Skip to main content

ദുർന്നടപ്പുകാരിയുടെ സ്വപ്നങ്ങളിൽ

ദുർന്നടപ്പുകാരിയുടെ
സ്വപ്നങ്ങളിലുണ്ടാവില്ല
അടഞ്ഞ ജാലകങ്ങളുള്ള
കിളിക്കൂടുപോലുള്ള വീടും
ഭർത്താവും ചാരിത്ര്യവും മര്യാദകളും.

ദുർന്നടപ്പുകാരിയുടെ
സ്വപ്നങ്ങളിലുണ്ടാവില്ല
ദേഹത്തെ ഭൂമിയാക്കി
നെല്ല് കുത്തി
അരിയാക്കുന്ന
അബലയുടെ
സഹന ശക്തിയും
തറവാടിന്റെ അന്തസ്സ് കാക്കാനായി
കുട്ടിക്കാല പ്രണയത്തെ മറക്കുന്ന കപട നാടകങ്ങളും.

ദുർന്നടപ്പുകാരിയുടെ സ്വപ്നങ്ങളിൽ
ഐഹികമായ ദുഃഖങ്ങളാൽ ഇരുളുമൂടിയ
നാലു ചുവരുകളുടെ തടവിൽ ആത്മഹത്യയുടെ ക്ഷണിക ചിന്ത കടന്നുവരാറേയില്ല.

ദുർന്നടപ്പുകാരിയുടെ
സ്വപ്നങ്ങളിൽ സ്വച്ഛന്ദമായൊഴുകുന്ന പുഴയുടെ കാഴ്ചയും
മനോഹരമായ പൂവിലിരിക്കുന്ന ചിത്രശലഭത്തിന്റെ ചിറകും കടന്നുവരാറുണ്ട്

ദുർന്നടപ്പുകാരിയുടെ സ്വപ്നങ്ങളിൽ
കഴുത്തറുക്കാനായി കൊണ്ടുപോകുന്ന സുന്ദരിയായ ആട്
തെരുതെരെ കടന്നുവരുന്നു.

ദുർന്നടപ്പുകാരിയുടെ സ്വപ്നങ്ങളിൽ
സ്വതന്ത്രമായൊഴുകുന്ന നിറങ്ങളിലേക്കു പെയ്തിറങ്ങുന്നത്
ഏതോ നിരപരാധിയായ ആത്മാവിന്റെ പ്രണയക്കണ്ണീർ.

ദുർന്നടപ്പുകാരിയുടെ സ്വപ്നങ്ങളിൽ
തിളച്ചു പൊന്തുന്നത്
ദുഷ്ട മനുഷ്യരുടെ
ദുഷ്ച്ചെയ്തികൾക്കെതിരെ
ഹൃദയത്തിന്റെ ലാവ.

***


കവിപരിചയം

കൈലാസ് മന്‍ഹര്‍

രാജസ്ഥാനിലെ ജയ്പുർ സ്വദേശിയായ ഹിന്ദികവി. ഉദാസ് അംഖോം മേ ഉമീദ്, സൂഖി നദി, കവിത കി സഹയാത്ര മേ, എന്നിവ കവിതാ സമാഹാരങ്ങൾ. 1954ൽ ജനനം. കവിത, ലേഖനം, നാടകം, ബാലസാഹിത്യം എന്നീ സാഹിത്യ മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ച കവി.


വിവര്‍ത്തക പരിചയം :

മിനി അനാമിക 

മിനി അനാമിക എന്ന പേരില്‍ എഴുതുന്നു. തിരുവനന്തപുരം സ്വദേശിയാണ്. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകളില്‍നിന്നും മലയാളത്തിലേക്ക് കവിതകളുടെ മൊഴിമാറ്റം നടത്തുന്നു. നവമാധ്യമങ്ങളിലും മാസികകളിലും കവിതകള്‍ എഴുതുന്നു. ഹൈദരാബാദില്‍ താമസം.

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

2 Replies to “ദുർന്നടപ്പുകാരിയുടെ സ്വപ്നങ്ങളിൽ”

  1. ഭേഷാന്തരം നന്നായി, ഒരു നല്ല മലയാള കവിത വായിച്ച പ്രതീതി 👏👍

Your Email address will not be published.