Skip to main content

അമ്മ എങ്ങനെ യാത്രയാകും?

യമരാജന്റെ ഏത് കവാടത്തിലൂടെയാകും
അമ്മ യാത്രയാവുക?

കിഴക്ക് നിന്നോ?
പടിഞ്ഞാറു നിന്നോ?
വടക്ക് നിന്നോ?
തെക്കു നിന്നോ?

കിഴക്കൻ കവാടത്തിലൂടെ
പുണ്യാത്മാക്കൾ
യാത്ര പോകും
തെക്കൻ കവാടത്തിലൂടെ
പാപാത്മാക്കളും.

നൂറ്‌ നൂറ്‌ യോജന താണ്ടി
അമ്മ എങ്ങനെ വൈതരണി കടക്കും?

തീപ്പൊരി തെറിക്കുന്ന,
നിഴലില്ലാത്ത, ജലമില്ലാത്ത
ഏകാന്തവും
ഭയാവഹവുമായ വഴിയിലൂടെ
അമ്മ എങ്ങനെ നടന്നു നീങ്ങും?

അല്ലയോ ദേവതകളേ,
ജീവിതം മുഴുവനും ചുവരുകളിൽ
അമ്മ
നിങ്ങളുടെ ചിത്രങ്ങൾ വരച്ചുകൊണ്ടിരുന്നു.
മംഗള കലശം നിറച്ചുകൊണ്ടിരുന്നു.
തരുലതാദികൾ നട്ടുകൊണ്ടിരുന്നു
തത്തകൾക്കും പൂച്ചകൾക്കും
വെള്ളം കൊടുത്തുകൊണ്ടിരുന്നു

കുരുവികൾക്ക് ധാന്യം എറിഞ്ഞുകൊണ്ടിരുന്നു.

അല്ലയോ ഒടുങ്ങാത്ത വഴിയുടെ കാവൽക്കാരേ,
നിങ്ങളൊരു
പൂവിനെയെന്നപോലെ അമ്മയെ
യമരാജന്റെ സഭയിലേക്ക് കൂട്ടിക്കൊണ്ട് പോവുക.

***


കവി പരിചയം :

വിശ്വനാഥ് പ്രസാദ് തിവാരി

1940ൽ ഉത്തർ പ്രദേശിലെ ഗോരഖ്പുരിൽ ജനിച്ചു. അന്പതോളം പുസ്‌തകങ്ങൾ പ്രസിദ്ധീകരിച്ചു. പത്മശ്രീ, വ്യാസ സമ്മാൻ എന്നിവ ലഭിച്ചു. സാത് ചൽത്തെ ഹുയെ, കവിതാ ക്യാ ഹേ, ബിസ്തർ ദുനിയ ലേലിയ എന്നിവ പ്രസിദ്ധമായ രചനകൾ.


വിവര്‍ത്തക പരിചയം :

 

മിനി അനാമിക 

മിനി അനാമിക എന്ന പേരില്‍ എഴുതുന്നു. തിരുവനന്തപുരം സ്വദേശിയാണ്. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍നിന്നും മലയാളത്തിലേക്ക് കവിതകളുടെ മൊഴിമാറ്റം നടത്തുന്നു. നവമാധ്യമങ്ങളിലും മാസികകളിലും കവിതകള്‍ എഴുതുന്നു. ഹൈദരാബാദില്‍ താമസം.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.