Skip to main content

ചരിത്രത്തിലെ അവസാന പ്രകാശം

ഉറങ്ങാൻ പോകുന്ന ഒരു കുഞ്ഞിന്റെ അരികിൽ
യുദ്ധം ഉണർന്നു കിടന്നു.
ആ പെൺകുട്ടിയുടെ പേരു നമുക്കറിയില്ല.
പക്ഷേ അവളുടെ കണ്ണുകളിൽ
ചരിത്രത്തിന്റെ അവസാന പ്രകാശം ഒളിഞ്ഞിരിക്കുന്നുണ്ട്
അവളുടെ കയ്യിലെ വിളക്ക്
ഇരുട്ട് മാറ്റാനല്ല,
നമ്മുടെ ചിന്തകളിലെ മേഘങ്ങൾ നീക്കാനാണ്.
അവളുടെ കാലുകളിൽ കൊലുസുകളില്ല
പക്ഷേ അവളുടെ നടപ്പിൽ
ഒരു രാജ്യത്തിന്റെ ഹൃദയമിടിപ്പ് കേൾക്കാം.
നിരവധിപേർ ഭൂമിയെ നശിപ്പിച്ചു,
പക്ഷേ ഈ കുഞ്ഞിന്റെ കൈ പിടിച്ച്
“നിന്റെ സ്വപ്നങ്ങൾ ഞങ്ങൾ കാക്കും”
എന്ന് ആരും പറഞ്ഞില്ല.
അവൾക്കു വാക്കുകൾ ഇല്ല
പക്ഷേ അവളുടെ മൗനം
ഒച്ചത്തിലൊരു അപേക്ഷയാണ്:
“ദയവായി ഞങ്ങളെ വിട്ടേക്കൂ,
ഞങ്ങൾക്കു ജീവിക്കണം.”
യുദ്ധം തുടങ്ങുന്നതിന് മുമ്പ്
മനുഷ്യൻ കരയും.
യുദ്ധത്തിനിടെ
മനുഷ്യൻ മൗനമായി പരസ്പരം നോക്കും.
യുദ്ധത്തിനു ശേഷം
അച്ഛന്റെ കല്ലറ ഓർത്തു
ഈ കുഞ്ഞ് തലയിൽ മണ്ണെറിയും .
ഇന്ന് നാം തോക്കിനെ നിശ്ശബ്ദത പഠിപ്പിച്ചാൽ
നാളെ കവിത
ഒരു പുതപ്പായി
കുട്ടികളുടെ ഭയങ്ങളെ മൂടും.
നിങ്ങളുടെ പതാകകളിലെ രക്തക്കറകൾക്കുമുമ്പ്
ആ കുഞ്ഞിന്റെ മുഖം നോക്കൂ,
രാജ്യത്തിനു പദവി തേടുമ്പോൾ
മനുഷ്യത്വത്തിനുള്ള അടയാളങ്ങൾ കാണാതെ പോകരുത്
ആരും ജനിക്കുന്നില്ല
ഒരേ യുദ്ധം വീണ്ടും വീണ്ടും പോരാടാൻ.
കുട്ടികളുടെ ചിരി ഊഷര
രാജ്യത്തെ പച്ചപ്പാക്കും,
രക്തത്തിന്റെ ദുർഗന്ധം നീക്കുന്ന കാറ്റാകും.
കുട്ടികളെ നഷ്ടപ്പെട്ട രാജ്യത്തേക്കാൾ
കുട്ടികളെ സംരക്ഷിക്കുന്ന രാജ്യത്തിലാണ്
ചരിത്രം യഥാർത്ഥമായി നിലനിൽക്കുക.

***

മേഴ്‌സി മാർഗരറ്റ്

മെഴ്‌സി മാർഗരറ്റ് ബോഡ ഒരു അവാർഡ് നേടിയ തെലുഗു കവയിത്രിയാണ്. 2017-ൽ ആദ്യ കവിതാസമാഹാരമായ മാട്ടല മഡുగు നു കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം ലഭിച്ചതോടെ ദേശീയ തലത്തിൽ ശ്രദ്ധ നേടി. നാടകകൃത്ത്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, സാഹിത്യ മാർഗനിർദ്ദേശകയാണ്. ഹൈദരാബാദ്, തെലംഗാണ സ്വദേശിനിയാണ്.

കോമേഴ്സ്, ബിസിനസ് അഡ്മിനിസ്ട്രേഷൻ എന്നീ വിഷയങ്ങളിൽ പി.ജി ബിരുദങ്ങളും, ഫിലിം റൈറ്റിംഗിൽ ഔപചാരിക പരിശീലനവും നേടിയ അവർ സാഹിത്യം, നാടകം, സിനിമ എന്നീ മേഖലകളെ ഒരുപോലെ ശക്തമായി ബന്ധിപ്പിക്കുന്ന സൃഷ്ടിപരമായ വ്യക്തിത്വമാണ്.

ദേശീയവും അന്താരാഷ്ട്രീയവുമായ സാഹിത്യോത്സവങ്ങളിൽ പങ്കെടുത്ത് തെലുഗു സാഹിത്യത്തെ കൂടുതൽ വിപുലമായ വേദികളിലേക്ക് എത്തിച്ച അവർ, വിദ്യാഭ്യാസത്തോടും സാംസ്കാരിക പ്രവർത്തനങ്ങളോടുമുള്ള പ്രതിബദ്ധതയിലൂടെ അവിടത്തെ യുവ കലാകാരന്മാർക്ക് പ്രചോദനമായി തുടരുന്നു.

***

തെലുഗില്‍നിന്നും മലയാളത്തിലേക്ക് വിവര്‍ത്തനം :

ഇമ്മാനുവല്‍ മെറ്റ്ല്‍സ്

Poet, Artist, Post Graduate in English Sanskrit and Psychology (Social and Health) by profession clinical psychologist.

Write in Telugu English and Malayalam.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

One Reply to “ചരിത്രത്തിലെ അവസാന പ്രകാശം”

Your Email address will not be published.