Skip to main content

ചിത്തപ്രസാദ്‌ ഭട്ടാചാര്യ

കലാപ്രവർത്തനത്തെ രാഷ്ട്രീയോന്മുഖമായ ഒരു പ്രവർത്തനമായി, സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായ ഒരു പ്രവർത്തനമായി, കണ്ടിരുന്ന ചിത്രകാരന്മാർ ഇന്ത്യയിൽ അപൂർവ്വമാണ്. ആ അപൂർവ്വഗണത്തിൽപ്പെട്ട ഒരാളായിരുന്നു ചിത്തപ്രസാദ്‌ ഭട്ടാചാര്യ.

1915 -ൽ പശ്ചിമബംഗാളിൽ ഒരു ഇടത്തരം സർക്കാർ ഉദ്യോഗസ്ഥന്റെ മകനായിട്ടാണ് ചിത്തപ്രസാദ്‌ ജനിക്കുന്നത്. കുട്ടിക്കാലം മുതൽക്കുതന്നെ ചിത്രംവരയ്ക്കുമായിരുന്ന അദ്ദേഹം ജീവിതത്തിൽ ഒരു ഘട്ടത്തിലും അക്കാദമിക് രീതികളിൽ ചിത്രകല അഭ്യസിച്ചിട്ടില്ല. ആയിരത്തിതൊള്ളായിരത്തി മുപ്പതുകളിൽ കോളേജ് വിദ്യാർഥിയായിരുന്ന കാലം മുതൽക്കുതന്നെ ചിത്തപ്രസാദ്‌ രാഷ്ട്രീയവിഷയങ്ങളിൽ സജീവമായിരുന്നു. ദേശീയപ്രസ്ഥാനത്തിൽ ആകൃഷ്ടനായ അദ്ദേഹം അധികം വൈകാതെതന്നെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി കൂടുതൽ അടുത്തു. അക്കാലത്ത് ബംഗാളിലെ ഇടതുപക്ഷരാഷ്ട്രീയത്തിന് രണ്ടു മുഖങ്ങളുണ്ടായിരുന്നു. അത് ഒരേസമയംതന്നെ ബ്രിട്ടീഷ് കൊളോണിയൽ വിരുദ്ധവും ഫ്യൂഡൽ വിരുദ്ധവും ആയിരുന്നു. ബംഗാളിൽ അക്കാലത്തു നിലവിലുണ്ടായിരുന്ന ജാതിവ്യവസ്ഥായ്ക്ക് ചിത്തപ്രസാദ്‌ എതിരായിരുന്നു. വ്യക്തിജീവിതത്തിൽ ഒരു സന്ദർഭത്തിലും അദ്ദേഹം ‘ഭട്ടാചാര്യ’ എന്ന തന്റെ ബ്രാഹ്മണനാമം ഉപയോഗിച്ചിരുന്നില്ല.

മുപ്പതുകളിൽ കോളേജ് വിദ്യാഭ്യാസകാലത്തുതന്നെ ചിത്തപ്രസാദ്‌ ഒരു സ്വാതന്ത്രചിത്രകാരൻ എന്നനിലയിൽ പ്രവർത്തിച്ചുതുടങ്ങി. ഇടതുപക്ഷ ആശയങ്ങളുടെ പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് കാർട്ടൂണുകളും ഇല്ലസ്ട്രേഷനുകളും പോസ്റ്ററുകളുമൊക്കെയാണ് അദ്ദേഹം ആദ്യം ചെയ്തുതുടങ്ങിയത്. ഒരു കലാകാരൻ എന്നനിലയിൽ ‘ബംഗാൾ സ്കൂളി’ന്റെ ക്ലാസ്സിക്കൽ പാരമ്പര്യത്തേയും ആത്മീയ ആഭിമുഖ്യങ്ങളെയും അദ്ദേഹം നിരസിച്ചു.

Hungry Bengal Series

1940 ൽ ചിത്തപ്രസാദ്‌ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായി. ആ കാലഘട്ടത്തിലെ രചനകളിൽ അധികവും കൊളോണിയൽ – ഫ്യൂഡൽ വിരുദ്ധ പ്രമേയങ്ങളാണ് കാണാൻ കഴിയുന്നത്. ജന്മിത്തത്തിനും സാമ്രാജ്യത്വത്തിനും എതിരായി തന്റെ രചനകളിൽ അദ്ദേഹം തൊഴിലാളികളുടെയും കർഷകകാരുടെയും പക്ഷത്ത് ഉറച്ചുനിന്നു. പേനയും മഷിയും ഉപയോഗിച്ചുള്ള ധാരാളം സ്കെച്ചുകളും ഡ്രോയിങ്ങുകളും അദ്ദേഹം ചെയ്തിരുന്നു. അതുകൂടാതെ വുഡ്‌ കട്ട് പ്രിന്റുകളും ലിനോ കട്ട് പ്രിന്റുകളും ഈ കാലഘട്ടത്തിൽ ചെയ്യുന്നുണ്ട്. നിറങ്ങൾ ഉപയോഗിച്ചുള്ള ഈസൽ പെയിന്റിങ്ങിൽ അദ്ദേഹത്തിന് പ്രത്യേകമായ താൽപ്പര്യം ഉണ്ടായിരുന്നില്ല. ഇടയ്ക്കൊക്കെ പെയിന്റുചെയ്യുമ്പോൾ ജലച്ചായവും പേസ്റ്റലും പോലെയുള്ള മാധ്യമങ്ങളോടായിരുന്നു കൂടുതൽ താൽപ്പര്യം.

തന്റെ രചനകളുടെ സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിൽ ചിത്തപ്രസാദ്‌ അതീവതല്പരനായിരുന്നു. ഒരുപക്ഷേ അതുകൊണ്ടുകൂടി ആയിരിക്കാം ഗ്രാഫിക് പ്രിന്റുകളും പോസ്റ്ററുകളും പോലെയുള്ള മാധ്യമങ്ങൾ അദ്ദേഹം കൂടുതലായി തിരഞ്ഞെടുത്തത്. ആർട്ട് ഗ്യാലറികളെ ഉദ്ദേശിച്ചല്ല ചിത്തപ്രസാദ്‌ വരച്ചിരുന്നത്. എങ്കിലും അദ്ദേഹത്തിന്റെ ചിത്രങ്ങൾ പിൽക്കാലത്ത് ഗ്യാലറികളിൽ ധാരാളമായി പ്രദർശിപ്പിക്കപ്പെട്ടിട്ടുണ്ട്.

രണ്ടാം ലോകമഹായുദ്ധത്തിന്റെ സമയത്ത്, 1943 കാലഘട്ടത്തിൽ ബംഗാൾ ഉൾപ്പെടുന്ന പ്രദേശങ്ങളിലുണ്ടായ വലിയ ക്ഷാമം ഏതാണ്ട് മുപ്പതുലക്ഷത്തോളം ആളുകളുടെ ജീവനെടുത്തു. ആ കാലഘട്ടത്തിൽ പ്രശ്നബാധിതമായ സ്ഥലങ്ങളിൽ നേരിട്ടുചെന്ന് ചിത്തപ്രസാദ്‌ ധാരാളം സ്കെച്ചുകളും ഡ്രോയിങ്ങുകളും ചെയ്യുകയുണ്ടായി. പ്രധാനമായും മിഡ്‌നാപ്പൂർ ജില്ലയുടെ പരിസരങ്ങളിൽ. നേരിട്ടുകണ്ട തീവ്രമായ അനുഭവങ്ങളെ ആവിഷ്കരിക്കുന്ന ഈ ഡ്രോയിങ്ങുകൾ ബംഗാൾ ക്ഷാമത്തിന്റെ ദൃശ്യസാക്ഷ്യമായി അക്കാലത്തെ പല പ്രസിദ്ധീകരണങ്ങളിലും അച്ചടിച്ചുവരുകയുണ്ടായി. തിരഞ്ഞെടുത്ത ഡ്രോയിങ്ങുകൾ ചിത്രകാരന്റെ ചെറിയ വിശദീകരണക്കുറിപ്പുകൾകൂടി ഉൾപ്പെടുത്തി ‘Hungry Bengal’ എന്നപേരിൽ ലഖുലേഘാരൂപത്തിൽ പുസ്‌തകമാക്കി പ്രസിദ്ധീകരിച്ചു വിതരണംചെയ്യാൻ കമ്മ്യൂണിസ്റ്റുപാർട്ടിയുടെ ആഭിമുഖ്യത്തിൽ ഒരു ശ്രമം നടന്നു. വിവരമറിഞ്ഞ ബ്രിട്ടീഷ് അധികാരികൾ പുസ്‌തകം നിരോധിച്ചു. അച്ചടിച്ച പുസ്‌തകത്തിന്റെ കോപ്പികൾ വിതരണത്തിന് മുൻപുതന്നെ കണ്ടുകെട്ടപ്പെടുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തു. ചിത്തപ്രസാദ്‌ അദ്ദേഹത്തിന്റെ അമ്മയുടെ പേരിൽ തപാലിൽ അയച്ച ഒരേയൊരു കോപ്പി മാത്രമാണ് പിൽക്കാലത്ത് കണ്ടെടുക്കാൻ സാധിച്ചിട്ടുള്ളത്.

1946 ൽ ചിത്തപ്രസാദ്‌ മുംബൈയിലേക്ക്‌ താമസം മാറി. 1948 – 49 കാലഘട്ടത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉണ്ടായ ചില ആഭ്യന്തരപ്രശ്നങ്ങൾ കാരണമായി അദ്ദേഹം പാർട്ടിയിൽനിന്നും അകന്നു. എന്നാൽ ഒരു ചിത്രകാരനെന്ന നിലയിൽ മുൻപ് പുലർത്തിയിരുന്ന രാഷ്ട്രീയ ആഭിമുഖ്യത്തിനു മാറ്റമൊന്നും ഉണ്ടായില്ല. മുംബൈയിലും അദ്ദേഹം കർമ്മനിരതനായിരുന്നു. വിവിധ മാസികകൾക്കുവേണ്ടി ഡ്രോയിങ്ങുളും ഇല്ലസ്ട്രേഷനുകളുമെല്ലാം ഈ കാലഘട്ടത്തിലും അദ്ദേഹം ധാരാളമായി ചെയ്യുന്നുണ്ട്. കുട്ടികൾക്കുവേണ്ടിയുള്ള ചിത്രകഥകളും ഇതിൽ ഉൾപ്പെടുന്നു. അതുപോലെതന്നെ പോസ്റ്ററുകളും. മുംബൈയിൽ ചിത്തപ്രസാദ് IPTA (Indian Peoples Theatre Assosiation) -യുമായി സഹകരിച്ചു പ്രവർത്തിച്ചിരുന്നു. തെലങ്കാനയിലെയും മഹാരാഷ്ട്രയിലെയും കാർഷികഗ്രാമങ്ങളിലെ ജീവിതവും പ്രകൃതിദൃശ്യങ്ങളും ഈ കാലഘട്ടത്തിലെ സ്വതന്ത്ര ചിത്രങ്ങളിൽ ധാരാളമായി കാണുന്നുണ്ട്.

മുംബൈയിൽ ഒരു ചിത്രകാരനെന്ന നിലയിൽ ചിത്തപ്രസാദ്‌ പെട്ടെന്നുതന്നെ ശ്രദ്ധേയനായി. 1950 -കളുടെ തുടക്കം മുതൽക്കുതന്നെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ കാര്യമായി ഗ്യാലറികളിൽ പ്രദർശിപ്പിക്കപ്പെട്ടുതുടങ്ങി. പല വിദേശരാജ്യങ്ങളിലും വലിയ പ്രാധാന്യത്തോടെ അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രദർശനങ്ങൾ സംഘടിപ്പിക്കപ്പെട്ടിട്ടുണ്ട്.

1978 ൽ, അറുപത്തിമൂന്നാമത്തെ വയസ്സിൽ, കൽക്കട്ടയിൽവച്ച് ചിത്തപ്രസാദ്‌ നിര്യാതനായി.


ചിത്തപ്രസാദ്‌ ഭട്ടാചാര്യ

ജനനം: 1915
മരണം: 1978

No Comments yet!

Your Email address will not be published.