ആഴത്തിൽ,
ആഴത്തിൽ,
ആഴത്തിൽ നിന്ന്—
ഞാൻ വിളിക്കുന്നു…
വെളിച്ചമേ…
എന്തൊരു പ്രതിധ്വനി!
മുറിവുകളുടെ വിങ്ങലിൽ,
കരച്ചിലിന്റെ ഒച്ചയിൽ,
പ്രാണന്റെ ഭാഷയിൽ,
മണ്ണടരിന്റെ അഗാധതയിൽ നിന്ന്
വേരുകളുടെ ജലമേയെന്നുള്ള പിടച്ചിൽപോലെ—
തൊടൂ…
ഏറ്റവും കരുണയോടെ.
ഇത്
അവസാനത്തെ പ്രാർത്ഥനയാണ്.
വലിയ കരച്ചിലുകളേ,
ഇനിയെങ്കിലും എന്നെ തൊടാതെ പോകണേ.
ദുഃഖത്തിന്റെ
ഉപ്പുപരലുകൾ നിറഞ്ഞ
ഒരു സമുദ്രംപോലെ
ജീവിതം എന്റെ നാവിൽ കയ്ക്കുന്നു.
—
വീഴ്ചകൾ…
പറക്കലുകൾ…
വീണ്ടും വീഴ്ചകൾ…
പറക്കലുകൾ…
ജീവിതമേ,
അസാധ്യമായ വേദനയിൽ
ഉടൽ
നിലംപൊതിയുന്നു.
പറക്കലിനെ സ്വപ്നം കാണുമ്പോഴും
ചിറകിൽ
മുറിവുകളുടെ ഭാരം,
ആഴങ്ങളുടെ ഭീതി.
എങ്കിലും—
ആർദ്രമായി
ഞാനീ മണ്ണിനെ ചുംബിക്കുന്നു.
തണുപ്പ്,
ഒരു വെളുത്ത പക്ഷിയായി
എന്റെ കൈവെള്ളമുത്തുമ്പോൾ
ചിറകിലാകെ നിലാവിന്റെ വെള്ളിവിത്തുകൾ
ആർദ്രതയുടെ കൃഷ്ണകമലങ്ങൾ.
മഴ,
ജാലകച്ചില്ലിലെമ്പാടും
ഓർമ്മകളുടെ
അടയാളങ്ങൾ വരച്ചുവെച്ച്
മണ്ണിന്റെ ഗന്ധത്തെ വിളിക്കുന്നപോലെ,
തണുപ്പിനെ പൊതിഞ്ഞ് നീട്ടി,
പുരാതനവും പരിചിതവുമായ ഗന്ധം
എന്നിലേക്ക് പടർത്തുന്നു.
അത്
ദൂരത്തെ
സ്നേഹമെന്ന് പരിഭാഷപ്പെടുത്തി,
ഒരു പാട്ടുപോലെ അത്രയും മൃദുവായി എന്നെ തൊടുന്നു,
ഓരോർമ്മപോലെ
കടന്നുപോകുന്നു.
ഇടനെഞ്ചിലെ
ഇരുണ്ട മണ്ണിൽ
ഉന്മാദങ്ങളുടെ വിത്തുകൾ
മുളപൊട്ടുന്നു.
ഇരുളിന്റെ അടിവേരിൽ നിന്ന്
പുലരിയുടെ നേർത്ത പാട്ട്
ഒരു പക്ഷിപോലെ എന്നിലേക്ക്
പറന്നുവന്നിരിക്കുന്നു.
വീണുപോയിടത്തെല്ലാം
പുലർച്ചകളുടെ വിത്തുകൾ,
ഇരുട്ടിന്റെ നെഞ്ചുപിളർന്ന്
സ്വപ്നങ്ങളുടെ പച്ചനാമ്പുകൾ;
അറിയാത്ത പൂക്കളുടെ നിറങ്ങൾ,
ഓർമ്മകളുടെ മണങ്ങൾ,
വരാനിരിക്കുന്ന വെളിച്ചത്തിന്റെ
നനുത്ത സ്പന്ദനങ്ങൾ…
സ്വപ്നമേ,
ഞാൻ നിന്നെ
ഉറക്കെ വിളിക്കുകയാണ്….
വീഴ്ചകളുടെ
ആഴങ്ങളിൽ നിന്നുയർന്ന്
എന്റെ പുലർച്ചയാവണേ;
സ്വപ്നമേ നിനക്ക്
എന്തൊരു മുഴക്കമാണ്!
ഒടുവിലത്തെ പരിശ്രമമെന്നപോലെ
ഒരിക്കൽക്കൂടി
ഞാനീ
വെളിച്ചം തേടുന്നു,
പക്ഷിയാകുന്നു!
ആകാശം
അവിടെ തന്നെയുണ്ട്,
ചിറകുകൾ
വിടർത്തിയാൽ
മാത്രം
മതി!
***
കവിപരിചയം :
ഷിബി നിലാമുറ്റം
തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട് പേരുമല സ്വദേശിനി. കവി, എഴുത്തുകാരി,ചിത്രകാരി, പ്രഭാഷക, അദ്ധ്യാപിക. പരേതരായ അദ്ധ്യാപകദമ്പതികൾ ശ്രീമാൻ അബ്ദുൽ ബുഹാരിയുടെയും ശ്രീമതി നുസൈഫാബീവിയുടെയും മകൾ . മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദവും ബി. എഡും നേടിയിട്ടുണ്ട്. കുറച്ചുനാളത്തെ അദ്ധ്യാപനത്തിനു ശേഷം വെഞ്ഞാറമൂട് ശ്രീ ഗോകുലം മെഡിക്കൽ കോളേജിൽ മെഡിസിൻ വിഭാഗം സെക്രട്ടറിയായി പ്രവർത്തിക്കുന്നു. ആറ്റിങ്ങൽ നിലാമുറ്റത്ത് താമസം.
കവിതാസമാഹാരങ്ങൾ : ഋതുക്കൾ പറഞ്ഞത്, ഇരുൾച്ചൂര്.







No Comments yet!