ആ ഇടവഴിയിലേക്ക് കടന്നാലുള്ള ആദ്യത്തെ കൂനൻ പാറകളിൽ ഈ മഴക്കാലത്ത് ചവിട്ടിയാൽ വഴുതി വീഴും. അതിനാൽ വരോട്ടിലെ തൊടിയുടെ അരികിലെ ഗോമാവിന്റെ വേരിൽ ചവിട്ടി രവി അപ്പുറത്തേക്ക് കടന്നു. വളവ് കഴിഞ്ഞാൽ ആലിന്റെ വേരുകൾ തൂങ്ങിക്കിടപ്പുണ്ടാവും, അതുകൊണ്ട് അയാൾ ഒന്ന് ശ്രദ്ധിച്ചു നടന്നു.
രവി ആ ഇടവഴിയിലൂടെ നടന്നിട്ട് വർഷങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു. എന്നിട്ടും സ്ഥിരപരിചിതനെപ്പോലെ നടന്നു. ചാറ്റൽമഴയുണ്ടായിട്ടും അയാളുടെ കൈ അല്പം വിയർക്കുന്നുണ്ടായിരുന്നു. അകന്നുപോയ ഒരു പെരുമ്പറയുടെ പ്രതിധ്വനി ഇപ്പോഴും നെഞ്ചിലുണ്ട്. ഞാൻ നാല്പത്തഞ്ചു വയസ്സുള്ള ആണൊരുത്തനാണ്. മനസ്സിലെ ഇഷ്ടം തുറന്നുപറയാനാകാത്ത പഴയ പൊടിമീശക്കാരനല്ല. അയാൾ പലതും ചിന്തിച്ച് സ്വയം നിയന്ത്രിച്ചു.
ഇടവഴിയിൽനിന്നും കലയുടെ വീട്ടിലേക്കുള്ള വെട്ടുകല്ലിന്റെ പടവുകളിലൂടെ അയാൾ കയറി. വഴിമുറ്റത്തിന്റെ ഇരുപുറവും തെച്ചിയും മന്ദാരവും നന്ത്യാർവട്ടവും എല്ലാം പഴയതുപോലെ തന്നെ ഇപ്പോഴും.
“ശാലുനേം കുട്ട്യോളേം കൂട്ടീലെ രവിയേട്ടാ?” കല കോലായിൽനിന്ന് വിളിച്ചു ചോദിച്ചു.
പെട്ടെന്ന് ആ ശബ്ദം കേട്ടപ്പോൾ ഒരു വലിയ ബലൂൺ ചെവിയിൽ വീർത്തുവന്ന് അതിൽ തട്ടുന്നതുപോലെ അയാൾക്ക് തോന്നി.
“വീട്ടിലുണ്ട്.” അയാൾ പറഞ്ഞു.
“എന്നിട്ട് എന്തേ ഇങ്ങോട്ട് കൊണ്ടുവരാത്തെ?”
നിന്നെ കാണാൻ ഞാൻ എന്നും തനിച്ചല്ലേ വന്നിട്ടുള്ളത് എന്ന് തിരിച്ചുചോദിക്കാൻ അയാൾക്ക് തോന്നി.
“എനിക്ക് വേറെയും ഒന്ന് രണ്ട് സ്ഥലത്ത് പോവാണ്ട്.” അയാൾ പറഞ്ഞു.
“വരൂ, ഇവിടെ ഇരുന്നോളൂ.” അവൾ ഒരു മരക്കസേര വലിച്ചിട്ടു.
അയാളുടെ മുന്നിലായി തിണ്ണയിൽ അവൾ ഇരുന്നു.
മുട്ടയിടാനെന്നോണം കൊക്കിക്കൊണ്ട് ഒരു പിടക്കോഴി കോലായിലേക്ക് കയറി.
“ഇന്നും വന്നോ നീയ്?” അവൾ കോഴിയോട് ചോദിച്ചു.
“താഴത്തെ ഷീബടെ കോഴിയാ. ഇവിട്ന്ന് പോവില്ല.”
അവൾ എന്നും കാണാറുള്ള ആളോടെന്നപോലെ സംസാരിച്ചുകൊണ്ടേയിരുന്നു.
ഇപ്പോൾ കൈ വിയർക്കുന്നുണ്ടോ എന്ന് അയാൾ വിരലുരസിനോക്കി. ഇല്ല. അവൾ പണ്ടും ഇങ്ങനെയായിരുന്നു. രവിയെ കണ്ടാൽ കുറേ സംസാരിക്കും. അതോടെ അതുവരെ മനസ്സിൽ ഉണ്ടായിരുന്നതെല്ലാം അയാൾ മറക്കും. അവളെ മാത്രം കേൾക്കും.
“അപ്പുറത്തൂടെ റോഡ് ഉള്ളപ്പോൾ എന്തിനാ ഈ ഇടവഴിയിലൂടെ വന്നത്?” അപ്പോഴേക്കും കലയുടെ അടുത്ത ചോദ്യം വന്നു.
പണ്ട് കോളേജിലേക്ക് പോകുമ്പോൾ അമ്മ ഈ ചോദ്യം രവിയോട് കുറെ തവണ ചോദിച്ചതാണ്.
“ആ ഇടവഴിയിലെ കാട്ടുമുല്ലയെ കണ്ടിട്ട് പോയാൽ ഒരു സുഖാ അമ്മേ.”
“ഇത്ര കാലത്തിനിടയ്ക്ക് ഞാനൊരു കാട്ടുമുല്ലേം അവിടെ കണ്ടിട്ടില്ലല്ലോ.” അമ്മ പറയും.
“ഇടവഴിക്കൂടെ പോയാലെ കലയെ കാണാൻ പറ്റൂ എന്ന് അമ്മ എന്നെക്കൊണ്ട് പറയിപ്പിക്കും.” അയാൾ ചെറിയൊരു ചിരിയോടെ പിറുപിറുക്കും.
എവിടേക്ക് പോകുമ്പോഴും ആ വഴിയേ അയാൾ പോകാറുണ്ടായിരുന്നുള്ളൂ. അല്ലെങ്കിൽ ആ വഴിയെ പോകാൻ വേണ്ടി മാത്രമായിരുന്നു അയാൾ എല്ലായിടത്തേക്കും പോയിരുന്നത്.
“രവിയേട്ടന്റെ മക്കളിപ്പോ എത്രയിലെത്തി?”
“മൂത്തവൾ അഞ്ചില്‍, ചെറുത് ഒന്നില്‍.”
“ശാലുവിനെപ്പോലെ സുന്ദരികളാണെന്ന് രവിയേട്ടന്റെ അമ്മ പറയാറുണ്ട്.”
“അമ്മയെ കാണാറുണ്ടോ?”
“പണ്ടത്തെപ്പോലെ തന്നെ ഇപ്പഴും, എന്നും കുളത്തീന്ന് ഞങ്ങള് കാണാറുണ്ട്. ശാലുന്റെ കാലിലെ മാറീട്ട് പിന്നെ ജോലിക്ക് പോകാൻ തുടങ്ങീലെ?”
“ആഹ്, അവൾ ഇപ്പോൾ സീനിയർ ഓഫീസറായി.”
“അവൾ മിടുമിടുക്കിയല്ലേ. രവിയേട്ടന്റെ ഭാഗ്യം അല്ലാതെന്താ! ശാലുനെ രവിയ്ക്ക് തരട്ടെ ന്ന് ശാലുന്റെ അച്ഛൻ ഇങ്ങോട്ട് ചോദിക്കല്ലേ ഉണ്ടായീത്. മുറപ്പെണ്ണാച്ചാലും ഇത്രേം നല്ല നിലേല് ഇരിക്കണ കൂട്ടരായോണ്ട് സ്വപ്നത്തില്‍ പോലും ഇത് കരുതിയിരുന്നില്ലെന്ന് രവിയേട്ടന്റെ അമ്മ പറഞ്ഞിട്ടുണ്ട്. എന്തായാലും അമ്മടെ ആഗ്രഹം പോലെ എല്ലാം നന്നായീലോ.”
മുട്ടയിടാൻ കൊക്കിക്കൊണ്ട് നടക്കുന്ന കോഴിയെ ദേഷ്യത്തോടെ അവൾ ആട്ടി.
“പോ കോഴി, നിന്റെ വീട്ടിയ്ക്ക്. ഇക്ക് ആരടേം ഒന്നും വേണ്ട. പോ കോഴി…”
അവൾ എഴുന്നേറ്റ് പോയി കോഴിയെ ആട്ടി.
“കല ജോലിക്ക് പോണില്ലേ?” രവി ചോദിച്ചു.
“ഞാന് നമ്മടെ വടക്കേലെ സ്കൂളില്‍ തൽക്കാലം പോണ്ണ്ട്.”
തിരിച്ചുവന്ന് തിണ്ണയിൽ ഇരിക്കുമ്പോൾ അവൾ ചോദിച്ചു:
“രവിയേട്ടൻ വീട് വയ്ക്കുന്നില്ലേ?”
“ആ, വെയ്ക്കണം. കോഴിക്കോട്ട് അവളുടെ തറവാടിനോടു ചേർന്ന് കുറച്ച് സ്ഥലം ണ്ട്.”
“കോഴിക്കോട്ടോ! അതെന്താ ഇവിടെ വയ്ക്കാത്തെ?”
“അവിടെ ആകുമ്പോൾ എല്ലാ സൗകര്യങ്ങളും ഉണ്ട്. ഇവിടെ…”
“അത് ശരിയാ, ഇവിടെ എന്ത് സൗകര്യം! അവിടെ എല്ലാ സൗകര്യങ്ങളും ഉണ്ടാകും. ഉറപ്പാ.”
ശാലുവുമായുള്ള വിവാഹാലോചന ഏകദേശം തീരുമാനമാകും എന്ന് ആയ ദിവസം എല്ലാ ധൈര്യവും സംഭരിച്ച് അയാൾ മനസ്സിലുള്ളത് തുറന്നുപറയാൻ വേണ്ടി കലയെ കാണാൻ ചെന്നതാണ്. അങ്ങോട്ട് ഒന്നും പറയാൻ ഇട കൊടുക്കാതെ ശാലുവിന്റെ സൗന്ദര്യത്തെയും മിടുക്കിനെയും വീട്ടുകാരുടെ ഗുണങ്ങളെയും കുറിച്ച് അവൾ ഇടമുറിയാതെ സംസാരിച്ചു.
“എല്ലാം രവിയേട്ടന്റെ ഭാഗ്യമാണ്. ഒന്നുമില്ലെങ്കിൽ ഈ കാട്ടുമുക്കിൽ നിന്ന് രക്ഷപ്പെടുകയെങ്കിലും ചെയ്യാമല്ലോ.”
എന്ന് പറഞ്ഞ് ധൃതിപിടിച്ച്, “എനിക്ക് നൂറുട്ടം കാര്യങ്ങൾ ചെയ്യാനുണ്ട്. പിന്നെ കാണാം.” എന്ന് പറഞ്ഞ് ഒരു പോക്ക് പോയി.
അന്ന് രവി ഇടവഴിയിലെ കൂനൻ പാറ നിൽക്കുന്നപോലെ ഒരു നിൽപ്പു നിന്നു. കലയ്ക്ക് അല്പം പോലും തന്നെ മനസ്സിലാക്കാനായില്ലല്ലോ എന്ന് അയാൾ കണ്ണുനീരോടെ വിചാരിച്ചു.
അതെല്ലാം കഴിഞ്ഞ് വർഷങ്ങൾ എത്ര കടന്നുപോയി. പിന്നീട് രണ്ടോ മൂന്നോ തവണ ഏതൊക്കെയോ ചടങ്ങുകളിൽ വച്ച് അവർ പരസ്പരം കണ്ടിട്ടുണ്ട്. കലയ്ക്ക് ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല. എന്നും കാണാറുള്ള ആ പഴയ കൂട്ടുകാരനോട് എന്ന പോലെയാണ് അവൾ ഇപ്പോഴും തന്നോട് സംസാരിച്ചുകൊണ്ടേയിരിക്കുന്നത്. അയാൾ വിചാരിച്ചു.
“നിന്റെ കഥയെഴുത്തൊന്നും ഇപ്പോ ഇല്ലേ?”
പണ്ട് അവൾ കുത്തിക്കുറിച്ചിരുന്ന എല്ലാത്തിന്റെയും ആദ്യവായനക്കാരൻ രവിയായിരുന്നു. “നന്നായിട്ടുണ്ട്” എന്നതിനപ്പുറം അഭിപ്രായം പറയാനൊന്നും രവിക്ക് അറിയില്ലായിരുന്നു. എന്നാലും അവൻ വായിച്ചാൽ ആ എഴുത്ത് പൂർണമായി എന്ന് അവൾ കരുതിയിരുന്നെന്ന് തോന്നുന്നു.
“ചെറുതായൊക്കെ എഴുതാറുണ്ട്. ഒരു പുസ്തകം ഇറക്കി. ഒന്ന് നിക്കോ, ഞാനിപ്പോ വരാം.”
എന്ന് പറഞ്ഞ് അവൾ അകത്തേക്ക് പോയി. തിരിച്ചുവരുമ്പോൾ കയ്യിൽ ആ ചെറിയ പുസ്തകം ഉണ്ടായിരുന്നു.
“രവിയേട്ടൻ വായിച്ചിട്ടില്ലല്ലോ?”
“ഇല്ല, വായിച്ചിട്ടില്ല.” എന്നുപറഞ്ഞ് അയാൾ ആ പുസ്തകം വാങ്ങി.
“ശരി, ഞാൻ ഇറങ്ങട്ടെ. പിന്നെ കാണാം. കുറച്ച് ധൃതിയുണ്ട്.” അയാൾ എഴുന്നേറ്റു.
“അടുത്ത തവണ വരുമ്പോ ശാലുനേം മക്കളേം കൂടി കൂട്ടണേ.” അവൾ പറഞ്ഞു.
“ആവാം.” നടക്കുന്നതിനിടയിൽ അയാൾ പറഞ്ഞു.
കോലായിൽ കിടക്കുന്ന കോഴിയോട് “പൊയ്ക്കോ” എന്ന് അവൾ പരിഭവംപോലെ മെല്ലെ പറഞ്ഞു.
ഒരിക്കലും പറയാത്ത പ്രണയത്തൂവലുകളെ ഒതുക്കിവച്ച് ഇടവഴിയിലൂടെ നടക്കുമ്പോൾ അയാൾ ആ പുസ്തകം വെറുതെയൊന്നു മറിച്ചുനോക്കി. ‘ഇടവഴിയിലെ കാട്ടുമുല്ല ഞാൻ….’ എന്നതായിരുന്നു അതിലെ ഒന്നാമത്തെ കഥ. കൂനൻ പാറയുടെ നിശ്ചലത അയാളിലേക്ക് വീണ്ടും ഒരുനിമിഷം ആവാഹിക്കപ്പെട്ടു. വീണ്ടും നടക്കാൻ തുടങ്ങിയതും ഗോമാവിന്റെ വേരിൽ തട്ടി അയാൾ വീഴാൻ പോയി.
ലേഖക പരിചയം:

രമ്യ നെച്ചിങ്ങല്‍
ഷൊർണൂരിനടുത്തുള്ള കൈലിയാട് ആണ് സ്വദേശം. ജി. എച്ച്.എസ്. വല്ലപ്പുഴയിൽ അദ്ധ്യാപികയാണ്. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതി വരുന്നു. ‘എനിക്കെന്നുമേ പാഥേയം’ ആണ് കവിതാ സമാഹാരം.







No Comments yet!