അയാള്‍ക്ക് പറ്റെ വെട്ടിയ മുടിയും കൊമ്പന് മീശയും താടിയും കനത്ത മസിലുകളും ഏഴടിയോളം ഉയരവും ഉണ്ടായിരുന്നു. വഴിവക്കത്തിരുന്നകുഞ്ഞിനും അമ്മയ്ക്കും മുന്നില്‍ ആകാശം തൊട്ട് അയാള്‍ നിന്നു. അയാളുടെ നിഴല്‍ ഇരുവരുമിരുന്ന ഭൂമിയാകെ വ്യാപിച്ചു. അതില്‍ ഒട്ടുമേ അസ്വസ്ഥപ്പെടാതെകുഞ്ഞ് വര്ണ്ണപ്പൊതിയഴിച്ച് മിഠായി പുറത്തെടുത്തു. കൊതിയോടെ മധുരക്കട്ടിയുടെ ഭംഗി ആസ്വദിച്ചു. കൊതിയുടെ കപ്പലുകളോടുന്ന വായ തുറന്ന് മിഠായി കഴിക്കാന്‍ ഒരുങ്ങി. ഇങ്ങെടുക്ക് അന്നേരം ദൃഢപേശീയലംകൃത കരങ്ങള്‍ നീട്ടി അയാള്‍ മിഠായി പിടിച്ചു വാങ്ങി. കുഞ്ഞ് വാവിട്ട് കരയാന്‍ തുടങ്ങി. അതതിയായി രസിച്ചുകൊണ്ട് അയാള്‍ മിഠായി തിരികെ നീട്ടി. കുഞ്ഞ് കരച്ചിലടക്കി ആര്‍ത്തിയോടെ കൈകള്‍ നീട്ടി. ചിരിച്ചുകൊണ്ട് അയാള്‍ മിഠായി പിടിച്ച കൈകള്‍ പിന്‍വലിച്ചു. കുഞ്ഞ് വീണ്ടും പൊട്ടിക്കരഞ്ഞു. അയാള്‍ മിഠായി കുഞ്ഞിന്റെ മുഖത്തേക്ക് നീട്ടി. കുഞ്ഞ് കണ്ണുതുടച്ച് കൈകള്‍ നീട്ടി. അയാള്‍ മിഠായി ആകാശത്തോളം ഉയര്‍ത്തി. പല്ലുകള്‍ പ്രദര്‍ശിപ്പിച്ച് ചിരിച്ചു. കൈകള്‍ പിന്നെയും താഴ്ത്തി. ഉയര്‍ത്തി. താഴ്ത്തി. കുട്ടി വാകീറി വിളിച്ചുകൊണ്ടിരുന്നു. നിസ്സഹായയായി അയാളെ നോക്കിയിരുന്ന അമ്മയും കണ്ണുനിറച്ച് ഏങ്ങലടിച്ചത് അയാളെ ആവേശം കൊള്ളിച്ചു. അയാള്‍ മിഠായി വായിലേക്ക് തള്ളി. നാവില്‍ ബാലന്‍സ് ചെയ്ത മിഠായി പുറത്തേക്ക് നീട്ടി കുഞ്ഞിനെ കാട്ടി എന്തൊരു രുചി എന്ന്കൊഞ്ചിയാടി. കണ്ണീരും മൂക്കീരും ഒലിപ്പിച്ച് മണ്ണില്‍ കിടന്നുരുളുന്ന കുഞ്ഞിനെ പിന്നിലാക്കി മധുരം നുണഞ്ഞുനുണഞ്ഞ് അയാള്‍ നടന്നു മറഞ്ഞു.
മറ്റൊരു ദിനം.
നഗരനിരത്തിലൂടെ നടക്കുകയായിരുന്നു അയാള്‍. അന്നേരം മഴ പൊടിയാന്‍ തുടങ്ങി. കൈകള്‍ ഉയര്‍ത്തി അയാള്‍ തലയ്ക്കു മേലേ പിടിച്ചു. ചാറ്റല്‍ മഴ നിറയെ അന്തരീക്ഷത്തിലെ വിഷപ്പൊടിയാകും. അത് ഉച്ചിയില്‍ വീണാല്‍ മുച്ചൂടും മുടിഞ്ഞത് തന്നെ. കൈകളില്‍ ചെറിയൊരു അസ്വസ്ഥത തോന്നി. വീഴുന്ന വെള്ളത്തേക്കാള്‍ അധികം ഒലിക്കുന്നുണ്ടോ? അയാള്‍ കൈകള്‍ വിടര്‍ത്തി നോക്കി. ഉള്ള് കിടുങ്ങിപ്പോയി. മഴവെള്ളം വീണിടമെ ല്ലാം പതിയെ പതിയെ അലിയുന്നു. തല, മുഖം, കൈകള്‍….എല്ലാം പതിയെ പതിയെ അലിഞ്ഞിറങ്ങുന്നു. ഭയന്നുപോയ അയാള്‍ മഴയില്‍ നിന്ന് അടുത്തു കണ്ട കടത്തിണ്ണയിലേക്ക് ഓടി മാറി. വെള്ളവുമായുള്ള നിരന്തരസമ്പര്ക്കസംബന്ധിയായി ആലോചിച്ചു. ഇന്നലെയും കുളിത്തൊട്ടിയില്‍ മണിക്കൂറുകള്‍ മുങ്ങിക്കിടന്നതാണ്. കുറച്ചു മുന്നേ കൂടി ബിരിയാണിയും ഐസ്ക്രീമും കഴിച്ചു കഴിഞ്ഞ് വെള്ളം നന്നായി ഒഴിച്ച് കൈകളും വായയും മുഖവും കഴുകിയല്ലോ. അപ്പോഴൊന്നും ഞാന്‍ ഒട്ടും അലിഞ്ഞില്ലല്ലോ. അയാള്‍ ഓര്‍ത്തു. ചെരിഞ്ഞുപെയ്യുന്ന മഴ പെട്ടെന്ന് മനസ്സിലേക്ക് വാവിട്ട് നിലവിളിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞിന്റെ മിന്നലുകള്‍ എയ്തു തറച്ചു. കരയുന്ന കുഞ്ഞ്. കരയുന്ന അമ്മ. തോരാക്കണ്ണുനീര്‍ പോലെ മഴ. എല്ലാം തമ്മില്‍ ബന്ധിപ്പിച്ച് കുഞ്ഞിന്റെയും അമ്മയുടെയും കണ്ണുനീരാണ് മഴയായി പെയ്യുന്നതെന്ന് അയാള്‍ സങ്കല്പ്പിച്ചു. അതു തന്നെയാണ്. അല്ലെങ്കില്‍ മഴ നനഞ്ഞപ്പോള്‍ അലിയില്ലായിരുന്നല്ലോ. മഴ തോരുവോളം താന്‍ അലിഞ്ഞലിഞ്ഞ് ഇല്ലാതെയാകുമോ എന്ന് ഭയന്ന് വിറച്ച് അയാള്‍ കടത്തിണ്ണയില്‍ നിന്നു.
അന്ന് വൈകിട്ട് കുളിത്തൊട്ടിയില്‍ വെള്ളം നിറയ്ക്കവേ അയാള്‍ വല്ലാതെ സംഭീതനായി. കുളിക്കാന്‍ ഇറങ്ങുമ്പോള്‍ അലിഞ്ഞലിഞ്ഞ് താന്‍ ഇല്ലാതെയാകുമോ എന്ന് കരയിലിരുന്ന് വെള്ളം നോക്കി. ഒടുവില്‍ ധൈര്യം സംഭരിച്ച് ചെറുവിരലറ്റം വെള്ളത്തില്‍ മുക്കി നോക്കി. ഹേയ് അലിയുന്നില്ല. ജലത്തില്‍ കിടന്നപ്പോള്‍ അയാള്‍ക്ക് തേന്‍ മിഠായി രുചിച്ചു. കുഞ്ഞ് നിലവിളിക്കുന്നതായി തോന്നി. താന്‍ അലിയുന്നുണ്ടോ അലിയുന്നുണ്ടോ എന്ന് നോക്കി നോക്കി കണ്ണുകഴച്ചു. ദൈനംദിന ജലസാന്നിധ്യങ്ങളിലെല്ലാം സമാനമായ മാനസികാവസ്ഥകളിലൂടെ അയാള്‍ കടന്നുപോയി. ഇങ്ങനെ പോയാല്‍ ശരിയാവില്ല, പരീക്ഷിച്ച് അറിയുക തന്നെ വേണം. അയാള്‍ മനസ്സില്‍ ഉറപ്പിച്ചു.
ഒടുവില്‍ അയാള്‍ കാത്തിരുന്ന ദിവസം എത്തി. ആകാശം കറുത്തു. തണുത്ത കാറ്റ് വീശി. മേഘങ്ങള്‍ അലിഞ്ഞു. ചന്നം പിന്നം മഴ പെയ്യാന്‍ തുടങ്ങി. കുഞ്ഞു അലറി കരയുന്നത് അയാള്‍ക്ക് കേള്‍ക്കാനായി. നാവില്‍ മധുര മിഠായികള്‍ രുചിച്ചു. അയാള്‍ മീശ മുറുക്കി. പേശികള്‍ ഇറുക്കി. കൈകള്‍ കറക്കി. അയാള്‍ തകര്‍ത്തു പെയ്യുന്ന മഴയിലേക്ക് ഇറങ്ങി. അതേ. അതേ, അലിയുന്നുണ്ട്. മുടി. തല. കൈകള്‍. മഴ വീഴുന്നിടം എല്ലാം അലിഞ്ഞിറങ്ങുന്നു. അലിഞ്ഞപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന വിരലുകള്‍ കൊണ്ട് അലിഞ്ഞിറങ്ങുന്ന നെറ്റി തൊട്ട് അയാള്‍ നാവില്‍ വച്ചുനോക്കി. ബ്യേ… എന്തൊരരുചി. അകം പുറം മറിഞ്ഞ് കുടല് വെളിയില്‍ വരും വിധം അയാള്‍ ചര്‍ദ്ദിച്ചു.
ലേഖകപരിചയം

അമൽ
തിരുവനന്തപുരം ജില്ലയിലെ പിരപ്പൻകോട് സ്വദേശി. മാവേലിക്കര രാജാരവിവർമ്മ ഫൈൻ ആർട്സ് കോളജിൽനിന്ന് പെയിന്റിങ്ങിൽ ബിരുദവും കൊൽക്കത്ത വിശ്വഭാരതി ശാന്തിനികേതനിൽ നിന്ന് കലാചരിത്രത്തിൽ ബിരുദാനന്തര ബിരുദവും നേടി. കൽഹണൻ, വ്യസനസമുച്ചയം, ബംഗാളികലാപം, അന്വേഷിപ്പിൻ കണ്ടെത്തും, സാംസ എന്നീ നോവലുകളും നരകത്തിന്റെ ടാറ്റൂ, മഞ്ഞക്കാർഡുകളുടെ സുവിശേഷം, പരസ്യക്കാരൻ തെരുവ്, പാതകം വാഴക്കൊലപാതകം, ഉരുവം, കെനിയാസാൻ, സത്യാനന്തര കുമാരൻ, ബുഫേ എന്നീ കഥാസമാഹാരങ്ങളും കള്ളൻ പവിത്രൻ എന്ന ഗ്രാഫിക് നോവലും നിരവധി ഗ്രാഫിക് ചെറുകഥകളും പ്രധാന രചനകൾ. “ഇടി മഴ കാറ്റ്” എന്ന സിനിമയുടെ തിരക്കഥ രചിച്ചിട്ടുണ്ട്.







No Comments yet!