Skip to main content

അനൂപ് ഷാ കല്ലയത്തിന്റെ രണ്ട് കവിതകള്‍

ലവ് അറ്റ് ഫസ്റ്റ് സൈറ്റ്

കുരുട്ട്, കറുകറൂന്ന്, ചപ്രാഞ്ചിമുടി-
ഇവന്റെയൊക്കെ മട്ടും ഭാവോം
കണ്ടാലറിയില്ലേ..!

ന്താ ഡാ ഉദ്ദേശം..?

യുക്തിയിലേക്ക് രക്തം കൊണ്ടോണ
പൈപ്പ്‌പൊട്ടി-
ഉള്ളില് ചോര ചീറ്റി.

കാഴ്ച മാഞ്ഞ്
ബുദ്ധി വരണ്ട്
മനസറ്റ് ചെരുപ്പും ചോട്ടില്‍ വീണ് പുളയുന്നു.

കയ്യിലൊരു കാച്ചിയ വാക്കത്തിയാണ് കിട്ടിയത്, പക്ഷേ
വെയിറ്റിങ് ലിസ്റ്റില്‍ കെടക്കുവല്ലേ..?
ഞാനത് താഴെയിട്ട്
വറ്റി നിന്ന്.

ഏറില് വീണതെല്ലാം
ഭാഗ്യം കൊണ്ടെന്ന് ചൂണ്ടുന്നു.
നീക്കിവെച്ചെ നേരമെല്ലാം
പറ്റ്ബുക്കില്‍ കൂട്ടുന്നു.
ആവര്‍ത്തിക്കരുതെന്ന്
തോളില്‍ തട്ടുന്നു.
താഴെയാന്ന് മുഴുവിപ്പിക്കാനൊടുക്കമൊരു
ഷെയ്ക്കാന്‍ഡും.

ഇറക്കത്തില്‍
മുന്നിലെപ്പുള്ളി*
പുതപ്പും പുസ്തകവും ബാഗും
വലിയൊരു-അംബേദ്കര്‍ ചിത്രവുമായ് കേറ്റം വിഴുങ്ങുന്ന്,
ഞാന്‍ പൊറകെ ജെറ്റിട്ടു-
അടുത്തെത്തിയപ്പോ
രണ്ടാള്‍ക്കുമായ്
കൊറേ തല
ഒറ്റ നിഴല്‍.

*രോഹിത് വെമുല

 

**********

 

 

ഒച്ചയിണ്ടാക്കാതെ മിണ്ടുമ്പോ

ഒച്ചയില്ലാണ്ട് മിണ്ടുമ്പോ
തിരിച്ചറിയാനാവാത്തവിധം
മറ്റാരോ ആകുന്നത്രേ?
മാനം മൊഴിമാറണമട്ട്-
കടലുറങ്ങണമട്ട്-

സ്റ്റാറ്റസ്‌കളിലത് സമ്മതിക്കുന്നു,
ഒരാള്‍ക്ക് വേണ്ടിമാത്രമാകുമ്പോ
അങ്ങനെയാവുമല്ലോ?
മെസ്സേജില്,കെട്ടിപ്പിടിക്കുമ്പോ
കൈകൊടുക്കലില്,ടാറ്റപറയുമ്പോ
സേംഫീല് തന്നെങ്കി
കിമോ ചെയ്യേണ്ടിരിക്കുന്ന്.

മെസ്സേജ്കളെന്റെ
തോളില്‍ തൂങ്ങി മിണ്ടലാണ്.
കെട്ടിപ്പിടിക്കുമ്പോ
ഞാനെന്റെ ജീവന്‍ പറിച്ചു തരുന്നുണ്ട്.
ഒരേപടിയില് നിന്നെ കൈ തന്നിട്ടൊള്ളൂ.
ടാറ്റ പറഞ്ഞിറങ്ങുമ്പോ
അത്രേം-നേരോംകൊണ്ടാ പോവാറ്.

മുകളില്‍ പറഞ്ഞതത്രേം തിരിയുന്നില്ലല്ലോന്ന് ഏങ്ങി,
പിന്നീന്ന് തട്ടാനോ
ഉറക്കം ഞെട്ടാനോ
വലിച്ച് പിടിക്കാനോ
പോണൊന്നുമില്ല.!
ഇമ്മാതിരി ഇടിവെട്ടിട്ടും
നീ ടി.വി ഓഫാക്കണില്ലെങ്കി
നമ്മളൊരാനവൈഡ്
ദൂരത്തിലാണെന്നെന്നെ
നുള്ളിയറിയിക്കും.

No Comments yet!

Your Email address will not be published.