Skip to main content

അനന്തരം

നീ ജലദേവത
തോണിക്കാരനോ
യാത്രികരോ ഇല്ലാത്ത
വെറുമൊരു തോണി ഞാന്‍.
ചാഞ്ഞും ചരിഞ്ഞും
ചാഞ്ചാടിയും
എണ്ണിയാല്‍ തീരാത്തത്രയും
വെള്ളാമ്പലുകള്‍ക്കിടയിലൂടെ
ഞാന്‍ ഒഴുകുന്നു.
അല്ല,
നീ എന്നെ
ഒഴുക്കിക്കൊണ്ടു പോകുന്നു.

പകല്‍,
നിന്റെ ചിതറിയ മുടിയിഴകളില്‍
കുരുങ്ങിക്കിടക്കുന്ന സൂര്യനെ
ഞാന്‍ നോക്കാത്തതു പോലെ
ഒന്നു നോക്കും.

രാത്രി,
ചന്ദ്രനും നക്ഷത്രങ്ങളും
നിശാമണ്ഡപത്തില്‍
ആവിഷ്‌കരിക്കുന്ന
നൃത്തവിരുന്നകളുടെ
സ്ഥിരംസംവിധായിക
നീയാണല്ലോ!
എന്നും കാണുന്നതു കാരണം
എനിക്കതിലൊന്നും
ഇപ്പോള്‍
വലിയ കൗതുകമില്ല.

ഇപ്പോള്‍
എന്റെ എല്ലാ ഭ്രമവും
ചക്രവാളത്തോടാണ്.
ദൂരെ എന്നു തോന്നിച്ചാലും
അടുത്താണ് ചക്രവാളം!
കൈ നീട്ടിയാല്‍
തൊടാവുന്നത്ര അടുത്ത്.

എന്റെ ജലദേവതേ
തീരങ്ങള്‍ മായ്ച്ചുകളഞ്ഞ്
ഈ ചക്രവാളത്തില്‍
നമുക്ക് പാര്‍ക്കാം.

ചുറ്റും കവിത പൂക്കുന്ന മരങ്ങള്‍
പൂക്കളുടെ വിടര്‍ച്ചയില്‍.
ജലവും തോണിയും ഉണ്ട്.
ചക്രവാളമുണ്ട്.
പിന്നെ, നീയുണ്ട്;
പ്രതിച്ഛായപോലെ ഞാനും.

***


കവിപരിചയം

ആർ. ശ്രീലതാവർമ്മ

1969 മെയ് 13ന് തിരുവനന്തപുരത്ത് ജനനം. ഫോർട്ട് ഗേൾസ് മിഷൻ ഹൈസ്ക്കൂൾ, ആൾ സെയിന്റ്സ് കോളേജ്, ഗവ. വിമെൻസ് കോളേജ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. കേരള സർവ്വ കലാശാലയിൽ നിന്നും മലയാളസാഹിത്യത്തിൽ എം.എ., എം.ഫിൽ. ബിരുദം. ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിൽനിന്ന് “ആഖ്യാനതന്ത്രങ്ങൾ മുകുന്ദന്റെ നോവലുകളിൽ” എന്ന വിഷയത്തിൽ പിഎച്ച്. ഡി. ബിരുദം.
കൃതികൾ :
കവിതാസമാഹാരങ്ങൾ- മഴവില്ലിൽ ഇല്ലാത്തത് (2011), യാത്രികം (2015), സൂര്യനെ വരയ്ക്കുമ്പോൾ (2017), ചൂണ്ടക്കാരൻ (2020). സാഹിത്യനിരൂപണം/സംസ്കാരപഠനം- മാർക്സിയൻ നിരൂപണം മലയാ ളത്തിൽ (2005), പ്രതിബിംബങ്ങൾ പറയാതിരിക്കുന്നത് (2010), കാലാന്ത രങ്ങളിൽ (സംസ്കാരപഠനം-2013), മൃതിയിലെ ജീവിതം (2017), മൺതരി മുതൽ മഹാകാശം വരെ (2019).
പുരസ്കാരങ്ങൾ :
കേരളസാഹിത്യഅക്കാദമിയുടെ തുഞ്ചൻ എന്റോ വ്മെന്റ് അവാർഡ് (1995), ഐ.ആർ. കൃഷ്ണൻ മേത്തല സ്മാരക സാഹി ത്യപുരസ്കാരം (സൂര്യനെ വരയ്ക്കുമ്പോൾ-2018), എ. അയ്യപ്പൻ ട്രസ്റ്റ് കവിതാപുരസ്കാരം (ചൂണ്ടക്കാരൻ 2021).

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.