പ്രശസ്ത എഴുത്തുകാരനും മുതിർന്ന പത്രപ്രവർത്തകനും ലോക യാത്രികനുമായ അനിൽകുമാർ എ. വി.യുടെ ആഴ്‌ച പംക്തി തുടരുന്നു…
നുറുങ്ങുകൾ ‐ 24

2026 ഫിഫ ലോകകപ്പിലെ ഇന്ത്യൻ സാന്നിധ്യം നാമമാത്രമാണ്. മത്സരങ്ങൾ നിയന്ത്രിക്കുന്ന 52 റഫറിമാരുടെയും 88 അസിസ്റ്റന്റ്‌മാരുടെയും പാനലിൽപോലും ആരുമില്ല. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷനെ (എഎഫ്‌സി) പ്രതിനിധീകരിക്കുന്നത് ആസ്‌ത്രേലിയ, ചൈന, ജപ്പാൻ, ജോർദാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഉദ്യോഗസ്ഥരാണ്. 2026-ലെ ഫിഫ ഇന്റർനാഷണൽ ലിസ്റ്റിൽ 19 ഇന്ത്യൻ മാച്ച് ഒഫീഷ്യലുകൾ ഉൾപ്പെടുന്നു; രചന കമാനി (ഗുജറാത്ത്), മുരളീധരൻ പാണ്ഡുരംഗൻ, അശ്വിൻ കുമാർ (ഇരുവരും പുതുച്ചേരി), ആദിത്യ പുർകായസ്ത (ദില്ലി) പീറ്റർ ക്രിസ്റ്റഫർ (മഹാരാഷ്ട്ര) തുടങ്ങിയവർ. ഇന്ത്യ പന്ത് തെടുന്നില്ലെങ്കിലും ആവേശക്കൊടുമുടിയിലാണ് ആരാധകർ.

1975-ൽ പാരീസ് ആസ്ഥാനമായി ദിദിയർ ട്രൂച്ചോട്ട് സ്ഥാപിച്ച ആഗോള ബഹുരാഷ്ട്ര മാർക്കറ്റ് റിസർച്ച് ആൻഡ് കൺസൾട്ടിങ് ഇൻസ്റ്റിറ്റ്യൂട്ട് പബ്ലിക് ഡി സോണ്ടേജ് ഡി ഒപിനിയൻ സെക്‌ടർ (ഇപ്‌സോസ്) പ്രവചന സർവേ പ്രകാരം രാജ്യത്തെ പത്തിൽ ആറ് പേർ, അതായത് 59 ശതമാനവും ഉറക്കമൊഴിഞ്ഞ് എല്ലാ കളികളും വിടാതെ കാണും. ക്രിക്കറ്റ് അത്യധികം നെഞ്ചേറ്റുമ്പോഴും ലോകകപ്പിന്റെ പ്രത്യേക ആകർഷണം തുടരുന്നു. ദൂരവും തടസ്സങ്ങളും മുൻനിർത്തിയുള്ള ആശങ്കകൾക്കിടയിലും ഇന്ത്യൻ ആരാധകരെ ജ്വലിപ്പിക്കുന്ന ആഗോള കാഴ്ചയെന്നാണ് ഇപ്‌സോസ് ഇന്ത്യ സിഇഒ സുരേഷ് രാമലിംഗത്തിന്റെ വിലയിരുത്തൽ. ക്രിക്കറ്റ് ഇപ്പോഴും ദേശീയമായി പ്രിയങ്കരമായി തുടരുന്നു, എന്നാൽ ഫുട്‌ബോളിന് പ്രത്യേകിച്ച് ലോകക്കപ്പിന് സവിശേഷ ആകർഷണമുണ്ട്. നാല് വർഷത്തിലൊരിക്കൽ വരുന്ന അത് ഒരു അവസരബോധം സൃഷ്ടിക്കുന്നു. ലയണൽ മെസ്സി (അർജന്റീന), ക്രിസ്റ്റ്യാനോ റൊണാൾഡോ (പോർച്ചുഗൽ), കൈലിയൻ എംബാപ്പെ (ഫ്രാൻസ്), ലാമിൻ യമാൽ (സ്പെയിൻ), വിനീഷ്യസ് ജൂനിയർ (ബ്രസീൽ), എർലിങ് ഹാലൻഡ് (നോർവേ), ഹാരി കെയ്ൻ (ഇംഗ്ലണ്ട്). തുടങ്ങിയ ഇതിഹാസ താരങ്ങളുടെ പ്രകടനം കാണാമെന്നത് ആരാധകർ അസുലഭമായ അനുഭവമായി കണക്കാക്കുന്നു. ബ്രസീൽ, അർജന്റീന, പോർച്ചുഗൽ, ജർമനി, ഫ്രാൻസ് തുടങ്ങി സമ്പന്ന ഫുട്ബോൾ പാരമ്പര്യമുള്ള ടീമുകൾക്ക് പിന്നിൽ ഇന്ത്യൻ പ്രേക്ഷകർ അണിനിരക്കുന്ന പ്രവണതയുമുണ്ട്. പശ്ചിമ ബംഗാൾ, കേരളം, ഗോവ, മണിപ്പൂർ, മിസോറാം തുടങ്ങിയ സംസ്ഥാനങ്ങളിലെ ഫുട്ബോളിന്റെ സാംസ്കാരിക വേരുകൾ നിരന്തര താൽപ്പര്യവും ഇടപെടലും വളർത്തുന്നത് തുടരുന്നുവെന്നും കൂട്ടിച്ചേർത്തു.

കേരളത്തിന് അഭിമാനമായി തഹ്‌സിൻ മുഹമ്മദ് ജംഷിദ്
ദേശീയ ഫുട്ബോൾ ടീം ലോകകപ്പിന് യോഗ്യത നേടിയില്ലെങ്കിലും ഒരു മലയാളി ഉൾപ്പെടെ നാല് ഇന്ത്യൻ വംശജർ വിവിധ ടീമുകളെ പ്രതിനിധീകരിക്കുന്നുണ്ട്. ഖത്തർ സ്‌ക്വാഡിൽ ഇടംനേടിയ തഹ്‌സിൻ മുഹമ്മദ് ജംഷിദ് കേരളത്തിനാകെ അഭിമാനമായിരിക്കയാണ്. അവിശ്വസനീയമായ ആ നേട്ടം വെട്ടിപ്പിടിച്ച ആദ്യ മലയാളി എന്ന റെക്കോർഡാണ് പത്തൊൻപതുകാരൻ സ്വന്തമാക്കിയത്. ഖത്തർ സ്റ്റാർ ലീഗിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജൻ കൂടിയായ തഹ്‌സിൻ തലശേരി സ്വദേശിയും കലിക്കറ്റ് സർവകലാശാലാ മുൻ താരവുമാണ്. ഖത്തറിലാണ് ജനിച്ചതും വളർന്നതും. പ്രൊഫഷണൽ കരിയർ തുടക്കം 17‐ാം വയസിൽ. ഖത്തർ അണ്ടർ-16, 17, 19 മത്സരങ്ങളിലും ദേശീയ ടീമിനായും തിളക്കമാർന്ന കേളീശൈലി പുറത്തെടുത്തു. കലിക്കറ്റ് സർവകലാശാലാ ഫുട്ബാൾ താരമായിരുന്ന അച്ഛന്റെ പാത പിന്തുടർന്ന അവൻ ഖത്തറിലെ പ്രശസ്തമായ ആസ്പയർ അക്കാദമിയിലൂടെയാണ് വളർന്നത്. നിലവിൽ അൽ ദുഹൈൽ ക്ലബ്ബിൽപ്രധാനി. അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിലൂടെ സീനിയർ ദേശീയ ടീമിൽ അരങ്ങേറ്റം കുറിച്ച തഹ്സിന് തുണയായത് ഖത്തർ കോച്ച് ജുലൻ ലോപറ്റെഗുയി സെബാസ്റ്റ്യൻ സോറിയ, താരെക് സൽമാൻ തുടങ്ങിയ മുൻനിര സീനിയർമാരെ ഒഴിവാക്കി യുവപ്രതിഭകൾക്ക് ഇടംനൽകിയത്. തഹ്‌സിനൊപ്പം ലോകകപ്പിൽ ഇന്ത്യൻ വംശജരായ മൂന്ന് താരങ്ങൾ ന്യൂസിലാൻഡ്, ആസ്‌ത്രേലിയ, കോംഗോ എന്നിവയ്‌ക്കായി അണിനിരക്കും.
നിഷാൻ വേലുപ്പിള്ളയുടെ വേരുകൾ ദക്ഷിണേഷ്യയിൽ
ഇന്ത്യൻ പശ്‌ചാത്തലമുള്ള കളിക്കാരിൽ ഏറ്റവും പരിചിതനാണ് ന്യൂസിലാൻഡ് മിഡ്ഫീൽഡർ സാർപ്രീത് സിങ്. ജലന്ധറിൽ നിന്നുള്ള ദമ്പതികളുടെ മകനായി ഓക്ക്‌ലൻഡിലാണ് ജനനം. ഹിരോഷി മിയാസാവയുടെ ശിക്ഷണത്തിൽ ഒനെഹുങ്ക സ്‌പോർട്‌സിനായി കളിച്ചു വളർന്നു. 10‐ാംവയസ്സിൽ ആസ്‌ത്രേലിയൻ നാഷണൽ ഫുട്‌സലിൽ ഓക്ക്‌ലൻഡിനെ പ്രതിനിധീകരിച്ചു, ഏറ്റവും വിലയേറിയ കളിക്കാരനുള്ള അവാർഡ് നേടി. 2019-ൽ വെല്ലിങ്‌ടൺ ഫീനിക്സിലെ സംഭാവനയെ തുടർന്ന് ബയേൺ മ്യൂണിക്കിലെത്തി. ന്യൂസിലാൻഡിനായി 24 അന്താരാഷ്ട്ര മത്സരങ്ങളിൽ നിറഞ്ഞാടിയ അദ്ദേഹം പരിക്കിൽനിന്ന് രക്ഷപ്പെട്ടാൽ ലോകകപ്പിൽ മധ്യനിരയുടെ നിയന്ത്രണത്തിന് ചുമതലനേടും. ആസ്‌ത്രേലിയയുടെ നിഷാൻ വേലുപ്പിള്ളയുടെ വേരുകൾ ദക്ഷിണേഷ്യയിലാണ്. ആ മെൽബൺ വിക്ടറി ക്ലബ്ബ് വിങ്ങറുടെ അച്ഛൻ ശശിനാഥ് വേലുപ്പിള്ള ശ്രീലങ്കൻ തമിഴ് പാരമ്പര്യമുള്ള മലേഷ്യക്കാരനും അമ്മ ഗില്ലിയൻ ആംഗ്ലോ ഇന്ത്യനും. മെൽബൺ വിക്ടറി അക്കാദമിയിലൂടെ വളർന്ന് 128- മത്സരങ്ങളിൽ ശോഭിച്ച നിഷാനെ ചൈനയ്ക്കും ജപ്പാനുമെതിരായ 2026 ഫിഫ ലോകകപ്പ് യോഗ്യതാ മത്സരങ്ങൾക്ക് മുന്നോടിയായി മുഖ്യ പരിശീലകൻ ടോണി പോപോവിച്ച് വിളിച്ചു. ചൈനയ്‌ക്കെതിരെ 83-ാം മിനിറ്റിൽ മിച്ചൽ ഡ്യൂക്കിന് പകരക്കാരനായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച് ഏഴ് മിനിറ്റിനുശേഷം ആദ്യ ഗോൾ നേടി ജയം ഉറപ്പിച്ചു. ആദ്യ മത്സരത്തിലേ വലകുലുക്കി വിസ്‌മയിപ്പിച്ചു ആ ഇരുപത്തിയഞ്ചുകാരൻ. ഇന്ത്യൻ വേരുകളുള്ള മറ്റൊരു ഫുട്‌ബോളറാണ് കോംഗോയുടെ മധ്യനിരക്കാരൻ സാമുവൽ മുത്തുസാമി. കരീബിയനിലെ ഫ്രഞ്ച് പ്രദേശമായ ഗ്വാഡലൂപ്പിലാണ് ജനിച്ചത്. അമ്മ കോംഗോക്കാരി, അച്ഛൻ പാരിസിൽ ജനിച്ച തമിഴ് പാരമ്പര്യമുള്ള ഇൻഡോ-ഗ്വാഡലൂപ്പിയനും. തലമുറകൾക്ക് മുമ്പ് തൊഴിലാളികളായി ആ പ്രദേശത്ത് എത്തിയ പൂർവികരുടെ കുടുംബത്തിൽ നിന്നാണ് മുത്തുസാമി. കോംഗോക്കായി 57 അന്താരാഷ്ട്ര മത്സരങ്ങൾ അണിനിരന്ന പരിചയസമ്പത്തുള്ള ഡിഫൻസീവ് മിഡ്ഫീൽഡർ ഇത്തവണ പോർച്ചുഗൽ, കൊളംബിയ, ഉസ്ബെക്കിസ്ഥാൻ എന്നിവയടങ്ങുന്ന ഗ്രൂപ്പിൽ ടീമിന്റെ പ്രധാന കുന്തമുനയാണ്. 2006 ലോകകപ്പിൽ ഫ്രാൻസിനെ റണ്ണറപ്പാക്കാൻ അധ്വാനിച്ച ആന്ധ്രാപ്രദേശ് ബന്ധമുള്ള വികാസ് റാവു ധോരാസൂവിനെപ്പപ്പോലെ അപൂർവം ചിലർ മുമ്പ് ആ നേട്ടത്തിലെത്തുകയുണ്ടായി.

ഫില്ലിസ് അഡാ ഡില്ലറുടെ ഫലിതം
സ്ത്രീകൾ ഫുട്ബോളിൽ അധികം അണിനിരക്കാത്തതിന്റെ കാരണം 11 പേർ ഒരിക്കലും പൊതുസ്ഥലത്ത് ഒരേ വസ്ത്രം ധരിച്ചെത്തില്ലെന്നതിനാലാണെന്ന അമേരിക്കൻ സ്റ്റാൻഡ്-അപ്പ് കൊമേഡിയയും നടിയും എഴുത്തുകാരിയും സംഗീതജ്ഞയുമായ ഫില്ലിസ് അഡാ ഡില്ലറുടെ ഫലിതത്തിൽ യാഥാർഥ്യത്തിന്റെ സ്‌പർശമുണ്ടോയെന്ന സംശയം ചിലർ ഉയറത്തിയിട്ടുണ്ട്. കായികരംഗത്ത് മാത്രമല്ല, സ്‌പോർട്‌സ് ജേണലിസത്തിലും ലിംഗപരമായ അസമത്വമുണ്ടെന്നതാണ് വാസ്‌തവം. ഇന്ത്യൻ കായിക പത്രപ്രവർത്തനത്തിന്റെ തലയെടുപ്പായി 2026 ഫിഫ ലോകകപ്പ് റിപ്പോർട്ട് ചെയ്യാൻ രാജ്യത്തുനിന്നുള്ള ഏക വനിതാ ഫോട്ടോ ജേണലിസ്റ്റായി തെരഞ്ഞെടുക്കപ്പെട്ടത് അസമിലെ ഗുവാഹത്തിയിൽ താമസക്കാരിയായ ഗീതിക തലൂക്ക്‌ദാറാണ്. ആയിരക്കണക്കിന് പത്രപ്രവർത്തകരെയും പ്രക്ഷേപകരെയും ഫോട്ടോഗ്രഫർമാരെയും ഉൾപ്പെടുത്തിയ 2018ലെ റഷ്യൻ, 2022 ഖത്തർ ടൂർണമെന്റുകൾ രേഖപ്പെടുത്തിയശേഷം തുടർച്ചയായ മൂന്നാമത്തെ പുരുഷ ഫിഫ ലോകകപ്പാണ് അവർ കവർ ചെയ്യുന്നത്. 2020ലെ ടോക്കിയോ ഒളിംപിക്സ്, 2024ലെ പാരീസ് ഒളിംപിക്സ്, 2007 ലെ നാഷണൽ ഗെയിംസ്, 2010 ലെ കോമൺവെൽത്ത് ഗെയിംസ്, 2013 മുതൽ ഇന്നുവരെയുള്ള ഐഎസ്‌എൽ സീരീസ്, ഫ്രാൻസിൽ നടന്ന ഫിഫ വനിതാ ലോകകപ്പ്, 2019 ലെ എഎഫ്‌പി കപ്പ്, 2016 ലെ സൗത്ത് ഏഷ്യൻ ഗെയിംസ്, ഇന്ത്യ പാക്കിസ്ഥാൻ ലീഗുകൾ തുടങ്ങിയവയാണ് പ്രവർത്തിച്ച മറ്റ് ചില ഉയർന്ന പ്രൊഫൈൽ ഗെയിമുകൾ.അസമിൽ മാത്രമല്ല വടക്കുകിഴക്കൻ മേഖലയിലാകെ ആ അതുല്യനേട്ടം പ്രചോദനാത്മക നിമിഷമാണ്. ടോക്കിയോ ഒളിംപിക്‌സിൽ നിരവധി ഇന്ത്യൻ അത്‌ലീറ്റുകളുടെ അവിസ്മരണീയ പ്രകടനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര കായികരംഗത്തെ നിർവചിക്കുന്ന വികാരങ്ങളായ ആനന്ദത്തിന്റെയും ഹൃദയഭേദകത്തിന്റെയും വിജയത്തിന്റെയും സ്ഥിരതയുടെയും നിമിഷങ്ങൾ പകർത്തിയ ക്യാമറ ആരാധകരെ മത്സരങ്ങളിലേക്ക് അടുപ്പിച്ചതിനൊടൊപ്പം മാനുഷിക വശം എടുത്തുകാണിക്കുന്നതിനും പ്രശംസിക്കപ്പെട്ടിട്ടുണ്ട്. പരമ്പരാഗതമായി പുരുഷാധിപത്യം നിലനിൽക്കുന്ന മേഖലയിൽ ഗീതികയുടെ യാത്ര സ്പോർട്സ് ജേണലിസത്തിലേക്കും ഫോട്ടോഗ്രഫിയിലേക്കും കാലെടുത്തുവെക്കാൻ കൊതിക്കുന്ന ഒട്ടേറെ യുവതികളെ മാടിവിളിക്കുന്നു. കഴിവ്, സ്ഥിരോത്സാഹം, കഠിനാധ്വാനം എന്നിവയ്ക്ക് മുന്നിലെ തടസ്സങ്ങൾ തകർക്കാനും അന്താരാഷ്ട്ര വേദിയിൽ അവസരങ്ങൾ സൃഷ്ടിക്കാനും കഴിയുമെന്ന് അവരുടെ ഉയർച്ച തെളിയിക്കുന്നുണ്ട്. സമൂഹ മാധ്യമങ്ങളിലാകെ അസമിൽനിന്നും പുറത്തുനിന്നുമുള്ള പത്രപ്രവർത്തകർ, ഫോട്ടോഗ്രഫർമാർ, ഫുട്ബോൾ ആരാധകർ തുടങ്ങിവർ മാധ്യമ മേഖലയിലെ സ്ത്രീകൾക്ക് നാഴികക്കല്ലായി ആ സാഹസിക സംഭാവന ആഘോഷിച്ചു. പ്രാതിനിധ്യം സ്ഥിരമായി വികസിച്ചുകൊണ്ടിരിക്കുന്ന സ്പോർട്സ് ജേണലിസത്തിൽ ഇന്ത്യൻ സ്ത്രീകളുടെ ഏറിവരുന്ന ആഗോള സാന്നിധ്യത്തെയും നേട്ടം പ്രതിഫലിപ്പിക്കുന്നു. ഗീതികയെ സംബന്ധിച്ച് ഫോട്ടോഗ്രഫി വെറും മത്സരങ്ങൾ രേഖപ്പെടുത്തുക എന്നതല്ല. വികാരങ്ങളെയും ചരിത്രത്തെയും സംരക്ഷിക്കുക എന്നതുമാണ്. നാടകീയമായ ഗോൾ ആഘോഷമായാലും കണ്ണീരിൽ കുതിർന്ന തോൽവിയായാലും സ്റ്റാൻഡുകളിലെ ആരാധകരുടെ ആവേശമായാലും വിവരിക്കാൻ വാക്കുകൾ ദുർബലമാവുന്ന കഥകളാണ് ചിത്രങ്ങൾ പറയുന്നത്.

സിയോൾ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്പോർട്സ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം
ടോക്കിയോ ഒളിംപിക്‌സിൽ കോവിഡ്- കാരണം മാധ്യമപ്രവർത്തകർക്ക് കാര്യമായ തിരിച്ചടികൾ നേരിടേണ്ടിവന്നെങ്കിലും ഗീതിക തന്റെ പ്രൊഫഷണൽ കഴിവ് അസാമാന്യമാംവിധം പ്രകടിപ്പിച്ചു. സ്‌പോർട്‌സ് ജേണലിസത്തിൽ രണ്ടു ദശാബ്ദത്തിലേറെ നീണ്ട കരിയർ അവർക്കുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള ഒട്ടേറെ പ്രമുഖ പ്രസിദ്ധീകരണങ്ങളിൽ പ്രവർത്തിച്ചിക്കുകയുണ്ടായി. സ്പോർട്സ് മന്ത്രാലയത്തിൽ നിന്നുള്ള സ്കോളർഷിപ്പിലൂടെ തെക്കൻ കൊറിയയിലെ പ്രശസ്തമായ സിയോൾ നാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സ്പോർട്സ് മാനേജ്മെന്റിൽ 2020-ൽ ബിരുദാനന്തര ബിരുദം നേടി. അരുണാചൽ പ്രദേശിൽ ജനിച്ച് പിന്നീട് അസമുമായി അടുത്ത ബന്ധം പുലർത്തിയ ഗീതികയുടെ ആഗോള സ്‌പോർട്‌സ് ഫോട്ടോഗ്രഫിയിലേക്കുള്ള യാത്ര ദില്ലിയിലെയും മുംബൈയിലെയും മാധ്യമ കേന്ദ്രങ്ങളിൽ നിന്നാണ് ആരംഭിച്ചത്. ദക്ഷിണ കൊറിയയുടെ സ്‌പോർട്‌സ് ആൻഡ് കൾച്ചർ മന്ത്രാലയത്തിന്റെ പിന്തുണയുള്ള സ്‌കോളർഷിപ്പ് പ്രോഗ്രാമിന് കീഴിൽ സിയോൾ നാഷണൽ യൂണിവേഴ്‌സിറ്റിയിൽ ഗ്ലോബൽ സ്‌പോർട്‌സ് മാനേജ്‌മെന്റിൽ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് മുമ്പ് വിവിധ നഗരങ്ങളിലെ കേന്ദ്രീയ വിദ്യാലയങ്ങളിൽ പഠിച്ചു. അച്ഛന്റെ ജോലിയിലെ സ്ഥലംമാറ്റമനുസരിച്ച് ഇടയ്ക്കിടെ യാത്ര ചെയ്യേണ്ടി വന്നതിനാൽ രാജ്യത്തുടനീളമുള്ള വിവിധ സ്ഥലങ്ങളിലായി വിദ്യാഭ്യാസം നേടി. സിയോൾ സർവകലാശാലാ സ്പോർട്സ് മീഡിയയിൽ ലിംഗ അസമത്വങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയാണിപ്പോൾ. അതിന് കൊറിയ സർക്കാരിന്റെ സ്കോളർഷിപ്പും ലഭിച്ചു. ഫോട്ടോഗ്രഫിയോടുള്ള അദമ്യമായ താൽപര്യം മുളപ്പിച്ചത് പ്രശസ്ത ചലച്ചിത്ര നിർമാതാവായിരുന്ന മുത്തച്ഛൻ ചന്ദ്ര താലൂക്ക്ദാർ. അദ്ദേഹത്തിന്റെ സംരംഭങ്ങൾ രസകരമായി കണ്ടെത്തി ആ പേരക്കിടാവ്. കായികരംഗത്തെ അച്ചടക്കവും മേഖല വാഗ്ദാനം ചെയ്യുന്ന വെല്ലുവിളികളും സ്പോർട്സ് ഫോട്ടോ ജേർണലിസം തെരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചു. ഫോട്ടോ ന്യൂസ് ഏജൻസിയിൽ നിന്നാണ് കരിയർ തുടക്കം. ഒപ്പം പ്രാദേശിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലും സംഭാവന നൽകി. കാലക്രമേണ പൂർണ്ണമായും സ്‌പോർട്‌സ് ജേണലിസത്തിലേക്കും സ്പോർട്സ് ഫോട്ടോഗ്രഫിയിലേക്കും മാറി. അത് കളിക്കാർ ഗോളുകൾ നേടുന്നത് ക്ലിക് ചെയ്യുക എന്നതു മാത്രമല്ല, പ്രതികരണങ്ങൾ, സമ്മർദ്ദം, വികാരങ്ങൾ,സമയങ്ങൾക്കുള്ളിൽ അപ്രത്യക്ഷമാകുന്ന നിമിഷങ്ങൾ എന്നിവ പകർത്തുന്നതിൽ കൂടിയാണ് ഗീതികയുടെ ശ്രദ്ധ. െപുരുഷാധിപത്യമുള്ള മേഖലയിൽ അ്തെിവേഗം തലയുയർത്തി നിന്നു. സ്ത്രീകൾ എപ്പോഴും കായിക വിനോദങ്ങൾ കാണുകയും കളിക്കുകയും പങ്കെടുക്കുകയും മികവ് പുലർത്തുകയും ചെയ്തിട്ടുണ്ടെന്ന് വ്യക്തമായിട്ടും അവരുടെ സാന്നിധ്യം പലരും തുറന്ന മനസോടെ സ്വീകരിച്ചില്ല. പെൺകുട്ടികളെയും ആൺകുട്ടികളെയും വേർതിരിക്കുന്ന കർശനമായ മതിൽ നിലവിലുണ്ട്. ആ രേഖ ഗർഭധാരണത്തിൽ നിന്നാണ് വരച്ചിരിക്കുന്നത്, ലോകത്തെ പിങ്ക് , നീല, പാവകൾ, കാറുകൾ, മേക്കപ്പ്, വീഡിയോ ഗെയിമുകൾ, പരിപാലകർ, ദാതാക്കൾ എന്നിങ്ങനെ വിഭജിക്കുന്നു. അതുകാരണം കായിക ലോകം ഒരു ഭാഗത്തേക്ക് – അതായത്, നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ പുരുഷ വശത്തേക്ക് – തള്ളിവിടപ്പെടുകയാണ്.

വനിതകൾക്ക് നിരന്തരം അനിഷ്ടം തോന്നുന്ന ഇടങ്ങൾ സൃഷ്ടിക്കുന്ന ഉടമസ്ഥതാ സംസ്കാരം
അടുത്ത ഒന്നര മണിക്കൂർ എനിക്ക് മെസ്സേജ് അയയ്ക്കരുത്, വിളിക്കരുത്. ഞാൻ ലോകകപ്പ് കാണുന്ന തിരക്കിലായിരിക്കുമെന്ന് പുരുഷന്മാർ ഭാര്യമാരോടോ കാമുകിമാരോടോ പറയുന്ന മീമുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുന്നു. ഫുട്ബോൾ പ്രത്യക്ഷത്തിൽ പുരുഷന്മാർക്കുള്ളതാണെന്നും സ്ത്രീകൾ വെറും തടസ്സങ്ങളാണെന്നുമാണ് തമാശ. ഈ ഉടമസ്ഥതാ സംസ്കാരം വനിതകൾക്ക് നിരന്തരം അനിഷ്ടം തോന്നുന്ന ഇടങ്ങൾ സൃഷ്ടിക്കുന്നുവെന്ന് നിങ്ങൾ മനസ്സിലാക്കുന്നതുവരെ ഇതെല്ലാം നിരുപദ്രവകരമായ പരിഹാസമാണ്. ഫുട്ബോളിനെ ചുറ്റിപ്പറ്റിയുള്ള അതിപുരുഷത്വം ഏറെക്കാലമായി ഓൺലൈൻ ശകാരം മുതൽ പ്രധാന ടൂർണമെന്റുകളിലെ ഗാർഹിക പീഡനത്തിലെ വർധന വരെയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതിനിടയിൽ സ്ത്രീയെന്ന നിലയിൽ ഫുട്ബോൾ ആരാധികയാവുകയെന്നാൽ നിങ്ങൾ ആരുടേതുമല്ലെന്ന് കരുതുന്ന ആരാധക സമൂഹത്തിൽ ന്യൂനപക്ഷമായി നിലനിൽക്കുക എന്നാണ്. നിങ്ങൾ എന്ത് ചെയ്താലും ആരോപിക്കപ്പെടാൻ സാധ്യതയുണ്ട്. 25 വയസ്സുള്ള കണ്ടന്റ് ക്രിയേറ്റർ ഹിമാനി ഗുപ്ത എന്നോട് പറഞ്ഞത് സോഷ്യൽ മീഡിയയിൽ ഫുട്ബോളിനെക്കുറിച്ച് പോസ്റ്റ് ചെയ്യുമ്പോഴെല്ലാം ഇത് സംഭവിക്കാറുണ്ടെന്നാണ്. ഫുട്ബോൾ തങ്ങളുടേതാണെന്ന് ആണുങ്ങൾ കരുതുന്നു. അവരുടെ പെരുമാറ്റം ടീമിൽ ഉള്ളതുപോലെയും. ഒരു സ്ത്രീക്ക് കളിയോട് അത്രയേറെ ആവേശം തോന്നിയാൽ എന്ത് സംഭവിക്കും. എന്തുകൊണ്ടാണ് സ്ത്രീ ആരാധകർ ഇപ്പോഴും പുരുഷന്മാരോട് ഫുട്ബോളിനോടുള്ള താൽപര്യം തെളിയിക്കേണ്ടി വരുന്നത്. അവരുടെ സാന്നിധ്യം അസാധാരണമായി കണക്കാക്കപ്പെടുന്നു. ആരാധകർ, കായികതാരങ്ങൾ, പ്രൊഫഷണലുകൾ എന്നീ നിലകളിൽ കായികരംഗത്ത് സ്ത്രീകളുടെ വർധിച്ചുവരുന്ന ദൃശ്യത ആ അനുമാനത്തെ ഒരു പരിധിവരെ വെല്ലുവിളിച്ചിട്ടുണ്ട്, പക്ഷേ എല്ലാവരും മനസ്സിലാക്കിയിട്ടില്ല. തമാശകൾ ആത്യന്തികമായി കായിക വിനോദങ്ങളെക്കുറിച്ചല്ല, മറിച്ച് ആരെ സംബന്ധിച്ചാണെന്നാണ് ഗീതിക പ്രതികരിച്ചത്. പുരുഷ ഫോട്ടോഗ്രാഫർമാരാൽ നിറഞ്ഞ മുറികളിൽ അവർ ഒറ്റയ്ക്ക് നിന്നു, ക്യാമറയും ദൃഢനിശ്ചയവും മാത്രം കൈമുതൽ. സ്പോർട്സ് ഫോട്ടോഗ്രഫി സ്ത്രീകൾക്കുള്ളതല്ലെന്ന് ചിലർ വിധിച്ചു. ഒരു ഘട്ടത്തിൽ ജനക്കൂട്ടം ക്യാമറ തല്ലിത്തകർത്തു, മറ്റൊരു അവസരത്തിൽ സംഭവിച്ച പരിക്ക് മൂന്ന് മാസത്തേക്ക് നടക്കാൻ വയ്യാതെയാക്കി. എന്നാൽ എല്ലാ തിരിച്ചടികൾക്കിടയിലും തന്റെ സ്വപ്നം ഉപേക്ഷിക്കാൻ വിസമ്മതിച്ചു.

ആക്രമണാത്മകമാണെന്ന് മുദ്രകുത്തി ശിക്ഷിക്കുന്ന ഉറച്ച പെരുമാറ്റങ്ങൾ
2026 ന്റെ തുടക്കത്തിൽ ബിബിസി പ്രസിദ്ധീകരിച്ച റിപ്പോർട്ട് പ്രകാരം ഫുട്ബോളിലെ ലിംഗ വിവേചനം ഒരിക്കലും മാറാത്ത പ്രശ്നമാണ്. സമകാലിക ലിംഗ വിവേചനം പര്യവേക്ഷണം ചെയ്യുന്ന ഡിജിറ്റൽ ഫീച്ചറുകളും അന്ന് പുറത്തിറക്കി. ആഴത്തിൽ വേരൂന്നിയ സ്റ്റീരിയോടൈപ്പുകൾ, സാമൂഹിക മാനസിക ഭാരങ്ങൾ, ഇന്റർനെറ്റ് എന്നിവ ജോലിസ്ഥലത്തെ സമത്വത്തെയും വ്യക്തിബന്ധങ്ങളെയും എത്രത്തോളം സ്വാധീനിക്കുന്നുവെന്ന് എടുത്തുകാണിക്കുകയും ചെയ്‌തു. തൊഴിലിടവും സാമൂഹിക തടസ്സങ്ങളുമാണ് അതിപ്രധാനം. സമീപ പതിറ്റാണ്ടുളിൽ ലിംഗ വേതന വിടവ് കുറഞ്ഞിട്ടുണ്ടെങ്കിലും സ്ത്രീകൾ ഇപ്പോഴും ഇംപോസ്റ്റർ സിൻഡ്രോം(ബൗദ്ധിക വഞ്ചന) നേരിടുന്നുവെന്ന് വെളിപ്പെടുത്തിയ ബിബിസി, ഇരട്ടത്താപ്പിലാണ് സ്ത്രീകളെ വിലയിരുത്തുന്നതെന്ന് കണ്ടെത്തി. ഉറച്ച പെരുമാറ്റങ്ങളെ ആക്രമണാത്മകമാണെന്ന് മുദ്രകുത്തി ശിക്ഷിക്കും, അതേസമയം പുരുഷരിൽ അതേ സ്വഭാവം പോസിറ്റീവായി കാണുന്നു. പരമ്പരാഗതവും ചിലപ്പോൾ പിന്തിരിപ്പനുമായ ലിംഗവീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിൽ സോഷ്യൽ മീഡിയയുടെ വർദ്ധിച്ചുവരുന്ന സ്വാധീനത്തെക്കുറിച്ച് വിദഗ്ധർ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. സ്ഥാപനങ്ങളിലെ വ്യവസ്ഥാപിത ലൈംഗികതയാണ് മറ്റൊരു ദൂഷ്യം. മുൻവിധികളുടെ പ്രത്യാഘാതങ്ങളും സ്ത്രീകൾക്ക് മാത്രമുള്ള വസ്ത്രം മാറുന്ന മുറികൾ, അഭയകേന്ദ്രങ്ങൾ, സിങ്കിൾ-സെക്സ് വാർഡുകൾ എന്നിവയിലേക്കുള്ള പ്രവേശനത്തെ നിയമപരമായി എങ്ങനെ ബാധിക്കുന്നു എന്നതും ബിബിസി വിശദമായി നിരീക്ഷിച്ചു. ഫുട്ബോൾ ഇഷ്ടപ്പെടുന്ന പുരുഷന്മാർ മണിക്കൂറുകളോളം ലൈനപ്പുകളെക്കുറിച്ച് ചർച്ച ചെയ്യാനും മത്സരങ്ങൾ കാണാനും ജേഴ്‌സികൾ വാങ്ങാനും, സ്മരണികകൾ ശേഖരിക്കാനും കായികരംഗത്ത് തങ്ങളുടെ ദിവസങ്ങൾ ആസൂത്രണം ചെയ്യാനും ചെലവഴിക്കുന്നു. സംഗീതത്തിനും ടെലിവിഷനും പുസ്തകങ്ങൾക്കും കൂടുതലായി ഫുട്‌ബോളിനും സ്ത്രീകൾ കൃത്യമായി ഇതേ കാര്യം ചെയ്യുന്നു. പുരുഷന്മാരുടെ ആഭിമുഖ്യം സാധാരണമായിരിക്കുന്നത് എന്തുകൊണ്ട്, പക്ഷേ സ്ത്രീ ആരാധകത്വം കെട്ടിച്ചമച്ചതാണെന്ന് വിമർശിക്കപ്പെടുകയാണ്. റയൽ മാഡ്രിഡിനെതിരായ ചാമ്പ്യൻസ് ലീഗ് വിജയത്തിന് ശേഷം ഇംഗ്ലീഷ് രചയിതാവ് ലൂയിസ് ഡൺഫോർഡിന്റെ ദി ഏഞ്ചൽ (നോർത്ത് ലണ്ടൻ ഫോർ എവർ) ഗാനം ആലപിച്ച് 2025 ഏപ്രിൽ എട്ടിന് ലണ്ടനിലെ എമിറേറ്റ്സ് സ്റ്റേഡിയത്തിൽ നടന്ന അവിസ്മരണീയമായ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ റയൽ മാഡ്രിഡിനെതിരായ ആഴ്സണലിന്റെ മടക്കമില്ലാത്ത മൂന്ന് ഗോൾ വിജയം ആഘോഷിച്ച് സ്നേഹം പ്രഖ്യാപിച്ച ആൻ ഹാതവേ എന്നറിയപ്പെടുന്ന ആൻ ജാക്വലിൻ ഹാതവേപ്പോലുള്ള സ്ത്രീയെപോലും വെറുതെവിട്ടില്ല. വടക്കൻ ലണ്ടൻ എന്നേക്കും. കാലാവസ്ഥ എന്തുതന്നെയായാലും.ഈ തെരുവുകൾ നമ്മുടേതാണ്. എന്റെ ഹൃദയം നിന്നെ ഒരിക്കലും വിട്ടുപോകില്ല.എന്റെ ചോര എന്നേക്കും നിലനിൽക്കും. കല്ലിലൂടെ ഓടുക തുടങ്ങിയ വരികൾ ലോകത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ ഗാനമായി തെരഞ്ഞെടുക്കപ്പെടുകയുമുണ്ടായി. ഹൃദയംഗമമായ പ്രകടനത്തോടൊപ്പം സ്റ്റാർ ഡിഫൻസീവ് മിഡ്‌ഫൗൽഡർ ഡെക്ലാൻ റൈസിനെ കളിയുടെ മനുഷ്യനെന്നും നാടകവേദിയിൽനിന്ന് ഗെറ്റ് റിയൽ ടെലിവിഷൻ പരമ്പരയിലൂടെ ഡിസ്നി ചലച്ചിത്രമായ ദി പ്രിൻസസ് ഡയറീസിലെ മിയ തെർമോപോളിസിനെ അവതരിപ്പിച്ചതിലൂടെ പ്രശസ്തയായ ആ അമേരിക്കൻ അഭിനേത്രി വിളിച്ചു. 58-, 70-‐ാം മിനിറ്റുകളിൽ ഡെക്ലാൻ റൈസിന്റെ ബ്രേസിന്റെ രണ്ട് മനോഹരമായ ഡയരക്ട് ഫ്രീ കിക്കുകൾ ആഴ്സണലിനെ മുന്നിലെത്തിച്ചു. 75-‐ാം മിനിറ്റിൽ മൈക്കൽ മെറിനോയുടെ ക്ലോസ് റേഞ്ച് ഫിനിഷ് അവസാന ആണിയും അടിച്ചു. ആൻ ഹാതവേ ഒരു ആഴ്സണൽ മത്സരം കണ്ടിട്ടുണ്ടോയെന്ന് സ്പോർട്സ് വെബ്‌സൈറ്റുകൾ ഉടൻ പരിശോധന തുടങ്ങി.

വക്രീകരിക്കുന്നു കടന്നുപോകുന്ന യഥാർഥ ലോക ഇടങ്ങളെയും
സ്ത്രീകളുടെ താൽപ്പര്യങ്ങൾ നിരന്തരം നിരുത്സാഹപ്പെടുത്തുക മാത്രമല്ല, ഓൺലൈനുകൾ, കടന്നുപോകുന്ന യഥാർഥ ലോക ഇടങ്ങളെയും അത് വക്രീകരിക്കുന്നു. പല സ്ത്രീകൾക്കും സ്റ്റേഡിയത്തിൽ പ്രവേശിക്കുന്നതിന് വളരെ മുമ്പുതന്നെ വെല്ലുവിളി ആരംഭിക്കുകയായി. സാമൂഹിക പ്രതീക്ഷകൾ, പരിമിതാവസരങ്ങൾ, സാമ്പത്തിക പ്രയാസങ്ങൾ, സ്പോർട്സ് ജേണലിസം, ഫോട്ടോഗ്രഫി തുടങ്ങി ആവശ്യപ്പെടുന്ന തൊഴിലുകളിൽ സ്ത്രീകൾ ഉൾപ്പെട്ടിട്ടുണ്ടോ സംശയങ്ങൾ നമുക്ക് പലപ്പോഴും മറികടക്കേണ്ടി വരും. ഞാൻ സംസാരിച്ച സ്ത്രീകളെല്ലാം സമ്മതിച്ചത് പുരുഷാധിപത്യമുള്ള ആൾക്കൂട്ടത്തെ ഭയപ്പെടുത്തുന്നതായി തോന്നുന്നതിനാൽ ഫുട്ബോൾ പ്രദർശനങ്ങൾ പലപ്പോഴും ഒഴിവാക്കാറുണ്ടെന്നാണ്; – പ്രത്യേകിച്ച് ഇന്ത്യ പോലുള്ള രാജ്യത്ത്. മുറിയിൽ പ്രവേശിക്കുംമുമ്പ് തന്നെ സാന്നിധ്യം ചോദ്യം ചെയ്യപ്പെടുന്നുണ്ടെങ്കിൽ അവിടെയുണ്ടെന്ന് തോന്നുന്നത് ബുദ്ധിമുട്ടാണ് നിങ്ങൾക്ക്. ഒരു സ്റ്റേഡിയത്തിലെ സ്ത്രീ വൈറലാകുമ്പോഴെല്ലാം അത് ബാഡ്ഡിയായതിനാലാണെന്ന് അർത്ഥമാകുന്നില്ല. പുരുഷന്മാര്‍ സ്ത്രീകളെ വെറും സന്ദര്‍ശകര്‍ മാത്രമാണെന്ന് ഓർമിപ്പിക്കാന്‍ ഇഷ്ടപ്പെടുന്നതുകൊണ്ടാണെന്ന് തോന്നുന്നു. എന്നാല്‍ സ്ത്രീകള്‍ എപ്പോഴും ഫുട്ബോള്‍ കണ്ടിട്ടുണ്ട്. കളിച്ചിട്ടുണ്ട്, എഴുതിയിട്ടുണ്ട്, ഇഷ്ടപ്പെട്ടിട്ടുണ്ട്. സ്വയം തെളിയിക്കേണ്ട ഭാരം അവരുടെ മേല്‍ വരാന്‍ പാടില്ലാത്തതിനാല്‍ ക്രമരഹിതമായി എറിയപ്പെടാവുന്ന എല്ലാത്തരം നിസ്സാര കാര്യങ്ങള്‍ക്കും ഉത്തരം തിരയേണ്ടതില്ല. 2026 ഫിഫ ലോകകപ്പ് സീസണില്‍ പുരുഷന്മാരുടെ മനസ്സ് മാറ്റേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്നുമാണ് ഗീതികയുടെ പ്രഖ്യാപനം.

കഴിവിന്റെയും സമർപ്പണത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ഉദാഹരണം
അസമിൽ നിന്ന് ലോകത്തിലെ ഏറ്റവും വലിയ കായിക ഇനങ്ങളിൽ ഒന്നിലേക്കുള്ള ഗീതികയുടെ യാത്ര കഴിവിന്റെയും സമർപ്പണത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും പ്രചോദനാത്മകമായ ഉദാഹരണമായി. അവരുടെ ക്യാമറ, കാഴ്ചപ്പാട്, കഥപറച്ചിലിനോടുള്ള അഭിനിവേശം എന്നിവയാൽ ഫുട്ബോളിന്റെ ഏറ്റവും മഹത്തായ വേദിയിൽ നിന്നുള്ള ശക്തമായ നിമിഷങ്ങൾ പകർത്തുന്നു. സ്പോർട്സ് ഫോട്ടോഗ്രഫി പലപ്പോഴും വെല്ലുവിളി നിറഞ്ഞതും പുരുഷാധിപത്യമുള്ളതുമായ മേഖലയായതിനാൽ ഈ നേട്ടം പ്രത്യേകിച്ചും പ്രധാനം. പത്രപ്രവർത്തനം, ഫോട്ടോഗ്രഫി, സ്പോർട്സ് മീഡിയ എന്നിവയിൽ കരിയർ കെട്ടിപ്പടുക്കാൻ സ്വപ്നം കാണുന്ന പെൺകുട്ടികൾക്ക് അവർ കൈമാറുന്നത് ശക്തമായ സന്ദേശം. ദൃഢനിശ്ചയത്തിന് തീർക്കുന്ന തടസ്സങ്ങൾ തകർത്ത് ചരിത്രം രചിക്കാൻ സാധിക്കുമെന്ന് അക്കഥ തെളിയിക്കുന്നു. അവരുടെ വിജയം കൂടുതൽ സ്ത്രീകളെ അഭിനിവേശം നിർഭയം പിന്തുടരാൻ പ്രചോദിപ്പിക്കും. പാരീസ് ഒളിംപിക്‌സിന്റെ ഫോട്ടോ ഒപ്പിയെടുക്കാൻ നേടിയ അംഗീകാരം സ്ത്രീകളുടെ നേതൃത്വപരമായ ഗുണങ്ങൾ വർധിപ്പിക്കുമെന്നാണ് ആ നാളുകളിൽ ഗീതിക പറഞ്ഞത്. റഷ്യ ആതിഥ്വമരുളിയ 2018 ഫിഫ ലോകകപ്പിനിടെയാണ് ആദ്യമായി അന്താരാഷ്ട്ര ശ്രദ്ധ നേടിയത്, വൈകാരിക പാളികളുള്ള ഫോട്ടോകൾ കളിക്കളത്തിലെ തീവ്രതയും ഫുട്ബോൾ സംസ്കാരത്തിന്റെ മാനുഷിക വശവും പകർത്തി. വനിതാ സ്‌പോർട്‌സ് ജേണലിസ്റ്റുകളെയും ഫോട്ടോഗ്രഫർമാരെയും പിന്തുണയ്ക്കുന്ന സംരംഭങ്ങളുടെ ഭാഗമായാണ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി നേരിട്ട് പാരീസ് ഒളിംപിക്‌സിന് അക്രഡിറ്റേറ്റ് ചെയ്തത്. തന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതിൽ ഫിഫ, എഐഎഫ്എഫ്, എഎഫ്‌സി എന്നിവ വഹിച്ച പങ്കിനെ അവർ നന്ദിപൂർവമാണ് അടയാളപ്പെടുത്തിയതും. മുഖ്യധാരാ ഇന്ത്യൻ മാധ്യമ ഇടങ്ങളിൽ സ്ത്രീകളുടെയും വടക്കുകിഴക്കൻ ഇന്ത്യക്കാരുടെയും പരിമിതമായ പ്രാതിനിധ്യത്തെക്കുറിച്ചുള്ള ചർച്ചകൾക്കും ഗീതികയുടെ നേട്ടം തിരികൊളുത്തി. ചെലവേറിയ ഉപകരണങ്ങൾ, അന്താരാഷ്ട്ര യാത്ര, നീണ്ട ജോലി സമയം, കർശനമായി നിയന്ത്രിതമായ കായിക വേദികളിലേക്കുള്ള പ്രവേശനം എന്നിവ നിർബന്ധമുള്ള ശാരീരികമായും സാമ്പത്തികമായും ഏറ്റവും ആവശ്യപ്പെടുന്ന പത്രപ്രവർത്തന ശാഖകളിൽ ഒന്നാണ് സ്പോർട്സ് ഫോട്ടോഗ്രഫി. ആ രംഗത്തെ സ്‌ത്രീകളെ സംബന്ധിച്ചിടത്തോളം സുരക്ഷാ ആശങ്കകൾ, അസമമായ അവസരങ്ങൾ, സ്ഥാപനപരമായ തടസ്സങ്ങൾ എന്നിവ വെല്ലുവിളികൾ പലപ്പോഴും സങ്കീർണ്ണമാക്കും. ഈ പശ്ചാത്തലത്തിൽ ആവർത്തിച്ചുള്ള ഫിഫ, ഒളിംപിക് അംഗീകാരങ്ങൾ ആഗോള കായിക മാധ്യമങ്ങളിലെ ഉൾപ്പെടുത്തലിലേക്കുള്ള വിശാല മാറ്റത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. ഫുട്ബോളിനപ്പുറം സെലിബ്രിറ്റി വിവരണങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം അത്‌ലീറ്റുകളുടെയും ആരാധകരുടെയും വികാരങ്ങൾ, സ്വത്വം, ജീവിതാനുഭവങ്ങൾ എന്നിവ ഗീതികയുടെ രചനകൾ പലപ്പോഴും എടുത്തുകാണിച്ചിട്ടുണ്ട്. അസമിൽ നിന്നുള്ള ഇന്ത്യൻ ബോക്സർ ലോവ്‌ലിന ബോർഗോഹെയ്‌ൻ ഉൾപ്പെടെ ടോക്കിയോ ഒളിംപിക്‌സ് പ്രത്യേകം കവർ ചെയ്യുകയുണ്ടായി. അത് തന്റെ ഏറ്റവും അഭിമാനകരമായ നിമിഷങ്ങളിലൊന്നാണെന്നാണ് അവർ വിശേഷിപ്പിച്ചത്. ഗീതികയ്‌ക്ക് പാത ഒരിക്കലും എളുപ്പമായിരുന്നില്ല. സ്പോർട്സ് ജേണലിസത്തിന്റെ അപകടസാധ്യതകളെക്കുറിച്ച് ബന്ധുക്കൾ അമ്മയ്ക്ക് മുന്നറിയിപ്പ് നൽകി, സ്ത്രീകൾ ഈ മേഖലയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പലരും പരസ്യമായി ചോദ്യം ചെയ്തു. എന്നിട്ടും ലോകമെമ്പാടുമുള്ള സ്റ്റേഡിയങ്ങളിലും കായിക മത്സരങ്ങളിലും അവർ പ്രത്യക്ഷപ്പെട്ടു. വർഷങ്ങളായി പുരുഷന്മാരും വലിയ ഏജൻസികളും ആധിപത്യം പുലർത്തുന്ന വ്യവസായത്തിലെ തടസ്സങ്ങൾ പതുക്കെ തകർത്തു.
പ്രാതിനിധ്യം കുറഞ്ഞ അത്‌ലറ്റുകൾക്കും സമൂഹങ്ങൾക്കും നൽകിയ ദൃശ്യപരത
വനിതാ ഫുട്ബോൾ ടൂർണമെന്റുകളിൽനിന്നും ഒളിംപിക് ഇവന്റുകളിൽ നിന്നുമുള്ള ഫോട്ടോകൾ പ്രാതിനിധ്യം കുറഞ്ഞ അത്‌ലറ്റുകൾക്കും സമൂഹങ്ങൾക്കും ദൃശ്യപരത നൽകിയതിന് പ്രശംസിക്കപ്പെട്ടിട്ടുമുണ്ട്. വടക്കുകിഴക്കൻ ഇന്ത്യ പോലുള്ള പ്രദേശങ്ങളിൽ നിന്നുള്ള പ്രതിഭകൾക്ക് പ്രാദേശിക സ്വത്വമോ സാംസ്കാരിക വേരുകളോ ഉപേക്ഷിക്കാതെ അന്താരാഷ്ട്ര പ്രാധാന്യം നേടാൻ കഴിയുമെന്ന ശക്തമായ സന്ദേശം ആ വിജയം നൽകുന്നുണ്ടെന്ന് സോഷ്യൽ മീഡിയയിലുടനീളം ശുഭപ്രതീക്ഷ പടർന്നിട്ടുണ്ട്. മാധ്യമങ്ങളിലെ പ്രാതിനിധ്യം പൊതുഭാവന രൂപപ്പെടുത്തുന്നതിനാൽ അത് പ്രധാനം. ചരിത്രപരമായി അവഗണിക്കപ്പെട്ട പ്രദേശങ്ങളിൽ നിന്നുള്ള സ്ത്രീകൾ ആത്മവിശ്വാസത്തോടും വിശ്വാസ്യതയോടെയും അന്താരാഷ്ട്ര ഇടങ്ങൾ കീഴടക്കുമ്പോൾ മറ്റുള്ളവർക്ക് പിന്തുടരാനുള്ള വഴികൾ വെട്ടിത്തെളിക്കുകയാണ്. കഴിവുകളുടെ അഭാവം കൊണ്ടല്ല, മറിച്ച് അസമമായ പ്രവേശനവും അവസരവും കാരണം വൈവിധ്യം പരിമിതപ്പെടുത്തിയിരിക്കുന്ന സ്പോർട്സ് ജേണലിസം, ഫോട്ടോഗ്രഫി, വിഷ്വൽ സ്റ്റോറിടെല്ലിങ് മേഖലകളിൽ കരിയർ പരിഗണിക്കാൻ കൂടുതൽ യുവതികളെ ഗീതികയുടെ വിജയം നിശ്‌ചയമായും പ്രേരിപ്പിക്കും. പരമ്പരാഗത പാതകൾ പിന്തുടരുന്നതിനുപകരം ഈ താൽപ്പര്യങ്ങൾ സംയോജിപ്പിച്ച് സ്പോർട്സ് ജേണലിസത്തിൽ കരിയർ കെട്ടിപ്പടുക്കാൻ തീരുമാനിച്ച് പരിചയസമ്പന്നരായ പ്രൊഫഷണലുകൾ പൊതുവെ ആധിപത്യം പുലർത്തുന്ന ഉയർന്ന മത്സരാധിഷ്ഠിത വ്യവസായത്തിൽ സ്വയം സ്ഥാപിക്കാൻ അതുല്യമായ കാഴ്ചപ്പാടും സമർപ്പണവും അവർക്ക് സഹായകമായി. പ്രാദേശിക മാധ്യമ പ്ലാറ്റ്‌ഫോമുകളിൽ സംഭാവന നൽകുന്നതിനിടയിലാണ് ഗീതിക ഫോട്ടോ ന്യൂസ് ഏജൻസിയിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ചത്. തുടക്കത്തിൽ വിവിധ അസൈൻമെന്റുകൾ കൈകാര്യം ചെയ്തിരുന്ന അവർ ക്രമേണ സ്പോർട്സ് ജേണലിസത്തിലേക്കും സ്പോർട്സ് ഫോട്ടോഗ്രഫിയിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ചു. വികാരങ്ങൾ, ആഘോഷങ്ങൾ, സമ്മർദ്ദം നിറഞ്ഞ നിമിഷങ്ങൾ, കായിക ജീവിതത്തിലെ നിർണായക ഓർമകൾ എന്നിവ പകർത്താനുള്ള കഴിവ് പ്രശസ്തിയിലേക്കുയർത്തി. പരമ്പരാഗത ഫോട്ടോഗ്രഫിയിൽ നിന്ന് വ്യത്യസ്തമായി സ്പോർട്സിൽ അതിവേഗത്തിലുള്ള പ്രതികരണശേഷി, സാങ്കേതിക വൈദഗ്ദ്ധ്യം, നിർണായക നിമിഷങ്ങൾ സംഭവിക്കുന്നതിന് മുമ്പ് അവ മുൻകൂട്ടി കാണാനുള്ള കഴിവ് എന്നിവ ആവശ്യമാണ്.വർഷങ്ങളുടെ സമർപ്പണത്തിലൂടെയും ഫീൽഡ് പരിചയത്തിലൂടെയും ഗീതിക ഈ കഴിവുകളിൽ പ്രാവീണ്യം നേടി.







No Comments yet!