Skip to main content

ആലിമാമു എന്ന ഇതിഹാസം

ഒന്ന്‌

സംസാരിക്കാന്‍ കഴിയാത്ത ആലിമാമു മിണ്ടിത്തുടങ്ങി. എവിടെനിന്നു വന്നതാണെന്നോ, ഉറ്റവര്‍ ആരെന്നോ ആര്‍ക്കും അറിയില്ല. നാട്ടുകാരുടെ കൃപാകടാക്ഷത്താല്‍ ഉണ്ടും ഉറങ്ങിയും ഉടുത്തും, വര്‍ഷങ്ങളായി കുന്നത്ത് ഗ്രാമത്തില്‍ അയാളുണ്ട്. ആംഗ്യങ്ങളിലൂടെയും പിഞ്ചു കുഞ്ഞുങ്ങള്‍ പുറപ്പെടുവിക്കും പോലെ ചില ശബ്ദങ്ങളിലൂടെയുമാണ് ആശയ വിനിമയം.

അപ്രതീക്ഷിതമായി ആലിമാമു സംസാരിക്കാന്‍ തുടങ്ങിയതോടെ നാട്ടുകാര്‍ ബേജാറായി. കണ്ട രഹസ്യങ്ങള്‍ അയാള്‍ വിളിച്ചു പറയുമെന്ന് ഭയക്കാത്തവരായി ആരുമില്ല. അന്ന് വൈകിട്ട്, രാഷ്ട്രീയ യോഗത്തിന് പന്തല്‍ കെട്ടിയ വേദിയില്‍ കയറി ആലിമാമു മൈക്ക് എടുത്തു. മൈക്ക് ചുണ്ടോട് അടുപ്പിച്ച് അയാള്‍ തൊണ്ടയനക്കി…

രണ്ട്

വര്‍ഷങ്ങള്‍ക്കു മുമ്പ് മഞ്ഞുവീണു മരവിച്ച ഡിസംബര്‍ പുലരിയിലാണ് കുന്നത്ത് ഗ്രാമത്തില്‍ ആലിമാമു പ്രത്യക്ഷപ്പെട്ടത്. എവിടെനിന്നു വന്നെന്നും ആരാണെന്നും അയാള്‍ക്ക് തന്നെ നിശ്ചയമില്ല. മറ്റു നാടുകളില്‍ നിന്നും വരുന്ന ലോറിക്കാര്‍ വഴിയുള്ള നാട്ടുകാരുടെ അന്വേഷണവും വിജയിച്ചില്ല. എങ്കിലും അവര്‍ ആലിമാമുവിനെ പോറ്റി.

നാട്ടുകാരില്‍ ആരോ വിളിച്ചതാണ് ആപേര്. ആ നാട്ടിലെ വീടുകളില്‍ ഏതുനേരത്തും അയാള്‍ക്ക് കയറിച്ചെല്ലാം. കുന്നത്ത് ഗ്രാമത്തില്‍ ആലിമാമുവിന് അതിരുകളില്ല. ഏതു വീട്ടിലെയും ഭക്ഷണത്തില്‍ ഒരു വിഹിതം അയാള്‍ക്കുമുള്ളതാണ്. ആ ആലിമാമുവാണ് സംസാരശേഷി വീണ്ടുകിട്ടി രഹസ്യങ്ങള്‍ വിളിച്ചു പറയാന്‍പോകുന്നത്…

മൂന്ന്

ആലിമാമു സിഐഡി ആണെന്ന് പത്രോസ് മാവക്കല്‍ സംശയിച്ചു. വര്‍ഷങ്ങള്‍ക്ക് മുമ്പ് കുന്നേരി കടവിലുണ്ടായ കൊലപാതകമാണ് അതിനു കാരണം. നീരൊഴുക്കിന് നടുവിലെ പാറയില്‍ നെഞ്ചില്‍ കുത്തേറ്റ് വീണ അര്‍ക്കീസിന്റെ ചിത്രം ഉള്ളില്‍ തെളിഞ്ഞു.

തോട് കുന്നിറങ്ങി വരുന്ന കുന്നേരി കടവ് അന്ന് വിജനമായിരുന്നു. ഇതുവരെ കൊലയാളിയേ കണ്ടെത്താനായിട്ടില്ല. കൊലപാതകത്തിന് മാസങ്ങള്‍ക്ക് ശേഷമാണ് ആലിമാമു പ്രത്യക്ഷപ്പെട്ടത് എന്നത് പത്രോസിന്റെ സംശയം ബലപ്പെടുത്തി. രണ്ടാഴ്ച മുമ്പ് എസ്തപാന്റെ കളപ്പുരയില്‍ ചീട്ട് കളിച്ചും ലഹരി നുകര്‍ന്നും ഒത്തുകൂടിയപ്പോള്‍ മൂകസാക്ഷിയായി ആലിമാമുവും ഉണ്ടായിരുന്നല്ലോ എന്ന് ഒരാന്തലോടെ പത്രോസ് ഓര്‍ത്തു. കര്‍ത്താവേ…

നാല്

ലഹരിയില്‍ ആയതുകൊണ്ട് എസ്തപാന്റെ കളപ്പുരയിലെ ഒത്തുചേരലില്‍ എന്തൊക്കെ പറഞ്ഞെന്ന് പത്രോസ് മാവക്കലിന് ഓര്‍മ്മയില്ല. കൂട്ടുകാരും നല്ല ഫിറ്റായിരുന്നു. എല്ലാം കണ്ടും കേട്ടും മാറിനിന്ന ആലിമാമു മാത്രം സ്വബോധത്തില്‍.സംസാരത്തിനിടെ അര്‍ക്കീസിനെ കുറിച്ച് എന്തോ പറഞ്ഞെന്ന് അറിയാം. ഓര്‍മ്മയിലത് തെളിയുന്നില്ല.

പത്രോസ് ഓരോരുത്തരെയായി വിളിച്ചു. വിനോദിനും വാറുവിനും ബാപ്പുവിനും സുനിക്കും, ഒന്നും ഓര്‍മ്മവന്നില്ല. അര്‍ക്കീസ് എന്ന് കേട്ടതും അവരില്‍ ഒരാന്തലുണ്ടായി. പത്രോസിന്റെ ഫോണ്‍ കാള്‍ അവരിലും ഭയത്തിന്റെ തിരിയിട്ടു. ആലിമാമു മൈക്ക് എടുത്ത കവലയിലേക്ക് അവരും കുതിച്ചെത്തി. അവന്റെ കണ്ണില്‍പെടാതെ ആള്‍ക്കൂട്ടത്തില്‍ മറഞ്ഞു നിന്നു.

അഞ്ച്

മൈക്ക് ചുണ്ടോടടുപ്പിച്ച് തൊണ്ടയനക്കി ആലിമാമു ആള്‍ക്കൂട്ടത്തേനോക്കി. ആള്‍ക്കൂട്ടത്തെയല്ല ഓരോരുത്തരെ ആയാണ് കണ്ടത്. ആ നോട്ടം ഓരോരുത്തരുടെയും നെഞ്ചിലേക്ക് അമ്പു കണക്കേ പാഞ്ഞുകയറി. അവരൊന്നു പിടഞ്ഞു.

 

പത്രോസ് മാവക്കലും വിനോദും വാറുവും ബാപ്പുവും സുനിയും ആള്‍ക്കൂട്ടത്തില്‍ ഒന്നുകൂടി പതുങ്ങി. ഞാനിതാ വെളിപ്പെടാന്‍ പോകുന്നുവെന്ന് അവര്‍വിറച്ചു. രഹസ്യങ്ങള്‍ ഇല്ലാത്ത മനുഷ്യര്‍ ആ കൂട്ടത്തില്‍ ഉണ്ടായിരുന്നില്ല. ആലിമാമുവിന്റെ നോട്ടം തന്നില്‍ തറച്ചു നില്‍ക്കുന്നതായി ചാക്കോക്ക് തോന്നി. കണ്ണ് പിന്‍വലിക്കാനാകാതെ വിറച്ച അവന്റെ കാലുകള്‍ മരവിച്ചു. പാപക്കറ പിടിച്ച അവന്റെ ഓര്‍മ്മകളില്‍ നിന്നും ഒരു പെണ്‍കരച്ചില്‍ ഉയര്‍ന്നു…

ആറ്

ചാക്കോക്ക് പകലും രാത്രിയിലും രണ്ട് മുഖങ്ങളാണ്. രാത്രിയില്‍ പാപക്കറ പുരണ്ട മുഖം. രാത്രി മുഖത്തെ പകല്‍ നേരങ്ങളില്‍ അവന്‍ വെറുത്തു. നേരമിരുട്ടും തോറും അവനില്‍ ആധികൂടും. ഇരുട്ടല്ലേ എന്നവന്‍ പ്രാര്‍ത്ഥിക്കും.

അത്താഴം കഴിഞ്ഞ്, പിശാചില്‍ നിന്ന് രക്ഷതേടി പ്രാര്‍ത്ഥിച്ചാണ് അവന്റെ കിടപ്പ്. കുന്നത്ത് ഗ്രാമം ഉറക്കത്തിലാഴുമ്പോള്‍, അവന്‍ ചൊല്ലിയ പ്രാര്‍ത്ഥനകളെ മറികടന്ന് ആ വികൃത മുഖം ഉണരും.

 

കൂട്ടുകാരെപ്പോലെ ചാരായമല്ല; എത്ര വെറുത്തിട്ടും രാത്രിയാണ് അവന്റെ ലഹരി. പിന്നെ ഒച്ചയനക്കങ്ങള്‍ ഇല്ലാതെ ഇരുട്ടിലേക്ക്. കാലങ്ങളായുള്ള ശീലത്താല്‍ ഇരുട്ടിലും അവന് കണ്ണുകണ്ടു. പെണ്ണുടലുകള്‍ തേടി ഇരുട്ടിലൂടെ അവന്‍ യാത്രകള്‍ തുടര്‍ന്നു. ഒടുവില്‍ ആ ദിവസം

ഏഴ്

മൈക്ക് മാറ്റിപ്പിടിച്ച് ആലിമാമു ചിരിച്ചു. അന്നാദ്യമായി ആരും ഒപ്പം ചിരിച്ചില്ല. ഭയം അവരുടെ മുഖങ്ങളില്‍ നിഴലിട്ടു. ആളുകള്‍ക്ക് ഇരിക്കാന്‍ കൊണ്ടിട്ട കസേരകളിലേക്ക് ആലിമാമു നോക്കി. അതെല്ലാം അയാള്‍ ഏറ്റിക്കൊണ്ട് വന്നതാണ്.

രാഷ്ട്രീയ, മത, ജാതി എന്തെന്ന് അയാള്‍ക്ക് അറിയില്ല. പാര്‍ട്ടി ഏതായാലും ആരുടെ കല്യാണമായാലും ഒരുക്കങ്ങള്‍ക്ക് മുന്നിലുണ്ടാകും. ക്ഷണിച്ചില്ലെങ്കില്‍ ആഹാരത്തിന് വരില്ല. പന്തലഴിച്ചു സാധനസാമഗ്രികള്‍ തിരികെ എത്തിക്കാന്‍ പക്ഷെ അയാളുണ്ടാകും. ആ വീട്ടില്‍ നിന്ന് അന്ന് വെള്ളം പോലും കുടിക്കില്ല. ആള്‍ക്കൂട്ടത്തില്‍ ആരെയോ വിരല്‍ചൂണ്ടി ആലിമാമു വീണ്ടും മൈക്കടുപ്പിച്ചു.

എട്ട്

മരവിച്ചുപോയ ചാക്കോക്ക് തെല്ലൊരു ആശ്വാസമായി. ആലിമാമു വിരല്‍ ചൂണ്ടിയത് ഇമ്പിച്ചിയുടെ നേര്‍ക്കാണ്. ഇമ്പിച്ചിക്ക് പക്ഷെ, സങ്കോചമുണ്ടായില്ല. എന്തുകൊണ്ടോ ആലിമാമുവിനെ സൂക്ഷിച്ചിരുന്നു. അവന്‍ അടുത്തുള്ളപ്പോള്‍ രഹസ്യമൊന്നും ചോരാത്ത കരുതലുണ്ടായി. അവനെ സൂക്ഷിക്കണമെന്ന് പലരോടും പറഞ്ഞതാണ്. തലയിലേറ്റി നടന്നവര്‍ അനുഭവിക്കട്ടെ-ഇമ്പിച്ചി സ്വയം പറഞ്ഞു.

ആലിമാമുവും ഇമ്പിച്ചിയും കണ്ണുകോര്‍ത്തു നില്‍ക്കുന്നതിന് ഇടയിലേക്കാണ് ഒരാള്‍ ബസ്സിറങ്ങിവന്നത്. ആളെ കണ്ടതും ഇമ്പിച്ചി പകച്ചു. പങ്കാളികളുള്ള രഹസ്യങ്ങളില്‍ ഒരാള്‍ മാത്രം സൂക്ഷ്മത കാട്ടിയിട്ടെന്ത്

ഒന്‍പത്

അങ്ങാടിയിലെ കെട്ടിടങ്ങളുടെ പുറകില്‍ നിഗൂഢമായൊരു മുറിയുണ്ട് ഇമ്പിച്ചിക്ക്. ബസ്സിറങ്ങിയ ശ്രീനി പോയത് അങ്ങോട്ടാണ്. ഇമ്പിച്ചിയെ നോക്കി ആലിമാമു ഗൂഡമായി ചിരിച്ചു. എണ്ണമില്ലാത്ത നോട്ടുകള്‍ എണ്ണിത്തഴമ്പിച്ച കൈ മണത്ത് ഇമ്പിച്ചി പതിയെ വലിഞ്ഞു. ശ്രീനിയുടെ കറുത്ത ബാഗില്‍ എന്താണെന്ന് ആലിമാമുവിന് അറിയാം. നോട്ടുകെട്ടുകളില്‍ അവന് താല്പര്യമില്ല. ഇഷ്ടം പത്തു രൂപയോടു മാത്രം.

ഇമ്പിച്ചിയും ശ്രീനിയും മറയുന്നത് വരെ അവന്റെ കണ്ണുകള്‍ പിന്തുടര്‍ന്നു. ഇമ്പിച്ചിയുടെ മുറിയുടെ ഭാഗത്തേക്ക് വിരല്‍ചൂണ്ടി അവന്‍ ‘ച്ച’ എന്നുച്ചരിച്ചു. രഹസ്യം വെളിപ്പെടുന്നു എന്ന തോന്നലില്‍ നാട്ടുകാരും അങ്ങോട്ട്‌നോക്കി. അവര്‍ കണ്ടത് ഇരുള്‍ മൂടിതുടങ്ങിയ ആകാശത്തെയാണ്.

പത്ത്‌

ആകാശത്ത് ഇരുള്‍ വീഴുന്നത് കണ്ട് ചാക്കോക്ക് ആധികയറി. ഇരുട്ട് അവന് ലഹരിയാണ്. എത്ര വേണ്ടെന്ന് വെച്ചാലും ഗ്രാമമുറങ്ങുന്ന യാമങ്ങളില്‍ പാപക്കറ പുരണ്ട ആ വികൃതമുഖം ഉണരും. ആലിമാമുവിന്റെ വാക്കുകളിലൂടെ എല്ലാം വെളിപ്പെടുമെന്ന് അവന്‍ ഉറപ്പിച്ചു. അങ്ങാടിക്കു നടുവിലിട്ട് ജനം കല്ലെറിയുന്നത് ഓര്‍ത്തപ്പോള്‍ തന്നെ ദേഹമാസകലം വേദന. ആ പെണ്‍ നിലവിളി വീണ്ടും അവന്റെ കാതിലുണര്‍ന്നു. ജനലിനരികില്‍ കൂര്‍ത്ത കണ്ണുകള്‍ കണ്ടവളുടെ നിലവിളി! ജീവനും കൊണ്ടുള്ള ഓട്ടം ചെന്നുമുട്ടിയത് ആലിമാമുവിന്റെ ദേഹത്ത്!

അയാള്‍ അതെല്ലാം വിളിച്ചുപറയും. പെണ്ണൂടലിന് ആര്‍ത്തിപൂണ്ട കണ്ണുകള്‍ ജനമിന്ന് ചൂഴ്‌ന്നെടുക്കും. ആലിമാമു ഗൂഡമായി നോക്കുന്നത് കണ്ട് അവന്‍ തളര്‍ന്നു.

പതിനൊന്ന്‌

രണ്ടുവീശി, മുണ്ട് മാടികുത്തി കുന്നത്ത് അങ്ങാടിയിലെത്തിയ വാറ്റപ്പനമ്പു കഥ അറിയുന്നത് അപ്പോഴാണ്. ദേ ആലിമാമു മൈക്കില്‍ മിണ്ടാന്‍പോകുന്നു. അടിച്ചതിന്റെ കെട്ടിറങ്ങി. പഹയന് എല്ലാം അറിയാമല്ലോ എന്നൊരു പിടച്ചിലുണ്ടായി.

രക്തമൊലിക്കുന്ന തേറ്റപ്പല്ലുകള്‍ കാട്ടി, കൂര്‍ത്തുനീണ്ട വിരലുകളുള്ള കൈകള്‍കൊണ്ട് നീണ്ട ഒറ്റമുല ചുമലിലേക്കിട്ട് തച്ചേരിതോട്ടത്തിലെ ഒറ്റമൊലച്ചി (ഒറ്റമുല യക്ഷി) അവന്റെ ഓര്‍മ്മകളില്‍ അലറി. രാത്രിയില്‍ ചോലക്കുന്നിലേക്ക് അതുവഴി വന്ന് വഴിതെറ്റിയവരുടെ കരച്ചില്‍ ചെവികളെ അസ്വസ്ഥമാക്കി. അമ്പു വാറ്റപ്പനാകും മുമ്പായിരുന്നു അത്. ഒരു രാത്രിയില്‍ പെട്ടെന്ന് പ്രത്യക്ഷപ്പെടുകയായിരുന്നു, ഒറ്റമൊലച്ചി!

പന്ത്രണ്ട്‌

പതിവുപോലെ രണ്ടെണ്ണംവീശി പാട്ടുപാടി ആടിയാടി വരുമെന്ന വീട്ടുകാരുടെ കാത്തിരിപ്പിലേക്ക് ആ രാത്രി പക്ഷേ അമ്പു വന്നത് ഓടിക്കിതച്ചാണ് കിതപ്പും കരച്ചിലും ഞരക്കവുമെല്ലാം ഒന്നിച്ച്. പതിവില്ലാ കാഴ്ചകണ്ട് വീട്ടുകാര്‍ ഞെട്ടി.

ഒറ്റമൊലച്ചി! ഒറ്റമൊലച്ചി! അവര്‍ ആദ്യമായി കേള്‍ക്കുകയായിരുന്നു അത്.

‘ദേ തച്ചേരിതോട്ടത്തില്‍. പാലം കടന്ന് വളവ് തിരിഞ്ഞതും മുന്നില്‍. കത്തുന്ന ഉണ്ടകണ്ണുകള്‍, ചോരക്കറയുള്ള തേറ്റപല്ല്, കൂര്‍ത്തനഖങ്ങള്‍, നീണ്ട ഒരു മൊല. മൊലയെടുത്ത് ചെമലിലേക്കിട്ട് ഒരലര്‍ച്ച’-അമ്പു കിതച്ചു. ഭാഗ്യത്തിനാ- കുരിശുമാലകാട്ടി അവന്‍ പറഞ്ഞു. പിന്നെ ഒറ്റമൊലച്ചി കുന്നത്ത് ഗ്രാമത്തിലും ചോലക്കുന്നിലും കാട്ടുതീയായി പടര്‍ന്നു.

പതിമൂന്ന്‌

പിന്നെപിന്നെ ഒറ്റമൊലച്ചിയേ പലരും കണ്ടു. വഴിതെറ്റി കുന്നേരികടവില്‍ വീണവരുണ്ട്. മനോനില തെറ്റി, ചിലര്‍ക്ക്. ഒറ്റമൊലച്ചി പേടിസ്വപ്നമായി. കുന്നത്ത്ഗ്രാമത്തിലേയോ ചുണ്ടേലിലേയോ തിയ്യറ്ററുകളില്‍ നിന്ന് സെക്കന്റ്‌ഷോ കഴിഞ്ഞ് ചോലക്കുന്നിലേക്ക് തച്ചേരിതോട്ടം വഴി ആരും പോകാതായി. പൈയ്ക്കള്‍ക്ക് തീറ്റപുല്ലറുക്കാന്‍ സ്ത്രീകളാരും പിന്നെ അങ്ങോട്ട് പോയില്ല.

ചെങ്ങേലെ മാതുവേടത്തി എന്തോകണ്ടു പേടിച്ചതിന്റെ മാനസിക അസ്വസ്ഥതയില്‍ ഇടക്ക് ഒറ്റമൊലച്ചിയുടെ രൂപഭാവങ്ങള്‍ പ്രകടിപ്പിച്ചു. അന്ത്രുമൊയ്‌ല്യാര്‍ക്കും ഗിരിച്ചാത്തനും മാതുവേടത്തിയേ സുഖപ്പെടുത്താനായില്ല. എന്നാല്‍, ഒറ്റമൊലച്ചി നാടാകെ ആപത്ത് വിതക്കുമ്പോള്‍ അമ്പുവില്‍ മാത്രം ആധിയുണ്ടായില്ല

പതിനാല്‌

അങ്ങനെയിരിക്കെ ഒറ്റമൊലച്ചിയേ തേടി മൂന്ന് യുവാക്കളിറങ്ങിയത് ആരുമറിഞ്ഞില്ല. വളരെ തയ്യാറെടുപ്പുകളോടെയായിരുന്നു അവരുടെ നീക്കങ്ങള്‍. ഒരു ദിവസം ചുണ്ടേല്‍ റോഷനില്‍ മിഥുനം സിനിമയുടെ സെക്കന്റ്‌ഷോയും കണ്ട് അവര്‍ തച്ചേരിതോട്ടത്തിലേക്ക് നടന്നു. പുറത്ത് ധൈര്യം പ്രകടിപ്പിച്ചെങ്കിലും സംഘ നേതാവ് ഫിലിപ്പോസിന്റെ ഉള്ളില്‍ നേരിയ ഭയമുണ്ട്. മാത്തുവിന്റെയും ബാബുവിന്റെയും നെഞ്ചിടിപ്പ് അവനുകേള്‍ക്കാം.

 

തച്ചേരിതോട്ടത്തിലൂടെ ചോലകുന്നിലേക്കുള്ള വഴിയില്‍ കയറിയതും ബാബു അതുവരെ അരയില്‍ ഒളിച്ചുവെച്ച കുപ്പിയെടുത്തു. മൂന്നുപേരും തുല്യ വിഹിതം വിഴുങ്ങി. മഞ്ഞിനെ തൊട്ടുകൂട്ടി അവര്‍ നടന്നു. പാലവും കടന്ന് ഒറ്റമൊലച്ചിയുടെ വളവെത്തി. ബാബുവാണ് അത് കണ്ടത്…

***
(തുടരും)

 


ചിത്രീകരണം : ഇമ ബാബു

No Comments yet!

Your Email address will not be published.