Skip to main content

ഡീഗോ റിവേറ (1886 – 1957)

ലാറ്റിൻ അമേരിക്കയ്ക്ക് അഥവാ തെക്കേ അമേരിക്കയ്ക്ക് സമ്പന്നമായ ഒരു കലാപാരമ്പര്യമുണ്ട്. പതിനാറാം നൂറ്റാണ്ടിൽ യൂറോപ്പിൽനിന്നുള്ള കുടിയേറ്റം ആരംഭിക്കുന്ന കാലഘട്ടം വരെയുള്ള അവരുടെ കലാപ്രവർത്തനങ്ങളെ പൊതുവിൽ Primitive (ആദിമമായത്‌, പ്രാകൃതമായത് എന്നൊക്കെയുള്ള അർത്ഥത്തിൽ) എന്ന് പല യൂറോപ്യൻ പണ്ഡിതരും ആദ്യകാലത്തു വിളിക്കുകയുണ്ടായി. എന്നാൽ ഈ കാഴ്ചപ്പാടിന് ഇരുപതാം നൂറ്റാണ്ടിൽ കാര്യമായ മാറ്റം ഉണ്ടാകുന്നുണ്ട്. ലാറ്റിനമേരിക്കൻ പരമ്പരാഗത കലയുടെ ശൈലീപരവും സാങ്കേതികവുമൊക്കെയായ തനിമ ഇന്ന് വ്യാപകമായി തിരിച്ചറിയപ്പെട്ടിട്ടുണ്ട്. പതിനാറാം നൂറ്റാണ്ടിനു മുൻപ് ചെയ്യപ്പെട്ടതായി നമുക്ക് ലഭിച്ചിട്ടുള്ള കാലാവസ്തുക്കൾ പ്രധാനമായും ശില്പങ്ങളാണ്. പെയിന്റിങ്ങുകൾ അക്കൂട്ടത്തിൽ താരതമ്യേന കുറവാണ്.

യൂറോപ്പിൽനിന്നുള്ള കുടിയേറ്റം ആരംഭിച്ചതിനുശേഷം ലാറ്റിനമേരിക്കയിൽ അവിടുത്തെ പൗരാണിക പാരമ്പര്യങ്ങളും യൂറോപ്യൻ സംസ്കാരവും തമ്മിലുള്ള ഒരു സമന്വയം സംഭവിക്കുന്നുണ്ട്. രൂപത്തിലും ദർശനത്തിലും ഒരുപക്ഷെ യൂറോപ്യൻ ഘടകങ്ങളാണ് അതിൽ മുന്നിട്ടുനിൽക്കുന്നത്. ഇത്തരത്തിൽ രൂപപ്പെട്ട ഒന്നാണ് ലാറ്റിനമേരിക്കയുടെ ആധുനിക ചിത്രകല. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ ലാറ്റിനമേരിക്കയിൽ, പ്രധാനമായും മെക്സിക്കോ കേന്ദ്രീകരിച്ച് ചുവർചിത്രങ്ങളുടെ മൗലികവും ശക്തവുമായ ആവിഷ്കാരങ്ങൾ ഉണ്ടാകുന്നുണ്ട്. ഈ ചുവർചിത്രകാരന്മാരിൽ ഏറ്റവും പ്രമുഖൻ എന്ന് വിളിക്കാവുന്ന ഒരാളായിരുന്നു ഡീഗോ റിവേറ (Diego Rivera).

ജീവിതരേഖ

1886 ലാണ് ഡീഗോ റിവേറ ജനിക്കുന്നത്. ബാല്യത്തിൽ, ഏതാണ്ട് മൂന്നു വയസ്സ് മുതൽതന്നെ, ചിത്രംവരയ്ക്കുന്നതിൽ അദ്ദേഹം വലിയ താൽപ്പര്യം കാണിച്ചു. മാതാപിതാക്കൾ വരയ്ക്കാനുള്ള സൗകര്യമൊരുക്കി ആ താല്പര്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പത്തുവയസ്സുമുതൽ അദ്ദേഹം ചിത്രകല ഔപചാരികമായി പരിശീലിച്ചുതുടങ്ങി. 1907 ൽ റിവേറ ഉപരിപഠനത്തിനായി യൂറോപ്പിലേക്കു പോയി. ആദ്യം സ്പെയിനിലേയ്ക്കും തുടർന്ന് പാരീസിലേയ്ക്കും. പഠനത്തോടൊപ്പം അദ്ദേഹം യൂറോപ്പിലെ കലാകേന്ദ്രങ്ങൾ സന്ദർശിക്കുകയും പിക്കാസോയും മത്തീസും ഉൾപ്പെടെയുള്ള പ്രമുഖരായ പല ആധുനിക ചിത്രകാരന്മാരുമായും പരിചയപ്പെടുകയും ചെയ്തു. ചിത്രകലാരംഗത്തെ നവീന പ്രവണതകൾ മനസ്സിലാക്കാൻ ഈ പരിചയങ്ങൾ അദ്ദേഹത്തെ സഹായിച്ചു.

Fresco painting | Technique, Definition, Examples, Method, Materials, & Facts | Britannica
Fresco Paintings

1920 ൽ ഇറ്റലി സന്ദർശിച്ചപ്പോൾ നവോത്ഥാനകാലത്തെ ആചാര്യന്മാരുടെ ചുവർചിത്രങ്ങൾ (Fresco Paintings) നേരിൽക്കാണാൻ റിവേറയ്‌ക്ക് അവസരം കിട്ടി. ആ ചിത്രങ്ങൾ അദ്ദേഹത്തെ നന്നായി സ്വാധീനിച്ചു. ഭാവിയിൽ സ്വയം ഒരു ചുവർചിത്രകാരനായിത്തീരാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നതരത്തിൽ അവ ഊർജ്ജം പകർന്നു. 1921 ൽ ഇറ്റലിയിൽനിന്ന് നാട്ടിൽ തിരിച്ചെത്തുമ്പോൾ മെക്സിക്കൻ വിപ്ലവത്തിനുശേഷം നിലവിൽവന്ന പുരോഗമന നിലപാടുകളുള്ള ഒരു ഗവണ്മെന്റാണ് അവിടെ അധികാരത്തിലിരുന്നത്. ഈ ഗവണ്മെന്റ് രാജ്യത്തിന്റെ പല ഭാഗങ്ങളിൽ സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും പൊതുസ്ഥലങ്ങളിലും ചുവർചിത്രങ്ങൾ വരയ്ക്കാനുള്ള വിപുലമായ ഒരു പദ്ധതി ആവിഷ്കരിച്ചു. റിവേറ ഈ പദ്ധതിയിൽ സജീവ പങ്കാളിയായി.

മെക്സിക്കോയിൽ ചെയ്ത ചുവർചിത്രങ്ങൾ റിവേറയെ അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയനാക്കി. രാജ്യത്തിനുപുറത്തുനിന്നും അദ്ദേഹത്തിന് വരയ്ക്കാനുള്ള കരാറുകൾ കിട്ടിത്തുടങ്ങി. പ്രധാനമായും വടക്കേ അമേരിക്കയിൽനിന്നുമായിരുന്നു കരാറുകൾ. ഈസൽ പെയിന്റിങ്ങുകളും റിവേറ ചെയ്തിട്ടുണ്ടെങ്കിലും അദ്ദേഹത്തെ പ്രശസ്തനാക്കിയത് ചുവർചിത്രങ്ങളാണ്.

Frida kahlo and Rivera

റിവേറ നാലുതവണ വിവാഹിതനായി. അദ്ദേഹത്തിന്റെ മൂന്നാമത്തെ ഭാര്യ പ്രശസ്ത മെക്സിക്കൻ ചിത്രകാരി ഫ്രിഡ കാലോ (Frida Kahlo) ആയിരുന്നു. ഒരു ചിത്രകാരനെന്നനിലയിൽ ജീവിതാവസാനം വരെ കർമ്മനിരതനായിരുന്നു റിവേറ. 1957 ൽ എഴുപതാമത്തെ വയസ്സിൽ ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടർന്ന് അദ്ദേഹം നിര്യാതനായി.

കമ്മ്യൂണിസ്റ്റ് സഹയാത്രികനായ കലാകാരൻ

ചെറുപ്പം മുതൽക്കുതന്നെ ഇടതുപക്ഷ രാഷ്ട്രീയ ആഭിമുഖ്യമുള്ള ഒരാളായിരുന്നു റിവേറ. ചിത്രകല അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയോന്മുഖമായ ഒരു പ്രവർത്തനമായിരുന്നു. മെക്സിക്കോയിലെ കർഷകരുടെയും വ്യവസായത്തൊഴിലാളികളുടെയും ജീവിതം റിവേറയുടെ ചിത്രങ്ങളിൽ ആദ്യകാലം മുതൽക്കുതന്നെ ആവർത്തിച്ചു കടന്നുവരുന്നുണ്ട്. 1922 ൽ മെക്സിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അദ്ദേഹം അംഗമായി. രാജ്യത്തെ ഇടതുപക്ഷ ആഭിമുഖ്യമുള്ള ചിത്രകാരന്മാരുടെയും ശില്പികളുടെയും സംഘടനയുടെ രൂപീകരണത്തിൽ അദ്ദേഹം ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. 1922 ൽ, നേരത്തെ സൂചിപ്പിച്ച സർക്കാരിന്റെ ചുവർചിത്രപദ്ധതിയുടെ ഭാഗമായി മെക്സിക്കോ നഗരത്തിൽ ചിത്രംവരയ്ക്കുമ്പോൾ വലതുപക്ഷ തീവ്രവാദികളുടെ ആക്രമണം ഉണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ഒരു പിസ്റ്റൾ കയ്യിൽ കരുതിക്കൊണ്ടാണ് അദ്ദേഹം വരച്ചത്.

സ്റ്റാലിനിസ്റ്റ് റഷ്യയെ സംബന്ധിച്ചുള്ള വിഷയത്തിൽ ഉൾപ്പെടെ പല വിഷയങ്ങളിലും ഔദ്യോഗിക പക്ഷത്തിന്റെ നിലപാടുകളിൽനിന്നു വ്യത്യസ്ത മായി റിവേറ പുലർത്തിയ സ്വാതന്ത്രനിലപാടുകൾ മെക്സിക്കൻ കമ്മ്യൂണിസ്റ്റുപാർട്ടി നേതൃത്വത്തിന് അദ്ദേഹത്തെ അനഭിമതനാക്കി. 1929 ൽ അദ്ദേഹം പാർട്ടിയിൽനിന്നു പുറത്തായി. എങ്കിലും തന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം ഒരു കമ്മ്യൂണിസ്റ്റ് പോരാളിയായിത്തന്നെ തുടർന്നു. റഷ്യൻ കമ്മ്യൂണിസ്റ്റ് നേതാവ് ലിയോൺ ട്രോട്സ്കി റിവേറയുടെ അടുത്ത സുഹൃത്തായിരുന്നു. സ്റ്റാലിനിസ്റ്റ് റഷ്യയിൽനിന്നു പലായനം ചെയ്തു മെക്സിക്കോയിലെത്തിയ ട്രോട്സ്കി വധിക്കപ്പെടുന്നതിനുമുൻപ് കുറച്ചുകാലം റിവേറയോടും അദ്ദേഹത്തിന്റെ ഭാര്യ ഫ്രിഡയോടുമൊപ്പം അവരുടെ വീട്ടിൽ അതിഥിയായി താമസിച്ചിരുന്നു. റഷ്യൻ കമ്മ്യൂണിസ്റ്റുകൾ ഉദ്ഘോഷിച്ചിരുന്ന ‘സോഷ്യലിസ്റ്റു റിയലിസം’ എന്ന കലാപ്രസ്ഥാനത്തോട് റിവേരയ്ക്ക്‌ ആഭിമുഖ്യം ഉണ്ടായിരുന്നില്ല. കലാകാരൻ രാഷ്ട്രീയനേതൃത്വത്തിനു വിധേയപ്പെടുന്നതിനെ അദ്ദേഹം ഒരിക്കലും അനുകൂലിച്ചുമില്ല. 1938 ൽ “Towards a Free Revolutionary Art,” എന്നപേരിൽ ഒരു മാനിഫെസ്റ്റോ തയ്യാറാക്കുമ്പോൾ ട്രോട്സ്കിയോടും ആന്ദ്രേ ബ്രെട്ടനോടും സഹകരിക്കുന്ന റിവേറയെയാണ് നമ്മൾ കാണുന്നത്.

One of the Detroit Industry murals

ചിത്രങ്ങളിലൂടെ

ജലച്ചായവും എണ്ണച്ചായവും പോലെയുള്ള മാധ്യമങ്ങൾ അദ്ദേഹം ഉപയോഗിച്ചിരുന്നുവെങ്കിലും ഡീഗോ റിവേറയുടെ പ്രശസ്തമായ രചനകൾ ചുവർചിത്രങ്ങളാണ്. ഇറ്റാലിയൻ മാതൃകയിലുള്ള ഫ്രസ്കോ സങ്കേതത്തെ മെക്സിക്കൻ പാരമ്പര്യവുമായി സമന്വയിപ്പിച്ചാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. അഞ്ഞൂറും അറുനൂറും ചതുരശ്ര അടി വലിപ്പമുള്ള ധാരാളം ചുവർ ചിത്രങ്ങൾ അദ്ദേഹം ചെയ്‌തിട്ടുണ്ട്‌. എടുത്തുകൊണ്ടുപോകാവുന്ന താരതമ്യേന ചെറിയ പാനലുകളിലും ക്യാൻവാസിലും അദ്ദേഹം വരച്ചിരുന്നു.

The Exploiters

റിവേറയുടെ ആദ്യകാല രചനകളിൽ, പ്രത്യേകിച്ചും പാരീസിൽ ജീവിച്ചിരുന്ന കാലഘട്ടത്തിലെ ചിത്രങ്ങളിൽ, പോസ്റ്റ് ഇംപ്രഷനിസ്റ്റുകളുടെയും ക്യൂബിസ്റ്റുകളുടേയുമെല്ലാം സ്വാധീനം കാണുന്നുണ്ട്. തന്റേതായ ഒരു ശൈലി അദ്ദേഹം വികസിപ്പിക്കുന്നത് 1921 ൽ യൂറോപ്പിൽനിന്ന് മെക്സിക്കോയിൽ തിരിച്ചെത്തി ഗവണ്മെന്റിന്റെ ചുവർചിത്ര പദ്ധതിയുടെ ഭാഗമാകുന്നതോടുകൂടിയാണ്. തന്റെ രാഷ്ട്രീയ പക്ഷപാതം വ്യക്തമായി വെളിപ്പെട്ടുത്തുന്നവയായിരുന്നു ആ കാലഘട്ടത്തിലെ രചനകൾ.

Sunflowers, 1943

മെക്സിക്കൻ വിപ്ലവം, വ്യവസായശാലകളിലെ തൊഴിലാളികളുടെയും വയലിൽ പണിയെടുക്കുന്ന കർഷകരുടെയും ജീവിതദൃശ്യങ്ങൾ, കമ്മ്യൂണിസ്റ്റ് സഖാക്കളുടെ ഛായാചിത്രങ്ങൾ, രക്തസാക്ഷികളുടെ കുഴിമാടങ്ങളുടെ ദൃശ്യങ്ങൾ ഇതെല്ലാം ആ ചിത്രങ്ങളിൽ ആവർത്തിച്ചു കടന്നുവരുന്നുണ്ട്. ആദർശങ്ങൾക്കുവേണ്ടി ജീവൻ ത്യജിച്ച ആളുകൾ രാജ്യത്തെ വയലുകളിൽ വിളകളായി രൂപാന്തരപ്പെടുന്നതുപോലെയുള്ള കാവ്യാത്മകമായ കൽപ്പനകൾ അദ്ദേഹത്തിന്റെ ചില ചിത്രങ്ങളിൽ കാണാം.

റിവേറയുടെ പ്രശസ്തമായ രചനകളിലൊന്നാണ് 1926 ൽ വരച്ച ‘The Exploiters’. മെക്സിക്കോയിലെ കർഷകരും തൊഴിലാളികളും തൊഴിലുടമകളിൽനിന്നു നേരിടുന്ന ചൂഷണത്തിന്റെയും അനുഭവിക്കുന്ന പീഡനത്തിന്റെയും നേർചിത്രമാണിത്. അദ്ധ്വാനവർഗ്ഗത്തിന്റെ പ്രതീകമായ അരിവാളും ചുറ്റികയും മറ്റു പണിയായുധങ്ങളും കയ്യിലേന്തിയ മനുഷ്യരെ റിവേറയുടെ പെയിന്റിങ്ങുകളിൽ പലയിടത്തും കാണാം.+1927 ൽ വിപ്ലവത്തിന്റെ പത്താം വാർഷികം പ്രമാണിച്ച് സോവിയറ്റ് യൂണിയന്റെ ക്ഷണം സ്വീകരിച്ചു മോസ്കോയിലെത്തിയ റിവേറ ചെമ്പടയെ ചിത്രീകരിക്കുന്ന ഒരു മ്യൂറൽ വരയ്ക്കാൻ നിയോഗിതനായി. എന്നാൽ അവിടെയുണ്ടായ ചില പ്രത്യേക സാഹചര്യങ്ങളിൽ ആ പ്രോജക്റ്റ് പൂർത്തിയായില്ല.

വടക്കേ അമേരിക്കയിൽ പലയിടത്തുനിന്നും റിവേറയ്ക്ക്‌ വരയ്ക്കാൻ ക്ഷണം ലഭിച്ചു. 1931 ൽ ന്യൂയോർക്കിലെ മോഡേൺ ആർട്ട് മ്യൂസിയത്തിൽ റിവേറയുടെ മുൻകാലചിത്രങ്ങളുടെ ഒരു വലിയ പ്രദർശനം സംഘടിപ്പിക്കപ്പെട്ടു. 1933 ൽ ന്യൂയോർക്കിലെ റോക്ഫെല്ലർ സെന്ററിനുവേണ്ടി ചിത്രങ്ങൾ വരയ്ക്കാൻ റിവേറ നിയോഗിതനായി. അവിടെ മൂന്നു പാനലുകളിലായി അദ്ദേഹം വരച്ച ‘Man at the crossroads’ എന്നറിയപ്പെടുന്ന ചിത്രം കമ്മ്യൂണിസ്റ്റ് വിരുദ്ധരായ സെന്ററിന്റെ ഭാരവാഹികളെ ക്ഷുഭിതരാക്കി.ചിത്രത്തിൽ കമ്മ്യൂണിസ്റ്റ് നേതാവ് ലെനിന്റെ ഒരു ഛായാചിത്രം വരച്ചുചേർത്തതും ചിത്രങ്ങൾ പ്രകടിപ്പിച്ച പൊതുവായ മാർക്സിസ്റ്റ് ആഭിമുഖ്യവുമായിരുന്നു ഇതിനു കാരണം. ലെനിന്റെ ചിത്രം നീക്കം ചെയ്യണമെന്ന ആവശ്യം റിവേറ നിരസിച്ചു. (ഈ ചിത്രം പിന്നീട് പ്രദർശന സ്ഥലത്തുനിന്ന് നീക്കംചെയ്യുകയുണ്ടായി). കലാകാരന്റെ അഭിമാനം (Integrity) ഉയർത്തിപ്പിടിക്കപ്പെട്ട ഒരു സന്ദർഭമായി എഴുത്തുകാരൻ ഇ ബി വൈറ്റ് (E B White) ഇതേപ്പറ്റി എഴുതിയിട്ടുണ്ട്. 1934 ൽ മെക്സിക്കോയിൽ തിരിച്ചെത്തിയതിനുശേഷം അവിടെ ‘Man at the crossroads’ അദ്ദേഹം വീണ്ടും വരയ്ക്കുകയുണ്ടായി.

1933 ൽ അമേരിക്കയിലെ ഡിട്രോയിറ്റ് (Detroit) എന്ന സ്ഥലത്ത് അവിടുത്തെ ആർട്ട് ഇൻസ്റ്റിട്യൂട്ടിൽ റിവേറ വരച്ച വ്യവസായശാലകളിലെ കഠിനമായ തൊഴിൽ സാഹചര്യങ്ങളെ അവതരിപ്പിക്കുന്ന മ്യൂറലുകൾ പ്രസിദ്ധമാണ്. ആകെ ഇരുപത്തിയേഴു ചിത്രങ്ങളുണ്ട് ഇവിടെ. മനുഷ്യനിൽ അചഞ്ചലമായ വിശ്വാസമുള്ള, ദൈവത്തിൽ വിശ്വാസമില്ലാത്ത, ഭൗതികവാദിയായ ഒരാളായിരുന്നു റിവേറ. ആ ദാർശനിക നിലപാട് അദ്ദേഹത്തിന്റെ കലയിൽ പൊതുവിൽ പ്രതിഫലിക്കുന്നുമുണ്ട്.

Buy My Art, My Life: An Autobiography (Dover Fine Art, History of Art) Book Online at Low Prices in India | My Art, My Life: An Autobiography (Dover Fine Art, History of

റിവേറയുടെ സ്വാധീനം പിൽക്കാലത്ത്

മെക്സിക്കൻ ചുവർചിത്രകലയുടെ ഇരുപതാം നൂറ്റാണ്ടിലെ അനിഷേധ്യനായ ആചാര്യനായി ഇന്ന് ഡീഗോ റിവേറ തിരിച്ചറിയപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ ശൈലി പിന്തുടർന്നു വരയ്ക്കുന്നവർ മെക്സിക്കോയിലും പുറത്തും ഉണ്ട്. റിവേറയുടെ ജീവിതം ചില സിനിമകൾക്ക് പ്രമേയമായി വന്നിട്ടുണ്ട്. സാഹിത്യകാരന്മാരും കവികളും അദ്ദേഹത്തിന്റെ കലാജീവിതത്തെ പരാമർശിച്ച് എഴുതിയിട്ടുണ്ട്. ഗ്ലാഡിസ് മാർച്ചുമായി (Gladis March) ചേർന്ന് റിവേറ അദ്ദേഹത്തിന്റെ ആത്മകഥ എഴുതി. ‘My Life, My Art’ എന്ന ആ പുസ്തകം റിവേറയുടെ മരണാനന്തരമാണ് പ്രസിദ്ധീകരിച്ചത്.

റിവേറയുടെ ചിത്രങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് മെക്സിക്കോയിൽ അവ ഗവണ്മെന്റ് പ്രത്യേക പരിഗണന കൊടുത്തു സംരക്ഷിക്കുന്നുണ്ട്.


Diego Rivera

ഡീഗോ റിവേറ

ജനനം: 1886
മരണം: 1957

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.