Skip to main content

ആൾക്കൂട്ടം

ലിയോ ടോള്‍സ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ എന്ന നോവലിലെ നിമിഷങ്ങള്‍ ആവിഷ്‌കരിക്കുന്നു ജി. ഹരികൃഷ്ണന്‍ രചിച്ച ‘യുദ്ധവും സമാധാനവും ഒരു ചിന്താകാവ്യം’. നോവലിലെ ഏഴു കഥാപാത്രങ്ങളുടെ വീക്ഷണങ്ങളിലൂടെയുള്ള ഏഴു ഭാഗങ്ങളായി ക്രമീകരിച്ച എണ്‍പത്തൊന്ന് കവിതകള്‍ ചേര്‍ന്നതാണ് ഈ കാവ്യം. ഈ കൃതിയിലെ ‘ഭാഗം രണ്ട് : പിയര്‍’ എന്നത് പിയര്‍ എന്ന കഥാപാത്രത്തിന്റെ വീക്ഷണത്തിലാണ്. ഈ ഭാഗത്തെ ഒരു കവിതയാണിത്.

 

ആള്‍ക്കൂട്ടം

”സുഹൃത്തുക്കളേ ദേശവാസികളേ രാഷ്ട്രസേവകരേ !
അഭിവാദ്യങ്ങള്‍ !
ഇവിടെ കൂടിച്ചേര്‍ന്നതിനേറേ നന്ദി,
ശിക്ഷിക്കണം നമുക്കാദ്യം
നഗരത്തെ ഒറ്റിക്കൊടുത്തവനെ
രാഷ്ട്രവഞ്ചകനെ” –
ഗംഭീരവദനനായ് പ്രഭു
ആള്‍ക്കൂട്ടത്തിന്‍ മുന്നില്‍

”എവിടെ അവന്‍?”

രണ്ടു സൈനികര്‍ക്കിടയില്‍
പതുക്കെ കാല്‍വെച്ചു വരുന്നു പയ്യന്‍ –
നീണ്ടു മെലിഞ്ഞ കഴുത്ത്
പാതി വടിച്ച തലയില്‍ കുറ്റിരോമങ്ങള്‍,
ഒരിയ്ക്കല്‍ തിളങ്ങി,യിപ്പോള്‍ മുഷിഞ്ഞ
രോമത്തൊങ്ങല്‍വെച്ച കടുംനീലകോട്ട്
തടവുപുള്ളികള്‍ക്കുള്ളഴുക്കകാലുറ
തേഞ്ഞ ബൂട്‌സുകള്‍
മെലിഞ്ഞ കാലുകളില്‍ വലിയ ചങ്ങലകള്‍

വിരല്‍ ചൂണ്ടുന്നു പടിമേലേയ്ക്ക് പ്രഭു –
‘ഇവിടെ നിര്‍ത്തവനെ !”

ചങ്ങലക്കിലുക്കത്തോടെ
പണിപ്പെട്ടു പടിമേല്‍ കേറുന്നു പയ്യന്‍
വിരല്‍കൊണ്ടു കോട്ടിന്‍ കഴുത്തയയ്ക്കുന്നു
നീണ്ട കഴുത്തിരുപുറം തിരിക്കുന്നു
നെടുവീര്‍പ്പിട്ട്
മെലിഞ്ഞ മൃദുവായ കൈകള്‍ വയറ്റത്തു പിണച്ച്
തല കുനിച്ചു നില്‍ക്കുന്നു

ആള്‍ക്കൂട്ടമനങ്ങാതെ നില്‍ക്കുന്നു
പിന്‍നിരകളില്‍നിന്നു കേള്‍ക്കാം
മുന്നോട്ടായുന്ന തിക്കുന്ന തിരക്കുന്ന
ചുവടുകള്‍ നീക്കിവെയ്ക്കുന്ന ശബ്ദങ്ങള്‍

ഗംഭീരനാദനായ് പ്രഭു –
‘സോദരരേ !
ഇവനാണ് – ഈ നില്‍ക്കുന്നവനാണ്
ഈ നഗരത്തെ നാശത്തിലെത്തിച്ചത് !”

പതുക്കെ മുഖമുയര്‍ത്തുന്നു പ്രഭുവെ നോക്കുന്നു പയ്യന്‍,
എന്തോ പറയാനുള്ളപോലെ
കണ്ണില്‍കണ്ണു നോക്കാനുള്ളപോലെ,
നീണ്ടു മെലിഞ്ഞ കഴുത്തില്‍ ചെവിയ്ക്കു പിന്നിലായ്
പിടയ്ക്കുന്നു ഞരമ്പ് കനക്കുന്നു നീലയായ്,
ചുവക്കുന്നവന്റെ മുഖം

ആള്‍ക്കൂട്ടമവനെ നോക്കുന്നു

ആള്‍ക്കൂട്ടത്തെ നോക്കി
സങ്കടത്തില്‍ സങ്കോചത്തില്‍ ചിരിക്കുന്നു പയ്യന്‍
തല കുനിക്കുന്നു
ചുവടൊന്നു നീക്കിവെക്കുന്നു പടിമേല്‍

അവനെ നോക്കാതെ
ഗംഭീരവചസ്സായ് പ്രഭു –
‘ഇവന്‍ മാതൃരാജ്യത്തെ വഞ്ചിച്ചു
ശത്രുവോടൊപ്പം ചേര്‍ന്നു
രാഷ്ട്രനാമം കളങ്കപ്പെടുത്തി
തലസ്ഥാനനഗരി നശിപ്പിച്ചു”

ഇടയ്ക്കവനെയൊന്നു നോക്കുന്നു പ്രഭു –
മെലിഞ്ഞ കൈകള്‍ വയറ്റത്തു പിണച്ച്
തല കുനിച്ചു നില്‍ക്കുന്നവന്‍

പെട്ടെന്നു കൈയുയര്‍ത്തുന്നുറക്കെപ്പറയുന്നു പ്രഭു –
‘ഇവനെ നിങ്ങള്‍ക്കു വിടുന്നു ഞാന്‍ !
ഇവനെ കൈകാര്യം ചെയ്യുക !”

ആള്‍ക്കൂട്ടമൊച്ചയില്ലാതെ നില്‍ക്കുന്നു
പിറകില്‍ പിറകിലായ് തള്ളിത്തള്ളി വരുന്നു
അമര്‍ന്ന് ഞെരുങ്ങുന്നു
അള്ളിപ്പിടിക്കുന്നു
അനങ്ങാതെ നില്‍ക്കുന്നു
അറിയാത്തതെന്തിനോ അതിഭയാനകമെന്തിനോ
അസഹ്യം കാത്തുനില്‍ക്കുന്നു

അലറുന്നു പ്രഭു –
‘അടിക്കവനെ !
നശിക്കട്ടെ വഞ്ചകന്‍ !
അനുവദിയ്ക്കരുതീ കളങ്കം !”

ആള്‍ക്കൂട്ടമൊന്നു മുരളുന്നു
അടുത്തേയ്ക്കു വരുന്നു
അനങ്ങാതെ നില്‍ക്കുന്നു

മുഖമുയര്‍ത്തുന്നു പറഞ്ഞു തുടങ്ങുന്നവന്‍ –
‘പ്രഭോ ! ഒരേ ദൈവമാണ് നമുക്കു മേലേ -‘
മെലിഞ്ഞ കഴുത്തില്‍ കനക്കുന്നതേ ഞരമ്പ്
ചുവക്കുന്നു വിളര്‍ക്കുന്നു മുഖം,
പറഞ്ഞു തീരും മുമ്പേ – ‘അടിച്ചു വീഴ്ത്തവനെ !
അജ്ഞാപിക്കുന്നു ഞാന്‍ !” – അലറുന്നു പ്രഭു
വിളറുന്നു പ്രഭു

”അടിച്ചു വീഴ്ത്ത് !” – ഉത്തരവിടുന്നോഫീസര്‍,
അവന്റെ തലയ്ക്കടിക്കുന്നൊരു പട്ടാളക്കാരന്‍ –
‘ആ !”
അവനമ്പരന്ന് ഭയന്ന് നൊന്ത് നോക്കുന്നു ചുറ്റും
”ആ !”
ആള്‍ക്കൂട്ടമമ്പരന്ന് ഭയന്ന് നോക്കുന്നു
അനങ്ങാതെ നില്‍ക്കുന്നു

കരയുന്നവനതിദയനീയം –
പെട്ടെന്നിടിയുന്നനുകമ്പതന്നണ – അലറുന്നാള്‍ക്കൂട്ടം –
ആരംഭിച്ചു കഴിഞ്ഞു കുറ്റം – അതു പൂര്‍ത്തിയാക്കിയേതീരൂ –
വലിയ കപ്പലുടയ്ക്കുമേഴാംതിരപോല്‍
പായുന്നു പിന്‍നിരയില്‍നിന്നവസാന തള്ളല്‍
തട്ടിത്തകര്‍ക്കുന്നു വിഴുങ്ങുന്നു സര്‍വം –
വീണ്ടുമടിയ്ക്കാനോങ്ങുന്നു പട്ടാളക്കാരന്‍,
കരഞ്ഞു കൈകൊണ്ടുമറച്ചോടുന്നാള്‍ക്കൂട്ടത്തിന്‍നേര്‍ക്കവന്‍,
കുത്തിപ്പിടിക്കുന്നൊരുകൈയവന്റെ കഴുത്തില്‍
അലറുന്നാരോ വന്യമായ്
വീഴുന്നവനുമയാളുമാള്‍ക്കൂട്ടത്തിന്നടിയില്‍ –
അലറുന്നാള്‍ക്കൂട്ടം –
അടിക്കുന്നു വലിക്കുന്നു
ചവിട്ടുന്നു
അലറുന്നു വിളികൂട്ടുന്നു
ഇരുപുറമോളംവെട്ടുന്നു –
‘അവനെ കോടാലിയ്ക്കടിക്ക് -‘
‘അരച്ചേയ്ക്ക് -‘
‘വഞ്ചകന്‍ – യേശുവെ ഒറ്റിക്കൊടുത്തവന്‍ -‘
‘കൊല്ല് ജീവനോടെ കള്ളനെ -‘
‘വടിയെടുക്ക് -‘
‘ചത്തില്ലേ ?”

ഒടുങ്ങുന്നവന്റെ പിടിച്ചലുകള്‍
ഒടുങ്ങുന്നു കരച്ചില്‍
ഏങ്ങിവലിക്കുന്നു ശ്വാസം

ആള്‍ക്കൂട്ടമകലുന്നു ചുറ്റിക്കൂടുന്നു

അവന്‍ കിടക്കുന്നു ചോരയില്‍
അനക്കമറ്റ്
നീലിച്ച മുഖത്ത് ചോരയും പൊടിയുമായ്
നീണ്ടു മെലിഞ്ഞ കഴുത്തില്‍ വെട്ടുമായ്

ആള്‍ക്കൂട്ടം പിറുപിറുക്കുന്നു –
‘ദൈവമേ !”
”മൃഗങ്ങളാണെല്ലാം -‘
‘എങ്ങനെ ജീവനുണ്ടാകുമവന് !”
”ചെറിയ പയ്യന്‍ !”
”കച്ചോടക്കാരനാവണം -‘
‘അവനല്ലെന്നും കേള്‍ക്കുന്നു -‘
‘അല്ലേ ? പിന്നെ ?”
”ദൈവമേ !”
”മറ്റെയാളും ചാവാറായി -‘
‘ഇതാണാള്‍ക്കാര്‍ -‘
‘പേടിയേയില്ല പാപത്തില്‍ -‘
‘ദൈവമേ !”

ഒടിഞ്ഞ കാലുകള്‍ കൂട്ടിപ്പിടിക്കുന്നു പട്ടാളക്കാര്‍
വലിച്ചുകൊണ്ടു പോകുന്നവനെ –
നീണ്ട കഴുത്തിനറ്റത്ത് ചോരയും പൊടിയും മൂടി
പാതി വടിച്ച ജീവനറ്റ തല
നിലത്ത് തട്ടിത്തടഞ്ഞ് വിറയ്ക്കുന്നിപ്പൊഴും

ആള്‍ക്കൂട്ടം മുഖംതിരിക്കുന്നു

* * *

അവന്‍ വീണപ്പോ,ളാള്‍ക്കൂട്ടമവനെ പൊതിഞ്ഞപ്പോള്‍
പിന്‍തിരിഞ്ഞു നടക്കുന്നു പ്രഭു
മുഖം വിളറി കീഴ്ത്താടി വിറച്ച് –
പരിചാരക,രിടനാഴികള്‍
പിന്‍വാതില്‍ക്കല്‍ കുതിരവണ്ടി –
ഇവിടെയും കേള്‍ക്കാമാള്‍ക്കൂട്ടത്തിന്നലര്‍ച്ച –
തിരക്കിട്ട് വണ്ടിയേറുന്നു പുറപ്പെടാനുത്തരവിടുന്നു പ്രഭു
കത്തും നഗരത്തില്‍നിന്നുമകലേയ്ക്കകലേയ്ക്ക്

ഇപ്പോള്‍ കേള്‍ക്കുന്നില്ലാരവം,
ഇപ്പോളാകുലപ്പെടുന്നു പ്രഭു –
‘ചെന്നായ്ക്കൂട്ടം ! ഇറച്ചി കിട്ടാതടങ്ങില്ലക്കൂട്ടര്‍ !”
ഇപ്പോളുയരുന്നുള്ളിലാ മൊഴി –
‘ഒരേ ദൈവമാണ് നമുക്കു മേലേ !”
ഉടലിലൊരു വിറ പായു,ന്നുടനുയിര്‍ക്കുന്നു യുക്തികള്‍ –
‘എനിയ്ക്കുണ്ടേറെ കടമകള്‍ –
അവര്‍ക്കുവേണമായിരുന്നൊരിര –
ബലിയായിട്ടുണ്ടൊരുപാടുപേരെപ്പൊഴും
പൊതുനന്മയ്ക്കായ് -‘
നിരക്കുന്നു മുന്നില്‍ കടമകള്‍ കുടുംബം രാഷ്ട്രം –
‘വെറും വ്യക്തിയെങ്കില്‍ മറ്റൊരുവിധമായിരുന്നേനെ ഞാന്‍,
ഇന്നു ബലികഴിച്ചെന്നെ ഞാന്‍ രാഷ്ട്രസേവനത്തിനായ്”

ഉരുണ്ടു നീങ്ങും വണ്ടിയൂഞ്ഞാലാട്ടുന്നു പ്രഭുവിനെ,
ഇവിടെ കേള്‍ക്കുന്നില്ലാള്‍ക്കൂട്ടത്തിന്നപശബ്ദങ്ങള്‍,
ശാന്തമായ് പ്രഭുവുടല്‍ ശാന്തമായ് പ്രഭുമനം –
‘കൊള്ളാമെന്‍ രാഷ്ട്രതന്ത്രജ്ഞത,
കള്ളനു ശിക്ഷയും
കലിതുള്ളും ജനത്തിനൊരിരയും –
കല്ലൊന്നില്‍ തീര്‍ന്നു രണ്ടെണ്ണം”
പാതയ്ക്കിരുപുറം പരക്കുന്നു മൈതാനം

അകലെ കാണാം ഭ്രാന്താലയവുമാസ്പത്രിയും,
വിട്ടൊഴിഞ്ഞുപോകുമാസ്പത്രിക്കാര്‍
തുറന്നുവിട്ടിരിക്കുന്നു ഭ്രാന്തുരോഗക്കാരെ,
ചിതറിനടക്കുന്നവരൊരേ വെള്ളവേഷങ്ങളില്‍
തല കുനിഞ്ഞു ചിലര്‍, കൈകളുയര്‍ത്തി വീശി ചിലര്‍

കുതിച്ചുവരുന്നൊരാള്‍ കുതിരവണ്ടിയ്ക്കു നേരേ –
വലിച്ചുവെയ്ക്കുന്നു നീണ്ടു മെലിഞ്ഞ കാലുകള്‍
തെറിച്ചു പാറുന്നാസ്പത്രിയുടുപ്പ്
വിളിച്ചുപറയുന്നുറക്കെയെന്തോ
കുതിച്ചെത്തുന്നടുത്ത് –
‘നിര്‍ത്ത് ! നിര്‍ത്താനാ പറഞ്ഞത് !” – തുളച്ചു കേറും സ്വരം
മെലിഞ്ഞു മഞ്ഞച്ച മുഖത്തങ്ങിങ്ങു വളര്‍ന്ന രോമങ്ങള്‍
ചുകപ്പും മഞ്ഞയും കലങ്ങും കണ്ണുകള്‍, പകച്ച നോട്ടം –
കുതിച്ചു പായുന്നു കുതിരവണ്ടിയ്‌ക്കൊപ്പം
വിളിച്ചു പറയുന്നയാള്‍ –
‘മൂന്നുവട്ടം കൊന്നവരെന്നെ !
മൂന്നുവട്ടമുയിര്‍ത്തെഴുന്നേറ്റു ഞാന്‍ !
കല്ലെറിഞ്ഞവരെന്നെ കുരിശേറ്റിയവരെന്നെ !
ഉയിര്‍ക്കുമുയിര്‍ക്കും ഞാന്‍ !
പറിച്ചു കീറിയവരെന്നെ !
നശിച്ചുപോകുമേ ദൈവരാജ്യം !
മൂന്നുവട്ടമതു നശിപ്പിക്കും ഞാന്‍ !
മൂന്നുവട്ടമതുയിര്‍പ്പിക്കും ഞാന്‍ !”

വിളറുന്നു പ്രഭു
തലതിരിച്ചു വിറച്ചു പറയുന്നു –
‘വേഗം – വേഗമോടിക്ക് !”

ഓടുന്നു കുതിരകള്‍ –
കുത്തിത്തുളയ്ക്കുന്നു ചെവിയില്‍
ഭ്രാന്തന്റെ വാക്കുകള്‍
കുത്തിത്തുളയ്ക്കുന്നു കണ്ണില്‍
പകച്ച പേടിച്ച ചോരപുരണ്ട മുഖം
സങ്കടം നിറഞ്ഞ നോട്ടം

ഉറവപൊട്ടുന്നു ചോര
പരക്കുന്നു ചോര
കറുക്കുന്നു ചോര
കറപിടിക്കുന്നു ചോര.

***


കവിപരിചയം :

ജി. ഹരികൃഷ്ണന്‍

കവി. കോഴിക്കോട് മടപ്പള്ളി ഗവ. കോളേജില്‍ ഫിസിക്‌സ് അധ്യാപകന്‍. നിമിഷങ്ങളുടെ പുസ്തകം, മരാകാശം, സമയസഞ്ചാരികള്‍ എന്നീ കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

The opinions and positions expressed in articles published and comments posted here are those of its authors and not of Chenda.co.    The author has full responsibility for the views.   Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act.   Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.