Skip to main content

​ മറവിയെ ഓർമയാക്കുന്ന ‘169’

​ചരിത്രം എന്നത് കേവലം രേഖപ്പെടുത്തപ്പെട്ട വസ്തുതകളല്ല. നിരന്തരം കുഴിച്ചെടുക്കപ്പെടേണ്ട ഒന്നാണെന്ന് പി.എൻ. ഗോപീകൃഷ്ണന്റെ ‘169’ എന്ന കവിത നമ്മെ ബോധ്യപ്പെടുത്തുന്നു. അൽഷിമേഴ്സ് ബാധിച്ച കൗമുദി ടീച്ചറുടെ മനസ്സ് സത്യത്തിൽ ഒരു ‘പുരാവസ്തു ഖനന കേന്ദ്രം’ (Archaeological Site) പോലെയാണ്; അവിടെ സ്വതന്ത്ര ഇന്ത്യയിലെ ഗാന്ധിയുടെ 169 ദിവസങ്ങൾ ഒരു ഫോസിൽ പോലെ ഉറച്ചുപോയിരിക്കുന്നു. ജ്ഞാനത്തിന്റെ പുരാവസ്തു ശാസ്ത്ര സങ്കല്പമനുസരിച്ച്, അധികാരം അതിന്റെ നിലനിൽപ്പിനായി ചില അറിവുകളെ കുഴിച്ചുമൂടുകയും ചിലതിനെ മാത്രം പുറത്തെടുക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ഇവിടെ ടീച്ചർ തന്റെ നഖം കൊണ്ട് ചുവരുകൾ മാന്തിപ്പൊളിക്കുന്നത് കേവലം രോഗാതുരമായ ഒരു പ്രവൃത്തി അല്ലാതായി മാറുന്നു.അത് അധികാരവ്യവസ്ഥ ബോധപൂർവ്വം മറവിയിലേക്ക് തള്ളിയ ഗാന്ധിയൻ സത്യങ്ങളെ പുറത്തെടുക്കാനുള്ള ഒരു ആർക്കിയോളജിക്കൽ ഖനനമായിമാറുന്നു. ഗുഹാമനുഷ്യൻ തന്റെ അസ്തിത്വത്തിന്റെ അടയാളങ്ങൾ ചുവരുകളിൽ കൊത്തിവെച്ചതുപോലെ, ആധുനികതയുടെ വിസ്മൃതിയിൽ നിന്ന് ഗാന്ധിയെ വീണ്ടെടുക്കാൻ ടീച്ചർ ‘169’ എന്ന ശിലാലിഖിതം അൽഷിമേഴ്സിനാൽ നിർമ്മിക്കുന്നു.

​മനോവിശ്ലേഷണത്തിന്റെ തലത്തിൽ അൽഷിമേഴ്സ് ലൗകികമായ ഭാഷാ വ്യവസ്ഥയെ (Symbolic Order) തകർക്കുന്ന ഒന്നാണ്. ‘169’ എന്ന അക്കം ടീച്ചർ പുതിയൊരു ഉൾവ്യവസ്ഥയിലെ ചിഹ്നമായി പ്രതിഷ്ഠിക്കുന്നു. അത് വാക്കുകൾക്ക് അതീതമായ യഥാ൪ത്ഥ’സത്യ ‘ മാക്കി മാറ്റുന്നു. ഗാന്ധി എന്ന രാഷ്ട്രീയ സത്യം ടീച്ചർക്ക് അങ്ങനെ അക്കമായിതെളിയുന്നു. മറ്റുള്ളവർ ഈ സംഖ്യയെ കേവലം കണക്കായോ (മകന്റെ യുക്തി) അല്ലെങ്കിൽ ’69’ എന്ന ലൈംഗിക ചിഹ്നമായോ (മരുമകളുടെ കാഴ്ചപ്പാട്) വായിക്കുമ്പോൾ, ടീച്ചർ അതിനെ ഒരു രാഷ്ട്രീയ മുറിവായി സ്വശരീരത്തിൽ പേറുന്നു. ഒരാളിൽ ഉണരുന്ന അസ്തിത്വപരമായ കാമന ഇവിടെ ലൈംഗികതയിൽ നിന്ന് മാറി രാഷ്ട്രീയമായ തീവ്രതയിലേക്ക് അഥവാ 169 ആയി ബോധത്തിന്റെ അവസാന കണികയിലേക്ക് പരിവർത്തനംചെയ്യപ്പെടുന്നു.

​ ഓർമകളെയും വിവരങ്ങളെയും ‘ഗിഗി കൾച്ചർ’ (Gigi Culture) കേവലം വിപണനസാധ്യതയുള്ള ‘ഡാറ്റ’ മാത്രമായിട്ടാണ് കാണുന്നത്.അക്കാലത്ത്, ടീച്ചറുടെ ഈ ഓർമ്മയ്ക്ക് കലാപത്തിന്റെ സ്വഭാവമുണ്ട്. സംസ്കാരത്തിൽ ഓരോ നിമിഷവും ഗിഗി ലാഭമുണ്ടാക്കി ക്കൊണ്ടിരിക്കുമ്പോൾ, ടീച്ചറുടെ ‘169’ ഒന്നിനും ഉപയോഗിക്കാനാവാത്ത ഒരു ‘Non-productive logic’ ആണ്. ഇത് മൂലധനത്തിന്റെ യുക്തിയെ വെല്ലുവിളിക്കുന്നു. ഗോഡ്‌സെ ഗാന്ധിയുടെ ആയുസ്സ് 169 ദിവസമായി ‘നിജപ്പെടുത്തിയത്’ ഒരു അൽഗോരിതത്തിന്റെ കൃത്യതയോടെയാണ്. ചരിത്രത്തെ വെട്ടിച്ചുരുക്കി തങ്ങൾക്കാവശ്യമുള്ള വിവരങ്ങൾ മാത്രം നിലനിർത്തുന്ന ഗിഗി സംസ്കാരത്തിന്റെ പ്രതീകമാണ് ഇവിടെ എതിരാളി. എന്നാൽ അതേ അക്കത്തെ തന്നെ ഒരു പ്രതിരോധ ചിഹ്നമായി ഉയർത്തുന്നതിലൂടെ ടീച്ചർ വ്യവസ്ഥിതിയുടെ യുക്തിയെ അട്ടിമറിക്കുന്നു.

തനിക്ക് അന്യമെന്നു തോന്നുന്ന ഒരു വ്യവസ്ഥയെ ആവശ്യമില്ലാത്തതായി പുറന്തള്ളുന്നസ്വഭാവം ഇന്നു വർദ്ധിച്ചിടുണ്ട്. അതിപ്പോൾ കാണുകയുംചെയ്യാം. ആ നിലക്ക് ടീച്ചറുടെ ശരീരത്തിലെ മുറിവുകളും, നഖപ്പാടുകളും, അവരിലെ വിസർജ്യ ഗന്ധം പോലും വ്യവസ്ഥിതിക്ക് അരോചകമായ ഒന്നാണ്. എന്നാൽ ഈ ‘അഴുക്കിനുള്ളിലാണ്’ യഥാർത്ഥ ചരിത്രം ഒളിഞ്ഞിരിക്കുന്നത്. ഭ്രാന്തെന്നും രോഗമെന്നും വിളിക്കപ്പെടുന്ന അവസ്ഥയിലാണ് ഒരിടത്തെ നഷ്ടപ്പെട്ട രാഷ്ട്രീയ ബോധം കുടികൊള്ളുന്നത് എന്ന വസ്തുത 169 എന്ന അക്കത്തിലൂടെ വെളിവാക്കുന്നു.

​നരവംശശാസ്ത്രപരമായിക്കൂടി ഇവിടെ ഒരന്വേഷണത്തിന്സാധ്യത ഉണ്ട് .അങ്ങനെ വരുമ്പോൾ പത്താം വയസ്സിൽ നവഖാലിയിൽ ഗാന്ധിക്കൊപ്പം നടന്ന ആ പെൺകുട്ടി, ടീച്ചറുടെ ഉള്ളിലെ ‘ആദിരൂപം’ (Archetype) ആയി മാറുന്നു. ടീച്ചറുടെ ശവക്കല്ലറയിൽ കൊത്തിവെച്ച ‘169’ എന്ന അക്കം അതോടെ ഭാവിയിലെ നരവംശശാസ്ത്രജ്ഞർക്കുള്ള ഒരു രാഷ്ട്രീയ പ്രഹേളികയായിത്തീരുന്നു. വിസ്മൃതിയുടെ മതിലുകളിൽ നഖം കൊണ്ട് ചരിത്രമെഴുതുന്ന കൗമുദി ടീച്ചർ, ആധുനിക മനുഷ്യന്റെ ആത്മീയമായ അൽഷിമേഴ്സിനുള്ള ഒരേയൊരു മരുന്നായും അവശേഷിക്കുന്നു. ഗിഗി കൾച്ചറിലെ ഡിജിറ്റൽ സ്ക്രീനുകളേക്കാൾ തെളിച്ചമുള്ളത് ആ ശവക്കല്ലറയിൽ ശേഷിക്കുന്ന ആ രാഷ്ട്രീയ സത്യത്തിനാണെന്ന യാഥാർഥ്യം ഒരിക്കൽക്കൂടി 169 ആയി നിലനില്ക്കുന്നു.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.