ചിലരോട് മാത്രം നാം ഇഴയഴിഞ്ഞുലർന്നു പോം
ഉള്ളിലറിയാമെന്നുള്ള
തോന്നലിനാൽ
പലരോടും ഒച്ചിനെപ്പോൽ ചുരുളുമെങ്കിലും
ചിലർ തൻ സൌഹൃദത്തിൽ വിടരാം
തൊടുകിൽ ചുരുളാതെ
മുഖം മറക്കാതെ
ഉള്ളു തുറന്നൊഴുകിപ്പടരാൻ
ഇടം തരുന്നോർ.
ചിലരുണ്ട്
വാക്കിനാൽ മുറിക്കിലും
നോക്കിനാൽ വെറുക്കിലും
വീണാൽ താങ്ങാൻ
മടിക്കാത്തവർ.
ചിലരുണ്ട്,
കാലം കടത്തു തോണിപോൽ കരുതി വച്ചവർ
ഓടിതളർന്നങ്ങാ പെരുമഴരാത്രിയിൽ
അക്കര കടക്കാൻ
കൂട്ടുവന്നോർ
ഇനിയുമുണ്ട് പലരും
കാലടിമണ്ണിളക്കി, വീഴുമ്പോൾ
മൂടാൻ കൊതിപ്പവർ
കൂട്ടിന്നുരാവിൽ കൂടി
നിഴൽകൂത്തു ചെയ്യിക്കുവോർ
വാടകയിടങ്ങളിൽ വീഞ്ഞ്സൽകാരത്തിനു മാത്രം വരുന്നവർ
ചിലരൊ നമ്മൾ പോലുമറിയാതെ കൂട്ടിൽ നമുക്കായി ധാന്യങ്ങൾ കൂട്ടിവച്ചോർ…
ചിലരോട് ചില നാൾ ചേർന്ന് നടന്നതും പിരിഞ്ഞതും കാണാതലഞ്ഞുടഞ്ഞു വീണതും..
ഓർത്താലെല്ലാമൊരനുഭവമല്ലാതൊന്നുമല്ലെന്ന സത്യം പറഞ്ഞറിയണോ കഷ്ടം!
***







No Comments yet!