Skip to main content

മലയാള ചലച്ചിത്രത്തിൻ്റെ കുഞ്ചൻ നമ്പ്യാർ

Malayalam actor-director Sreenivasan passes away after a prolonged illness at 69

പ്രിയ ചലച്ചിത്രകാരൻ ശ്രീനിവാസന് വിട. മലയാളത്തിൽ മറ്റാർക്കും സാധിക്കാത്ത തരത്തിൽ നമ്മൾ സാധാരണ മനുഷ്യരുടെ ചിരിയും കണ്ണീരും സിനിമയിലേക്ക് പരാവർത്തനം ചെയ്ത തിരക്കഥാകൃത്തും സംവിധായകനും നടനും ആയിരുന്നു അദ്ദേഹം. സാധാരണക്കാർ എന്നു പറയുമ്പോൾ ചെറിയ ചെറിയ കുസൃതികളും കളവുകളും വേദനകളും പരിഭവങ്ങളും ഇല്ലായ്മകളും നിരാശകളും വലിയ നന്മകളും ഉള്ളവർ എന്നർത്ഥം. ശ്രീനിവാസന്റെ പ്രധാന ആവിഷ്കാരലോകം അതായിരുന്നു.ശ്രീനിവാസന്റെ പ്രധാന കഥാപാത്രങ്ങൾ ഒന്നും തന്നെ സമ്പന്നരല്ല. അവർ തൊഴിൽരഹിതരോ ചെറിയ ചെറിയ തൊഴിലുകൾ ചെയ്ത് ജീവിക്കുന്നവരോ ആണ്. ഒരുപാട് കടമുള്ളവരാണ്. അതുകൊണ്ട് ആത്മവിശ്വാസം കുറഞ്ഞവരാണ്.അപകർഷതാബോധമുള്ളവരാണ്. ഇങ്ങനെയൊക്കെയാണ് സാധാരണ മനുഷ്യർ. അവരുടെ സ്വപ്നങ്ങൾ, സ്വപ്നഭംഗങ്ങൾ, ചെറിയ വിജയങ്ങൾ, ധീരമല്ലാത്ത പ്രണയങ്ങൾ, എതിർപ്പുകൾ, ആത്മരോഷങ്ങൾ എന്നിങ്ങനെ മലയാളിയുടെ ഭൂരിപക്ഷ ജീവിതത്തെ അടയാളപ്പെടുത്തുന്നവയാണ് അദ്ദേഹത്തിൻ്റെ സിനിമകൾ.

Udayananu Tharam (2005) - IMDb

ശ്രീനിവാസൻ തന്റെ കലയിൽ ധീരനായിരുന്നു. പരിഹസിച്ച് നശിപ്പിക്കേണ്ടതിനെ അങ്ങനെയും എതിർക്കേണ്ടതിനെ അങ്ങനെയും പിന്താങ്ങേണ്ടതിനെ പിൻതാങ്ങിയും പുതിയ കാലത്തിന്റെയും ചലച്ചിത്രത്തിന്റെയും കുഞ്ചൻ നമ്പ്യാരായിരുന്നു അദ്ദേഹം. ഒരു അതിതാര(Super Star) ത്തെക്കൊണ്ടു തന്നെ താരാധിപത്യത്തിൻ്റെ തലയ്ക്കടിച്ച കാഴ്ച്ച”ഉദയനാണ് താര”ത്തിൽ കാണാം.” പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ” എന്ന സിനിമയിൽ അതിൻ്റെ ശവപ്പെട്ടിയും തയ്യാറാക്കി.തൻ്റെ കാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ ഇടങ്ങളെ അതിനിശിതമായി പരിഹസിച്ച് തുറന്നുകാണിക്കാനും ശ്രീനിവാസന് തന്റേടം ഉണ്ടായിരുന്നു.നമ്മുടെ “മുഖ്യധാര” കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് സംഭവിച്ചുകൊണ്ടിരുന്ന മൂല്യ ശോഷണം വളരെ മുമ്പ് തന്നെ അദ്ദേഹം ചൂണ്ടിക്കാണിച്ചു.”സന്ദേശം” എന്ന സിനിമ മലയാളിയുടെ രാഷ്ട്രീയ ജീവിതത്തിന്റെ പൊള്ളത്തരമാണ് വലിച്ചുകീറിയത്.”ഒരു അറബിക്കഥ”യിൽ പറഞ്ഞ കാര്യങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുന്നവയായിരുന്നു.ക്യൂബ മുകുന്ദൻ ഇവിടുത്തെ നിഷ്കളങ്കരും ആത്മാർത്ഥതയുള്ളവരും പാർട്ടി ജീവവായുവുമായിട്ടുള്ളവരുമായ അനേക ലക്ഷങ്ങളുടെ പ്രതിനിധിയാണ്.രാഷ്ട്രീയത്തിൽ ആ വിഭാഗം ജയിക്കേണ്ടത് അനിവാര്യത അറബിക്കഥ ചൂണ്ടിക്കാണിക്കുന്നു.എന്നാൽ മറിച്ചാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

Sandesham Malayalam Full Movie | Jayaram | Sreenivasan | Thilakan | Siddique | Malayalam Full Movie

കുഞ്ചൻ നമ്പ്യാരെ പോലെ ഭാഷയുടെ വിനിമയ സാദ്ധ്യതകൾക്ക് പുതിയ പ്രയോഗങ്ങൾ നൽകിയ ഒരു എഴുത്തുകാരൻ കൂടിയാണ് ശ്രീനിവാസൻ.അല്ലാ,പയ്യെ നിനക്കും പക്കത്താണോ ഊണ്,ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം, ഒടിയുന്നതെന്തടോ ഭീമാ ഗദയോ നമ്മുടെ വാലോ തുടങ്ങി പഴഞ്ചൊല്ലുകൾ പോലെ എടുത്ത് ഉപയോഗിക്കാവുന്ന ഒരുപാട് പ്രയോഗങ്ങൾ കുഞ്ചൻ നമ്പ്യാർ ഭാഷയ്ക്ക് നൽകിയിട്ടുണ്ട്. അത് നമ്മുടെ ആശയവിനിമയങ്ങൾക്ക് ശക്തിയും സൗന്ദര്യവും കൂട്ടിയിട്ടുണ്ട്.അതുപോലെ ശ്രീനിവാസനും തൻ്റെ ഉള്ളിലുള്ള തമാശകൾ പഴഞ്ചൊല്ലുകൾ പോലെ പ്രചാരമുള്ളതാക്കി.പോളണ്ടിനെ കുറിച്ച് ഒരക്ഷരം മിണ്ടിപ്പോകരുത്,എന്തൊരു സുന്ദരമായ നടക്കാത്ത സ്വപ്നം,എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് ദാസാ,തൊഴുതു മതിയായില്ല, അയ്യോ അച്ചാ പോകല്ലേ എന്നിങ്ങനെ സാന്ദർഭികമായി മാത്രമല്ല,നമ്മുടെ നിത്യജീവിതത്തിലെ പല മുഹൂർത്തങ്ങളേയും വിശദീകരിക്കുമ്പോൾ ശക്തമാക്കാൻ പറ്റുന്ന പ്രയോഗങ്ങൾ ശ്രീനിവാസന്റേതായി അസംഖ്യമുണ്ട്.

Chinthavishtayaya Shyamala

ആശയപരമായി ശ്രീനിവാസനോട് വിയോജിപ്പുള്ള അവസരങ്ങൾ ഉണ്ടാകാം.എനിക്കുണ്ട്.ചിന്താവിഷ്ടയായ ശ്യാമളയിൽ,അവസാന രംഗത്തിൽ നായകൻ്റെ പക്ഷപാതം വിളിച്ചു പറയുന്നതിനോട് യോജിക്കാൻ കഴിഞ്ഞിരുന്നില്ല.ഡി പി ഇ പി എന്ന തട്ടിപ്പ് വിദ്യാഭ്യാസ സമ്പ്രദായത്തെ തച്ചു തകർത്തപ്പോഴും ഇംഗ്ലീഷ് മീഡിയമാണ് അതിനൊരു പരിഹാരം എന്ന നിർദ്ദേശവും വേണ്ടത്ര ഉൾക്കൊള്ളാൻ ആയില്ല.എന്നിരുന്നാലും ശ്രീനിവാസൻ തൻ്റെ ഭാഗത്തെ വ്യക്തമായി വാദിച്ചുറപ്പിക്കുന്നുണ്ട്.

വ്യക്തിപരമായ ചില അനുഭവങ്ങൾ കൂടി പറഞ്ഞുകൊണ്ട് മലയാളത്തിലെ ഒരു വലിയ ചലച്ചിത്രകാരന്റെ വിയോഗത്തിലുള്ള ഈ കുറിപ്പ് അവസാനിപ്പിക്കാം.

മൂന്നര ദശാബ്ദങ്ങൾക്കു മുമ്പ് പാട്യത്തോ പാത്തിപ്പാലത്തോ ഉള്ള ഒരു വായനശാലയുടെ വാർഷികാഘോഷത്തിന് ശ്രീനിവാസനും ഞാനും ക്ഷണിക്കപ്പെട്ടവരായിരുന്നു.സംഘാടകരുടെ വാഹനം ധർമ്മടത്തുവന്ന് എന്നെയും വഹിച്ചു ശ്രീനിവാസന്റെ വീട്ടിലെത്തി.കാറിന്റെ മുൻസീറ്റിലിരിക്കുന്ന എന്നോട് അദ്ദേഹം പിന്നിലേക്ക് മാറിയിരിക്കാൻ പറഞ്ഞു. അത് ഏതാണ്ടൊരു ആജ്ഞയായിരുന്നു.പ്രത്യേകിച്ച് വാദപ്രതിവാദത്തിന് നിൽക്കാതെ ഞാൻ പിന്നിലേക്ക് മാറിയിരുന്നു.പിന്നീട് വേദിയിൽ ഉദ്ഘാടകനായും മുഖ്യപ്രഭാഷകനായും ശ്രീനിവാസനും ഞാനും ഇരുന്നപ്പോൾ അദ്ദേഹം എൻ്റെ ചെവിയിൽ പറഞ്ഞു:”ക്ഷമിക്കണം മുൻ സീറ്റിൽ ഇരിക്കുന്നത് എൻ്റെയൊരു ഒഴിയാബാധയാണ്.നിങ്ങളുടെ കഥകൾ ഞാൻ വായിച്ചിട്ടുണ്ട്.അതിലെ തലശ്ശേരി ഭാഷ എനിക്ക് വലിയ താല്പര്യമുണ്ടാക്കിയിരുന്നു”

ഞങ്ങൾ ജീവിക്കുന്ന കണ്ണപുരം ഗ്രാമപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വലിയ ഒരുക്കങ്ങളോടുകൂടി നിർമ്മിച്ച സിനിമയാണ്. “കളിയൊരുക്കം.” 150 ഓളം കുട്ടികൾക്ക് മൂന്ന് ദിവസം,കളർ ഓഫ് പാരഡൈസ്, ചിൽഡ്രൻ ഓഫ് ഹെവൻ, ചാപ്ളിൻ തുടങ്ങിയ നിരവധി സിനിമകൾ കാണിച്ച്, അഭിനയപാഠങ്ങൾ പറഞ്ഞു കൊടുത്ത് അതിൽനിന്ന് മുപ്പതോളം കുട്ടികളെ തിരഞ്ഞെടുത്ത് ഞാനും എസ് സുനിലും തിരക്കഥ എഴുതി, സുനിൽ സംവിധാനം ചെയ്ത സിനിമയാണ് അത്.ഏറ്റവും നല്ല കുട്ടികളുടെ സിനിമയ്ക്കുള്ള 2007ലെ സംസ്ഥാന സർക്കാരിന്റെ അവാർഡ് “കളിയൊരുക്ക”ത്തിനായിരുന്നു.

Kaliyorukkam malayalam movie trailer | കളിയൊരുക്കം | അവതാളം 2020 - YouTube

സിനിമയുടെ ഉദ്ഘാടനത്തിന് ശ്രീനിവാസനെ കൊണ്ടുവരണമെന്ന് ഉണ്ടായിരുന്നു.വിളിച്ചു. വരാമെന്ന് ഉടനെ സമ്മതിച്ചു. എറണാകുളത്തുനിന്ന് വന്ന ശ്രീനിവാസനെ “മരുത”ത്തിലേക്ക് സംഘാടകർ കൊണ്ടുവന്നു.ഉച്ചഭക്ഷണത്തിന് ഈ നാട്ടിൽ ധാരാളം കിട്ടുന്ന പുഴ ഞണ്ടും പുഴ മത്സ്യങ്ങളും ഒക്കെ കൂട്ടുണ്ടായിരുന്നു.ഇലയിൽ വിളമ്പിയ വിഭവങ്ങൾ കണ്ട്,ശ്രീനിവാസന്റെ അമ്പ് :”മിഡിൽ ക്ലാസ് ഒരുക്കങ്ങൾ”.ഉടനെ സാവിത്രി ടീച്ചറുടെ മറുപടി :”കാരണം ഞങ്ങൾ മിഡിൽ ക്ലാസാണ്.”

ഞങ്ങളുടെ ഒരു അയൽക്കാരൻ പാട്യം സ്വദേശിയാണ്.ശ്രീനിവാസൻ വരുന്നുണ്ടെന്നറിഞ്ഞപ്പോഴേ എന്നോട് പറഞ്ഞിരുന്നു:”എട അനി, ഓനെ എൻ്റെ വീട്ടിലും കൊണ്ടുവരണേ.ഞാള് നാട്ടുകാരാന്ന്.” ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ അങ്ങോട്ട് പോയി.പലതും പറഞ്ഞിരിക്കുന്നതിനിടയിൽ അദ്ദേഹം ശ്രീനിവാസനോട് പറഞ്ഞു,” ശ്രീനി നിനക്ക് ഓർമ്മയില്ലേ,എൻ്റെ കല്യാണത്തിന് വിളമ്പാൻ നീയും ഉണ്ടേനും.” ഉടനെ ശ്രീനിവാസന്റെ മറുപടി വന്നു:”പിന്നില്ലേ? ഇന്നലെ കഴിഞ്ഞ പോലെ ഓർമ്മയുണ്ട്.”

തിരിച്ച് മരുതത്തിലേക്ക് നടക്കുന്നതിനിടയിൽ ശ്രീനിവാസൻ പറഞ്ഞു,”എന്നിട്ടും ആളാരെന്ന് എനക്ക് ഓർമ്മ വന്നിട്ടില്ലേ ….”

തിങ്ങിനിറഞ്ഞ സദസിനെ മുൻനിർത്തി ആദ്യ പ്രദർശനം ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. യാത്രാച്ചെലവോ സിനിമാ താരങ്ങളുടെ പ്രതിഫലമോ അദ്ദേഹം വാങ്ങിയില്ല. പിന്നീട് വിനീത് ശ്രീനിവാസൻ്റെ കല്യാണത്തിന് ക്ഷണിച്ചു. കണ്ണൂരിലെ ദിനേശ് ഓഡിറ്റോറിയത്തിൽ വെച്ച് ഞങ്ങൾ ആ കല്യാണം കൂടി.

നിലവിലുള്ള രീതികളെ തിരുത്തി രചിക്കുന്നവനാണ് / വളാണ് മഹാകവികൾ എന്ന കേസരി ബാലകൃഷ്ണപിള്ള പറയുന്നുണ്ട്. മലയാള സിനിമയിലെ പല കരിങ്കൽ ധാരണകളെയും പൊളിച്ചു പൊളിച്ചു പുതിയ നിർമ്മാണങ്ങൾ രചിച്ചവനാണ് ശ്രീനിവാസൻ. മലയാള ചലച്ചിത്രത്തിലെ മഹാകവി.

ഒരു അറബിക്കഥ, പറയുമ്പോൾ, അയാൾ കഥ എഴുതുകയാണ് എന്നൊക്കെയാണ് ശ്രീനിവാസന്റെ സാന്നിദ്ധ്യമുള്ള ചില സിനിമകൾ.ഒടുവിൽ കഥ അവസാനിപ്പിച്ച് ശ്രീനിവാസൻ പോയി.

4 Replies to “മലയാള ചലച്ചിത്രത്തിൻ്റെ കുഞ്ചൻ നമ്പ്യാർ”

  1. നിത്യജീവിതത്തിൽ പല അവസരങ്ങളിലും ശ്രീനിവാസൻ്റെ വാക്കുകൾ കടമെടുക്കുന്നു എന്നത് തന്നെ അദ്ദേഹത്തിൻ്റെ മഹത്വത്തിന്ന് മാറ്റുകൂട്ടുന്നു.വി.എസ്.നന്നായി എഴുതി …

  2. കുഞ്ചൻ നമ്പ്യാർ മലയാള ഭാഷയേയും സാഹിത്യത്തെയും കഥകളി പോലെയുള്ള ക്ളാസിക്കൽ കലകളെയും ഒരേ പോലെ കാച്ചെണ്ണയുടെയും അമ്പലക്കുളത്തിൻറെയും ഇടുങ്ങിയ വഴികളിൽ നിന്ന് മോചിപ്പിച്ചു…. അനിമാഷ് പറഞ്ഞ പോലെ പാട്ട്യം ശ്രീനി- തലശ്ശേരിക്കാരുടെ ഇടയിൽ അദ്ദേഹം അങ്ങനെ അറിയപ്പെട്ടു – മലയാളസിനിമയെ ജനസിനിമ ആക്കിയെടുത്തു. നമ്മൾ ഓരോരുത്തരും ആ സിനിമകളിലൂടെ നമ്മളെ തന്നെ തിരിച്ചറിഞ്ഞു. അനി മാഷിൻറെത് ഉൾഴ്ച്ചയുളള നിരീക്ഷണം തന്നെ.

  3. നമ്മുടെ അവസ്ഥകളെ നോക്കി പരിഹസിച്ച സിനിമകളായിരുന്നു ശ്രീനിവാസൻ സിനിമ

  4. बहुत सुन्दर और प्रशंसनीय व्याख्या है, अनंत शुभकामनाएं और और बधाई।

Leave a Reply to Dr Ravindra Nath Singh, Prayagraj U. P. Cancel reply

Your Email address will not be published.