Skip to main content

സിനിമയെ ‘പൊളിക്കുന്ന’ പുതിയ കാഴ്ചകള്‍

എന്നോട്‌ ഇപ്പോള്‍ ഒരു പക്ഷെ ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടത് എന്താണ് എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ അത് എന്റെ ലാപ് ടോപ്, ഹെഡ് ഫോണ്‍, മൊബൈല്‍ ഫോണ്‍ എന്നിവ ആണെന്ന് ഞാന്‍ പറയും. അത്രയും പ്രിയപ്പെട്ടതായി ഒരു മനുഷ്യനും എനിക്ക് ഇപ്പോഴില്ല. എന്നെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് കരുതുന്ന ഒരാള്‍ക്കു പോലും ഞാന്‍ നല്ല സുഹൃത്ത് അല്ല. ഞാന്‍ എന്റെ വെന്റിലേഷന്‍ നടത്തുന്നത് മുഴുവന്‍ എന്റെ ഉപകരണങ്ങളിലൂടെ ആണ്.

ലാപ് ടോപ്പിലൂടെ കാണുന്ന സിനിമകളും സിനിമയുടെ ശബ്ദങ്ങളും ആണ് ഇപ്പൊ എന്നെ ജീവിപ്പിക്കുന്നത്. അത് വേറെ ഒരു ട്രിപ്പ് ആണ്. ഒരൊറ്റ മുറിയില്‍, ഇരുട്ട് നിറഞ്ഞ മുറിയില്‍ ഒരു നല്ല ഹെഡ് ഫോണ്‍ വെച്ച് കൊണ്ട് ലാപ് ടോപ്പില്‍ ഇരുന്നു സിനിമ കാണുന്ന ട്രിപ്പില്‍ ആണ് ജീവിതം ഞാന്‍ തിരിച്ചു പിടിച്ചത്. മൊബൈല്‍ ഫോണില്‍ കസ്റ്റമര്‍ കെയറില്‍ നിന്നല്ലാതെ ഫോണ്‍ വരാത്ത കാലങ്ങളില്‍ കസ്റ്റമര്‍ കെയറിലേക്ക് അങ്ങോട്ട് വിളിച്ച് വെറുതെ എന്തെങ്കിലും കംപ്ലയിന്റ് പറഞ്ഞു കൊണ്ടിരുന്നു. മൊബൈല്‍ എന്ന ടൂള്‍ അങ്ങനെ കൂടെ ഉപയോഗിച്ചു.

അങ്ങനെ ഉള്ള ഒരു ലോകത്തെ കുറിച്ച് ഞാന്‍ വെറുതെ ഇപ്പോള്‍ ആലോചിച്ചു. വര്‍ഷങ്ങളായി ഒറ്റക്ക് ഉള്ള യാത്രക്ക് അല്ലാതെ, റൂമിനു പുറത്തേക്ക് ഇറങ്ങാതെ ആയി. ഈ റൂമിലിരുന്ന് സിനിമകള്‍ കാണുമ്പോഴാണ് സിനിമയുടെ കാഴ്ചയുടെ ചരിത്രം തന്നെ എന്റെ ജീവിതത്തില്‍ അട്ടിമറിക്കപ്പെടുന്നത്. ലാപ് ടോപ് ഒരു ജനാലയായി മാറി. എന്റെ മുന്നിലെ സിനിമകള്‍ എന്റെ ലോകങ്ങളായി. ഹെഡ് ഫോണിലെ ശബ്ദങ്ങള്‍ എനിക്ക് വേറെ ലോകം തീര്‍ത്തു. ഞാന്‍ ഇതില്‍ നിന്നും മനസ്സിലാക്കുന്നത് ചില ടെക്‌നൊളജിക്കല്‍ ഉപകരണങ്ങള്‍ നമ്മുടെ തന്നെ ആത്മീയമായ ഒരു ജീവിതത്തെ മാറ്റും എന്നായിരുന്നു.

മുമ്പ് ഫിലിം ഫെസ്ട്ടിവലുകളില്‍ കാണികളായി പോകുമ്പോള്‍ (ഒരു ഘട്ടത്തില്‍ അത് നിര്‍ത്തി), അതിനെ കുറിച്ച് ഇപ്പോള്‍ ആലോചിക്കുമ്പോള്‍ ഈ ഫിലിം ഫെസ്റ്റിവലിലെ സിനിമകള്‍ തിരഞ്ഞെടുക്കുക, അവ പ്രദര്‍ശിപ്പിക്കുക, അവയുടെ ടൂളുകള്‍ ഉപയോഗിക്കുക എന്നതൊക്കെ ചിലരുടെ പ്രിവിലേജ് ആകുന്നു എന്നതാണ്. പക്ഷെ കോവിഡ് കാലത്ത് പുതിയ ടൂളുകളുടെ കാലത്ത് എല്ലാവരുടെയും മൊബൈല്‍ ഫോണുകളില്‍ ഫിലിം ഫെസ്റ്റിവിലൂകള്‍ രൂപപ്പെടുവാന്‍ തുടങ്ങി. ഓരോ സിനിമയുടെ കുറേറ്ററും നിരൂപകനും കാഴ്ചക്കാരനും സിനിമ കാട്ടിക്കൊടുക്കുന്നതും ഒരേ ആള്‍ ആയി. ഓരോ മനുഷ്യനും ഓരോ ഫിലിം ഫെസ്റ്റിവല്‍ ആയി. ഫിലിം ഫെസ്റ്റിവല്‍ ബുജ്ജികള്‍ ഒക്കെ സൈഡ് ആയി. ഓരോ ചെറുപ്പക്കാരനും/കാരിയും സിനിമ ബുദ്ധിജീവികളായി. ഇങ്ങനെ കാഴ്ചയുടെ രൂപം മാറ്റിയത് ഓരോ സാധാരണക്കാരനും അവൈലബിള്‍ ആയ ടൂളിലൂടെ ആണ്. ട്രേയിന്‍ യാത്രയിലൊക്കെ പിള്ളേര്‍ യന്ത്ര മനുഷ്യരെ പോലെ വീഡിയോസ് കാണുന്നതു അതി മനോഹരമായ കാഴ്ചയാണ് എന്നാണ് എനിക്ക് തോന്നുക. ഒരുകാലത്ത് പബ്ലിക് ആയി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരെ അല്പന്മാര്‍ എന്ന് കളിയാക്കിയവരാണ് മലയാളികള്‍.

എഴുത്തിന്റെ കാര്യം വളരെ രസമാണ്. എഴുതിയത് പിന്നീട് വായിക്കാറില്ലെങ്കിലും ഊളത്തരമാണ് എഴുതുന്നത് എന്നൊക്കെ സ്വയം തോന്നുമെങ്കിലും എഴുത്തിന്റെ പ്രോസസ് രൂപപ്പെടുന്നതിനെ കുറിച്ച് ആലോചിക്കുമ്പോഴും രസമാണ്. തൊണ്ണൂറുകളില്‍ പഠിച്ച ടൈപ്പ് റൈറ്റര്‍ അടക്കം ഇന്നത്തെ എ ഐ ടൂളുകള്‍ അടക്കം എഴുത്ത് എന്ന സംഗതിയെ എന്നെ സഹായിക്കുന്നുണ്ട്. എഴുത്ത് എന്ന ക്രിയേറ്റിവിറ്റിയെ ഈ ടൂളുകള്‍ നമ്മളെ വേറെ ലോകത്തേക്കും എത്തിക്കുന്നു. എനിക്ക് തോനുന്നു എഴുത്ത് എന്ന പരമ്പരാഗതമായ ആ വാക്ക് തന്നെ എടുത്ത് കളയേണ്ട കാലം കഴിഞ്ഞു ഇന്നു തോന്നുന്നു. ഇന്ന് ടൈപ്പിങ്ങിന്റെയും അതിനെയും അട്ടിമറിച്ച് എ ഐ അടക്കം രൂപീകരിക്കുന്ന ഒരു കമ്മ്യൂണിക്കേഷന്‍ പ്രോസസ് ആയി ‘എഴുത്ത്’ മാറി എന്നതാണ്.

ഞാന്‍ പറഞ്ഞു വരുന്നത് ഈ ടൂളുകള്‍ എഴുത്ത് /കാഴ്ചകള്‍ എന്നിവയുടെ സ്വഭാവം അതി ഗംഭീരമായി അട്ടിമറിച്ചിട്ടുണ്ട് എന്നത് കൂടെ ആണ്. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ദിവസം രണ്ടു സിനിമകള്‍ കാണുന്ന എനിക്ക് അങ്ങനെ സിനിമ കാണുവാന്‍ കഴിയാതെ ആയി. അത്രക്ക് തിരക്ക് പിടിച്ച ഒരു ജീവിതത്തില്‍ ഇപ്പോള്‍ എന്റെ കാഴ്ചയുടെ രൂപം മാറുകയാണ്. ഒരു അസൈന്‍മെന്റിന്റെ ഇടയിലെ മൂന്നു മിനിറ്റ് സമയമുള്ള ഒരു റീല്‍ ആയി എന്റെ സിനിമ മാറുക ആണ്. സിനിമക്ക് ക്ലാസിക്കല്‍ ഫോര്‍മാറ്റില്‍ നിന്നും ഒരു മെറ്റാമോര്‍ഫോസിസ് സംഭവിക്കുകയാണ് ഒരു പ്ലോട്ടിലൂടെ മൂന്ന് മിനിറ്റില്‍ മുറ്റു കോമഡി പറയുന്ന കുറെ മനുഷ്യര്‍. പൊസ്റ്റ് മോഡേണ്‍ ഫിക്ഷന്‍ വിഷ്വല്‍ രൂപങ്ങള്‍ സൃഷ്ടിക്കുന്ന കോളനി വാസികള്‍. താര ശരീരത്തെയും ഭാഷയെയും താര രൂപങ്ങളെയും നായകരെയും നായികമാരെയും എല്ലാം അട്ടിമറിക്കുകയാണ്. ഇന്ന് ഇറങ്ങുന്ന ഒരു സംഭവത്തിനെ അനുബന്ധിച്ച് നാളെ ഒരു ഒന്നര മിനിറ്റ് ‘സിനിമ’ ഇറങ്ങുകയാണ്. രസമാണ് ആ പരിപാടി. കാഴ്ചയുടെ സ്‌ക്രീന്‍, സ്‌ക്രീന്‍ ടൈം ഈസ്‌തെറ്റിക്സ് മാറുകയാണ്.

ഇങ്ങനെ റീലിലൂടെ പുതിയ കാഴ്ചകളിലേക്ക് പോകുമ്പോഴാണ് ഇതിനു തൊട്ടു മുമ്പേ സിനിമ കാണുന്ന ഒരു കാലത്തെ സംഗതികള്‍ ആലോചിച്ചത്. ഒരു സിനിമ കാണണമെങ്കില്‍ മുബിയില്‍ സെര്‍ച്ച് ചെയ്യണം, ഇരുട്ട് സെറ്റ് ആക്കണം, ഹെഡ് ഫോണ്‍ ചാര്‍ജ് ചെയ്യണം, വേറെ ആരുടേയും ശല്യമില്ലാതെ നോക്കണം, സിനോപ്‌സിസ് വായിക്കണം, റിവ്യൂ വായിക്കണം അങ്ങനെ കുറെ പരിപാടികള്‍. റീലിസില്‍ ആകുമ്പോള്‍ അതിന്റെ ഒന്നും പണി ഇല്ല. ഒരു മൊബൈലില്‍ കുറച്ചു മിനിമല്‍ ആയ സമയത്തെ പരിപാടി മാത്രമേ ഉള്ളൂ. അതും ഗംഭീരമായ തീമുകള്‍ സൃഷ്ടിക്കുന്നത് അടിത്തട്ടിലുള്ള മനുഷ്യര്‍ കൂടെ ആണ്. ഇനി മാറി വരുന്ന എല്ലാ സിനിമാറ്റിക് ഫോമുകളും ഇങ്ങനെ ടൂളുകളുടെ വ്യാപനത്തിലൂടെ അതിന്റെ ക്രിയേറ്റിവിറ്റിയുടെ മോഡ് തന്നെ മാറിപ്പോകും എന്ന് തോന്നുന്നു.

ഇന്ന് സിനിമ, ഫിലിം സൊസൈറ്റി, സിനിമ സംവിധാനം, ക്ലാസിക് സിനിമ ( അങ്ങനെ ഒന്നും ഇനി ഉണ്ടാകുമെന്നു തോന്നുന്നില്ല), സിനിമ തിയേറ്റര്‍, സിനിമ എന്ന വലിയ മാധ്യമം എന്നൊക്കെ ഉള്ള ഇപ്പോഴും ‘ഐക്കണിക്’ എന്ന് അവരോധിക്കുന്ന ചര്‍ച്ചകള്‍ കാണുമ്പോള്‍ സിനിമയെ നന്നാക്കാനുള്ള ബുജ്ജി കോണ്‍ക്ലേവുകള്‍ കാണുമ്പോഴും ഒരു ചെറിയ ഇടവേള കിട്ടിയപ്പോഴും എഴുതിപ്പോയതാണ്.

സിനിമ ‘തമ്പുരാക്കന്മാര്‍’ പൊറുക്കുക.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.