Skip to main content

നരേഷ് സക്സേനയുടെ കവിതകൾ

ചിതലുകൾ

ചിതലുകൾക് വായിക്കാനറിയില്ല.
അവ പുസ്‌തകം മുഴുവനും
നക്കിത്തുടയ്ക്കുന്നു.

***

ചില മനുഷ്യർ

ചില മനുഷ്യർ
കാലുകൾ കൊണ്ടല്ല,
തലച്ചോറിനാൽ നടക്കുന്നു.
അവരുടെ തലച്ചോറിന്റെ അളവിൽ
അവർ ചെരുപ്പ് അന്വേഷിക്കുന്നു.

***

വെള്ളം

ഒഴുകുന്ന വെള്ളം
കല്ലുകളിൽ
അടയാളങ്ങൾ
നിറച്ച്
കടന്നുപോകുന്നു.
എന്നാൽ,
എത്ര വിചിത്രമാണ്,
കല്ലുകൾ ഒരിക്കലും
ഒരു പോറൽ പോലും
വെള്ളത്തിനേൽപ്പിക്കുന്നില്ല

***

ഏണി

ഞാനൊരു
ഏണി അന്വേഷിക്കുകയാണ്.
മതിൽ കയറാനല്ല
താഴേക്കിറങ്ങാനാണ്.
കോട്ടകളെ ജയിക്കാൻ
എനിക്കാശയില്ല
കോട്ടകളെ തകർക്കാനാണ്
എനിക്കിഷ്ടം.

***

വിശപ്പ്

വിശപ്പ്
ആദ്യം തന്നെ
പ്രജ്ഞയെ തിന്നുന്നു. ശേഷം കണ്ണുകളെ,
പിന്നീട്
ശരീരത്തിൽ അവശേഷിക്കുന്ന
ഓരോന്നിനെയും.
വിശപ്പ് ഒന്നിനെയും വെറുതെ വിടില്ല.
അമ്മയുടേതെന്നോ സഹോദരിയുടേതെന്നോ
അല്ലെങ്കിൽ കുഞ്ഞുങ്ങളുടേതെന്നോ
വേർതിരിവില്ലാതെ
അത് ബന്ധങ്ങളെ കാർന്നു തിന്നുന്നു,
കുഞ്ഞുങ്ങളെ അതിന് വളരെയിഷ്ടമാണ്.
അവരെ,
ആദ്യമേ തന്നെ
അതി വേഗത്തിൽ തിന്നുന്നു.
കുഞ്ഞുങ്ങൾക്ക്‌ ശേഷം
പിന്നെ
എന്താണ്
ബാക്കിയാവുന്നത് ?

***


കവി പരിചയം :

നരേഷ് സക്സേന

മധ്യപ്രദേശിലെ ഗ്വളിയോറിൽ 1939ൽ ജനനം. എൻജിനിയറിങ്ങിൽ പി എച് ഡി. അനേകം കവിതകളും നാടകങ്ങളും എഴുതി, സിനിമ ഡയറക്ഷന് ദേശീയ പുരസ്‌കാരം നേടി. ദൂരദർശനിൽ വിവിധ സീരിയലുകളുടെ നിർമ്മാതാവായിട്ടുണ്ട്. കബീർ സമ്മാൻ, നാഗാർജുന സമ്മാൻ, ഋതുരാജ് സമ്മാൻ എന്നിങ്ങനെ അനേകം പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. സമുദ്രപർ ഹോരഹി ഹേ ബാരിഷ്, സുനോ ചാരു ശീലാ തുടങ്ങിയവ പ്രസിദ്ധമായ കവിതാ സമാഹാരങ്ങൾ.


വിവര്‍ത്തക പരിചയം :

മിനി അനാമിക 

മിനി അനാമിക എന്ന പേരില്‍ എഴുതുന്നു. തിരുവനന്തപുരം സ്വദേശിയാണ്. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍നിന്നും മലയാളത്തിലേക്ക് കവിതകളുടെ മൊഴിമാറ്റം നടത്തുന്നു. നവമാധ്യമങ്ങളിലും മാസികകളിലും കവിതകള്‍ എഴുതുന്നു. ഹൈദരാബാദില്‍ താമസം.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.