ഒരു ചിത്രകാരിയും അവരുടെ ഒരു ചിത്ര പരമ്പരയും ഒരു രാജ്യത്തിന്റെ നിയമസംവിധാനത്തിൽ ഒരു ബിൽ അവതരണത്തിന് നിർബന്ധിതമാകുന്നത് അധികം കേട്ടുകേൾവിയില്ലാത്തതാണ്. പോർച്ചുഗൽ സർക്കാരിന് അബോർഷൻ നിയമപരമാക്കുന്നതിന് ചിത്രങ്ങളിലൂടെ സ്വാധീനം ചെലുത്തി വിജയിപ്പിച്ചെടുത്ത ചിത്രകാരിയാണ് പൗല റെഗോ.
പോർച്ചുഗലിൽ 1984 വരെ ഗർഭച്ഛിദ്രം നിയമവിരുദ്ധവും ജയിൽ ശിക്ഷ ലഭിക്കാവുന്നതുമായ കുറ്റവുമായിരുന്നു. അമ്മയുടെ ആരോഗ്യം, ഭ്രൂണത്തിന്റെ വൈകല്യങ്ങൾ, ബലാത്സംഗം എന്നിവ പോലുള്ള പ്രത്യേക സാഹചര്യങ്ങളിൽ മാത്രമാണ് ചില ഇളവുകൾ നൽകിയിരുന്നത്. സ്വന്തം ജീവിതാനുഭവങ്ങൾ അപരനിൽ തിരയുന്നവരാണ് യഥാർത്ഥ കലാകാരി എന്ന് റെഗോ പറയുന്നത്, പഠനകാലത്തുണ്ടായ ഒന്നിലധികം ഗർഭചിദ്രങ്ങളുടെ അനുഭവങ്ങളിൽനിന്ന് അതിനായി അപകടകരമായ രഹസ്യമാർഗങ്ങളാരായുന്നവരേയും അതിനുശേഷമുണ്ടാവുന്ന അവരുടെ ദുരന്തങ്ങളും ക്യാൻവാസിലേക്കാവാഹിച്ചുകൊണ്ടായിരുന്നു.

2007 ൽ പോർച്ചുഗീസ് നിയമസഭയിലെ വോട്ടെടുപ്പിൽ അനിഷേദ്യസാനിധ്യമായി റെഗോയുടെ പ്രതിഷേധചിത്രങ്ങൾ മാറുകയും പത്ത് ആഴ്ച്ചവരെയുള്ള കാലങ്ങളിൽ ഗർഭചിദ്രം ആവാമെന്ന പ്രധാനനിയമം പ്രാബല്ല്യത്തിൽ വരികയുമുണ്ടായി. ‘അബോർഷൻ സീരീസ്’ എന്ന നാമധേയത്തിലുള്ള ഒരു ചിത്രപരമ്പര യുടെ ഉദയവും അതോടൊപ്പം ചരിത്രത്തിലിടം പിടിക്കുകയുണ്ടായി.
1935-ൽ ലിസ്ബണിൽ ജനിച്ച റെഗോ 1951 ൽ ഇഗ്ലണ്ടിലേക്ക് പാലായനം ചെയ്യുന്നത് കലാപഠനത്തെക്കാളേറെ 1933 മുതൽ 1974 വരെ പോർച്ചുഗലിൽ നിലനിന്നിരുന്ന ഫാസിസ്റ്റ് ഭരണകൂടമായ ‘എസ്റ്റാഡോ നോവോ’ എന്ന വ്യവസ്ഥിതിയിൽ നിന്ന് രക്ഷപ്പെടുന്നതിനായിരുന്നു. പിന്നീട് ലണ്ടനിലെ സ്ലേഡ് സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ കലാപഠനം ആരംഭിച്ചു.
ഒരു ഫാസിസ്റ്റ് ഭരണകൂടം ഒരു ബാല്യത്തെ എങ്ങിനെയാണ് ചൂളയിൽവെച്ച് ചുട്ടെടുക്കുന്നത് എന്നതിന് ഉത്തമമായ മാതൃകയാണ് പൗല റെഗോ. പോർച്ചുഗലിൽ ഒരു കൗമാരക്കാരിയായിരിക്കുമ്പോൾ തന്നെ, സ്വേച്ഛാധിപതിയായ അന്തോണിയോ ഡി ഒലിവേര സലാസറിന്റെ ക്രൂരമായ ഭരണകൂടത്തെ നിശിതമായി വിമർശിക്കുന്നതും വെല്ലുവിളിക്കുന്നതുമായ കലാരൂപങ്ങൾ റെഗോ നിർമ്മിച്ചിരുന്നു. ആറ് പതിറ്റാണ്ടിലേറെയായി ഭരണകൂടത്തോടുള്ള അമർഷം റെഗോ നിലനിർത്തുകയും, തന്റെ ചിത്രങ്ങളിലൂടെ നിർഭയമായി അതിനെതിരെ പ്രതികരിക്കുകയും ചെയ്തു.
സ്ത്രീകളുടെയും പെൺകുട്ടികളുടെയും നേർക്കുള്ള ആക്രമണങ്ങൾ, അധിനിവേശങ്ങൾ, ഇറാഖ് യുദ്ധം, അതിന് മുൻപ് നടന്ന കൊളോണിയൽ യുദ്ധങ്ങൾ, മനുഷ്യക്കടത്ത്, ഏകാധിപത്യം എന്നിവ അവരുടെ കലയിലെ പ്രധാന വിഷയങ്ങൾ ആവുമ്പോൾത്തന്നെ ആൺകൊയ്മ കീഴടക്കുന്ന എഴുത്തുകളേയും പറച്ചിലുകളെയും വരകളെയും വെല്ലുവിളിക്കുന്നതിനായി സ്ത്രീകളുമായി ബന്ധപ്പെടുന്ന സാമൂഹിക രാഷ്ട്രീയ മാനങ്ങൾ ഒട്ടും സങ്കീർണ്ണമല്ലാതെ
നാടോടിക്കഥകൾ, നഴ്സറി റൈമുകൾ, ഡിസ്നി ആനിമേഷനുകളും, സ്ത്രീസാഹിത്യങ്ങളും സമകാലിക രാഷ്ട്രീയ-സാമൂഹിക സംഭവങ്ങളോട് ചേർത്ത് അവതരിപ്പിക്കുന്ന രീതിയും ഒരു ഫെമിനിസ്റ്റ് കാഴ്ചപ്പാടിലൂടെ അവർ അനുവർത്തിച്ചു.
റെഗോയുടെ ചിത്രങ്ങളിലെ യൂണിഫോമിട്ട സ്കൂൾ വിദ്യാർത്ഥിനി, അടിവസ്ത്രങ്ങൾ, കിടക്കുന്നതോ, കാലുകൾ അകത്തി ഇരിക്കുന്നതോ ആയ സ്ത്രീരൂപങ്ങൾ ഇവരെയെല്ലാം നമുക്ക് വായിക്കാനാവുക തങ്ങളെ നിരീക്ഷിക്കുന്നവർ ആരെന്നുപോലുമറിയാൻ ശ്രമിക്കാത്തവരെക്കാളേറെ തങ്ങളെ നോക്കുന്നവരെ തിരികെ ശക്തമായി നോക്കിക്കൊണ്ട് ധീരമായി നേരിടുന്നവരായാണ്. ചില മങ്ങിയ നിറങ്ങളിലുള്ള പ്രിന്റുകളെ “വെളിച്ചം ഉള്ളപ്പോൾ നടക്കുന്ന ദുരന്തങ്ങൾ” എന്നും അവർ പറഞ്ഞുവെച്ചു.
സ്ത്രീകളനുഭവിക്കുന്ന അടിച്ചമർത്തലുകളും പീഡനങ്ങളും തുറന്നുകാട്ടുന്ന കഠിനവും തെളിച്ചമൊട്ടുമില്ലാത്ത സങ്കീർണ്ണ സൃഷ്ടികളിലൂടെ പ്രശസ്തയായ ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ബ്രിട്ടീഷ് കലാകാരികളിൽ ഒരാളായി റെഗോ മാറി. പോർച്ചുഗീസ് നഗരമായ കാസ്കൈസിൽ ‘കാസ ദാസ് ഇസ്തോറിയാസ് പൗല റെഗോ’ എന്ന മ്യൂസിയം പ്രവർത്തനമാരംഭിച്ചത് 2009 ലാണ്. 2005-ൽ റോയൽ മെയിൽ അവരുടെ ‘ജെയ്ൻ ഐർ ലിത്തോഗ്രാഫുകളെ’ അടിസ്ഥാനമാക്കി ഒരു കൂട്ടം തപാൽ സ്റ്റാമ്പുകൾ പുറത്തിറക്കുകയും കലാരംഗത്തെ സംഭാവനകൾ പരിഗണിച്ച് 2010-ൽ ‘ഡെയിം കമാൻഡർ ഓഫ് ദി ഓർഡർ ഓഫ് ദി ബ്രിട്ടീഷ് എംപയർ’ എന്ന പദവി നൽകി റെഗോയെ ആദരിക്കുകയുമുണ്ടായി.
പ്രോപഗണ്ട എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന തന്റെ ചിത്രങ്ങൾ ഗർഭച്ഛിദ്ര അനുകൂല സംഘടനകൾക്ക് പുനർനിർമ്മിക്കാനും ജേണലുകളിലും പത്രങ്ങളിലും ഇവ ഉപയോഗിക്കാനും അവർ അനുവാദം നൽകി.
“എനിക്ക് രക്തമോ മറ്റെന്തെങ്കിലുമൊ ചിത്രീകരിച്ചു അറപ്പുളവാക്കുന്ന രീതികളിലേക്കോ വിഷയാലേഖങ്ങളിലേക്കോ പോകാൻ മാത്രമുള്ള അമർഷമുണ്ടായിരുന്നെങ്കിലും അന്തസ്സഭിനയിച്ചു നീങ്ങിയിരുന്ന ഒരു അഭിനവ സമൂഹത്തിന്റെ കണ്ണുകൾ തുറപ്പിച്ചു അവർക്ക് നിർബന്ധിച്ചുണ്ടാക്കുന്ന കാഴ്ച എന്നെ സംബന്ധിച്ച് വളരെ പ്രധാനമായിരുന്നു..!”
ആധുനികരാണെന്ന് അഭിനയിക്കുന്ന നവ കലാസ്വാദകരെയും ഇങ്ങനെ പറയുമ്പോൾ റെഗോ ഉന്നം വെക്കുന്നുണ്ട്. ആധുനികമാണെന്ന് നുണപറയുന്ന ഒരു സമൂഹത്തിൽ കഠിനമായ ജീവിതയാഥാർഥ്യങ്ങളെ അത്യാധുനികമായി അവതരിപ്പിച്ചുകൊണ്ട് 2022 ൽ പൗല റെഗോ യാത്രയായി.

Paula Rego
1935-2022







No Comments yet!