Skip to main content

സുബഹിബാങ്കിനപ്പുറം

ആളൊഴിഞ്ഞു, ആരവങ്ങളും തീർന്നു, വെള്ള തുണി മാറ്റി കള്ളിത്തുണിയുടുത്ത് മൂസ മൊല്ല പതിയെ കട്ടിലിലേക്ക് ചാഞ്ഞു കിടന്നു.

അള്ളള്ളോ…
വയ്യ, നല്ല ക്ഷീണം, സുബ്ഹിക്ക് ബാങ്ക് കൊടുക്കുന്നതിനും മുന്നേ എണീറ്റതാ.. ഇനിയിപ്പോ അടുത്ത സുബ്ഹിക്ക് ഏതാണ്ട് രണ്ടര മണിക്കൂർ ബാക്കി, എന്തൊരു തിരക്ക് പിടിച്ച ദിവസമായിരുന്നു ഇന്ന്. ഹാവൂ.. വയ്യാണ്ടായി പോയി.

ഇന്നായിരുന്നു ആ ദിവസം. കഴിഞ്ഞ 13 വർഷമായി മൂസ മൊല്ലയുടെ ഒരു വിധപ്പെട്ട എല്ലാ ദിവസങ്ങളും കഴിച്ചു കൂടിയ ഈ പള്ളിയുടെ പുനരുദ്ധാരണ ഉദ്ഘാടനം ദിവസം. ഈ നാടിന്റെ ഒരു മഹോത്സവം തന്നെയായിരുന്നു അത്. എന്തുമാത്രം ജനങ്ങൾ, പല ജാതി മതസ്ഥർ പങ്കെടുത്ത പൊതു സമ്മേളനം ഗംഭീരമായി. ഏറ്റവും പിന്നിലെ വരിയിൽ ആണെങ്കിലും മൂസ മൊല്ലക്കും സ്റ്റേജിൽ തന്നെ ഒരു സീറ്റ് കിട്ടി. സംസാരിക്കാനൊന്നും ആരും വിളിച്ചില്ല, എന്നാലും മൂസ മൊല്ല ആ സ്റ്റേജിന്റെ മുകളിൽ ഇരുന്നുകൊണ്ട് ആ വലിയ ജനാവലിയേയും അതിനു പിന്നിൽ തലയുയർത്തി നിൽക്കുന്ന പുതിയ പള്ളി കെട്ടിടത്തെയും നോക്കി.

മൂസ മൊല്ലക്ക് വലിയ അഭിമാനം തോന്നി.
ഇത് കാണാൻ തന്റെ പെണ്ണും റാബിയും ഉണ്ടായിരുന്നെങ്കിൽ എന്നയാൾ ആ നിമിഷം ആഗ്രഹിച്ചു.
റാബി, എന്റെ മോൾ, അവൾക്ക് ഇതെല്ലാം വളരെ ഇഷ്ടമാണ്, ഞാൻ ഒരു വലിയ യോഗ്യനാണെന്ന് മറ്റുള്ളവർ പറഞ്ഞ് അറിയുമ്പോൾ അവളുടെ കണ്ണിലെ തിളക്കം ഒന്ന് കാണേണ്ടത് തന്നെയാണ്.

അഞ്ചാം ക്ലാസ്സിലെ അവളുടെ പുസ്തകം വാങ്ങാൻ പോയപ്പോൾ അവിടത്തെ ഒരു മാഷ് ഓടി വന്ന് എന്നോട് സലാം പറഞ്ഞു. സത്യത്തിൽ എനിക്കയാളെ മനസിലായില്ല. അവൻ വളരെ താല്പര്യത്തോടെ പറഞ്ഞപ്പോളാണ് കാര്യം ഓർമ വന്നത്.

പണ്ട് ദറസിൽ പഠിക്കുമ്പോൾ വലിയ ഉസ്താദ് പറഞ്ഞ പ്രകാരം ഒരു മദ്രസയിൽ ചെറിയ ക്ലാസുകൾ പഠിപ്പിക്കാൻ പോയിരുന്നു. അന്നത്തെ ഒരു ശിഷ്യനാണ് അയാൾ. ഇപ്പോൾ വലിയ ആളായി പോയി. സന്തോഷത്തോടെ വിവരങ്ങളൊക്കെ അന്വേഷിച്ചു. ഇതെല്ലാം കണ്ട റാബി കണ്ട അങ്ങനെ ആശ്ചര്യപ്പെട്ട് നിൽക്കുകയായിരുന്നു.

പെണ്ണിന്റെ കണ്ണിലെ തിളക്കം കണ്ടപ്പോൾ ഞാനിപ്പോൾ ആരൊക്കെയോ ആയി പോയി എന്ന് എനിക്ക് തന്നെ തോന്നി.

തിരിച്ചുവരും വഴി പീട്യക്കാരൻ സത്താറിന്റെ മോൾ ഹിബയും ഉണ്ടായിരുന്നു കൂടെ. അവളോട് റാബി വലിയ കാര്യത്തിൽ പറഞ്ഞുകൊടുക്ക,..

“എടീ നമ്മളെ ഫൈസൽ മാഷില്ലേ.. ഓരെന്ന്റെപ്പാന്റെ കുട്ടിയായീനോലൊ.. ഇനി ആ ചെക്കന്മാർ ചോറ്റുപാത്രം കഴുകുമ്പോൾ വെള്ളം ചീറ്റിച്ചാൽ ഞാൻ നേരെ മാഷിനോട് പറയും. മാഷ് നല്ലണം കൊടുത്തോളും.. മാഷിനെയ് എൻ്റുപ്പാനെ നല്ലണം അറിയാം..”

ഓരോന്ന് ഓർത്ത് മൂസ മൊല്ലക്ക് ചിരി വന്നു, റാബി വേണമായിരുന്നു ഇന്നിവിടെ. സ്റ്റേജിൽ കഴുത്തിൽ ബാഡ്ജ് ഒക്കെ ഇട്ട് ഇരിക്കുന്ന എന്നെ കണ്ടിരുന്നെങ്കിൽ അവൾ ഹിബയോട് എന്തൊക്കെ പറഞ്ഞേനെ. ഓർത്തപ്പോൾ മൂസ മൊല്ലക്ക് ചിരി വന്നു. ചെറുതായൊന്ന് മന്ദസ്മിതം തൂകി.

മൂസ മൊല്ല ഒന്ന് തിരിഞ്ഞ് കിടന്നു. ഫോൺ എടുത്തൊന്ന് നോക്കി. ഏതൊക്കെയോ ഗ്രൂപ്പുകളിൽ നിന്നും കുറെയേറെ മെസേജുകൾ വന്നിരിക്കുന്നു.
പള്ളി ഗ്രൂപ്പ് മാത്രം വെറുതെ ഒന്ന് നോക്കി. ഫോട്ടോകൾ ഒരുപാടുണ്ട്. കൂട്ടത്തിൽ MLA എനിക്ക് കൈ തരുന്ന നല്ല ഒരു ഫോട്ടോ കണ്ടപ്പോൾ മാഷാ അള്ളാഹ് എന്ന് പറഞ്ഞു പോയി മൊല്ല.

പല പല യോഗ്യന്മാർക്കിടയിൽ തനിക്ക് കൈ തന്ന് ചിരിക്കുന്ന സ്ഥലം MLA, ഈ ആഴ്ചയിലെ പത്രങ്ങൾ നോക്കിയാൽ ചിലപ്പോൾ അടുത്ത മാസം അയാൾ മന്ത്രി ആകും എന്നും കേൾക്കുന്നുണ്ട്. എന്തായാലും നല്ല ഫോട്ടോയാണ്.. അത് വേഗം ഒന്ന് പെണ്ണിന് അയച്ചു കൊടുക്കാം. പെട്ടന്ന് തന്നെ അത് മൂസ മൊല്ല ഭാര്യക്ക് ആ ഫോട്ടോ അയച്ചുകൊടുത്തു…

അപ്പോളാണ് ശ്രദ്ധിച്ചത് കുറെ മെസ്സേജുകൾ അവൾ ഇങ്ങോട്ട് അയച്ചിട്ടുണ്ട്.. തിരക്കായതുകൊണ്ട് ഒന്നും നോക്കീട്ടില്ല.

മൊല്ലാക്ക ഓരോ മെസ്സേജ് ആയി കേട്ട് നോക്കി.

“ഇങ്ങളെന്താന്നു ഫോൺ എടുക്കാത്തെ. തിരക്കാണോ?”

“ഡോക്ടർ അർജന്റായിട്ട് ഒന്ന് വിളിക്കാൻ പറഞ്ഞീനും എപ്പോളാ ഇങ്ങളൊന്ന് വിളിക്ക്യാ,.”

“റാബി പിന്നേം ചോര ഛർദ്ദിച്ചിക്കാന്നു”, എന്താപ്പോ ഞാൻ കാട്ടണ്ടേ. ഇങ്ങളൊന്ന് വേഗം വരോ.”

“റാബിനെ നഴ്സുമാർ വന്നു നോക്കി. കുറച്ചേരം ICU കിടത്തീട്ട് പിന്നെ റൂമിലേക്ക് കൊണ്ടെരാന്ന പറയണേ..”

“റാബിനെ കൊണ്ടെന്നട്ടോ. ഇങ്ങൾ എപ്പോളാ ഇങ്ങണ്ട് വരുന്നേ.. പിന്നേ.. വടക്കയിലെ മയമ്മാജി വന്നീനും, കുറെ ആപ്പിളും ഓറഞ്ചും ഒക്കെ കൊണ്ടെന്ന്. ഞാൻ ഓരോന്ന് റാബിക്ക് കൊടുത്ത്.”

“റാബിക്ക് ഇപ്പോ വലിയ കൊയപ്പലട്ട… ഇങ്ങളെ പരിപാടി എന്തായിക്ക്? എപ്പോളാ വലിയ പരിപാടി നടക്കുന്നേ?”

“ഇങ്ങളെന്താന്നു ഫോൺ എടുക്കാതെ. എത്ര വട്ടായി വിളിക്കുന്ന്.”

“റാബി വിളിക്കാൻ പറഞ്ഞതാട്ടോ… ഒന്ന് ഇങ്ങോട്ടേക്ക് വിളിച്ചാളി… ഇല്ലേൽ പെണ്ണ് ഒറങ്ങൂല്ല.”

ഫാനിന്റെ ശബ്ദം മാത്രം കേൾക്കുന്ന ആ റൂമിൽ ചെറിയ ചിലമ്പലോടെ ആ മെസ്സേജുകൾ ഒച്ച വെച്ച് തീർന്നു.

മൂസ മൊല്ല ഫോണിൽ സമയമ നോക്കി.

2.45 am.
ഇനിയിപ്പോ ഈ നേരത്ത് വിളിക്കണ്ട. മെഡിക്കൽ കോളേജ് വാർഡിൽ ആണ് എന്റെ മോൾ റാബി. ഈ നേരത്ത് വിളിച്ചാൽ സൗണ്ട് കേട്ടാൽ മറ്റുള്ളവർക്ക് കൂടി അത് ബുദ്ധിമുട്ടാകും..
വേണ്ട രാവിലെ വിളിക്കാം.

മൂസ മൊല്ല പയ്യെ ജനലുകൾക്കിടയിലൂടെ തന്റെ പള്ളി നോക്കി. താൻ ആദ്യമായി 13 വർഷം മുന്നേ വരുമ്പോൾ ഒരു ചെറിയ പള്ളി ആയിരുന്നു ഇത്. പ്രദേശത്തെ മൂന്നും കൂടിയ കവലയിൽ ഉള്ള ഒരു ചെറിയ പള്ളി.. വളരെ പെട്ടന്നാണ് അങ്ങാടി വളർന്നതും ആള് കൂടിയതും. ജുമക്കൊക്കെ പുറത്തു പായ വിരിച്ചിട്ടും തികയാത്ത ആളുകൾ വന്നപ്പോൾ നാട്ടുകാർ കൂടി പള്ളി വിപുലീകരണത്തിന് തീരുമാനിച്ചു.
പ്ലാനൊക്കെ ചെറുതായിരുന്നു. ചെയ്ത് വന്നപ്പോൾ വല്ലാണ്ടങ്ങ് വലുതായി.
കാര്യം അതൊന്നും അല്ല. മൂന്നു കൊല്ലം മുന്നേ പുതുക്കി പണിത അങ്ങേ മഹല്ലിലെ പള്ളിയേക്കാളും ഒന്നൂടെ നമ്മളെ പള്ളി പൊന്തണം എന്ന് മഹല്ലിലെ പ്രമാണിമാർക്ക് ഒരു ആഗ്രഹം.. അങ്ങനെ അതങ്ങ് വലുതായി. ഇപ്പൊ കാര്യം പറഞ്ഞാൽ അങ്ങേ മഹല്ലിലെ പള്ളിയേക്കാളും വലുതായി.. പിന്നെ അവിടെ പെണ്ണുങ്ങൾക്കും യാത്രക്കാർക്കും നിസ്കരിക്കാനുള്ള സൗകര്യം ഇല്ല, ഇവിടെ അതും ഉണ്ട്. ഇതൊന്നും കൂടാതെ അകപ്പള്ളിയിൽ AC ഉണ്ട്..

ഈ പഞ്ചായത്തിൽ എന്നല്ല ഈ ജില്ലയിൽ തന്നെ AC ഉള്ള ഏക പള്ളിയിലെ മൊല്ലാക്കയാണ് ഞാൻ എന്നോർത്തപ്പോൾ മൂസ മൊല്ലക്ക് ചെറിയ ഒരു അഭിമാനം തോന്നാതിരുന്നില്ല.

സത്യത്തിൽ AC പ്ലാൻ ആദ്യം ഉണ്ടായിരുന്നില്ല. അല്ലേലും ഈ നാട്ടിലെ പള്ളിയിൽ ഒരു AC വേണമോ എന്ന മൂസ മൊല്ലക്ക് സംശയം ഉണ്ടായിരുന്നു. അത് അയാൾ വരിസംഖ്യ പിരിക്കാൻ പോകുന്ന കോയാക്കാനോട് ചോദിച്ചതുമാണ്.

കോയാക്ക പറഞ്ഞു:
“ഇങ്ങക്കിത് കമ്മറ്റീൽ ഒന്ന് പറഞ്ഞൂടായീനോ..”

ഞാൻ പറയില്ല.
വെറുതെ പ്രമാണിമാരോട് എതിർ പറയാനും അഭിപ്രായം പറയാനും ഒന്നും നിൽക്കണ്ടാല്ലോ. ഇന്നിപ്പോ എന്തായാലും ഈ നാട്ടിലെ AC ഉള്ള പള്ളിയിലെ ഒരേ ഒരു മൊല്ലാക്കയാണ് ഞാൻ,..

മഹല്ലിലെ ഏറ്റവും വലിയ പൈസക്കാരനായ അലവി ഹാജിയുടെ ഗൾഫിലെ മക്കളാണ് AC സ്പോൺസർ ചെയ്തിരിക്കുന്നത്. അകപ്പള്ളി ആകെ ഒന്ന് തണുപ്പിക്കാനുള്ള AC മാത്രം ഏകദേശം നാലേ മുക്കാൽ ലക്ഷം രൂപയായി എന്നാണ് കോയാക്ക പറഞ്ഞത്…

ഇനിയിപ്പോ എന്തായാലും അടുത്ത ആഴ്ച കണക്കവതരണം ഉണ്ടാകുമല്ലോ. അപ്പോൾ അറിയാം ശരിക്കും ഓരോന്നിനും എത്രയൊക്കെ ആയെന്ന്..
ഹാവൂ.

അകപ്പള്ളിയിലെ ആ ഒരു ലൈറ്റ് അതൊരു കാഴ്ച തന്നെയാണ്..

എന്തായാലും ഇതെല്ലാം കൂടി കണ്ട ചേട്ടൻ പള്ളിയിലെ അച്ഛനും അമ്പലത്തിലെ പൂജാരിയും ഒക്കെ ഒന്ന് ഞെട്ടിക്കാണും എന്നുറപ്പാണ്. എന്തായാലും വലിയ പരിപാടി ആയിരുന്നു.. ഉദ്ഘാടനം കഴിഞ്ഞ് ഇശാ നിസ്കാരത്തിന് വേണ്ടി AC ഇട്ടു. സത്യം പറയാല്ലോ. ആ പുതിയ നല്ല പുതപ്പു പോലെയുള്ള മുസല്ലയിൽ ആ ACയിൽ സുജൂദ് ചെയ്തിട്ട് പിന്നെ എണീക്കാൻ തോന്നിയില്ല, അങ്ങനെ അവിടെ തന്നെ കിടക്കാനാ തോന്നിയെ..

പരിപാടി കഴിഞ്ഞപ്പോൾ കമ്മിറ്റി സെക്രട്ടറി പറഞ്ഞു:
“മൊല്ലാക്ക, എല്ലാ വഖ്ത്തിനും AC ഇട്ട് വെക്കേണ്ട. ജുമുഅക്ക് മാത്രം മതി, പിന്നെ നിക്കാഹോ മറ്റോ ഉള്ളപ്പോൾ ഒന്ന് ഇട്ട് ഓഫ് ആക്കിക്കാളി. ബാക്കീസോന്നും ഇപ്പൊ അയിനുമാത്രം ആൾക്കാർ ഉണ്ടാവൂല്ലലോ…”

വലിയ കറന്റ് ബിൽ ആണത്രെ ACക്ക്.
എന്തായാലും അക്കാര്യം മൊല്ലാക്കാക്ക് മനസിലായി.. ഇന്ന് പരിപാടി തീർന്നപ്പോൾ തന്നെ AC ഓഫ് ആക്കുന്നതും ഓൺ ആക്കാനുള്ള എല്ലാ ഹിക്മത്തും സെക്രട്ടറി തന്നെ കാണിച്ചു തന്നു.

ഈ പള്ളി പണിയായോണ്ടാണ് എനിക്ക് റാബിന്റെ അടുത്ത് കുറച്ചീസം ഒന്ന് പോയി നിൽക്കാൻ പറ്റാഞ്ഞേ.. ഇനി എന്തായാലും അടുത്താഴ്ച ഒന്ന് നോക്കണം.
അവളെ ഡോക്ടറെ കാണണം, റാബി മോൾക്ക് തലച്ചോറിൽ ട്യൂമർ ആണ്. ഒരു ദിവസം കളിക്കുമ്പോൾ തലചുറ്റി വീണു. വെയിലത്ത് കളിച്ച് തല കറങ്ങിയതായിരിക്കും എന്ന് കരുതി ടീച്ചർമാർ സ്റ്റാഫ് റൂമിൽ കൊണ്ട് കിടത്തി. ഇത്തിരി നേരം കഴിഞ്ഞപ്പോൾ കഞ്ഞിപ്പുരേന്റെ ബാക്കിലെ വാടുകാപ്പുളി നാരങ്ങ ഒന്ന് ചെറുത് പറിച്ച് ഉപ്പിട്ട് കലക്കി കൊടുത്തു. അന്ന് ജുമാ കഴിഞ്ഞ് വന്ന ഫൈസൽ ആണ് കാര്യം മൊല്ലാക്കാനെ അറിയിച്ചത്. പേടിക്കാനൊന്നും ഇല്ലെന്നും മോൾ വീട്ടിലേക്ക് എത്തിക്കോളും എന്നും പറഞ്ഞു.
ആ ആഴ്ച വ്യാഴാഴ്ചത്തെ മദ്രസ കഴിഞ്ഞ് നേരെ വീട്ടിൽ പോയി. കഴിഞ്ഞ രണ്ട് ദിവസമായി മോൾ സ്കൂളിൽ പോയിട്ടില്ല. അവളെ കൂട്ടി അന്ന് തന്നെ ടൗണിലെ ആശുപത്രിയിൽ പോയി.

കാണിച്ചപ്പോൾ ഡോക്ടർക്ക് ആകെ ഒരു അക്ക ചക്ക, ടെസ്റ്റിന് എഴുതി. ടൗണിന്റെ അങ്ങേ തലക്കൽ ക്ലിനിക്കിൽ പോയിത്തന്നെ ടെസ്റ്റ് എടുക്കണം എന്ന പ്രത്യേകം പറഞ്ഞു. ഓട്ടോയിൽ കേറി അവിടെ എത്തിയപ്പോൾ വലിയ തിരക്കാണ്. കാത്തിരുന്ന് ടെസ്റ്റ് എടുത്തു.

കഴിഞ്ഞ ആഴ്ച രണ്ട് മൗലൂദ് ഉണ്ടായിരുന്നു. അതിലൊന്ന് പ്രസിഡന്റിന്റെ വീട്ടിൽ ആയിരുന്നു. അവിടുന്ന് കിട്ടിയ 1000 ഉറുപ്പിയ, പിന്നെ മറിയാത്താന്റെ നാല്പതിന് ദുആയിരുന്ന വകയിൽ കിട്ടിയ 500, പിന്നെ മാർക്കറ്റിൽ കല്യാണത്തിന് കോയീനെ അറുത്ത് കൊടുത്ത വകയിലെ 400 എല്ലാം അവിടെ തന്നെ കഴിഞ്ഞു.

തിരിച്ച് പോകാനുള്ള വണ്ടിക്കൂലി പെണ്ണാണ് എടുത്തത്.
2 ദിവസം കൊണ്ട് റിസൾട്ട് വരും എന്നും പറഞ്ഞ് ഡോക്ടർ കുറെ മരുന്നൊക്കെ എഴുതി കൊടുത്ത് വിട്ടു, വരുന്ന വഴിക്ക് റാബിക്ക് വേണ്ടി പെണ്ണ് കുറച്ച് അനാർ വാങ്ങി. അനാർ തിന്നാൽ വിളർച്ച മാറും എന്ന് പെണ്ണിനോട് ആരോ പറഞ്ഞോലു…

രണ്ടു ദിവസം കഴിഞ്ഞ് ടൗണിൽ പോകേണ്ട ആവശ്യം വന്നപ്പോൾ ഒന്നുകൂടെ ഡോക്ടറുടെ അടുത്ത് പോയി. അപ്പോളാണ് അയാൾ പറഞ്ഞത് തലച്ചോറിൽ ട്യൂമർ ആണെന്ന്.

കേട്ടപ്പോൾ ആകെ കണ്ണിൽ ഇരുട്ട് കയറുന്ന പോലെ തോന്നി.
ഇരുന്നിടത്ത് നിന്നും എണീക്കാൻ കഴിയാത്ത അവസ്ഥ,
“ഉടനെ തന്നെ ഒരു ഓപ്പറേഷൻ ചെയ്താൽ നമുക്ക് മോളെ രക്ഷിക്കാം, എന്നാൽ അതിന് നല്ലൊരു ചെലവുണ്ട്… ആലോചിച്ചിട്ട് അറിയിക്കൂ” എന്ന് പറഞ്ഞ് ഡോക്ടർ അടുത്ത പരിപാടികളിലേക്ക് നീങ്ങി.

മൂസ മൊല്ല ആകെ വിറച്ച് നിൽക്കുകയാണ്. തോളിലിട്ട ഷാൾ ഊരി അയാൾ മുഖം തുടച്ചു അവിടെ നിന്നും ഇറങ്ങിയപ്പോൾ ഇനി എങ്ങോട്ട് പോകണം എന്നറിയാത്ത അവസ്ഥ.. പെട്ടന്ന് വലിയ ഉസ്താദിന്റെ മുഖം ഓർമ വന്നു. നേരെ അങ്ങോട്ടേക്കുള്ള ബസിൽ കയറി. പോകും വഴി അസറിനും മഗ്‌രിബിനും ബാങ്ക് കൊടുക്കാൻ കോയാക്കാനെ ഏൽപ്പിച്ചു.

ളുഹർ നിസ്കാരവും ഭക്ഷണവും കഴിഞ്ഞ് മയക്കത്തിലാണ് വലിയ ഉസ്താദ്. റൂമിന്റെ കതക് മുട്ടാൻ മൂസ മൊല്ലക്ക് ഒരു ഭയം, “പൊരുത്തക്കേട് ആകുമോ…”

രണ്ടും കല്പിച്ച് മുട്ടി വിളിച്ചു.
അധികം വൈകാതെ തന്നെ വാതിൽ തുറന്നു,

മുറിക്കയ്യൻ ബനിയനും കള്ളിമുണ്ടും ധരിച്ച വലിയ ഉസ്താദ് മൂസ മൊല്ലയെ കണ്ട് ഒന്ന് അമ്പരന്നു.

ഇതെന്താ മൂസ പെട്ടന്നൊരു വരവ്..

ചോദ്യം കഴിഞ്ഞതും മൂസ മൊല്ല ഉസ്താദിനെ കെട്ടിപ്പിടിച്ചു കരഞ്ഞു. കാര്യം കേട്ട ഉസ്താദിനും ആകെ വിഷമമായി.

“എല്ലാം റബ്ബിന്റെ പരീക്ഷണങ്ങളാണ് മൂസ, റബ്ബ് ഒരു വഴി കാണിച്ചു തരും.”

“എന്നാലും ഉസ്താതെ കല്യാണം കഴിഞ്ഞ് 14 വർഷം കഴിഞ്ഞുണ്ടായ എന്റെ മോൾ. അവൾ എനിക്ക് നഷ്ടപ്പെടുമോ ഉസ്താതെ…”.
മൂസ മൊല്ല കൊച്ചു കുട്ടിയെ പോലെ ഉസ്താതിനു മുന്നിൽ വിതുമ്പി..

അസറിന്റെ നേരെ വരെ ഉസ്താദിന്റെ കൂടെ ഇരുന്നപ്പോൾ ഒരു സമാധാനം കിട്ടി മൂസ മൊല്ലക്ക്. അസറിന്റെ ശേഷം ഉസ്താദിനെ കൊണ്ട് ഒരു ചെറിയ തേനിൽ മന്ത്രിച്ചൂതി അതും കൊണ്ട് മൂസ മൊല്ല വീട്ടിലേക്ക് തിരിച്ചു.

ഇഷാക്കും കൂടി ബാങ്ക് കൊടുക്കാൻ കോയാക്കാനെ ഏൽപ്പിച്ച് നേരെ വീട്ടിലേക്കുള്ള വണ്ടിയിൽ കയറിയിരുന്നു.

മൂസ മൊല്ലക്ക് ഇപ്പോൾ തന്റെ ചുറ്റും നടക്കുന്നതൊന്നും മനസിലാകാത്ത അവസ്ഥയാണ്. കാര്യം അറിഞ്ഞ പെണ്ണ് കരളുപൊട്ടി കരയുകയാണ്… റാബി മോൾ വിഷണ്ണയായി ഇരിക്കുന്നു. നാട്ടിലും വീട്ടിലും ഉള്ള എല്ലാരും അറിഞ്ഞു, മൂസ മൊല്ലാക്കാന്റെ മോൾക്ക് ട്യൂമർ ആണെന്ന്..

എല്ലാരും മൊല്ലാക്കയെ സഹതാപത്തോടെ നോക്കുന്നു. ആശ്വസിപ്പിക്കുന്നു. എന്നാലിതൊന്നും മൂസ മൊല്ലക്ക് അനുഭവിക്കാൻ പറ്റുന്നില്ല.
എത്രയും വേഗം മോളുടെ ഓപ്പറേഷൻ പണം കണ്ടെത്തണം, അത് മാത്രമാണ് മനസ് നിറയെ..

മൂസ മൊല്ല ഓർത്തു. ആരോട് ചോദിക്കും? തനിക്ക് ഒറ്റക്ക് ഇത്രയും പണം ഉണ്ടാക്കാൻ എത്രകാലം വേണ്ടി വരും?

എത്രയെത്ര മൗലൂദ് ഓതിയാലാണ് ഈ പണം ആവുക?, എത്ര പോത്തിനെ അറുക്കേണ്ടി വരും?
ഇല്ല, അത് നടക്കില്ല, മഹല്ലിലെ പ്രമാണിമാരോട് സഹായം ചോദിക്കാം, 13 വർഷം എന്റെ രാവും പകലും ഇവിടെയായിരുന്നു, എന്നെ അവരെല്ലാം കൂടി ചേർന്ന് സഹായിക്കും ഉറപ്പാണ്.

ഒരു ദിവസം തഞ്ചം പോലെ സെക്രട്ടറിയോട് പറഞ്ഞു നോക്കി. കോയാക്ക കൂടെ ഉണ്ടായിരുന്നു.

“അതിപ്പോ ഞാൻ പറയുമ്പോൾ മൊല്ലാക്കാന്റെ മോളെ നമ്മൾക്ക് സഹായിക്കണം, നമ്മളല്ലാണ്ട് പിന്നെ ആരാ ഈ സമയത്ത് മൂപ്പരെ കൂടെ നിക്കണ്ടേ.” കോയാക്ക തുടങ്ങി വെച്ച്,

“ഗൾഫിലുള്ള നമ്മളെ കുണ്ടന്മാർക്കൊക്കെ വിളിച്ച് പറഞ്ഞാൽ അവരും കൂടും, അടുത്ത ജുമുഅക്ക് ഖത്തീബ് വിളിച്ച് പറയട്ടെ, ഉറപ്പായും നമുക്കൊരു സംഖ്യ പിരിച്ചെടുക്കാം.”

കോയാക്ക പറഞ്ഞ് നിർത്തി.
മൂസ മൊല്ല പ്രതീക്ഷയോടെ സെക്രട്ടറിയുടെ മുഖത്തേക്ക് നോക്കി.
“ഞാൻ എന്തായാലും എല്ലാരോടും ഒന്ന് ആലോചിക്കട്ടെ. ഇൻഷാ അല്ലാഹ് നമുക്ക് വഴി ഉണ്ടാക്കാം, മൊല്ലാക്ക വിഷമിക്കണ്ട.”
ഇതും പറഞ്ഞ് സെക്രട്ടറി എണീറ്റു പോയി.

അടുത്ത വെള്ളിയാഴ്ചയും കൂടി കടന്നു പോയി, കാണുന്നവരൊക്കെ മൂസ മൊല്ലയുടെ കൈ പിടിക്കുന്ന് മോളുടെ കാര്യങ്ങൾ അന്വേഷിക്കുന്നു. എന്നാൽ പിരിവിനെ പറ്റിയോ സഹായത്തിന് പറ്റിയോ ഒന്നും കേൾക്കുന്നില്ല.

ജുമുഅ കഴിഞ്ഞ് ആളൊഴിഞ്ഞപ്പോൾ മൂസ മൊല്ല പതിയെ റൂമിൽ ചെന്ന് സെക്രട്ടറിയെ കണ്ടു കാര്യം ഒന്ന് അന്വേഷിച്ചു.

“അതിപ്പോ മൊല്ലാക്ക, നമ്മളെ പള്ളീന്റെ പിരിവ് ഇപ്പോ നടക്കുന്നതല്ലേ ഉള്ളൂ, മഹല്ലിലെ ഓരോ വീട്ടിൽ നിന്നും ഇപ്പോ തന്നെ ഒരു സംഖ്യ വീതം നമ്മൾ വാങ്ങുന്നുണ്ട്. ഈ നേരത്ത് വേറൊരു പിരിവും കൂടി ആയിട്ട് ചെന്നാൽ ജനങ്ങൾ എങ്ങനെയാണ് എടുക്കും എന്ന കമ്മിറ്റിക്ക് ആശങ്കയുണ്ട്..”

“അതുകൊണ്ട് പള്ളി പണി ഒന്ന് കഴിയട്ടെ, അത് കഴിഞ്ഞ് നമുക്ക് ഒരു യോഗം ചേരാം എന്നാണ് പ്രസിഡണ്ട് പറയുന്നത്.”

“അത് വരെ ചികിത്സ ഇങ്ങനെ അങ്ങ് പോകട്ടെ. നമുക്ക് പറ്റുന്ന സഹായങ്ങളെല്ലാം അതിനിടയിലും ചെയ്യാം.”

മൂസ മൊല്ലക്ക് ഇനി ഒന്നും പറയാനില്ല. ഈ കേട്ടതിന് മുകളിൽ എന്ത് പറയാനാണ്, എന്തെങ്കിലും പറഞ്ഞ് അവരുടെ അപ്രീതി വാങ്ങിയിട്ട് എന്തിനാണ്….

“ഇൻഷാ അല്ലാഹ് അങ്ങനെ ആകട്ടെ.”
എന്നും പറഞ്ഞ് സലാം പറഞ്ഞ് മൂസ മൊല്ല ഇറങ്ങി.

പള്ളിപ്പണി നടന്നു കൊണ്ടിരിക്കവെ പല സമയത്തും മൂസ മൊല്ല സെക്രട്ടറിയെ ഒറ്റക്ക് കാണുമ്പോളെല്ലാം പറയും,
“സാഹിമ്പേ.. നമ്മളെ കാര്യം ഇത് കഴിഞ്ഞാൽ ഒന്ന് വേഗത്തിൽ നോക്കണാട്ടാ..”
ഉറപ്പെന്ന് മറുപടിയും പറയും അയാൾ,

ഇന്നിതാ ഒരു നാടിന്റെ സന്തോഷമായി പള്ളിപ്പണി കഴിഞ്ഞിരിക്കുണൂ. എല്ലാം റാഹത്തായി തീർന്നു.
കഴിഞ്ഞ കുറെ ദിവസമായി സ്വന്തം വീട്ടിൽ കൂടൽ പോലെ തനിക്ക് തിരക്കായിരുന്നു. ഉള്ളത് പറഞ്ഞാൽ ഞാൻ റാബിയെ പോലും മറന്നു.. വയ്യാണ്ടായപ്പോൾ റാബിയെ പെണ്ണ് ഒറ്റക്കാണ് ഹോസ്പിറ്റലിൽ കൊണ്ട് പോയത്,

വിവരങ്ങൾ എല്ലാം അപ്പപ്പോൾ മൊല്ല അറിയുന്നുണ്ട്. അങ്ങോട്ടൊന്ന് പോയി നോക്കാൻ നേരം കിട്ടുന്നില്ല.

ഇനിയെന്തായാലും എല്ലാ തിരക്കും കഴിഞ്ഞു. പറ്റിയാൽ നാളെ ളുഹർ കഴിഞ്ഞാൽ റാബിയുടെ അടുത്തൊന്ന് പോകണം.

ഓരോരോ കാര്യങ്ങൾ ഓർത്തു മൂസ മൊല്ല പതിയെ ഉറക്കത്തിലേക്ക് വഴുതി വീണു,

അസ്സലാത്തു ഹൈറും മിനനൗം……..

യാ അള്ളാഹ്..,,, എന്തായിത്..,,,

സുബഹി ബാങ്കല്ലേ.. ആ കൊടുക്കുന്നേ… എന്നിട്ട് താനിപ്പോഴും കിടന്നുറങ്ങുകയാണോ. മൂസ മൊല്ല പെട്ടന്ന് എണീക്കാൻ ശ്രമിച്ചു,
ഇല്ല, പറ്റുന്നില്ല. തന്റെ കാലുകൾ ആരോ പിടിച്ച് വെച്ച പോലെ, കൈകൾ തളർന്ന പോലെ, അയാൾക്ക് കിടക്കയിൽ നിന്നും എണീക്കാൻ കഴിയുന്നില്ല.. അയാൾ അലറി വിളിച്ചു,.

“എന്നെ ഒന്ന് വിടണേ..,,, ബാങ്കിന്റെ നേരായി,”. ഇല്ല മുറുക്കം പിന്നെയും മുറുകുകയാണ് മൊല്ലയുടെ താടിക്ക് ഇടയിലൂടെ വിയർപ്പ് തെന്നി ചിന്നി തെറിച്ചു, അയാൾ കുതറി, സർവശക്തിയും എടുത്ത് കുതറി, പെട്ടന്ന് ബലം നഷ്ടപ്പെട്ടപോലെ അയാൾ തെറിച്ചു വീണു.

മൂസ മൊല്ല കണ്ണ് തുറന്നു.
യാ റബ്ബേ. എന്തൊരു സ്വപ്നമാണിത് പതിവില്ലാത്ത അത്രയും വൈകിയല്ലോ റബ്ബേ. അയാൾ തന്റെ ദേഹമാകെ തടവി നോക്കി. ആകെ വിയർത്തിരുന്നു,.. ഇനിയാകെ രണ്ട് മിനിറ്റ് ഉള്ളു ബാങ്ക് കൊടുക്കാൻ.. അയാൾ പിടഞ്ഞെഴുനേറ്റു,. വെളിച്ചം വീണു കിടക്കുന്ന മൊബൈൽ ഫോൺ തലയണക്കിടയിൽ തിരുകി വേഗത്തിൽ ഹൗളിൻ കരയിലേക്ക് ചെന്നു..

പെട്ടെന്ന് തന്നെ റെഡിയായി വന്നു മൈക്ക് ഓൺ ചെയ്ത സുബ്ഹിബാങ്ക് കൊടുത്തു,..

അള്ളാഹു അക്ബർ,

അള്ളാഹു അക്ബർ.

പതിവില്ലാതെ മൂസ മൊല്ലയുടെ നാട്ടിലെ പള്ളിയിൽ സുബഹി ബാങ്കിന്റെ ശേഷം വീണ്ടും രണ്ടു തവണ കൂടി മൈക്കിൽ തട്ടൽ കേട്ട്,

അന്നാട്ടിൽ എണീറ്റിരുന്ന അന്താളിച്ചു,

“ഇന്ന ലില്ലാഹി വ ഇന്ന ഇലൈഹി രാജിഊൻ…. നമ്മുടെ മഹല്ലിൽ താമസിക്കുന്ന മൂസ മൗലവി എന്നവരുടെ മകൾ റാബിയ എന്നവർ അല്പം മുൻപ് മരണപ്പെട്ട വിവര, വ്യസന സമേതം അറിയിക്കുന്നു.”

ബാങ്കൊലി മുഴങ്ങിയ ആ കാഹളത്തിലൂടെ ഒരു സന്ദേശം ആ നാടാകെ പരന്നു.

മൂസ മൊല്ല ബാങ്കിൽ അലിഞ്ഞു ചേർന്നിരിക്കുകയാണ്. ബാങ്കിന്റെ സംതൃപ്തിയിൽ അലിഞ്ഞലിഞ്ഞ് മൂസ മൊല്ല ഇതൊന്നും അറിയാതെ പള്ളിമിമ്പറിൽ ഒന്നിരുന്ന് മനസുരുകി പ്രാർത്ഥിച്ചു..

“യാ റബ്ബേ.. എന്റെ മോളെ കാക്കണേ നാഥാ … ആമീൻ.”


മുഹമ്മദ് റാഷിദ്

വയനാട് സ്വദേശി. കഴിഞ്ഞ 8 വർഷമായി ദുബായിൽ ഫിനാൻസ് മാനേജർ ആയി ജോലി ചെയ്യുന്നു.

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.