ഫ്ലൈറ്റ് അവെയർ റിപ്പോർട്ട് പ്രകാരം ഒരേ സമയം ശരാശരി 9728 വിമാനങ്ങൾ ആകാശത്ത് പറക്കുകയും 1270406 യാത്രികർ സഞ്ചരിക്കുകയും ചെയ്യുന്നുണ്ട്. ലോകത്തിലെ ആദ്യ വാണിജ്യ വിമാനം 1914 ജനുവരി ഒന്നിന് ഫ്ലോറിഡയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽനിന്ന് ആരംഭിച്ച് 30 മിനിറ്റിനുശേഷം 17 കിലോമീറ്റർ മാത്രം അകലെയുള്ള ഫ്ലോറിഡയിലെ ടാമ്പയിൽ ഇറങ്ങി. സാങ്കേതികവിദ്യാ പുരോഗതി ആയിരക്കണക്കിന് കിലോമീറ്ററുകൾ നിർത്താതെ പറക്കൽ സാധ്യമാക്കി. ലോകത്തിലെ ഏറ്റവും സമയം പറക്കുന്ന 10 വിമാനങ്ങളുടെ പട്ടികയിൽ യൂറോപ്പ്, ഏഷ്യ, വടക്കേ അമേരിക്ക, മധ്യപൂർവദേശം എന്നിവിടങ്ങളിലെ ലക്ഷ്യസ്ഥാനങ്ങൾ ഉൾപ്പെടുന്നു. ഏറ്റവും ദൈർഘ്യമേറിയ നോൺ-സ്റ്റോപ്പ് വാണിജ്യ വിമാനം ന്യൂയോർക്ക് മുതൽ സിങ്കപ്പൂർ വരെ. സിങ്കപ്പൂർ എയർലൈൻസ് നടത്തുന്ന അൾട്രാ-ലോങ് യാത്ര 15349 കിലോമീറ്റർ ദൂരം. അത് താണ്ടാൻ പതിനെട്ടേ മുക്കാൽ മണിക്കൂർ. ആ പട്ടികയിൽ രണ്ടാമത്തേതും സിങ്കപ്പൂർ എയർലൈൻസിന്റേതാണ്, ന്യൂവാർക്ക് മുതൽ സിങ്കപ്പൂർ വരെ; ദൂരം 15329 കിലോമീറ്റർ. ഓക്ക്ലൻഡ് മുതൽ ദോഹ വരെ 14526 കിലോമീറ്റർ പറക്കുന്ന ഖത്തർ എയർവേയ്സാണ് മൂന്നാം സ്ഥാനത്ത്. ഈ റൂട്ട് ന്യൂസിലാൻഡിനെ ഖത്തർ തലസ്ഥാനവുമായി ബന്ധിപ്പിക്കുന്നു. അമേരിക്കയിലെ പ്രിൻസ് ജോർജ് കൗണ്ടിയിൽ ആർമി സിഗ്നൽ 1909 ആഗസ്തിൽ തുറന്ന കോളേജ് പാർക്കാണ് ലോകത്തിലെ ഏറ്റവും പഴക്കമേറിയതും തുടർച്ചയായി പ്രവർത്തിക്കുന്നതുമായത്. റൈറ്റ് സഹോദരങ്ങളിൽ മൂത്തയാളായ വിൽബർ റൈറ്റ് ആഗസ്ത് 25 ന് ടൈപ്പ് എ ബൈപ്ലെയിൻ പാട്ടത്തിനെടുത്തു. 1911 ഡിസംബർ മുതൽ സിവിലിയൻ വിമാനങ്ങൾ എത്തി. ഒട്ടേറെ ആദ്യ സംഭവങ്ങൾക്ക് സാക്ഷിയാണ് കോളേജ് പാർക്ക്. പ്രശസ്ത വൈമാനികർക്കും കണ്ടുപിടുത്തക്കാർക്കും പ്രധാനം. 1911- ൽ സൈനിക വ്യോമയാന സ്കൂൾ ആരംഭിച്ചു. 1912 ഒക്ടോബർ ഏഴിന് ബെർണെറ്റ ആഡംസ് മില്ലർ സൈനിക വിമാനം പറത്തിയ ആദ്യ വനിതയായി. 1973- ൽ മേരിലാൻഡ് -നാഷണൽ ക്യാപിറ്റൽ പാർക്ക് ആൻഡ് പ്ലാനിങ് കമ്മീഷൻ വിമാനത്താവളം വാങ്ങി, 1977-ൽ ദേശീയ ചരിത്ര സ്ഥലങ്ങളുടെ രജിസ്റ്ററിൽ ഉൾപ്പെടുത്തി. 1981- ൽ ചെറിയ മ്യൂസിയം സ്ഥാപിച്ചു. തലസ്ഥാനത്തിന് സമീപമായതിനാൽ 2001 സെപ്തംബർ 11- ആക്രമണങ്ങൾക്കുശേഷം ദേശീയ സുരക്ഷ കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കർശനമാക്കി.

ഹാംബർഗും ഫ്രാങ്ക്ഫർട്ടും
1912 ൽ സ്ഥാപിച്ച ഫ്രാങ്ക്ഫർട്ട്(എഫ്ആർഎ) 1992 മെയ് 17 ന് ഉദ്ഘാടനം ചെയ്ത മ്യൂണിക്ക് (എംയുസി)2020 ഒക്ടോബർ 31 ന് തുറന്ന ബെർലിൻ ബ്രാൻഡൻബർഗ്(ബിഇആർ) ഡസ്സൽഡോർഫ്(ഡിയുഎസ്‐1927 ഏപ്രിൽ 19 ) 2016 നവംബർ മുതൽ മുൻ ചാൻസലർ ഹെൽമട്ട് ഷ്മിഡിന്റെ പേരിൽ ഹറിയപ്പെടുന്ന ഹാംബർഗ്‐എച്ച്എഎം (1911) എന്നിവ യൂറോപ്പിലെ ഏറ്റവും വലിയ അഞ്ച് ജർമൻ വ്യോമ ഗതാഗത കേന്ദ്രങ്ങളാണ്. ദിവസം നൂറുകണക്കിന് അന്താരാഷ്ട്ര വിമാനങ്ങൾ, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയ്ക്ക് പ്രശസ്തമായ ഫ്രാങ്ക്ഫർട്ടിന്റെ വ്യാപ്തിക്ക് പിന്നിൽ ദീർഘവും സംഭവബഹുലവുമായ ചരിത്രമുണ്ട്; ലാളിത്യത്തിൽനിന്ന് പ്രതിസന്ധികളിലൂടെ ആഗോള നിലവാരത്തിലേക്ക്. റെബ്സ്റ്റോക്ക് സൈറ്റിൽ ആദ്യ എയർഫീൽഡും; തുടക്കത്തിൽ പ്രധാനമായും സൈനികാവശ്യങ്ങൾക്ക്. 1936- ൽ റെയിൻ- മെയിൻ വിമാനത്താവളം തുറന്നു. ആധുനിക റൺവേകളും സമകാലിക ഹാൻഡ്ലിങ് സൗകര്യങ്ങളും ഉൾപ്പെടെ. രണ്ടാം ലോക യുദ്ധകാലത്ത് സാരമായ കേടുപാടുകൾ സംഭവിക്കുകയും സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയുംചെയ്തു. 1950‐60 കളിൽ യൂറോപ്പിന്റെ സുപ്രധാന കേന്ദ്രമായി. 1990- കൾ തൊട്ട് അന്താരാഷ്ട്ര വ്യോമ ഗതാഗത പാതയായി കുതിച്ചു. നൂതന സാങ്കേതികവിദ്യകൾ, അവിശ്വസനീയമായി ഏറിവന്ന യാത്രക്കാർ, വളർന്നുവരുന്ന ചരക്ക് നീക്കം തുടങ്ങിയവ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ടതാക്കി ഉയർത്തി. ഷോപ്പിങ് ഏരിയകൾ, ഗ്യാസ്ട്രോണമി, ബിസിനസ് ലോഞ്ചുകൾ, ഹോട്ടലുകളും കോൺഫറൻസ് റൂമുകളും, ടെർമിനലുകൾക്കിടയിലുള്ള സ്കൈലൈൻ ട്രെയിൻ എന്നിങ്ങനെ മുന്നേറി. ടെർമിനൽ മൂന്നിന്റെ നിർമാണത്തോടെ വ്യോമയാനത്തിന്റെ ഭാവി ആവശ്യങ്ങളും നിറവേറ്റുന്നു. ഏറെ തിരക്കുള്ള ടെർമിനൽ ഒന്നിലാണ് മിക്ക ദീർഘദൂര അന്താരാഷ്ട്ര വിമാനങ്ങൾ എത്തിച്ചേരുന്നതും പുറപ്പെടുന്നതും. ടെർമിനൽ രണ്ടിൽനിന്നാണ് നോൺ-സ്റ്റാർ അലയൻസ് എയർലൈനുകളും മറ്റ് നിരവധി അന്താരാഷ്ട്ര കാരിയറുകളും കൈകാര്യം ചെയ്യുക. 125 ലക്ഷ്യസ്ഥാനങ്ങളിൽ നിന്നുള്ള ലുഫ്താൻസ, സ്വിസ്, എയർ ഫ്രാൻസ്, എമിറേറ്റ്സ്, ബ്രിട്ടീഷ് എയർവേയ്സ് തുടങ്ങിയ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട് ഹാംബർഗിൽ.
ജുഹു എയറോഡ്രോം അഥവാ വൈൽ പാർലെ ഏവിയേഷൻ ക്ലബ്
1928-ൽ സ്ഥാപിതമായ മുംബൈയിലെ ജുഹു എയറോഡ്രോം (വൈൽ പാർലെ ഏവിയേഷൻ ക്ലബ്) ആണ് ഇന്ത്യയിലെ ആദ്യത്തേത്. വ്യോമയാനത്തിനും 1932-ൽ ജെആർഡി ടാറ്റയുടെ ചരിത്രപ്രസിദ്ധമായ വിമാന സർവീസിനും പ്രാഥമിക താവളമായിരുന്ന അതിൽ 1932 ഒക്ടോബറിൽ അദ്ദേഹം കറാച്ചിയിൽനിന്നുള്ള മെയിലുകൾ വഹിച്ച് പുസ് മോത്ത് വിമാനം ഇറക്കി ടാറ്റ എയർലൈൻസിന് (പിന്നീട് എയർ ഇന്ത്യ) അടിത്തറ പാകി. വാണിജ്യ പ്രവർത്തനങ്ങൾ പുതുതായി നിർമിച്ച സാന്താക്രൂസിലേക്ക് (ഇപ്പോൾ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം) മാറി. രണ്ടാം ലോക യുദ്ധ വേളയിൽ ജുഹു നിർണായക പങ്ക് വഹിച്ചിരുന്നു, മുംബൈയിൽ നിന്ന് ആരംഭിച്ച സൈനിക പ്രവർത്തനങ്ങൾക്കുള്ള പ്രാഥമിക താവളമായി. കേരളത്തിലെ ആദ്യ വിമാനത്താവളം 1932-ൽ തിരുവനന്തപുരത്ത് സ്ഥാപിക്കപ്പെട്ടു. 1991-ൽ അന്താരാഷ്ട്ര പദവിയിലെത്തി. സൗദി അറേബ്യയിലെ ദമ്മാമിനടുത്ത കിങ് ഫഹദാണ് വിസ്തീർണത്തിൽ മുന്നിൽ; 192000 ഏക്കർ. ന്യൂയോർക്ക് പട്ടണത്തിന്റെ വലുപ്പം. ഗിന്നസ് വേൾഡ് റെക്കോർഡ്സ് എടുത്തുകാണിച്ചതുപോലെ മൂന്ന് വിമാനത്താവളങ്ങളുള്ള അയൽരാജ്യമായ ബഹ്റൈനെക്കാൾ വലുതാണ് കിങ് ഫഹദ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എയർ ട്രാഫിക് കൺട്രോൾ ടവറും സൗദിയിൽ. ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളത്തിലെ ടവറിന്റെ ഉയരം 136 മീറ്റർ. 2017 ൽ മലേഷ്യയിലെ കോലാലംപൂരിലേതിനെ മറികടന്നു. ഹജ്ജ് തീർത്ഥാടന വേളയിൽ കിങ് അബ്ദുൽ അസീസ് ഒരേ സമയം 80000 യാത്രക്കാരെ കൈകാര്യം ചെയ്യും. ലോകത്തിലെ ഏറ്റവും വിദൂര വിമാനത്താവളം ചിലിയുടെ പടിഞ്ഞാറൻ തീരത്തുനിന്ന് 3559 കിലോമീറ്റർ അകലെ പസഫിക് സമുദ്രത്തിലെ ഈസ്റ്റർ ദ്വീപിലെ മാറ്റവേരി. ഉയരം കൂടിയതാവട്ടെ ബൊളീവിയയിലെ എൽ ആൾട്ടോ, സമുദ്രനിരപ്പിൽ നിന്ന് 4061 മീറ്റർ ഉയരത്തിൽ. ഏറ്റവും കൂടുതൽ റൺവേകളുള്ളത് അമേരിക്കയിലെ ടെക്സസിലെ ഡാളസ് ഫോർട്ട് വർത്തിലാണ്‐ഏഴ്.
എയർപോർട്ടുകളില്ല അഞ്ച് രാജ്യങ്ങൾക്ക്
അൻഡോറ, ലിച്ചെൻസ്റ്റൈൻ, മൊണാക്കോ, സാൻ മറീനോ, വത്തിക്കാൻ സിറ്റി എന്നീ അഞ്ച് യൂറോപ്യൻ രാജ്യങ്ങൾക്ക് വിമാനത്താവളങ്ങളില്ല. എന്നാൽ യാത്രക്കാരെ ഏറ്റവും അടുത്ത എയർപോർട്ടുകളുമായി ബന്ധിപ്പിക്കുന്ന ഹെലിപോർട്ടുകളുണ്ട്. അൻഡോറയിലെ ഉയർന്ന പർവതങ്ങൾ റൺവേയ്ക്ക് അനുയോജ്യമല്ല. സന്ദർശകർ സ്പെയിനിലേക്കോ ഫ്രാൻസിലേക്കോ (ബാഴ്സലോണ, ടുലൗസ് പോലുള്ളവ) പറന്ന് പൈറനീസ് പർവതനിരകളിലൂടെ മൂന്ന് മണിക്കൂർ വാഹനമോടിക്കും. വിമാനത്താവളത്തിന് സ്ഥലമില്ലാത്ത ലിച്ചെൻസ്റ്റൈന് ബാൽസേഴ്സിൽ കൊച്ച് ഹെലിപോർട്ടുണ്ട്. മിക്ക യാത്രക്കാരും സ്വിറ്റ്സർലൻഡിലെ സൂറിച്ചിലേക്ക് പറന്ന് ട്രെയിനിലോ ബസിലോ സഞ്ചരിക്കും. തീരദേശത്തെ തിരക്കേറിയ നഗര-സംസ്ഥാനമായ മൊണാക്കോയ്ക്ക് പെട്ടെന്നുള്ള യാത്രാമാർഗങ്ങൾക്കായി ഹെലിപോർട്ടുണ്ട്, വാണിജ്യ വിമാനങ്ങൾക്ക് ഫ്രാൻസിന്റെ അതിർത്തിക്കപ്പുറത്തെ നൈസ് കോട്ട് ഡി അസൂറാണ് ആശ്രയം. പൂർണമായും ഇറ്റലിയാൽ ചുറ്റപ്പെട്ട പഴയ റിപ്പബ്ലിക്കായ സാൻ മറിനോയുടെ സഞ്ചാരങ്ങൾ റിമിനിയിലെ ഫെഡറിക്കോ ഫെല്ലിനി വിമാനത്താവളം കേന്ദ്രീകരിക്കും. ഭൂമിയിലെ ഏറ്റവും ചെറിയ രാജ്യമായതിനാൽ വത്തിക്കാൻ സിറ്റി (വിസ്തീർണം 0.49 ചതുരശ്ര കിലോമീറ്റർ. അല്ലെങ്കിൽ 49 ഹെക്ടർ) യിൽ റൺവേയ്ക്ക് സ്ഥലമില്ല. ഉദ്യോഗസ്ഥർക്കായി ചെറിയ ഹെലിപോർട്ടുണ്ട്. പതിവ് സന്ദർശകർ റോമിലെ വലിയ ഇറ്റാലിയൻ വിമാനത്താവളങ്ങൾ ലക്ഷ്യംവെക്കുന്നു.
പലസ്തീനിൽ നാല് വിമാനത്താവളങ്ങളുണ്ടായിരുന്നെങ്കിലും ഇസ്രയേൽ അതിക്രമങ്ങളെ തുടർന്ന് ഒന്നും പ്രവർത്തനക്ഷമമല്ല. റഫ (യാസർ അറഫാത്ത് അന്താരാഷ്ട്ര വിമാനത്താവളം) ഖാൻ യൂനിസ് (ഗുഷ് കത്തീഫ്) റാമല്ല(ജറുസലേം അറ്റാറോട്ട്) രണ്ടാം ലോക യുദ്ധാനന്തരം നിലച്ചുപോയ ജെനിൻ (-മുഖീബിൾ എയർഫീൽഡ്) പട്ടണങ്ങളിൽ ഹെലിപോർട്ടുകൾ മാത്രം. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ വിമാനത്താവളങ്ങൾ‐ 15873. 4919 എണ്ണവുമായി ബ്രസീൽ രണ്ടാമത്. രാജ്യത്തിന്റെ വലിപ്പമാണ് ആ വർധനവിന് കാരണം. ഇന്ത്യയിൽ അന്താരാഷ്ട്ര പദവിയുള്ള 35 ഉൾപ്പെടെ 160. എസ്റ്റോണിയൻ വിമാനത്താവളത്തിൽ കൂറ്റൻ ലൈബ്രറിയുണ്ട്, യാത്രാപുസ്തകങ്ങളാണ് ഏറെ. മെക്സിക്കോയിലെ ടിജുവാന രണ്ട് രാജ്യങ്ങളിൽ ടെർമിനലുകളുള്ള ഏക വിമാനത്താവളമാണ്; മെക്സിക്കോയിലും അമേരിക്കയിലും. ബ്രാറ്റിസ്ലാവ നാല് രാജ്യങ്ങൾക്ക് സേവനം നൽകുന്നു. ബ്രണോ (ചെക്ക് റിപ്പബ്ലിക്), ബ്രാറ്റിസ്ലാവ (സ്ലൊവാക്യ), വിയന്ന (ഓസ്ട്രിയ), ഗ്യോർ (ഹംഗറി). ഇവിടങ്ങളിൽ ഒരു മണിക്കൂർ ദൂരത്തിലാണ് അവയെല്ലാം. വിമാന ഭക്ഷണത്തിന്റെ രുചി മങ്ങിയതാവാൻ കാരണം പാചകപ്പിഴവ് മാത്രമല്ല. ക്രൂയിസ് ഉയരത്തിൽ ഈർപ്പം ഗണ്യമായി കുറയുകയും ക്യാബിനിൽ സമ്മർദ്ദം വർധിപ്പിക്കുകയും ചെയ്യുന്നതിനാൽ മധുരവും ഉപ്പും കലർന്ന രുചികൾ ആസ്വദിക്കാനുള്ള കഴിവ് 30 ശതമാനംവരെ കുറയ്ക്കുന്നുവെന്നാണ് പഠനം. അടിസ്ഥാന ടിക്കറ്റ് നിരക്കുകളിൽ എയർലൈനുകൾക്ക് പലപ്പോഴും ലാഭമുണ്ടാവാറില്ല. അനുബന്ധങ്ങളായ ബാഗേജ് ഫീസ്, സീറ്റ് തിരഞ്ഞെടുക്കൽ, അപ്ഗ്രേഡുകൾ, ഭക്ഷണം, ലോഞ്ച് പാസുകൾ, ക്രെഡിറ്റ് കാർഡ് പ്രോഗ്രാമുകൾ തുടങ്ങിയവയവണ് നേട്ടമുണ്ടാക്കുന്നത്.
‘സഞ്ചാരിയുടെ കാഴ്ചപ്പാട്’ ബ്രയാൻ ഷായുടെ കുറിപ്പ്
‘ലോകത്തിലെ ഏറ്റവും മികച്ച 10 വിമാനത്താവളങ്ങൾ: ഒരു സഞ്ചാരിയുടെ കാഴ്ചപ്പാട്’ എന്ന കുറിപ്പിൽ അമേരിക്കയിൽ ജെൻസൻ ബീച്ച് ആസ്ഥാനമായ എസ്ടിഎസ് ഏവിയേഷൻ ഗ്രൂപ്പ് ചീഫ് മാർക്കറ്റിങ് ഓഫീസർ ബ്രയാൻ ഷായുടെ ആമുഖം ഇങ്ങനെയാണ്: തൊഴിൽപരമായി യാത്ര ആവശ്യകതയെക്കാൾ കൂടുതലാണ്, ജീവിതശൈലിയാണത്. ലോകമെമ്പാടുമുള്ള വിമാനത്താവളങ്ങളിൽ എണ്ണമറ്റ മണിക്കൂറുകൾ ചെലവഴിച്ചിട്ടുണ്ട്, ടെർമിനലുകൾ നാവിഗേറ്റുചെയ്തും ലോഞ്ചുകൾ പരീക്ഷിച്ചും പ്രവർത്തന രീതികളിലെ അവിശ്വസനീയ വൈവിധ്യങ്ങൾ മനസിലാക്കി. ഏറ്റവും മികച്ചത്, മോശവും കണ്ടിട്ടുണ്ട്. ചിലവ യാത്രാനുഭവം സാധാരണയെക്കാൾ അവിസ്മരണീയമാക്കി. തുടർന്ന് 10 പ്രധാന വിമാനത്താവളങ്ങൾ പട്ടികപ്പെടുത്തി. ദോഹയിലെ ഹമദ്, സിങ്കപ്പൂരിലെ ചാംഗി, തെക്കൻ കൊറിയയിലെ ഇഞ്ചിയോൺ, ടോക്കിയോയിലെ ഹനേഡ, തുർക്കിയിലെ ഇസ്താംബുൾ, ദുബായ്, ജർമനിയിലെ മ്യൂണിക്ക്, സ്വിറ്റ്സർലൻഡിലെ സൂറിച്ച്, ജപ്പാൻ ഒസാക്കയിലെ കൻസായി, ഹോങ്കോങ് എന്നിവ. ചാംഗിയുടെ ആകർഷണങ്ങളായ മനോഹരമായ വെള്ളച്ചാട്ടവും പ്രകൃതിദത്ത പാതയും ആയിരത്തിലധികം ഉഷ്ണമേഖലാ ഇനങ്ങളുള്ള ലോകത്തിലെ ആദ്യ ചിത്രശലഭ ഉദ്യാനവും ഞാനും ആസ്വദിക്കുകയുണ്ടായി. ഹോങ്കോങ്ങിൽ ടെർമിനൽ രണ്ടിനോട് ചേർന്ന് ഒമ്പത് ഹോളുകളുള്ള ഗോൾഫ് കോഴ്സും 350 സീറ്റുകളുള്ള ഐമാക്സ് തിയേറ്ററുമുണ്ട്. ബ്രയാൻ ഷായുടെ ആ നോട്ടം ഞാനും സുഹൃത്ത് എംടിപി അഷറഫും ഒരു ചൈനാ യാത്രക്കിടെ പിന്തുടർന്നിരുന്നു. വിമാനത്താവളങ്ങളിൽ താമസിക്കുന്ന ഒരാളെന്ന നിലയിൽ പട്ടിക ഏറ്റവും മികച്ചവയെക്കുറിച്ചുള്ള ആദരവാണെന്നും അദ്ദേഹം എഴുതി. ഓരോന്നും അതിന്റേതായ രീതിയിൽ മുന്തിയവ; ആഡംബരത്തിന് ഹമദ്, അനുഭവങ്ങൾക്ക് ചാംഗി, കാര്യക്ഷമ സേവനങ്ങൾക്ക് ഹനേഡ. ആത്യന്തികമായി മികച്ചവ ഏതൊക്കെയെന്നത് യാത്രികനെന്നനിലയിൽ ഏറ്റവും വിലമതിക്കുന്ന കാര്യങ്ങൾ ആശ്രയിച്ചിരിക്കുന്നു; സുഖം, സംസ്കാരം, സൗകര്യം. ഒരു കാര്യം ഉറപ്പാണ്. ആകാശത്തേക്ക് പറക്കുക എന്നതിനർഥം ഈ വിമാനത്താവളങ്ങൾ പുനർനിർവചിക്കുന്നുവെന്നും ബ്രയാൻ ഷാ വിശദീകരിച്ചു.

സ്കൈട്രാക്സ് വേൾഡ് എയർപോർട്ട് വിലയിരുത്തൽ പ്രകാരം യാത്രക്കാരുടെ സംതൃപ്തിയും സൗകര്യങ്ങളും കണക്കാക്കിയാൽ ഏറ്റവും മുൻനിരയിൽ ചാംഗി. 14 പ്രാവശ്യം ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടി, മികച്ച ഡൈനിങ്, പൂന്തോട്ടങ്ങൾ, ഇമിഗ്രേഷൻ കാര്യക്ഷമത, ശുചിത്വം, ദീർഘദൃഷ്ടിയുള്ള ടെർമിനൽ രൂപകൽപ്പന എന്നിവയ്ക്ക് പേരുകേട്ടതാണത്. ഷോപ്പിങ് ഓപ്ഷനുകൾ ധാരാളം. വ്യത്യസ്ത ഭക്ഷണങ്ങളുടെ വൻ ശേഖരം, താമസം ആഡംബരത്തിന്റെ കൊടുമുടിയിലാക്കാൻ ജിമ്മുകളും നീന്തൽക്കുളവും. 1998 മുതൽ ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം അമേരിക്കയിലെ ഹാർട്ട്സ്ഫീൽഡ്-ജാക്സൺ അറ്റ്ലാന്റ. 10 കോടി യാത്രക്കാർ കടന്നുപോയ ഒരേയൊരു എയർപോർട്. ഏറ്റവും മോശമായി റാങ്ക് ചെയ്യപ്പെട്ടിരിക്കുന്നത് ടുണീഷ്യൻ തലസ്ഥാനമായ ടുണീസിൽനിന്ന് എട്ട് കിലോമീറ്റർ വടക്കുകിഴക്കായുള്ള ടുണീഷ്യ-‐കാർത്തേജ. കൃത്യനിഷ്ഠയിലും യാത്രക്കാരുടെ തൃപ്തിയിലും താഴ്ന്ന സ്ഥാനം, സമയംപാലിക്കൽ 53 ശതമാനം മാത്രം. കടുത്ത കാലതാമസവും തിരക്കും ലഗേജ് വൈകലും കാരണം ബുദ്ധിമുട്ടുന്ന അമേരിക്കയിലെ ഏറ്റവും പഴക്കമേറിയതും തിരക്കേറിയതുമായ ന്യൂവാർക്ക് ലിബർട്ടിയും പോർട്ടേല എയർപോർട്ട് എന്നറിയപ്പെടുന്ന പോർച്ചുഗലിലെ ലിസ്ബൺ ഹംബർട്ടോ ഡെൽഗാഡോയും സമാനം. അതേ നിലവാരത്തിലാണ് മൊറോക്കോയിലെ കാസബ്ലാങ്കയും റോമിനും മെട്രോപൊളിറ്റൻ പ്രദേശത്തിനും വത്തിക്കാൻ സിറ്റിക്കും ലാസിയോ മേഖലയ്ക്കും സേവനം നൽകുന്ന റോം-സിയാംപിനോ ജിബി പാസ്റ്റൈനും.
തിങ്കൾ മുതൽ വെള്ളിവരെ ഏതാനും മണിക്കൂറുകളേ തുറന്നിരിക്കൂ
സ്കോട്ട്ലൻഡിലെ ബാര ദ്വീപിലെ വിമാനത്താവളം ഏറെ പ്രത്യേകതകൾ നിറഞ്ഞത്. തിങ്കൾ മുതൽ വെള്ളിവരെ ഏതാനും മണിക്കൂറുകളേ തുറന്നിരിക്കൂ. റൺവേ നിർമിതി മണലിൽ. ലാൻഡിങ് വേലിയേറ്റത്തെ ആശ്രയിച്ചതിനാൽ എത്തിച്ചേരൽ സമയത്തിന് ഇളവുണ്ടാവും. ഏറ്റവും കൊച്ചുറൺവേ കരീബിയൻ ദ്വീപിലെ സാബയിലാണ്; 400 മീറ്റർ. സെന്റ് മാർട്ടിൻ ഏറെ ചെറുതായതിനാൽ (88 ചതുരശ്ര കിലോമീറ്റർ) റൺവേ മഹോ ബീച്ചിൽനിന്ന് നടക്കാവുന്ന ദൂരത്തിലും. നീന്തുകയും കരയിൽ വിശ്രമിക്കുകയും ചെയ്യുന്നവർക്ക് തൊട്ടുമുകളിലൂടെ വിമാനങ്ങൾ പറക്കുന്നു, സ്പർശിക്കാൻ പോലുമാവുന്ന ഉയരത്തിലെന്ന് ഭംഗ്യന്തരേണ പറയാം. 2013- ൽ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ തുറന്ന ഡബ്ബ-യാർഡെങ് ഏറ്റവും ഉയരം കൂടിയതാണ്; 4400 മീറ്ററിലേറെ. അതിനാൽ തലകറക്കത്തിനും മറ്റ് ആൾട്ടിറ്റ്യൂഡ് സിക്ക്നെസ് ലക്ഷണങ്ങൾക്കും കാരണമാകുമെന്ന് മുന്നറിയിപ്പ് നൽകുന്നു.
അടുത്തിടെ ഒരു വീഡിയോ കാണാനിടയായി. ബാഗേജുകൾ കൈകാര്യം ചെയ്യുന്നതിലെ അലസതയും നിരുത്തരവാദവുമായിരുന്നു അതിൽ. നേപ്പാളിൽ ടെൻസിങ്-‐ഹിലാരി വിമാനത്താവള (ലുക്ല എന്നും അറിയപ്പെടുന്നു) ബെൽറ്റിലൂടെ ഒഴുകുന്ന പെട്ടികൾ പലതും തുറന്ന നിലയിൽ. എന്നാൽ ചൈനയിലെ ബീജിങ് ക്യാപിറ്റൽ ഇന്റർനാഷണൽ എയർപോർട്ടിൽ ജീവനക്കാരികൾ അവ തുണികൊണ്ട് തുടച്ച് വൃത്തിയാക്കുന്നു. ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങളിലൊന്നായി ടെൻസിങ്-‐ഹിലാരി കണക്കാക്കപ്പെടുന്നു. അവിശ്വസനീയമാംവിധം ചെറിയ റൺവേയ്ക്ക് പുറമേ – വളരെ കുത്തനെ അവസാനിക്കുന്ന അത് – പലപ്പോഴും വെല്ലുവിളി നിറഞ്ഞതും പ്രവചനാതീതവുമായ കാലാവസ്ഥയാൽ ബുദ്ധിമുട്ടുന്നു. പിന്നെ ആളുകൾ ഇപ്പോഴും പറക്കാൻ എന്തുകൊണ്ട് ആഗ്രഹിക്കുന്നു?. കാരണം എവറസ്റ്റിലേക്കുള്ള കവാടമാണത്. സമുദ്രനിരപ്പിൽനിന്ന് 2900 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന അവിടെയാണ് പലരും കൊടുമുടിയിലേക്കുള്ള ട്രെക്കിങ് തുടങ്ങുക. ഒരു അഹമ്മദാബാദ്‐ മംഗലൂരു യാത്രയിലെ അനുഭവം എനിക്കിപ്പോഴും പേടിസ്വപ്നമാണ്. കൈയിൽ അനുവദിക്കേണ്ട ഭാരമേ ബാഗിനുണ്ടായുള്ളൂ. അതിനാൽ പണപേഴ്സും അതിൽ വെക്കുകയുണ്ടായി. ജീവനക്കാരി നിർബന്ധിച്ച് ബാഗേജിൽ ഇടുവിപ്പിച്ചു. മംഗലൂുവിൽ ഇറങ്ങിയപ്പോഴേക്കും 12000 രൂപയും സുഹൃത്ത് ഭാര്യയ്ക്ക് സമ്മാനമായി തന്നയച്ച സാരിയും കുട്ടികൾക്ക് വാങ്ങിത്തന്ന ഗുജറാത്തി മധുരപലഹാരങ്ങളും നഷ്ടമായി. ഏവിയേഷൻ വകുപ്പിൽ വിളിച്ചിട്ടും കൈമലർത്തുകയായിരുന്നു. ലഗേജ് കൈകാര്യം ചെയ്യുന്നതിലെ ഏറ്റവും മോശം വിമാനത്താവളങ്ങളിൽ ഓർലാൻ,ഡോ. ജോൺ എഫ് കെന്നഡി, പാം ബീച്ച് (മൂന്നും അമേരിക്ക), മാഡ്രിഡ്–ബരാജാസ്, പാൽമ ഡി മല്ലോർക്ക,ബാഴ്സലോണ-എൽ പ്രാറ്റ്(സ്പെയിൻ), ലിസ്ബൺ ഹംബർട്ടോ ഡെൽഗാഡോ (പോർച്ചുഗൽ), പാരീസ് ഓർലി (ഫ്രാൻസ്) എന്നിവ ആദ്യ സ്ഥാനങ്ങളിൽ. രണ്ട് വർഷത്തിനിടെ അമേരിക്കൻ വിമാനങ്ങൾ 50 ലക്ഷത്തിലേറെ ലഗേജുകൾ നഷ്ടപ്പെടുത്തുകയോ തെറ്റായി കൈകാര്യം ചെയ്യുകയോ ഉണ്ടായി. ലാസ് വെഗാസിലെ ഹാരി റീഡ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യാത്രക്കാരുടെ സ്വത്തുമായി ബന്ധപ്പെട്ട പരാതികളുടെ ഏറ്റവും ഉയർന്ന നിരക്ക്. ഡിസംബർ‐ ജനുവരി മാസങ്ങൾ ഉൾപ്പെടുന്ന തിരക്കേറിയ (പലപ്പോഴും മഞ്ഞുവീഴ്ചയുള്ള) അവധിക്കാല യാത്രാ സീസണാണ് മോശം സമയം. എയർലൈൻസ് ഫോർ ലോസ്റ്റ് ആൻഡ് ഡാമേജ്ഡ് ലഗേജ് റിപ്പോർട്ട് സമാഹരിക്കുന്നതിന് ട്രാൻസ്പോർട്ടേഷൻ സെക്യൂരിറ്റി അഡ്മിനിസ്ട്രേഷൻ ഡാറ്റ ഉപയോഗിച്ച് അമേരിക്കയിലെ ഏറ്റവും തിരക്കേറിയ 100 വിമാനത്താവളങ്ങൾ താരതമ്യംചെയ്തു. ആ ഡാറ്റയിൽ 100000 ആഭ്യന്തര യാത്രക്കാർക്ക് സ്വത്ത് നഷ്ടപ്പെട്ടതിന്റെ ക്ലെയിമുകളുടെ എണ്ണവും ഉൾപ്പെടുന്നു; ജോൺ എഫ് കെന്നഡി, മിയാമി, ലോസ് ഏഞ്ചൽസ്, നോർഫോക്ക്, ഫോർട്ട് ലോഡർഡെയ്ൽ-, ബോസ്റ്റൺ ലോഗൻ, ഹാരി റീഡ് ലാസ് വെഗാസ്, ന്യൂവാർക്ക് ലിബർട്ടി, ന്യൂവാർക്ക് ന്യൂജേഴ്സി, ഡാനിയേൽ കെ ഇനോയ്, ഡള്ളസ് തുടങ്ങിയവയും കുപ്രസിദ്ധം.

കോലാലംപൂർ‐ ജക്കാർത്ത കൊളംബോ അനുഭവങ്ങൾ
കോലാലംപൂർ അന്താരാഷ്ട്ര വിമാനത്താവളം (കെഎൽഐഎ) ഗുരുതരമായ അപര്യാപ്തതകൾ നേരിടുന്നു, പ്രത്യേകിച്ച്ആവർത്തിച്ചുള്ള ബാഗേജ് ഹാൻഡ്ലിങ് സിസ്റ്റം പരാജയങ്ങൾ, ദീർഘകാല വിമാന തടസ്സങ്ങൾ, സുഗമമായ ടെർമിനൽ-‐ടു-ടെർമിനൽ ട്രാൻസ്ഫർ ഡിസൈനുകളുടെ അഭാവം. ഓട്ടോമേറ്റഡ് പീപ്പിൾ മൂവർ സിസ്റ്റം തുടർച്ചയായ സാങ്കേതിക പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. അത് യാത്രക്കാരെ കാൽനടയായി ട്രാക്കുകളിൽ സഞ്ചരിക്കാൻ നിർബന്ധിതരാക്കുകയും ആധുനികവൽക്കരണ പദ്ധതികളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. പലപ്പോഴും ഇമിഗ്രേഷൻ ക്ലിയർ ചെയ്യുകയും ബാഗുകൾ ശേഖരിക്കുകയും ഇതര ടെർമിനലിൽ വീണ്ടും ചെക്ക് ഇൻ ചെയ്യുകയും വേണം. യാത്രക്കാരുടെ പെരുപ്പം കാലഹരണപ്പെടുന്ന അടിസ്ഥാന സൗകര്യങ്ങളിൽ വലിയ സമ്മർദ്ദം ചെലുത്തുന്നു. ഒരുകാലത്ത് ദേശീയാഭിമാനത്തിന്റെ ഉറവിടമായിരുന്ന കെഎൽഐഎ ആസൂത്രണം, അറ്റകുറ്റപ്പണി, മാനേജ്മെന്റ് എന്നിവയിൽ വിള്ളലുകൾ കാണിക്കുന്നു. ആഗമന ഹാളുകൾ പ്രത്യേകിച്ച് വിദേശ സന്ദർശകർക്കുള്ള ഇമിഗ്രേഷൻ കൗണ്ടറുകൾ നീണ്ട ക്യൂവിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ടെർമിനൽ ഒന്നിൽ പ്രധാന ടെർമിനലിനെ ഉപഗ്രഹ കെട്ടിടവുമായി ബന്ധിപ്പിക്കുന്ന എയറോട്രെയിൻ മറ്റൊരു ദുർബലമായ പോയിന്റായി മാറിയിരിക്കയാണ്. 2025 ആഗസ്ത് 27 മുതൽ 31 വരെ രാവിലെ ഒന്പത്‐പത്തര സമയത്ത് വ്യോമാതിർത്തി അടച്ചിട്ടത് പ്രവർത്തനങ്ങൾ എത്ര ദുർബലമാണെന്ന് എടുത്തുകാണിച്ചു. വൈദ്യുതി തടസ്സങ്ങളും അലട്ടുന്നു. യാത്രക്കാർ കുറഞ്ഞത് നാല് മണിക്കൂർ മുമ്പെങ്കിലും എത്തണമെന്ന് നിർദ്ദേശിച്ചു. യഥാർഥ പരാജയം രൂപകൽപ്പനയിലാണ്. ആഭ്യന്തര‐ അന്തർദേശീയ സർവീസുകളെ ആശ്രയിക്കുന്നവർ ഇമിഗ്രേഷൻ വഴി പുറത്തുകടന്ന് ബാഗേജ് തിരികെയെടുത്ത് മറ്റ് ടെർമിനലിൽ വീണ്ടും ചെക്ക്-ഇൻ ചെയ്യണം. വിമാനത്താവളത്തെക്കാൾ ഷോപ്പിങ്മാൾ പോലെയാണ് രൂപകൽപ്പന, നീണ്ട റീട്ടെയിൽ സ്ഥലങ്ങളും യാത്രക്കാർക്ക് ഇടുങ്ങിയ ഇടനാഴികളും മാത്രമേയുള്ളൂ. ചെക്ക് ഇൻ ചെയ്തുകഴിഞ്ഞാൽ ഡിപ്പാർച്ചർ ഗേറ്റുകളിൽ എത്താൻ അനാവശ്യമായി ദീർഘയാത്ര നടത്തേണ്ടിവരും. ഒരു മഴക്കാലത്ത് ചെളിവെള്ളം കെട്ടിനിന്ന പാതവഴി ഇടുങ്ങിയ ഗേറ്റിലെത്തിയത് എനിക്ക് മറക്കാനാവില്ല.

സുരക്ഷാ മേഖലയിലാകെ ഗുരുതര അപര്യാപ്തതകൾ
ധാക്കയിലെ ഹസ്രത്ത് ഷാജലാൽ അന്താരാഷ്ട്ര വിമാനത്താവളം (എച്ച്എസ്ഐഎ) അടിസ്ഥാന സൗകര്യങ്ങൾ, പ്രവർത്തന, സുരക്ഷാ മേഖലയിലെ ഗുരുതര അപര്യാപ്തതകൾ തുടങ്ങിയവ ആധുനികവൽക്കരണത്തെ വൈകിപ്പിക്കുകയും ദൈനംദിന യാത്രയെ ബുദ്ധിമുട്ടിക്കുകയും ചെയ്യുന്നതായി ഞാൻ നേരിട്ട് മനസിലാക്കിയതാണ്. എൽടിടിയുടെ അന്ത്യത്തിനും പുലി പ്രഭാകരന്റെ മരണത്തിനും ഒരാഴ്ച കഴിഞ്ഞായിരുന്നു അത്. നിർമാണം ഏറെക്കുറെ പൂർത്തിയായെങ്കിലും അന്താരാഷ്ട്ര ഓപ്പറേറ്റർമാരുമായുള്ള പരിഹരിക്കപ്പെടാത്ത സാമ്പത്തിക‐ മാനേജ്മെന്റ് ചർച്ചകൾ കാരണം മൂന്നാം ടെർമിനൽ പ്രവർത്തനരഹിതമായി തുടരുന്നു. ബാഗേജ് കൈകാര്യം ചെയ്യുന്നതിൽ ഗുരുതര കാലതാമസമാണ് പലപ്പോഴും. ട്രോളികളുടെ ക്ഷാമം, സോഫ്റ്റ്വെയർ സംയോജന പ്രശ്നങ്ങൾ, കാര്യക്ഷമമല്ലാത്ത ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയും പ്രതിസന്ധികൾ. ശൈത്യകാലത്തെ കനത്ത മൂടൽമഞ്ഞ് കാരണം വിമാനങ്ങൾ വഴിതിരിച്ചുവിടുന്നത് പതിവായിട്ടുമുണ്ട്. കാരണം ആശ്രയം തരംതാഴ്ത്തിയ ഇൻസ്ട്രുമെന്റ് ലാൻഡിങ് സിസ്റ്റം. അത് സുരക്ഷിതമായ ലാൻഡിങ്ങുകൾ പരിമിതപ്പെടുത്തുന്നു. കയറ്റുമതി കാർഗോ മേഖലയിൽ കനത്ത തിരക്ക്, മന്ദഗതിയിലുള്ള ക്ലിയറൻസ് സമയം, മോഷണ സാധ്യതകളിലേക്ക് നയിക്കുന്ന ദുർബല നിരീക്ഷണം എന്നിവയുമുണ്ട്. കൊളംബോയിലെ ബന്ദാരനായകെ അന്താരാഷ്ട്ര വിമാനത്താവളം പ്രാഥമിക കാരിയറിന്റെ ശേഷി, അടിസ്ഥാന സൗകര്യ തടസ്സങ്ങൾ, ഫ്ലീറ്റ് പരിമിതികൾ തുടങ്ങിയ അപര്യാപ്തതകളും വെല്ലുവിളികളും അഭിമുഖീകരിക്കുന്നു.

വർഷത്തിൽ 1.07 കോടിയിലേറെ യാത്രക്കാരെ കൈകാര്യം ചെയ്യുന്നതിനാൽ തിരക്കേറിയ സമയങ്ങളിൽ ടെർമിനൽ സൗകര്യങ്ങളും പ്രോസസ്സിങ് ഏരിയകളും പലപ്പോഴും ബുദ്ധിമുട്ടുന്നുണ്ട്. രൂക്ഷമായ ഫ്ലീറ്റ് ക്ഷാമവും ആവശ്യമായ ഡ്രൈ-ലീസ് വിമാനങ്ങൾ സ്വന്തമാക്കുന്നതിലെ ബുദ്ധിമുട്ടുകളും വേറെ. അത് റൂട്ട് വിപുലീകരണത്തെയും ഷെഡ്യൂൾ വിശ്വാസ്യതയെയും ബാധിക്കുന്നു. കോടിക്കണക്കിന് ഡോളർ നിക്ഷേപം നടത്തിയിട്ടും ബദൽ മട്ടാല രാജപക്സെ വിമാനത്താവളം ഉപയോഗശൂന്യമായി തുടരുകയാണ്. നിയന്ത്രണ‐പ്രവർത്തന തടസ്സങ്ങൾ, ഉദ്യോഗസ്ഥ കാലതാമസം, സ്പെയറുകളുടെ ഉയർന്ന പ്രവർത്തനച്ചെലവ്, ആധുനികവൽക്കരണ പദ്ധതികളുടെ മന്ദഗതിയിലുള്ള നിർവഹണം എന്നിവ കാരണം ആഭ്യന്തര വ്യോമയാന, ഗ്രൗണ്ട് ഹാൻഡ്ലിങ്ങുകൾ വിമർശനങ്ങൾ നേരിടുന്നു. ഇടയ്ക്കിടെ ടൂറിസം ടാഗ്ലൈൻ മാറ്റുകയും ഡിജിറ്റൽ കാംപെയ്നുകൾ ആരംഭിക്കുകയും ആഗോളതലത്തിൽ പ്രമോഷണൽ പരിപാടികൾ നടത്തുകയും സൗജന്യ വിസ പ്രോഗ്രാമുകൾ പ്രഖ്യാപിക്കുകയും ചെയ്തേക്കാം. പക്ഷേ യാത്രക്കാർക്ക് പ്രാരംഭ അനുഭവം അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, വിനോദസഞ്ചാരികളെ കൈകാര്യം ചെയ്യാൻ മതിയായ ശേഷിയില്ലായ്മ, വൃത്തിഹീനമായ ശുചിമുറികൾ എന്നിവയാൽ മലിനമാകും. വാഷ്റൂമുകൾ വൃത്തിഹീനം, പല ലൈറ്റുകളും കണ്ണുചിമ്മി. ചിലേടങ്ങളിൽ ഹാൻഡ് വാഷുകളോ ടിഷ്യൂകളോയില്ല, ഒരു ഹാൻഡ് ഡ്രയർ മാത്രം. എയർ കണ്ടീഷനിങ് ഇല്ലാത്ത ഡ്യൂട്ടി ഫ്രീ ഷോപ്പുകൾ വിനോദസഞ്ചാരികൾക്ക് അനാകർഷകങ്ങൾ. ലേഓവർ യാത്രക്കാർക്ക് സമയം ചെലവഴിക്കാൻ വിനോദ ഓപ്ഷനുകളോ സ്ഥലങ്ങളോ ഇല്ല. അടുത്തിടെ എനിക്ക് 10 മണിക്കൂർ വിശ്രമമുണ്ടായി. ശ്രീലങ്കൻ സുഹൃത്തുക്കളോട് വിമാനത്താവളത്തിൽ എന്തുചെയ്യാൻ കഴിയുമെന്ന് ചോദിച്ചപ്പോൾ സമീപത്തെ ബീച്ച് അല്ലെങ്കിൽ ടൂറിസ്റ്റ് സ്ഥലം സന്ദർശിക്കാൻ നിർദ്ദേശിച്ചു. വൈ-ഫൈ തീരെ ശുഷ്ക്കമായതിനാൽ വിമാനത്താവളത്തിൽ കസേരയിൽ ഉറങ്ങുകയോ പുസ്തകം വായിക്കുകയോ അല്ലാതെ മറ്റൊന്നും ചെയ്യാനില്ലെന്നും അവർ പറഞ്ഞു. ഗണ്യമായ ടൂറിസം സാധ്യതയുള്ള ലോകമെമ്പാടുമുള്ള പല വിമാനത്താവളങ്ങളിലും അങ്ങനെയല്ല‐ ഫ്രാൻസിൽ നിന്നുള്ള യാത്രികൻ ദി സൺഡേ മോർണിങ് ബിസിനസിനോട് പങ്കുവെച്ചതാണിത്.

ശേഷിയെക്കുറിച്ചുള്ള ആവർത്തിച്ചുള്ള ആശങ്ക
ജക്കാർത്തയിലെ സോക്കർണോ-ഹട്ട വിമാനത്താവളവും അടിസ്ഥാന സൗകര്യ വെല്ലുവിളികൾ നേരിടുന്നു, കാലാവസ്ഥയുമായി ബന്ധപ്പെട്ട മേൽത്തട്ട് തകരുന്നതും ശേഷിയെക്കുറിച്ചുള്ള ആവർത്തിച്ചുള്ള ആശങ്കകളുമടക്കം. ദിവസങ്ങൾ നീണ്ട തുടർച്ചയായ പേമാരിയ്ക്കു ശേഷം 2026 ഏപ്രിൽ ആറിന് ടെർമിനൽ മൂന്നിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണ് ഡിപ്പാർച്ചർ ലോഞ്ചിലേക്ക് വെള്ളം കയറി. വിശ്വസനീയമല്ലാത്ത എയർ കണ്ടീഷനിങ് തുടങ്ങിയ മുൻകാല പ്രശ്നങ്ങൾ കണക്കിലെടുക്കുമ്പോൾ ഘടനാപരമായ പരാജയങ്ങൾ ആശ്ചര്യകരമല്ല. കടുത്ത കാലാവസ്ഥയും അറ്റകുറ്റപ്പണി തടസ്സങ്ങളും വിമാന കാലതാമസത്തിനും റദ്ദാക്കലിനും കാരണമാവുന്നു. യാത്രക്കാരുടെ എണ്ണം അതിവേഗം ഏറിക്കൊണ്ടിരിക്കുന്നത് നിലവിലെ ടെർമിനലുകളിൽ വലിയ പ്രതിസന്ധി തീർക്കുന്നുമുണ്ട്. രാജ്യത്തെ വിമാനത്താവളങ്ങൾ പലതും ഏറെ പരിതാപകരമാണ്. വിപുലീകരണ പദ്ധതികൾ പര്യാപ്തമല്ല. 17000 ദ്വീപുകളുള്ള ആ ചെറിയ ദ്വീപസമൂഹത്തിൽ സമ്പദ്വ്യവസ്ഥ കുതിച്ചുയരുകയാണ്. വ്യോമഗതാഗതം മാത്രമാണ് ഏക പരിഹാരം. 1994-ൽ ഉദ്ഘാടനം ചെയ്ത ജപ്പാനിലെ കാൻസായ് 32 വർഷമായി ബാഗുകൾ നഷ്ടപ്പെടാത്തതിന്റെ റെക്കോർഡ് സ്വന്തമാക്കി. മോൺട്രിയൽ-ട്രൂഡോ, ടൊറന്റോ പിയേഴ്സൺ വിമാനത്താവളങ്ങളിൽ പക്ഷി ആക്രമണ പ്രതിരോധങ്ങളുണ്ട്. ബാൾഡ് ഈഗിൾസ്, പരുന്തുകൾ, ഫാൽക്കണുകൾ, റാപ്റ്ററുകൾ തുടങ്ങിയവ പ്രദേശം വിട്ടുപോകാൻ അവ 24 മണിക്കൂറും പ്രവർത്തിക്കുന്നു.

സ്റ്റോപ്പ് ഓവർ അനുഭവം സുഖകരം
പല ടെർമിനൽ ചുമതലക്കാരും ഡ്യൂട്ടി ഫ്രീഷോപ്പുകൾക്കോ റസ്റ്റോറന്റുകൾക്കോ മുൻഗണന നൽകുമ്പോൾ മറ്റു ചിലർ സ്റ്റോപ്പ് ഓവർ അനുഭവം കഴിയുന്നത്ര സുഖകരവും ആഡംബരപൂർണവുമാക്കും. ചാംഗി, ഹമദ്, ദുബായ് തുടങ്ങിയയിടങ്ങളെല്ലാം മികച്ച അനുഭവങ്ങൾ സമ്മാനിക്കുന്നു; സുഖകരമായ കിടപ്പുമുറികൾ മുതൽ ഷാംപെയ്ൻ ലോഞ്ചുകൾ വരെ. 1996 മുതൽ ഒട്ടുമിക്ക കൊല്ലങ്ങളിലും യൂറോപ്പിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ പടിഞ്ഞാറൻ ലണ്ടനിലെ ഹീത്രോവിന് ആ സ്ഥാനം നഷ്ടമായിരിക്കയാണ്. 2026 ന്റെ ആദ്യ പകുതിയിൽ നാലു കോടി യാത്രക്കാർക്ക് ആതിഥ്യമരുളി. ഏഷ്യ-‐പസഫിക്കിലേക്കുള്ളവർ 7.9ശതമാനം വർധിച്ചു, മധ്യപൂർവ ദേശത്തേക്കുള്ളത് 16.5 ശതമാനം കുറഞ്ഞു. ജൂലൈ ആരംഭത്തിൽ ആകെ യാത്രികരുടെ എണ്ണത്തിൽ ഇസ്താംബുൾ ഹീത്രോയെ മറികടന്നു. 2026 ജൂലൈയിൽ ഹീത്രോവിലൂടെ 78. 6 കോടി യാത്രക്കാർ കടന്നുപോയി. ഇസ്താംബുൾ 81.5 കോടി രേഖപ്പെടുത്തി. 2024 ലും 2025 ലും രണ്ടാം സ്ഥാനത്തെത്തിയ ദുബായ് ആദ്യ അഞ്ച് സ്ഥാനങ്ങളിൽനിന്ന് പുറത്താവും. യൂറോപ്പിലേക്കുള്ള യാത്രയിൽ ദുബായ് തെരഞ്ഞെടുത്തിരുന്ന ചിലർ തെക്കൻ കൊറിയയിലെ ഇഞ്ചിയോണാണ് ആശ്രയിക്കുന്നത്. 2025 ഇതേ കാലയളവിനെ അപേക്ഷിച്ച് ട്രാൻസ്ഫർ യാത്രക്കാരിൽ 18 ശതമാനം വർധന. യൂറോപ്പിലേക്ക് അവസാന ലക്ഷ്യസ്ഥാനങ്ങൾ തെരഞ്ഞെടുത്തവരുടെ എണ്ണം 63.2 ശതമാനം കൂടി 210000 ആയി. ഇറാനുമായുള്ള അമേരിക്കൻ‐ഇസ്രയേൽ യുദ്ധം ജൂലൈയിൽ ഹീത്രോയിലെ മധ്യപൂർവ ദേശത്തേക്കുള്ളവരുടെ എണ്ണത്തിൽ 20.2ശതമാനം ഇടിവാണുണ്ടാക്കിയത്. 1996‐2019 കാലയളവിൽ യൂറോപ്പിലെ ഏറ്റവും തിരക്കേറിയതായിരുന്നു അത്. കോവിഡ് നിയന്ത്രണങ്ങൾ കാരണം 2020 ൽ അംഗീകാരം പോയി. 2023 ൽ തിരിച്ചുപിടിച്ചു. പുതിയ പ്രതിസന്ധിക്കിടയിൽ ഉടമകളുടെ വിപുലീകരണ നിർദ്ദേശംവന്നു. വർഷം 15 കോടി യാത്രക്കാരെ ഉൾക്കൊള്ളാൻ പ്രാപ്തമാക്കുകയെന്നതാണത്.

ഇറാൻ യുദ്ധശേഷം ഗതാഗതം തിരിച്ചുവിട്ടു
ഇറാൻ യുദ്ധശേഷം മധ്യപൂർവ ദേശത്തിൽനിന്നുള്ള ഗതാഗതം തിരിച്ചുവിട്ടതിനാൽ ലോകത്തിലെ ഏറ്റവും തിരക്കേറിയതായി ഇഞ്ചിയോൺ; തലസ്ഥാനമായ സിയോളിൽനിന്ന് 30 മൈൽ പടിഞ്ഞാറുള്ള ആ പ്രധാന കവാടം 2026 ന്റെ ആദ്യ പകുതിയിൽ 38 കോടി അന്താരാഷ്ട്ര യാത്രക്കാരെ സ്വീകരിച്ചു. ഹീത്രോ 37 കോടിയുമായി തൊട്ടുപിറകിലും ചാംഗി 34 കോടിയുമായി മൂന്നാം സ്ഥാനത്തും. പഴയ ജിമ്പോ വിമാനത്താവളത്തിന് പകരമായി 2001 മാർച്ച് 29 ന് പ്രവർത്തനം ആരംഭിച്ചശേഷം ആദ്യമായാണ് ഇഞ്ചിയോൺ ഒന്നാമതെത്തുന്നത്. 2002 ൽ പത്താമതായിരുന്നു, 2018 ൽ അഞ്ചാം സ്ഥാനത്തും 2024 ലും 2025 ലും മൂന്നിലുമെത്തി. സംഘർഷം കാരണമുണ്ടായ തടസ്സങ്ങളാണ് ഈ വർധനവിന് ഒരു കാരണം. അത് ദുബായ് പോലുള്ള മധ്യപൂർവ ദേശ കേന്ദ്രങ്ങളുടെ പങ്ക് ദുർബലപ്പെടുത്തുകയും കിഴക്കൻ ഏഷ്യയിലൂടെ ട്രാഫിക് വഴിതിരിച്ചുവിടുകയും ചെയ്തു. അന്താരാഷ്ട്ര യാത്രക്കാരുടെ എണ്ണത്തിൽ വർഷം തോറും 6.3 ശതമാനം വർധന. 2026 ആദ്യ പകുതിയിൽ യാത്രക്കാരിൽ 39.3 ശതമാനം വിദേശികൾ, 2025 ൽ 35.2 ശതമാനമായി. ചൈനയിൽനിന്നും ജപ്പാനിൽനിന്നുമുള്ള സന്ദർശകരുടെ എണ്ണവും കൂടി. അന്താരാഷ്ട്ര കേന്ദ്രമെന്ന നിലയിലെ പങ്ക് വികസിച്ചിട്ടുമുണ്ട്. 183 പട്ടണങ്ങളിലേക്ക് പറക്കുന്ന 101 എയർലൈനുകൾ പ്രവർത്തിക്കുന്നു. ഇപ്പോൾ പ്രധാനമായും ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്കും നിരവധി കിഴക്കൻ ഏഷ്യൻ മെട്രോപൊളിറ്റൻ പ്രദേശങ്ങളിലേക്കും പ്രത്യേകിച്ച് ഷാങ്ഹായ്-,ഹോങ്ക്യാവോ, തായ്പേയ്-,സോങ്ഷാൻ, ടോക്കിയോ,-ഹനേഡ എന്നിവിടങ്ങളിലേക്ക് ഷട്ടിൽ ഫ്ലൈറ്റുകളുമുണ്ട്. ഹോങ്കോങ് വിമാനത്താവളത്തിൽനിന്ന് 139 സർവീസുകളേയുള്ളൂ. ബീജിങ്, കവോസിയുങ്, നഗോയ, ഒസാക്ക എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും ഇഞ്ചിയോണിൽനിന്നാണ്. കൊറിയൻ എയർ, ഏഷ്യാന എയർലൈൻസ്, ജെജു എയർ, പോളാർ എയർ കാർഗോ എന്നിവയുടെ പ്രധാന കേന്ദ്രവും. 2024 ൽ അത് ലോകത്തിലെ ഏറ്റവും തിരക്കേറിയ ആറാമത്തെതും കാർഗോ ഗതാഗതത്തിൽ ഏഷ്യയിൽ മൂന്നാമത്തെതും ലോകത്തിലെ 13-‐ാമത്തെയും യാത്രക്കാരുടെ കാര്യത്തിൽ ഏഷ്യയിൽ ഏഴാമത്തെതുമായി. നഗര മധ്യത്തിന് പടിഞ്ഞാറ് യോങ്ജോങ്‐ യോങ്യു ദ്വീപുകൾക്കുമിടയിൽ കൃത്രിമമായി സൃഷ്ടിച്ച സ്ഥലത്താണത്. 1988 സെപ്തംബർ 17 മുതൽ ഒക്ടോബർ രണ്ടുവരെ സിയോൾ വേദിയായ വേനൽക്കാല ഒളിംപിക്സിന് ശേഷം തെക്കൻ കൊറിയയിലേക്കുള്ള അന്താരാഷ്ട്ര വിമാന ഗതാഗതം പ്രത്യേക ഘട്ടത്തിലെത്തി. ജിമ്പോയ്ക്ക് തിരക്ക് താങ്ങാനാവില്ലെന്നതിനാൽ പുതിയത് പണിയാൻ ഗവൺമെന്റ് തീരുമാനിച്ചു. 1992 നവംബറിൽ നിർമാണം തുടങ്ങി. പൂർത്തിയാവാൻ എട്ട് വർഷമെടുത്തു. പരീക്ഷണ പറക്കലിന് ആറ് മാസം. ഏഷ്യൻ സാമ്പത്തിക പ്രതിസന്ധി കാരണം ഓപ്പറേഷൻ വൈകി. 2001 മാർച്ച് 21 ന് തുറന്നു. സേവനം മെച്ചപ്പെടുത്തുന്നതിന് ഇഞ്ചിയോണും ഹാൻജിൻ ഗ്രൂപ്പും 2008 ജനുവരി 10 ന് യോങ്ജോങ് മെഡിക്കൽ സെന്റർ നിർമിക്കാൻ കരാറിലെത്തിൽ എത്തുന്ന കാൽ ലക്ഷം മെഡിക്കൽ ടൂറിസ്റ്റുകൾക്കും സഹായകമാണത്. 21- ‐ാം നൂറ്റാണ്ടിലെ വ്യോമഗതാഗതാവശ്യം പരിഗണിച്ചാണ് വടക്കുകിഴക്കൻ ഏഷ്യയിലെ ഹബ് വിമാനത്താവളമായി ഇഞ്ചിയോൺ വിഭാവനം ചെയ്തത്. ഇരു ദ്വീപുകളെയും ആദ്യം വേർതിരിച്ചത് ആഴം കുറഞ്ഞ കടൽ. ആ പ്രദേശം നിർമാണ പദ്ധതിക്കായി തിരിച്ചുപിടിച്ചു. ഒരുകാലത്ത് വേർപിരിഞ്ഞ ദ്വീപുകളെ ബന്ധിപ്പിക്കുകയുമുണ്ടായി. ആകെ 111 ബോർഡിങ് ഗേറ്റുകളുണ്ട്, ടെർമിനൽ ഒന്നിൽ 44, അതുമായി ബന്ധിപ്പിച്ച കോൺകോഴ്സ് എയിൽ 30, ടെർമിനൽ രണ്ടിൽ 37 എന്നിങ്ങനെ. 2024 അവസാനത്തോടെ പൂർത്തിയായ നാല് ഘട്ട വികസനം വാർഷിക ശേഷി 10. 6 കോടിയായി ഉയർത്തി. സർക്കാർ പിന്തുണയും പൊതുജന സഹകരണവും ജീവനക്കാരുടെ കഠിനാധ്വാനവും റാങ്കിങ് പ്രതിഫലിപ്പിക്കുന്നു. യാത്രക്കാരുടെ സൗകര്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മത്സരശേഷി ശക്തിപ്പെടുത്താനാണ് പദ്ധതിയിട്ടിരിക്കുന്നത്. ജിമ്പോ വിമാനത്താവളത്തിനും ജെജു ദ്വീപിനും ഇടയിലെ ആഭ്യന്തര ഇടനാഴിയിൽ 2025 ൽ 14 കോടി സീറ്റുകൾ ഷെഡ്യൂൾ ചെയ്തിരുന്നു, ലോകത്തിലെ മറ്റേതൊരു റൂട്ടിനെക്കാളും കൂടുതൽ.
ഇഞ്ചിയോണിലെ സൗജന്യ വൈഫൈ
ഏഷ്യയിലുടനീളം സഞ്ചരിക്കുകയാണെങ്കിൽ ഇഞ്ചിയോണിൽ കുറച്ച് സമയം ചെലവഴിക്കാം. ഞാൻ 14 മണിക്കൂർ കഴിയുകയുണ്ടായി, നിരവധി സവിശേഷതകൾ ആസ്വദിച്ചു. ആദ്യമായി സൗജന്യ വൈഫൈ അനുവദിച്ച വിമാനത്താവളത്തെ അഭിനന്ദിക്കുന്നു. യാത്രയുടെ ചിത്രങ്ങൾ അപ്ലോഡ് ചെയ്തും ഇമെയിൽ വഴി വിവരങ്ങൾ ശേഖരിച്ചും സുഹൃത്തുക്കളുമായി ചാറ്റിങ് നടത്തിയും സ്കൈപ്പ് കോളുകൾ വിളിച്ചും സമയം ചെലവഴിക്കാനായി. എന്റെ ഗേറ്റിൽനിന്ന് അധികം ദൂരെയല്ലാതെ ക്ലാസിക്കൽ കച്ചേരി വേദിയും ഇരുന്ന് ആസ്വദിക്കാൻ സ്റ്റൂളുകളും. രണ്ട് പിയാനിസ്റ്റുകളുടെ പ്രകടനം അക്ഷരാർഥത്തിൽ അനുഭവിച്ചു. വിരസമായ കാത്തിരിപ്പിൽനിന്ന് രക്ഷനേടാൻ എത്ര മികച്ച മാർഗമാണത്. ആ സംസ്കാരത്തെക്കുറിച്ച് അൽപ്പമെങ്കിലും പഠിക്കാതെ ആളുകൾ രാജ്യം വിട്ടുപോകുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ ശ്രമിക്കുന്നു. പരമ്പരാഗത കരകൗശല വസ്തുക്കളിലോ ചരിത്രത്തിലോ ക്ലാസിക്കൽ സംഗീതത്തിലോ താൽപ്പര്യമുള്ളവർക്ക് ഇഞ്ചിയോണ് എന്തെങ്കിലും വാഗ്ദാനം ചെയ്യാനുണ്ട്. അഞ്ച് മ്യൂസിയങ്ങളിലും ഗാലറികളിലും ഒന്നിലേക്ക് പോകാൻ പ്രയാസമാണെങ്കിൽ വിശ്രമിക്കുക, ആ സംസ്കാരം വരുംവരെ കാത്തിരിക്കൂ. പരമ്പരാഗത വസ്ത്രമണിഞ്ഞ കലാകാരന്മാർ രാജകുടുംബത്തിന്റെ നടത്തം അനുകരിക്കുന്നത് കണ്ടു. രണ്ട് മുതൽ ആറ് മണിക്കൂർ വരെ നീളുന്ന ആറ് സവിശേഷ പട്ടണ ടൂറുകൾ വിമാനത്താവളം വാഗ്ദാനം ചെയ്യുന്നു. ഇൻബൗണ്ട്, ഔട്ട്ബൗണ്ട് ടിക്കറ്റ് കാണിച്ച് ഫ്രീ ട്രാൻസിറ്റ് ടൂർ ഡെസ്കിൽ സൈൻ അപ്പ് ചെയ്യാം. ഇംഗ്ലീഷ് വശമുള്ള ഗൈഡുകൾ നയിക്കുന്ന എല്ലാ ടൂറുകൾക്കും ഭാരമേറിയ ബാഗേജുകൾ ഉൾക്കൊള്ളുന്ന ചാർട്ടേഡ് ബസ് ഉപയോഗിക്കുന്നു. സിയോൾ വീക്ഷിക്കാനും തെക്കൻ കൊറിയയെക്കുറിച്ച് അൽപ്പമെങ്കിലും അറിയാനും ലോകമെമ്പാടുനിന്നുമുള്ള സഞ്ചാരികളെ കാണാനും ഈ ടൂറുകൾ മികച്ച മാർഗം. സംഘയാത്ര ഇഷ്ടമല്ലെങ്കിൽ മാഗ്ലെവ് ട്രെയിൻ ഉപയോഗിച്ച് സ്വയം ഗൈഡഡ് സിറ്റി ടൂറിൽപോലും ജീവനക്കാർ സഹായിക്കും. മുക്കാൽ മണിക്കൂറിനുള്ളിൽ സിയോളിലേക്ക് എക്സ്പ്രസ് ട്രെയിനുകൾ ഓടുന്നു. പരിസര പ്രവിശ്യകളെ ബന്ധിപ്പിക്കുന്ന ലിമോസിൻ ബസ്‐ടാക്സി ശൃംഖലയുമുണ്ട്. കാപ്സ്യൂൾ ഹോട്ടലുകൾ, ഉറക്ക സ്ഥലങ്ങൾ, ഷവർ റൂമുകൾ, സ്പാ വിനോദം, മ്യൂസിയങ്ങൾ, ഇൻഡോർ ഗാർഡനുകൾ, ഡ്യൂട്ടി ഫ്രീ ഷോപ്പിങ്, അതിവേഗ സൗജന്യ വൈ-ഫൈ, ഓട്ടോമേറ്റഡ് ചെക്ക്-ഇൻ കിയോസ്ക്കുകൾ, സ്മാർട്ട് സുരക്ഷാ പാതകൾ തുടങ്ങിയവയും ശ്രദ്ധേയങ്ങളാണെന്നാണ് ഒരു ട്രാവൽ ബ്ലോഗർ കുറിച്ചത്.







No Comments yet!