കേരളത്തിലെ ഫെമിനിസ്റ്റുകളോ യുക്തിവാദികളോ ഇന്ന് ഓർക്കാത്ത ഒരു പേരാണ് പാർവ്വതി അയ്യപ്പൻ. കേരളത്തിന്റെ നവോത്ഥാന ചരിത്രം പഠിച്ചാൽ യോഗക്ഷേമസഭയുടെ വേദിയിൽ ആദ്യമായി ഒരു സ്ത്രീ പ്രസംഗിച്ചത് ബ്രാഹ്മണ സ്ത്രീയല്ലെന്നും അതൊരു തീയ്യ പെൺകുട്ടിയായിരുന്നുവെന്നും കാണാം. പിന്നീട് സഹോദരൻ അയ്യപ്പന്റെ ജീവിതപങ്കാളിയായി മാറിയ പാർവ്വതി അയ്യാക്കുട്ടിയായിരുന്നു ആ സ്ത്രീ.
സുരേഷ് ഗോപി ബ്രാഹ്മണസഭയുടെ വേദിയിൽപ്പോയി പ്രസംഗിച്ചതുപോലെ അടുത്ത ജന്മത്തിൽ ബ്രാഹ്മണനാകണമെന്നല്ല അവർ അവിടെപ്പോയി പ്രസംഗിച്ചത്. മറക്കുടയ്ക്കുള്ളിലെ മഹാനരകത്തെക്കുറിച്ചും നമ്പൂതിരി സ്ത്രീകൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന മനുഷ്യാവകാശധ്വംസനങ്ങളെക്കുറിച്ചും അവരുടെ ദയനീയ ജീവിതത്തെക്കുറിച്ചുമായിരുന്നു അവർ സംസാരിച്ചത്. ഇത് സാനുമാഷ് മാത്രമല്ല, ഐ.സി.പി. നമ്പൂതിരിയും രേഖപ്പെടുത്തിയിട്ടുണ്ട്.

പിന്നീടാണ് വി.ടി.യുടെ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം അവതരിപ്പിക്കപ്പെട്ടത്. ‘നമ്പൂതിരിയെ മനുഷ്യനാക്കുക’ എന്ന പോർവിളിയാണ് വി.ടി. അക്കാലത്ത് ഉയർത്തിയത്. നമ്പൂതിരിയെ നമ്പൂതിരിയിൽ നിന്ന് തന്നെ മോചിപ്പിച്ച് മനുഷ്യനാക്കാനുള്ള ഇന്നും പൂർത്തിയാകാത്ത ചരിത്രദൗത്യമേറ്റെടുത്തയാളാണ് വി.ടി. ഭട്ടതിരിപ്പാട്.
അതിന് ശേഷം പാർവ്വതി നെന്മേനിമംഗലം എന്ന അന്തർജനത്തിന്റെ അധ്യക്ഷതയിൽ അന്തർജനസമാജം ആദ്യത്തെ യോഗം ചേർന്നു. അതിന്റെ മൂന്നാമത്തെ യോഗം വി.ടി.യുടെ രസികസദനം എന്ന ഇല്ലത്ത് വെച്ചായിരുന്നു. അതിലും പാർവ്വതി അയ്യാക്കുട്ടി പ്രസംഗിച്ചിരുന്നു.
സംഭവസമയത്ത് വി.ടി. അടുത്തുള്ള സ്കൂൾ വാർഷികത്തിൽ പ്രസംഗിക്കുകയായിരുന്നു. യോഗം കഴിഞ്ഞശേഷം അന്തർജനങ്ങൾ മറക്കുടയില്ലാതെ ജാഥയായി വി.ടി. പ്രസംഗിച്ചിരുന്ന വേദിയിലേക്ക് കയറിച്ചെന്നു. ഇതായിരുന്നു ആദ്യത്തെ ഘോഷാബഹിഷ്കരണം. പാർവ്വതി (മനഴി) അവിടെവെച്ച് ഘോഷ ബഹിഷ്കരിച്ചു. വി.ടി.യെ സംബന്ധിച്ചിടത്തോളം ഇത് ഒരു സ്വപ്നസാക്ഷാത്കാരമായിരുന്നു.

1934-ൽ വി.ടി. തന്റെ ഭാര്യാസഹോദരിയും വിധവയുമായ ഉമാ അന്തർജനത്തെ എം.ആർ.ബി.യെക്കൊണ്ട് വിവാഹം കഴിപ്പിച്ച് വിധവാവിവാഹത്തിന് തുടക്കം കുറിച്ചപ്പോഴും പാർവ്വതി അയ്യാക്കുട്ടി സാക്ഷിയായിരുന്നു. അപ്പോഴേക്കും അവർ പാർവ്വതി അയ്യപ്പനായി മാറിയിരുന്നു.
1935-ൽ അദ്ദേഹം വിശാലമായ മറ്റൊരാശയം മുന്നോട്ടുവച്ചു. നാനാജാതി മതസ്ഥർ ഒന്നിച്ച് താമസിക്കുന്ന ഒരു സ്ഥലമായിരുന്നു അദ്ദേഹം മുന്നോട്ടുവച്ചത്. കൊടുമുണ്ട കോളനി എന്ന പേരിൽ അറിയപ്പെട്ട ഇത് 1935-ൽ തന്നെ സ്ഥാപിക്കപ്പെട്ടു. നാനാജാതിക്കാർ കുറേക്കാലം ഒന്നിച്ചു കഴിഞ്ഞു. എന്നാൽ, ഇത് വി.ടി.ക്ക് കനത്ത സാമ്പത്തികബാധ്യതയുണ്ടാക്കി.
പിന്നീട് 1940-ൽ സ്വന്തം സഹോദരി പാർവ്വതി അന്തർജനത്തെ എൻ.കെ. രാഘവപ്പണിക്കരെക്കൊണ്ട് വിവാഹം കഴിപ്പിച്ച് മിശ്രവിവാഹത്തിന് തുടക്കമിട്ടു. വീണ്ടും ഒരുപടികൂടി കടന്ന് ഏറ്റവും ഇളയ സഹോദരി പ്രിയദത്ത അന്തർജനത്തെ കമ്യൂണിസ്റ്റ് നേതാവായിരുന്ന കല്ലാട്ട് കൃഷ്ണൻ എന്ന ഈഴവന് വിവാഹം ചെയ്തുകൊടുത്തു.
അയ്യപ്പൻ മാഷിനോളമോ അതിനേക്കാളുമോ ബൗദ്ധികനിലവാരം പുലർത്തിയിരുന്ന സ്ത്രീയാണ് പാർവ്വതി അയ്യപ്പൻ. അയ്യപ്പൻ മാഷിനെപ്പോലെ തന്നെ പാർവ്വതിയും അധ്യാപിക മാത്രമല്ല, ഒരു പത്രാധിപർ കൂടിയായിരുന്നു. 1933-ൽ പാർവ്വതി അയ്യപ്പൻ ‘സ്ത്രീ’ എന്ന വനിതാ മാസിക പുറത്തിറക്കി. അന്നുവരെ പുരുഷന്മാർ പത്രാധിപന്മാരായിരുന്ന വനിതാ മാസികകളിലെ കുടുംബം, വീട്, സൗന്ദര്യം, തുന്നൽ, ഫാഷൻ തുടങ്ങിയ സ്ഥിരം വിഷയങ്ങൾക്കപ്പുറം കൃത്യമായ സ്ത്രീപക്ഷ നിലപാടോടെ സ്ത്രീകളുടെ വിഷയങ്ങൾ കൈകാര്യം ചെയ്തിരുന്ന, ഒരു സ്ത്രീ തന്നെ പത്രാധിപരായിരുന്ന മാസികയായിരുന്നു അത്.
അതിൽ പാർവ്വതി അയ്യപ്പൻ എഴുതിയ ലേഖനങ്ങൾ വായിച്ചാൽ, സഹോദരൻ അയ്യപ്പൻ നാരായണഗുരുവിന്റെ ദൈവദശകത്തിന് ബദലായി ‘സയൻസ് ദശകം’ എഴുതിയതിനെ അനുസ്മരിപ്പിക്കുന്ന തരത്തിൽ, മുഴുവൻ ലേഖനങ്ങളും ശ്രീനാരായണഗുരുവിന്റെ ‘ഭാര്യാധർമ്മം’ എന്ന കൃതിക്ക് നേർവിപരീതമായ ആശയങ്ങളായിരുന്നുവെന്ന് കാണാം.

“സ്ത്രീകൾക്കും പുരുഷന്മാർക്കും നിറവേറ്റാൻ നിരവധി കടമകളുണ്ട്. അവയ്ക്കപ്പുറത്തേക്ക് പോകുന്ന ഉത്തരവാദിത്വങ്ങളും അവർക്കുണ്ട്. മനുഷ്യരാശിയുടെ പുരോഗതിക്കായി സ്ത്രീകളും പുരുഷന്മാരും ഒരുപോലെ പ്രവർത്തിക്കണം. ഇതിനായി പുരുഷന്മാർക്കും സ്ത്രീകൾക്കും അന്തർലീനമായ ബുദ്ധിശക്തിയും മറ്റ് ഗുണങ്ങളും വികസിപ്പിക്കണം. ഈ കാര്യത്തിൽ സ്ത്രീ-പുരുഷ വ്യത്യാസമില്ല. എളിമയിലോ ബുദ്ധിശക്തിയിലോ ലിംഗഭേദം ബാധകമല്ല. വീടും അടുക്കളയും സ്ത്രീധർമ്മത്തിന്റെ ഇടങ്ങളാണെന്ന മണ്ടത്തരം ആളുകളുടെ മനസ്സിൽ നിന്ന് തുടച്ചുനീക്കപ്പെടണം.” എന്നാണ് പാർവ്വതി ഓരോ ലേഖനത്തിലും ആവർത്തിച്ച് പറഞ്ഞുകൊണ്ടിരുന്നത്.
ഇന്ന് യുക്തിവാദികളോ ഫെമിനിസ്റ്റുകളോ, പ്രീതീ നടേശന്മാരെപ്പോലുള്ളവരെ ആഘോഷിക്കുന്ന ഭജനകൊട്ടുകാരായ ശ്രീനാരായണീയരോ അവരെ ഓർക്കാറുമില്ല. എങ്ങനെ ഓർക്കും? പാർവ്വതി അവർക്കാർക്കും പറ്റിയ ഒരു കൊലസ്ത്രീയായിരുന്നില്ലെന്ന് പാർവ്വതി എഴുതിയ ലേഖനങ്ങൾ വായിച്ചാൽ മനസ്സിലാകും. ഒപ്പം, വെറുതെയല്ല അയ്യപ്പന് പാർവ്വതിയോട് പ്രണയം തോന്നിയതെന്നും മനസ്സിലാകും.
അവർ പ്രണയിച്ച് ഒരേ ജാതിയിൽ നിന്നാണ് വിവാഹം കഴിച്ചതെങ്കിലും, പാർവ്വതി യുക്തിവാദികളുടെ ആദർശവിവാഹത്തെക്കുറിച്ചും എഴുതിയിട്ടുണ്ട്.
“….ഭാര്യാഭർത്താക്കന്മാർ കഴിയുന്നത്ര പരസ്പരം കടമകളിൽ സഹകരിക്കുന്നവയാണ് ആദർശവിവാഹങ്ങൾ. അത്തരമൊരു ബന്ധവും വിവാഹവും ജനങ്ങൾക്ക് ഒരു മാതൃകയായി ഉയർത്തിപ്പിടിക്കണം.”
— ‘സ്ത്രീധർമ്മത്തിൽ’: പാർവ്വതി അയ്യപ്പൻ.
തൃശ്ശൂരിലെ കൂർക്കഞ്ചേരിയിൽ, അന്നത്തെ ബ്രിട്ടീഷ് മദ്രാസ് സ്റ്റേറ്റിലെ ജഡ്ജി ഇ.കെ. അയ്യക്കുട്ടിയുടെ മൂത്ത മകളായിട്ടാണ് പാർവ്വതി ജനിച്ചത്. മദ്രാസിലെ ക്വീൻ മേരീസ് കോളേജിലും ലേഡി വെല്ലിംഗ്ടൺ കോളേജിലും വിദ്യാഭ്യാസം നേടിയ അവർ പിന്നീട് തൃശ്ശൂരിലെ വിവേകോദയം സ്കൂളിൽ അധ്യാപികയായി. ശ്രീലങ്കയിൽ ഒരു വർഷം അധ്യാപികയായും പിന്നീട് തൃശ്ശൂരിലെ ഗവൺമെന്റ് ടി.ടി.ഐയിലും അവർ ജോലി ചെയ്തു. രണ്ടാം ലോകമഹായുദ്ധകാലത്ത് വനിതാ ഓക്സിലറി കോർപ്സിലും (Women Auxiliary Corps) ജോലി ചെയ്തു. 1956-ൽ അയ്യപ്പനോടൊപ്പം ശ്രീനാരായണ സേവികാ സമാജവും ആലുവയിൽ ശ്രീനാരായണ ഗിരിയും രൂപീകരിക്കുന്നതിനായി അവർ സർക്കാർ സേവനത്തിൽ നിന്ന് വിരമിച്ചു. 1988 വരെ പാർവ്വതി അയ്യപ്പൻ പൊതുജീവിതത്തിൽ സജീവമായിരുന്നു.
പാർവ്വതിക്ക് രണ്ട് അനുജത്തിമാരുണ്ടായിരുന്നു. ഇവരുടെ വിവാഹത്തിനു ശേഷമാണ് പാർവ്വതിയുടെയും സഹോദരന്റെയും വിവാഹം നടന്നത്. പാർവ്വതിയുടെ ഒരനുജത്തിയുടെ മകനാണ് ഡോ. കെ.എൻ. രാജ്. മറ്റൊരനുജത്തിയുടെ മകളാണ് ജസ്റ്റിസ് കെ.കെ. ഉഷ.
പാർവ്വതിയുടെ പേരിൽ ഇതെല്ലാം സഹോദരൻ അയ്യപ്പനാണ് എഴുതിയിരുന്നതെന്ന് ഒരു ആരോപണമുണ്ടെങ്കിലും, വാസ്തവത്തിൽ അത് വിവാഹത്തിനു മുൻപുള്ള പാർവ്വതിയെക്കുറിച്ച് അറിയാത്തവർ പറഞ്ഞുപരത്തിയതാണ്. സ്ത്രീകളെ അംഗീകരിക്കാത്ത ആ പ്രവണതയൊക്കെ ഇപ്പോഴും ഉണ്ടല്ലോ? അത് മാറാൻ പ്രൊഫ. എം.കെ. സാനുമാഷ് എഴുതിയ ‘പാർവ്വതി അമ്മ ആശാന്റെ അമ്മ’ എന്ന പുസ്തകം ഉപകരിക്കും.
അന്ന് ഇറങ്ങിയിരുന്ന നിരവധി പരിഹാസകവിതകളിൽ പാർവ്വതിയെയും അവർ വെറുതെ വിട്ടിരുന്നില്ല.
“മട്ടാഞ്ചേരിയിലെ മുട്ടസ്സാമി
തൊട്ടതിലൊക്കെ മഷി പുരട്ടും
സർവ്വസമത്വം പറന്നുപോയി
പാർവ്വതിച്ചേച്ചിയെ കണ്ട നേരം
ഏകമതതത്വം ബലികഴിച്ചു
ചാകുന്ന ബുദ്ധമതമെടുത്തു….”
ഇതുപോലെയുള്ള ധാരാളം അധിക്ഷേപങ്ങൾ കാണാം. വിമോചനസമരകാലത്ത് കെ.ആർ. ഗൗരിയമ്മയെ അധിക്ഷേപിച്ചിരുന്നതുപോലെ, 1930-കളിൽ പാർവ്വതിയെയും ആക്രമിച്ചിരുന്നു.
ഒക്ടോബർ 27: മലയാളത്തിലെ ആദ്യത്തെ വനിതാ പത്രാധിപർ പാർവ്വതി അയ്യപ്പന്റെ ഓർമ്മദിനം.

ലിബി സി.എസ്.







No Comments yet!