Skip to main content

സാറാ ജോസഫ് – വിമോചനത്തിന്റെ സർഗ്ഗഭാഷ

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന്റെ തലേക്കൊല്ലം തൃശ്ശൂരിന് തെക്കുള്ള കുരിയച്ചിറ ഗ്രാമത്തിലെ ഒരു സാധാരണ വീട്ടില്‍ ജനിച്ച പെണ്‍കുട്ടി വളര്‍ന്നപ്പോള്‍ ശരിയായ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാളായിത്തീര്‍ന്നു. താന്‍ ഒന്നിലും ഒതുങ്ങിയില്ല. പലതരത്തിലായിരുന്നു പ്രവര്‍ത്തനം. തുടരെ, ചിലപ്പോള്‍ ഒറ്റയ്ക്ക്. മറ്റു ചിലപ്പോള്‍ ഒരു കൂട്ടത്തില്‍ ചേര്‍ന്ന്. പ്രവര്‍ത്തനങ്ങളില്‍ എഴുത്ത് എന്ന കാര്യവും ഉണ്ട്.
എല്ലാറ്റിനെയും എന്നപോലെ ഭാഷയെയും ഈ പ്രവര്‍ത്തനം മാറ്റിത്തീര്‍ത്തു. പുതിയ ഭാവനകളും രൂപകങ്ങളും അതുവഴി പ്രത്യക്ഷപ്പെട്ടു. അതുവരെ തെളിഞ്ഞു കിട്ടാത്ത വാസ്തവങ്ങള്‍ ആ ആഖ്യാനങ്ങളിലൂടെ വെളിപ്പെട്ടു. സാറാ ജോസഫ് മൗലികമായി ഒരു ആക്റ്റിവിസ്റ്റ് ആണ്. തന്റെ ആക്റ്റിവിസത്തിന് പല തുറകളും തലങ്ങളും ഉണ്ട്. എഴുത്ത് അതില്‍ പ്രധാനപ്പെട്ട ഒന്നാണ്. ധ്യാനാത്മകമായ ആക്ടിവിസം എന്ന് തന്റെ എഴുത്തിനെ വേണമെങ്കില്‍ വിളിക്കാം ( അത് സാറാ ടീച്ചര്‍ക്ക് ഇഷ്ടമാവുമോ ആകുമോ എന്നറിയില്ല). എഴുത്തിന് ആമുഖമായോ പൂരകമായോ മറ്റു പലതും ഉണ്ട്. സാറാ ജോസഫ് ഒരു എഴുത്തുകാരി മാത്രമല്ല. കേരളത്തിലെ സ്ത്രീകള്‍ക്ക് സവിശേഷമായ ഒരു ചരിത്രം ഉണ്ടാക്കിക്കൊടുത്ത സ്ത്രീയാണ് സാറാ ജോസഫ്. അവരുടെ കൃതികള്‍ക്ക് ശേഷം കേരളത്തിലെ സ്ത്രീബോധം പഴയ മട്ടിലുള്ളതല്ല. ഇത് എടുത്തുപറയേണ്ട കാര്യവുമാണ്.


സ്ത്രീകള്‍ക്ക് സവിശേഷമായ അനുഭവങ്ങളും വിചാരരീതികളും ഉണ്ട് എന്നപോലെ അവര്‍ക്ക് വേറിട്ട ആഖ്യാന രീതികളും ഉണ്ട് എന്ന് സാറാ ജോസഫിലൂടെ മലയാളസമൂഹം നന്നായി കണ്ടു. സ്ത്രീയെ, മൗലികമായ ബദല്‍ഭാവങ്ങളോടെ വീണ്ടും വീണ്ടും കണ്ടെടുക്കുന്ന എഴുത്തുകള്‍ എന്ന് പ്രാഥമികമായി വിലയിരുത്താം. ആ എഴുത്തുകള്‍ സമൂഹത്തെത്തന്നെ വ്യത്യസ്തമായി, ഇളവില്ലാതെ രേഖപ്പെടുത്തി എന്നും കാണേണ്ടതുണ്ട് അവയുടെ പ്രകാശനത്തോടെ സര്‍ഗാത്മകത എന്നതിന് മലയാളത്തില്‍ പുതിയ അര്‍ത്ഥങ്ങള്‍ കൈവന്നു.
ആ എഴുത്തുകള്‍ ചിലപ്പോള്‍ യഥാതഥമായ വെളിവാക്കലുകള്‍, മറ്റു ചിലപ്പോള്‍ സ്വപ്നാത്മകമായ അരങ്ങുകള്‍ – എല്ലാറ്റിലും എപ്പോഴും, പുതിയതും വ്യത്യസ്തവുമായ വാസ്തവങ്ങള്‍. കാഴ്ചകള്‍, ഒച്ചകള്‍, രുചികള്‍, ഗന്ധങ്ങള്‍.
ശരീരങ്ങള്‍ എന്നിവ അവയില്‍ പുതിയ സാമൂഹ്യഉള്ളടക്കത്തോടെ പ്രത്യക്ഷപ്പെട്ടുപോന്നു.
അവയിലെ വിലയിരുത്തലുകളും വിമര്‍ശനങ്ങളും മനസ്സിലാക്കാതെ സമകാലികജീവിതം എന്താണെന്ന് തിരിച്ചറിയാനാവില്ല എന്ന വിചാരം വായക്കുന്നവരില്‍ ബലപ്പെട്ടു. എഴുത്ത് ആക്റ്റിവിസം തന്നെ എന്ന് എഴുത്തുകാരിയെ പോലെ വായിക്കുന്നവര്‍ക്കും തീര്‍ച്ചയായി.

അതുവരെ കണ്ടറിയാത്ത ജീവിതവൈരുദ്ധ്യങ്ങള്‍ സാറാ ജോസഫിന്റെ എഴുത്തുകള്‍ അവതരിപ്പിച്ചു. തീവ്രമായ, ധീരമായ ആത്മാര്‍ത്ഥത അവയിലെ തിളങ്ങുന്ന അംശമായി പ്രവര്‍ത്തിക്കുന്നു. When journalism is silenced , literature must speak because while journalism speaks with facts, literature speaks with truth എന്ന് തന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതികളിലൊന്നിന്റെ ആമുഖമായി സാറാ ജോസഫ് ഉദ്ധരിച്ചുചേര്‍ത്തിട്ടുണ്ട്.

BUDHINI – Mathrubhumi Books

‘ബുധിനി’ എന്നത് ഒരു ഇന്ത്യന്‍ നോവലാണ്. ഒരു ഇന്ത്യക്കാരി ഒരു ഇന്ത്യന്‍ ഭാഷയില്‍ എഴുതിയത് കൊണ്ടല്ല. ഇന്ത്യയുടെ പുരോഗതി, ഇന്ത്യയിലെ ഒറ്റപ്പെടലുകള്‍, ഇന്ത്യയിലെ ചെറുത്തുനില്‍പ്പുകള്‍ തുടങ്ങിയ വിഷയങ്ങളെ ഒന്നിച്ചെടുക്കുകയും, വേറിട്ട, ലളിതമെങ്കിലും പ്രശ്‌നനിര്‍ഭരമായ എഴുത്തുരീതി അവലംബിക്കുകയും ചെയ്യുന്ന നോവലാണ് ‘ബുധിനി’. അതുകൊണ്ടാണ് അത് തീവ്രതയാര്‍ന്ന ബദല്‍ ആഖ്യാനമായി മാറുന്നത്. സാഹിത്യം വാസ്തവത്തില്‍ പ്രസക്തമാകുന്നത് ഇങ്ങനെയൊരു ബദലിനെ അവതരിപ്പിക്കുമ്പോള്‍ ആണ്.
അനേകം ചെറുകഥകളും നോവലുകളും എഴുതിക്കഴിഞ്ഞിട്ടാണ്, ആ അനുഭവങ്ങള്‍ മാത്രം മതിയാവാഞ്ഞിട്ടാണ് ആദിവാസി സ്ത്രീയുടെ ജീവിതകഥയിലേക്ക്, മറ്റൊരു മഹാഭാരതത്തിലേക്ക് സാറാ ജോസഫ് എത്തിച്ചേര്‍ന്നത്. അതേപ്പറ്റി അവര്‍ പറയുന്നു: ‘ അതിജീവിച്ചവളെപ്പറ്റി പറയാം. അവള്‍ നൃത്തഭൂമി വീണ്ടെടുത്തുവെന്നല്ല. ഏതു ഭൂമിയില്‍ കാലുകുത്തണമെന്ന് അറിയാതെ ഓടിക്കൊണ്ടിരിക്കുന്നതിനെപ്പറ്റി.’

Important that women write more, says author Sarah Joseph | Mint

ഇത് സാറാ ജോസഫിന്റെ ആത്മകഥയ്ക്കുള്ള ആമുഖം കൂടിയാണ്. ഇവിടെ ഒരു പുരസ്‌കാരത്തിന്റെ രൂപത്തില്‍ നാം സാറാ ടീച്ചര്‍ക്ക് നല്‍കുന്ന സ്‌നേഹാദരങ്ങള്‍ക്കൊന്നും ശമിപ്പിക്കാന്‍ ആവാത്ത ഒന്നാണ്, ആ സര്‍ഗ്ഗാത്മകതയിലെ വെളിവാക്കലിന്റെയും വിമോചനത്തിന്റെയും ഊര്‍ജ്ജം. സാറാ ജോസഫ് എന്നത് ഒരു പേരല്ല – നാമരൂപം അല്ല. അത് ക്രിയയാണ്. ചിലര്‍, പലരും, പൊരുത്തപ്പെട്ട് തുടരെ പൊരുത്തപ്പെട്ട്, വിജയിക്കുന്നു – വീണ്ടും വീണ്ടും വിജയിക്കുന്നു. അവരും അവരെപ്പോലുള്ളവരും ജീവിതം എന്ന് ഈ ഏര്‍പ്പാടിനെ വിളിക്കാറുണ്ട്. മറ്റു ചിലര്‍ ശരിക്കും ജീവിക്കുന്നു. ശരിക്കും ജീവിക്കുന്ന ഒരാളെ വര്‍ഷങ്ങളായി എനിക്ക് പരിചയമുണ്ട്. സാറാ ജോസഫിന്റെ സമരസര്‍ഗ്ഗത്തിന് അഭിവാദനങ്ങള്‍.


ബംഗളൂരു കൈരളി കലാസമിതിയുടെ സാഹിത്യപുരസ്‌കാര സമ്മേളനത്തില്‍ വായിച്ചത്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.