‘ഉമിക്കുന്നു’ കയറല്‍ ഇപ്പോള്‍ പതിവായിട്ടുണ്ട്. എസ് കലേഷ് തുറന്നുതന്ന വഴിയാണ്. ഉമി കുമിഞ്ഞുകൂടിയ ഒരു പെരുങ്കുന്ന് ഞാന്‍ ഭാവനയില്‍ കണ്ടു. ഉമിയില്‍ തീയരിച്ചിറങ്ങുന്ന ഉള്വൃത്തങ്ങളെ ഞാന്‍ കിണറായി സങ്കല്പ്പിച്ചു. സ്വര്‍ണനിറമുള്ള ഉമിപ്പടവുകള് അരഞ്ഞാണങ്ങളായി അഴിഞ്ഞു തുടങ്ങുന്ന കിണറിറക്കങ്ങള് കൗതുകകരം.
അവള് ആകാശമാവുന്നു. ഞാന്‍ പടവുകളിറങ്ങുന്നു. ആഴത്തിലെ നീലക്കൊടുവേലി പറിച്ച് മേലെ ചന്നംപിന്നം പെയ്യുന്ന മഴയില്‍ നനച്ച് പ്രണയഭൂമിയില്‍ നടണം. ഉമിയില്‍ തീ എരിഞ്ഞിറങ്ങുമ്പോലെ ഒരിറക്കത്തിന്റെ എരിച്ചില്മൂര്ച്ഛ അറിയാതെന്ത് പ്രണയം? തീച്ചെരവപോലെ എന്നൊരു രൂപകാതിശയത്തില് ബഷീര്‍ നേരത്തേ ഈ അനുഭൂതിയെ തളച്ചിട്ടുണ്ട്. അതിന്റെ പുറം പടര്‍പ്പുകളിലൂടെ ആഴത്തിളപ്പിലേക്ക് കൊണ്ടുപോവുകയാണ് കലേഷ്.
പല വായനകള്‍ക്കിടയില്‍ എപ്പോഴോ ഉമിക്കുന്നെന്നൊരു കുന്നുണ്ടെന്ന് ബി രവികുമാറിന്റെ കുറിപ്പില്‍നിന്നും അറിഞ്ഞു. അതു പക്ഷേ, കവിതക്കു പുറത്തുള്ള ഒരറിവായി പുറത്തേ നിന്നുള്ളു. കവിത വാക്കിനപ്പുറം വിളഞ്ഞു തുടങ്ങിയിരുന്നു. പ്രണയികള്‍ ഉമിക്കുന്ന് കയറുകയാണ്. കയറ്റത്തിന്റെ ചെരിവോ ചെങ്കുത്തായ നിലയോ കാഴ്ച്ചയുടെ ആഖ്യാനത്തിലുണ്ട്. നോട്ടക്കോണിലുണ്ട്. രാത്രിയുടെ അപാരരാത്രി അതിന്റെ പിന്പ്രതലമായി അഥവാ ക്യാന്‍വാസായി കാണാം.

ഉറക്കത്തില്‍ കേട്ട കഥയില്‍ ചവിട്ടിയാണ് ആണ്‍കുട്ടിയും പെണ്‍കുട്ടിയും ഉമിക്കുന്നിന്റെ അടിവാരത്തെത്തിയത്. കഥ കേട്ടത് ഉടല്പ്പരുവമോരുംമുമ്പാവാം. ജനിതകചോദനകളിലാവാം. അതൊരു നിര്‍ബന്ധമോ അക സമ്മര്‍ദ്ദമോ ആണ്. ചിതലിയുടെ താഴ് വരയില്‍ രണ്ടു ജീവബിന്ദുക്കള്‍ നടക്കാനിറങ്ങിയപോലെ. ഒന്നില്തന്നെ ഒട്ടിനില്ക്കുന്നതോ പൂര്‍ണത തേടുന്നതോ ആയ സംലയത്തിന്റെ ആനന്ദം. അവയെ വിടര്‍ത്തിയും അകറ്റിയും മാറ്റിനിര്‍ത്തിയും അനുഭവിപ്പിക്കുന്ന ആഖ്യാനനടനം നാം അനുഭവിച്ചറിയുന്നു. പൂക്കളിലോ നിറങ്ങളിലോ ഒളിഞ്ഞുപാര്ക്കാന് വേണ്ട ലാവണ്യത്തികവിലേക്ക് കുന്നുയരവും കിണറാഴവും ദൂരം വെയ്ക്കണം. അര്‍ത്ഥത്തെ, സത്തയെ മാറ്റിവെയ്ക്കല്‍ എന്ന സങ്കേതം അനുഭൂതിതലത്തില്‍ പിടികൂടുന്നു. ‘അന്തരങ്ങളുടെ ആര്പ്പുവിളിക്ക്’ കവി കാതോര്‍ക്കുന്നു.
ചെങ്കുത്തായ കയറ്റത്തില്‍ കാലിടറുമ്പോള്‍ താഴെ രണ്ടു വീടുകള്‍ കാണുന്നു. ഒരു വീട് കൂര്‍ക്കം വലിക്കുന്നു. മറ്റേ വീട് തലയിണയില്‍ മുഖമമര്‍ത്തി കമിഴ്ന്നു കിടക്കുന്നു. രണ്ടു പേര് നോക്കുമ്പോള്‍ തെളിയുന്ന ഒരു വീടാവാം. ഒരാള്‍ കാണുന്ന രണ്ടു വീടാവാം. പക്ഷേ, വീട് എന്ന രൂപകം ഒരേ നിരപ്പില്‍ ആണായും പെണ്ണായും പൊറുതി മുട്ടിക്കുന്നു. പൊടുന്നനെ, ഭയത്താല്‍ അവര്‍ കൈകള്‍ കൂട്ടിപ്പിടിക്കുന്നു. നമ്മുടെ നോട്ടം അവരിലേക്ക് കേന്ദ്രീകരിക്കുന്നു. ‘പെട്ടെന്ന് നിലാവ് വെള്ളിനിലാവായി’. കാഴ്ച്ച വെള്ളിയില്‍ വാര്ത്തപോലെയാവുന്നു. ഫ്ലാഷ്ലൈറ്റ് ശക്തമാണ്. ഫോക്കസിംഗ് കൃത്യം. ചുറ്റുമുള്ള ചലനങ്ങള്‍ പൊടുന്നനെ നിലയ്ക്കുന്നു. അഥവാ മങ്ങുന്നു. പിന്‍പ്രതലം മായുന്നു. രാത്രിയുടെ ഇരുട്ടില്‍ പലതും ചെയ്യാനുറച്ചിരുന്ന ആസക്തിയുടെ ഭൂതം പിന്‍വാങ്ങുന്നു. മരങ്ങളെ ഇളക്കിമറിച്ച കാറ്റും മൂങ്ങകളും നിശ്ശബ്ദരായി. പാമ്പുകള്‍ പത്തി താഴ്ത്തി മാളങ്ങളിലേക്കു വലിഞ്ഞു. രഹസ്യം മണത്തറിഞ്ഞ ചകോരത്തിന്റെ കണ്ണുകള്‍ മാത്രം വൈഡൂര്യമായി!

അഗ്നി കുടിക്കുകയും നിലാവ് വിഴുങ്ങുകയും ചെയ്യുന്ന പക്ഷിയാണ് ചകോരം. പാമ്പിന്റെ അഥവാ രതിയുടെ കണ്ണു പറിച്ചെടുക്കുന്ന പക്ഷിയാണ്. പാപത്തിന്റെ കണ്ണു കൊത്തുന്ന കാഴ്ച്ചയുടെ ഉന്മാദം എന്നും പറയാം. രതിയെ പലമട്ട് തീവ്രമാക്കുന്നു ഈ രൂപകം.

യുഗങ്ങള്‍ക്കു മുമ്പേ ഉമി കൂട്ടിയിട്ട് കുന്ന് രൂപപ്പെട്ട ചരിത്രമുണ്ട്. അത് വിളകളുടെ നീക്കിബാക്കി. ഉത്സവഛായ സൂക്ഷിക്കുന്ന പിരമിഡ്. മുകളില്‍നിന്ന് തീക്കട്ടപോലെ എരിഞ്ഞു താഴുന്നതാണ് പ്രണയാനുഭവം. താഴേക്കു വഴുതുന്ന ഓരോ ചുവടിലും തെളിഞ്ഞുമാറുന്ന ഓരോ അരഞ്ഞാണം. പിളരുന്ന മണ്‍ഭിത്തികളുടെ കിളിവാതിലിലൂടെ ഇറക്കം.
ഉമികൂട്ടി തീകായുന്ന പെണ്ണുങ്ങളെ, പണിയായുധങ്ങള്‍ രാകുന്ന ആണുങ്ങളെ, തീപ്പുരികമുള്ള കുഞ്ഞുങ്ങളെ ആ ഇറക്കത്തില്‍ അവന് കണ്ടു. തീ ചേര്‍ത്തേ പറയുന്നുള്ളു പ്രണയവിറ. എരിച്ചിലാനന്ദം. അതു പറയാന്‍ ഉമിക്കുന്നോളം പോന്ന രൂപകം വേറെയേതുണ്ട്? ഭാവമായും അഭാവമായും സംഭോഗമായും വിപ്രലംഭമായും ഒരേ ഉള്ളുടക്കല് കാലം കടക്കുന്നു. താഴ് വരയില്‍ പ്രണയികള്‍ വീണ്ടും എത്തുന്നു. അതേ കേറ്റിറക്കങ്ങള്‍. ഭാവസഞ്ചലനങ്ങള്. ഉമിക്കുന്നു മാറി കൂറ്റന്‍ ഫ്ലാറ്റുകള്‍ വന്നു. ഉണ്ടാവും അതിനു മുകളിലും ഒരു കിണര്‍.
”’ഒരു ദിവസം
ജനാലയിലൂടെ
ദൂരെ കായല്‍ക്കരയിലെ
പതിനാറുനില
ചൂണ്ടിക്കാട്ടി അവന് പറഞ്ഞു:
‘അതൊരു കുന്നാണ്’.
അവള് പറഞ്ഞു:
‘കുന്നിന്റെ മുകളിലൊരു കിണറുണ്ട്’.
അതില്‍
പായല്‍ പിടിച്ച
നൂറരഞ്ഞാണങ്ങളുണ്ടെന്നവന്.
വഴുതുന്ന ആഴം
അറിഞ്ഞിറങ്ങണമെന്നവള്.”
ശീതനിഷ്ഠകളില് കുരുങ്ങിപ്പോകാവുന്ന പുതുനാഗരികാനുഭവങ്ങളില് ഉമിക്കുന്നെന്ന രൂപകം വാര്‍ത്ത് തീക്കട്ട കുത്തി നിര്‍ത്തുകയാണ് കലേഷ് എന്ന കവി. ഇണകള്‍ ആരൊക്കെയാവാമെന്ന സന്ദേഹത്തെ അയാള്‍ ഇവിടെ നേരിടുന്നില്ല. അവിചാരിതമായി നഗരത്തില്‍ കണ്ടു മുട്ടുന്ന ഒരേ നാട്ടില്‍ ജനിച്ചു വളര്‍ന്ന രണ്ടു ചെറുപ്പക്കാര്‍ എന്നു പറഞ്ഞു നിര്‍ത്തുകയല്ല കവി. ഒരുവളും ഒരുവനും എന്ന് ലിംഗപ്പെടുത്തി ഉറപ്പിക്കുന്നു. അവനും അവളും എന്ന ഉടല്ഭൂപടത്തിന്റെ ദൃശ്യപ്രരൂപങ്ങളായി ഭൂമിയെ ചമയ്ക്കണം കവിക്ക്. അനുഭൂതിചരിത്രത്തിലേക്ക് നമ്മെ ഇറക്കിവിടുകയും വേണം. പരേഹയിലെ ഇണകള്‍ പാട്ടും വെളിച്ചവുമേറ്റ് ആ യാത്രയിലേക്ക് ചുവടുവെക്കണം.
ഉമിക്കുന്ന് എന്ന കവിതയില്‍നിന്ന് പുറത്തു കടക്കുക പ്രയാസമാണ്. അതിന്റെ നിര്‍മ്മിതി അങ്ങനെയാണ്. ആഴത്തിലെ നീലക്കൊടുവേലിയുടെ വേരുകള്‍. അത്യുന്നതങ്ങളില്‍ അനുഭൂതിയുടെ പൂവും നനവും. കുന്നും കിണറുമായി അത് വലിഞ്ഞു മുറുകി നില്ക്കുന്നു. ഇങ്ങനെ സൈ്വരംതരാതെ നമ്മെ ചുറ്റിക്കുന്ന കവിതകളാണ് കലേഷിന്റേത്. കലേഷിന് സ്നേഹം.







No Comments yet!