ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇവ ഒരു ഏകീകൃത മലയാളിയെ അവതരിപ്പിക്കുന്നില്ല എന്നതാണ്. മറിച്ച് മലയാളി എന്ന സങ്കൽപ്പം തന്നെ പല രൂപങ്ങളായി പിളരുന്ന ഒരു കാലത്തെയാണ് അവ പ്രതിനിധീകരിക്കുന്നത്. ഈ വീഡിയോകളിൽ തമിഴ്, മറാത്ത ഭാഷകളും കേരളീയമല്ലാത്ത ജിയോഗ്രാഫികളും സെറ്റുകളും തെരുവുകളും ദൃശ്യതപ്പെ
ടുന്നു ഇന്ന് മലയാളി ഒരേസമയം കൊറിയൻ പോപ്പ് കേൾക്കുന്നവനാണ്. ആഫ്രിക്കൻ സംഗീതം കേൾക്കുന്നവനാണ്. മെക്സിക്കൻ സിനിമ കാണുന്നവനാണ്. ഇൻസ്റ്റഗ്രാം റീലുകൾ നിർമ്മിക്കുന്നവനാണ്. ക്വിയർ ഫാഷൻ പിന്തുടരുന്നവനാണ്. ടാറ്റൂ കൾച്ചറിന്റെ ഭാഗമാണ്. ഗ്ലോബൽ ഡിജിറ്റൽ സംസ്കാരത്തിന്റെ ഭാഗമാണ്. അതുകൊണ്ട് തന്നെ മലയാളി ഇന്ന് ഒരു ഏകവചനമല്ല; ഒരു ബഹുവചനമാണ്.

ഈ പുതിയ ലോകം മനസ്സിലാക്കാതെ ഇപ്പോഴും മലയാളി എന്നാൽ മോഹൻലാൽ, മലയാളി എന്നാൽ നായകസ്വരൂപം, മലയാളി എന്നാൽ ഓണനിലാവും ചിങ്ങമാസവും എന്ന രീതിയിൽ സംസ്കാരത്തെ വായിക്കാൻ ശ്രമിക്കുന്നത് ഒരു വലിയ കൾച്ചറൽ ബ്ലൈൻഡ്‌നസ് മാത്രമാണ്. കാരണം സാംസ്കാരിക മാറ്റങ്ങൾ ഇപ്പോൾ സംഭവിക്കുന്നത് മറ്റൊരിടത്താണ്. അംശത്തിലും പാപത്തിലും കണ്മഷിയിലും പോലുള്ള ദൃശ്യലോകങ്ങളിലാണ്. അവിടെയാണ് പുതിയ ശരീരങ്ങൾ രൂപപ്പെടുന്നത്. അവിടെയാണ് പുതിയ സെക്ഷ്വാലിറ്റികൾ ദൃശ്യത നേടുന്നത്. അവിടെയാണ് പുതിയ കേരളം സ്വയം സങ്കൽപ്പിക്കുന്നത്. അവിടെയാണ് മലയാളി എന്ന ഏകവചനം ഒരു ബഹുവചനമായി മാറിക്കൊണ്ടിരിക്കുന്നത്.

ഇങ്ങനെ പുതിയ പിള്ളേർ പഴയ എൺപതുകളിലെ നായർ മലയാളിത്തത്തെയും ചിങ്ങമാസത്തെയും ഓണനിലാവിനെയും, എന്തിന് മോഹൻലാലിനോട് പോലും “ഇച്ചിരി മാറി നിക്ക്” എന്ന് പറയുന്ന ഒരു കാലത്ത്, റാവുത്തറും രാമനുമൊക്കെ ഇപ്പോഴും മോഹൻലാലിനെ സ്ഥാനാപനവൽക്കരിക്കാനും മലയാളിയെ ഒരു ഏകീകൃത സാംസ്കാരിക രൂപമായി അവതരിപ്പിക്കാനും നടത്തുന്ന ശ്രമങ്ങൾ കാണുമ്പോൾ ദാരിദ്ര്യം എന്നല്ലാതെ വേറെ എന്ത് പറയാൻ?

No Comments yet!

Your Email address will not be published.