പാരീസില്‍ ഇംപ്രെഷനിസ്റ്റുകളുടെ ആദ്യത്തെ വലിയ പ്രദര്‍ശനം നടക്കുന്നത് 1874 ല്‍ ആണ്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ അവര്‍ അവതരിപ്പിച്ച പുതിയ ദൃശ്യസങ്കല്പങ്ങള്‍ സഹൃദയരുടെ വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റി. ഇംപ്രെഷനിസ്റ്റുകളുടെ പരിമിതികളെ മറികടന്നുകൊണ്ട് സ്വന്തം പാത വെട്ടിത്തെളിച്ചു വീണ്ടും മുന്നോട്ടുപോയവരെയാണ് പൊതുവില്‍ പോസ്റ്റ് ഇംപ്രെഷനിസ്റ്റുകള് എന്ന് വിളിക്കുന്നത്. ഈ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി പറയാറുള്ള, തന്റേതുമാത്രമായ ഒരു രീതിയില്‍ ആദിമവും (primitive) ശിശുസഹജവുമായ ലാളിത്യത്തോടെ ചിത്രം വരച്ച, പ്രതിഭാശാലിയാണ് ഹെന്റി റൂസ്സോ (Henri Rousseau)
ജീവിതരേഖ
1844 ല്‍ പടിഞ്ഞാറന്‍ ഫ്രാന്‍സിലെ ഒരു ദരിദ്രകുടുംബത്തിലാണ് റൂസ്സോ ജനിക്കുന്നത്. സ്കൂള്‍ വിദ്യാഭ്യാസകാലത്ത് പഠനത്തില്‍ അത്ര സമര്ത്ഥനായിരുന്നില്ലെങ്കിലും കൊച്ചു റൂസ്സോ ചിത്രരചനയില്‍ ധാരാളം സമ്മാനങ്ങള്‍ നേടുകയുണ്ടായി. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം നിയമം പഠിക്കാന്‍ അദ്ദേഹം ഒരു ശ്രമം നടത്തി. പിന്നീട് അതുപേക്ഷിച്ചു സൈന്യത്തില്‍ ചേര്‍ന്നു. നാലുവര്‍ഷത്തെ സേവനത്തിനുശേഷം പിതാവിന്റെ മരണത്തോടെ നാട്ടില്‍ തിരിച്ചെത്തി. പിന്നീട് അദ്ദേഹം ഒരു സര്‍ക്കാര്‍ ജോലി സ്വീകരിച്ചു. 1868 ല്‍ റൂസ്സോ വിവാഹിതനായി. 1871 ല്‍ നികുതിപിരിക്കുന്ന ചുമതലയുള്ള ഒരു ഉദ്യോഗസ്ഥനായി അദ്ദേഹം നിയമിതനായി.
1880 കളില്‍ പ്രായം നാല്പതുകളില് എത്തുമ്പോഴാണ് പ്രയോഗികജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ ഉപേക്ഷിക്കപ്പെട്ട ചിത്രം വരയ്ക്കാനുള്ള തന്റെ കുട്ടിക്കാലത്തെ താല്‍പ്പര്യം റൂസ്സോ വീണ്ടും പുറത്തെടുക്കുന്നത്. 1886 മുതല്‍ അദ്ദേഹം തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചുതുടങ്ങി. ആദ്യമൊക്കെ ആ ചിത്രങ്ങള്‍ കാര്യമായി സ്വീകരിക്കപ്പെട്ടില്ല. എങ്കിലും ക്രമേണ സഹൃദയര്‍ അവ ശ്രദ്ധിച്ചുതുടങ്ങി.
1893 ല്‍ റൂസ്സോ പാരീസിന്റെ പ്രാന്തപ്രദേശമായ മോണ്ട്പാര്നാസ്സേ (Montparnasse) യിലേക്ക് താമസം മാറി. മുഴുവന്‍സമയ ജോലികള്‍ ഉപേക്ഷിച്ച് അദ്ദേഹം ഏറെക്കുറെ പൂര്‍ണ്ണമായും ചിത്രരചനയില്‍ മുഴുകിത്തുടങ്ങിയത് ഈ കാലഘട്ടം മുതല്ക്കാണ്. ചെറിയൊരു പെന്‍ഷനും പിന്നെ കുട്ടികളെ ചിത്രകല പഠിപ്പിച്ചുകിട്ടുന്ന ചെറിയ വരുമാനവും മാത്രം ആശ്രയിച്ചാണ് അദ്ദേഹം ഈ കാലഘട്ടത്തില്‍ ജീവിച്ചിരുന്നത്. മുഖ്യധാരാ നിരൂപകരില്‍ പലരും റൂസ്സോയുടെ രചനകളുടെ ‘പ്രാകൃത’ (Primitive )സ്വഭാവത്തെയും അവയില്‍ പൊതുവായി കാണപ്പെടുന്ന അക്കാദമിക് രീതിയിലുള്ള പരിശീലനത്തിന്റെ അഭാവത്തെയും പരിഹാസഭാവത്തില്‍ വീക്ഷിച്ചിരുന്നു. എന്നാല്‍ ആ ചിത്രങ്ങളുടെ മൗലികതയും മഹത്വവും ആദ്യം പാരീസിലെ യുവചിത്രകാരന്മാര്ക്കിടയിലും ക്രമേണ ലോകവ്യാപകമായും തിരിച്ചറിയപ്പെടുകതന്നെ ചെയ്തു. 1905 ല്‍ മത്തീസും (Henri Matisse )ആന്ദ്രേ ദിറൈനും (Andre Derain )മൊറായിസ് വ്ലാമിങ്കും (Maurice Vlaminck) മറ്റും ഉള്‍പ്പെടുന്ന, ‘ഫാവിസ്റ്റുകള്’ എന്ന് പില്ക്കാലത്ത് അറിയപ്പെട്ട, ചിത്രകാരന്മാരുടെ ഒരു സംഘത്തോടൊപ്പം റൂസ്സോ തന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു. ഈ പ്രദര്‍ശനം റൂസ്സോയെ പുതിയ തലമുറയ്ക്ക് ഏറെ സ്വീകാര്യനാക്കി.
1910 ല്‍ അറുപത്തിയാറാം വയസ്സില്‍ കാലിലുണ്ടായ ഒരു അണുബാധ മൂര്‍ച്ഛിച്ച് റൂസ്സോ നിര്യാതനായി.
റൂസ്സോ; പ്രതിഭകളുടെ സ്നേഹഭാജനം
റൂസ്സോയുടെ രചനകളുടെ മഹത്വം തിരിച്ചറിഞ്ഞ പാരീസിലെ യുവചിത്രകാരന്മാര്ക്കിടയില് പിക്കാസോയെയും മത്തീസിനെയും പോലെയുള്ള പ്രതിഭാശാലികള്‍ ഉള്‍പ്പെടുന്നു. തെരുവില്‍, വരയ്ക്കാനുള്ള വിലകുറഞ്ഞ പഴയ ക്യാന്‍വാസ് എന്നനിലയില്‍ വില്പനയ്ക്കുവച്ചിരുന്ന റൂസ്സോയുടെ ഒരു പെയിന്റിങ് കണ്ടിട്ടാണത്രേ പിക്കാസോ റൂസ്സോയുടെ പ്രതിഭ ആദ്യമായി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് അദ്ദേഹം റൂസ്സോയെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥം ഒരു വിരുന്നു സംഘടിപ്പിക്കുകയും ചെയ്തു. അതേത്തുടര്‍ന്ന് പാരീസിലെ പ്രമുഖരായ പല കലാകാരന്മാരും ബുദ്ധിജീവികളും റൂസ്സോയുടെ ആരാധകരായി മാറി.
റൂസ്സോയുടെ ശവസംസ്കാരത്തിന് പാരീസിലെ കലാലോകത്തുനിന്ന് പ്രതിഭകളുടെ ഒരു വലിയ നിരതന്നെ എത്തിച്ചേര്‍ന്നിരുന്നു. മരണാനന്തരം സ്വര്‍ഗ്ഗത്തില്‍ ഇടംനേടുന്ന റൂസ്സോയെ സംബോധനചെയ്തുകൊണ്ട് അക്കൂട്ടത്തിലുണ്ടായിരുന്നു കവി അപ്പോളിനെയര്‍ (Guillaume Apollinaire) എഴുതിയ ചരമക്കുറിപ്പില്‍ ഇങ്ങനെ രേഖപ്പെടുത്തിയിരുന്നു:
‘We will bring you brushes, paints and canvas. That you may spend your sacred leisure in the light and Truth of Painting.’
റൂസ്സോയുടെ ചിത്രങ്ങള്‍
ചിത്രകല അക്കാദമിക് രീതിയില്‍ പഠിക്കാന്‍ റൂസ്സോ ഒരിക്കലും ശ്രമിച്ചിട്ടില്ല. കുട്ടിക്കാലം മുതല്ക്കുള്ള വരയ്ക്കാനുള്ള വാസനയെ തന്റേതായ രീതിയില്‍ സ്വതന്ത്രമായി വളര്‍ത്തിയെടുക്കുകയാണ് അദ്ദേഹം ചെയ്തത്. പ്രകൃതി അല്ലാതെ തനിക്കു മറ്റൊരു അദ്ധ്യാപകനില്ലെന്ന് റൂസ്സോ സ്വയം പറഞ്ഞിരുന്നു. പേര്സ്പെക്റ്റീവിന്റെയും (Pictorial perspective) ത്രിമാനതയുടെയും നിരാസവും സാങ്കേതികമായ സരളതയും അവയുടെ പൊതുവായ പ്രത്യേകതകളാണ്.

റൂസ്സോയുടെ പ്രധാനപ്പെട്ട പെയിന്റിങ്ങുകള്‍ പലതും സവിശേഷമായ ഒരു ശൈലിയും ലാളിത്യവുമുള്ള കാനനദൃശ്യങ്ങളാണ്. അത്തരം ദൃശ്യങ്ങള്‍ റൂസ്സോ നേരില്‍ കണ്ടിട്ടുള്ളതായി തോന്നുന്നില്ല. അതായത്, ഭാവനയില്‍ സൃഷ്ടിച്ചെടുത്തവയാണ് ആ ദൃശ്യങ്ങള്‍. ഉദ്യാനങ്ങള്‍ സന്ദര്‍ശിച്ച് അവിടുത്തെ സസ്യജാലം നിരീക്ഷിച്ചോ പുസ്തകങ്ങളിലെ ചിത്രീകരണങ്ങളില്നിന്നോ ഒക്കെ അദ്ദേഹം സ്വാധീനം ഉള്‍ക്കൊണ്ടിട്ടുണ്ടാകാം എന്ന് ന്യായമായും വിചാരിക്കാം. പാരീസ് പോലെയുള്ള ഒരു നഗരപരിസരത്തു ജീവിച്ചുകൊണ്ട് ഇത്തരം വിഷയങ്ങള്‍ ആവര്ത്തിച്ചുവരയ്ക്കാന് റൂസ്സോയ്ക്കു പ്രചോദനമുണ്ടായത് എങ്ങിനെയാണ് എന്നതിനെപ്പറ്റി നമുക്ക് അവ്യക്തതകളുണ്ട്.

റൂസ്സോയുടെ ആദ്യകാലത്തെ ഒരു പ്രധാന ചിത്രമാണ് ‘Tiger in a tropical storm’.പില്ക്കാലചിത്രങ്ങളുടെ അടിസ്ഥാനസ്വഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ചിത്രം 1891 ലാണ് പ്രദര്‍ശിപ്പിക്കുന്നത്. റൂസ്സോയുടെ ഏറെ പ്രശസ്തമായ വേറൊരു ചിത്രമാണ് ‘The sleeping Gypsy'(1897). ഈ ചിത്രം അവതരിപ്പിക്കുന്ന ആശയത്തെ സംബന്ധിച്ച് ഇന്നും കലാപണ്ഡിതന്മാര്ക്കിടയില് അഭിപ്രായവ്യത്യാസങ്ങളുണ്ട്. സ്വപ്നസമാനമായ ഈ ചിത്രം ഉള്‍പ്പെടെ റൂസ്സോയുടെ പല പെയിന്റിങ്ങുകളും മനഃശാസ്ത്രപരമായ വിശകലനങ്ങള്‍ക്ക് ഇടനല്‍കിയിട്ടുണ്ട്. 1905 ല്‍ ‘The hungry lion throws itself on the Antelope’ എന്ന ശ്രദ്ധേയമായ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു. ഈ കാലഘട്ടത്തില്‍ അദ്ദേഹം ചെയ്ത സമാനസ്വഭാവമുള്ള ചിത്രങ്ങള്‍ വ്യാപകമായ ശ്രദ്ധ പിടിച്ചുപറ്റി. ‘The Merry Jesters’ പോലെയുള്ള ചില ചിത്രങ്ങളില്‍ റൂസ്സോ സാധിച്ചിട്ടുള്ള വര്ണ്ണനിയന്ത്രണവും അസാധാരണമായ കയ്യടക്കവും ശ്രദ്ധേയമാണ്.

റൂസ്സോയുടെ ചിത്രങ്ങള്‍ പലതരത്തിലുള്ള വ്യാഖ്യാനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. നാഗരികജീവിതത്തിന്റെ ചങ്ങലക്കെട്ടുകളില്‍നിന്ന് പ്രകൃതിയുടെ ആദിമമായ വന്യതയിലേക്കുള്ള ദാര്‍ശനികമായ ഒരു പിന്മടക്കമായി ചില പണ്ഡിതര്‍ അവയെ വ്യാഖ്യാനിക്കുന്നു. ആ ചിത്രങ്ങളുടെ രചനയില്‍ പുലര്‍ന്നുകാണുന്ന ശിശുസഹജമായ സരളത ആ വീക്ഷണത്തെ ബലപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

കാനനദൃശ്യങ്ങളും The sleeping Gypsy പോലെയുള്ള പെയിന്റിങ്ങുകളും കൂടാതെ റൂസ്സോ ധാരാളം പോര്‍ട്രെയ്റ്റുകളും ചെയ്തിട്ടുണ്ട്. സാങ്കേതികമായി അതീവസരളമായി തോന്നുന്ന രീതിയിലാണ് പൊതുവില്‍ അദ്ദേഹം ചെയ്തിട്ടുള്ള പോര്‍ട്രെയ്റ്റുകള്‍. പ്രകൃതിദൃശ്യം പല പോര്‍ട്രെയ്റ്റുകള്‍ക്കും പശ്ചാത്തലമായി വരുന്നുണ്ട്. റൂസ്സോ മരണത്തിനുമുന്പ് അവസാനമായി വരച്ചതായി കരുതപ്പെടുന്ന ചിത്രമാണ് ‘The Dream’.


റൂസ്സോയുടെ സ്വാധീനം പില്ക്കാല ചിത്രകാരന്മാരില്
റൂസ്സോയുടെ ചിത്രങ്ങള്‍ അദ്ദേഹം ജീവിച്ചിരുന്ന കാലത്തുതന്നെ യുവചിത്രകാരന്മാരുടെ ശ്രദ്ധയെ ആകര്‍ഷിച്ചുവെന്ന് നേരത്തേ സൂചിപ്പിച്ചു. പിക്കാസോയെയും മത്തീസിനെയും കൂടാതെ ഫെര്‍നാന്‍ഡ് ലെഷെ (Fernand Léger), മാക്സ് ബെക്മാന്‍ (Max Beckmann) കോണ്സ്റ്റന്റൈന് ബ്രാങ്കൂസി (Constantin Brancusi) പില്ക്കാല സറിയലിസ്റ്റുകള്‍ തുടങ്ങിയവരെല്ലാം റൂസ്സോയുടെ സ്വാധീനവലയത്തില്‍ പെട്ടവരാണ്. യൂറോപ്യന്‍ ചിത്രകലയുടെ നവോത്ഥാനകാലം മുതല്‍ തുടങ്ങുന്ന രേഖീയമായ ചരിത്രത്തില്‍ പല കാരണങ്ങളാലും മൗലികമായി, വേറിട്ട്, ഒറ്റപ്പെട്ടുനില്ക്കുന്ന ഒന്നാണ് റൂസ്സോയുടെ കല. പാരീസിലെ ‘ആധുനിക’ ചിത്രകാരന്മാര്ക്ക് ആഫ്രിക്കന്‍, ലാറ്റിനമേരിക്കന്‍ ഗോത്രകലകളിലും, കുട്ടികളുടെ ചിത്രങ്ങളിലും, സറിയലിസ്റ്റ് രീതിയിലുള്ള വിഭ്രാമക ദൃശ്യങ്ങളിലും, അക്കാദമിക് രീതിയില്‍ പരിശീലനം നേടാത്ത ചിത്രകാരന്മാരുടെ രചനകളിലുമെല്ലാം താല്പര്യമുണര്ത്തുന്നതില് റൂസ്സോയുടെ ചിത്രങ്ങള്‍ ഒരു കാരണമായിത്തീര്‍ന്നിട്ടുണ്ട്.


റൂസ്സോയുടെ മരണശേഷം ഇരുപത് – ഇരുപത്തൊന്ന് നൂറ്റാണ്ടുകളിലായി അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ വലിയ പ്രദര്‍ശനങ്ങള്‍ ലണ്ടനിലും അമേരിക്കയിലും ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നടന്നിട്ടുണ്ട്. ആസ്വാദകര്‍ക്കിടയില്‍ ആ ചിത്രങ്ങള്‍ ഉണര്‍ത്തുന്ന വിസ്മയവും സ്വീകാര്യതയും വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് മനസ്സിലാകുന്നത്.
***

ഹെന്റി റൂസ്സോ
ജനനം : 1844
മരണം : 1910







No Comments yet!