ഒരു പിടി മണ്ണ് തരാം,
ഏത് രാജ്യത്തിന്റേതെന്ന്
പറയാനാകുമോ?
ഒരു പുഞ്ചിരിയുടെ കഷണം
നിന്റെ പരീക്ഷണശാലയിലെ
രാസക്കുഴലുകളിൽ തിളപ്പിച്ച്
അതിനെ ഒരു കണ്ണുനീർത്തുള്ളിയാക്കി
മാറ്റാനാകുമോ?
നുണകളുടെ വൃത്തവരകൾക്കുള്ളിൽ
ബന്ധിതനായി,
ഏകനായി നിൽക്കുന്ന ഒരു വൃക്ഷമായി
മാറിക്കഴിഞ്ഞിടത്തോളം
മണ്ണിൽ ഹരിതസ്വപ്നം
സാക്ഷാത്കരിക്കപ്പെട്ടില്ല.
കൈകളോട് കൈകൾ ചേർത്തു
കൃത്രിമ സൗഹൃദങ്ങൾ
തളിച്ചുതളിച്ചു കടന്നുപോയ
എത്രയോ തലമുറകൾ.
മനുഷ്യനും മനുഷ്യനും ഇടയിൽ
പരന്നുകിടക്കുന്ന
സമുദ്രങ്ങൾ വറ്റുകയില്ല.
നിറങ്ങളുടെ തിരശ്ശീലയിലെ
സ്വാർത്ഥസ്വപ്നങ്ങളുടെ നാടകത്തിനായി
എത്ര മുഖങ്ങൾ മാറ്റിയാലും,
എത്ര വേഷങ്ങൾ അണിഞ്ഞാലും,
മണ്ണിൽ പതിയുന്ന
നിന്റെ കാലടികളാണ്
നിന്റെ ചരിത്രം.
മണ്ണിനായി, ആകാശത്തിനായി,
നിന്റെ ജാതിക്കായി,
നിന്റെ രക്തത്തിന്റെ മാധുര്യത്തിനായി
നിനക്കു ചുറ്റും
നീ പണിതുയർത്തിയ
അതിർത്തിമതിലുകൾക്കപ്പുറം
ഒരു മഹാപ്രപഞ്ചത്തിന്റെ
വിശാലഹൃദയം,
വിശ്വതീരങ്ങളുടെ വാതിലുകൾ തുറന്ന്,
നിനക്കായി കാത്തിരിക്കുന്നു.
വിദ്വേഷത്തിന്റെ ലാവയായി
ഒഴുകുന്നത് നിർത്തി,
മരീചികയിൽ പെയ്ത
മഞ്ഞുതുള്ളിപോലെ,
മരുഭൂമിയുടെ ഹൃദയത്തിലെ
ഈർപ്പമുള്ള ഗാനമായി,
ഭൂമിയുടെയും ആകാശത്തിന്റെയും
ചക്രവാളത്തെ പുണർന്ന്,
ലോകത്തിന്റെ മുഖചിത്രത്തിൽ
ഒരു പുതിയ മനുഷ്യന്റെ
രൂപരേഖകൾ വരച്ചെടുക്കുക.
മനുഷ്യനെ കീഴടക്കാൻ
മരണമഴ പെയ്യിക്കുന്ന
മൈനുകളും തോക്കിൻകുഴലുകളും വേണ്ട—
ഒരു പിടി സ്നേഹം
ഹൃദയത്തിലേക്ക് പകർന്നെടുക്കൂ;
വിശ്വമാനവ സൗഭ്രാതൃത്വം
അവിടെ പൂത്തുലയും.
***
കവിപരിചയം

ഡോ. പെരുഗു രാമകൃഷ്ണ
കവി, വിവർത്തകൻ, പത്രാധിപർ, മാനവികതാവാദി എന്നീ നിലകളിൽ അന്താരാഷ്ട്ര പ്രശസ്തനായ ഡോ. പെരുഗു രാമകൃഷ്ണ സമാധാനം, സാഹോദര്യം, ധാർമിക മൂല്യങ്ങൾ എന്നിവ സാഹിത്യത്തിലൂടെ പ്രചരിപ്പിക്കുന്നു. 15 രാജ്യങ്ങളിലെ സമാധാന സമ്മേളനങ്ങളിൽ പങ്കെടുത്ത അദ്ദേഹത്തിന്റെ കവിതകൾ 30 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും 50-ലധികം രാജ്യങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തു. നാജി നാമൻ, ഫ്രാൻസ് കാഫ്ക, മാക്സിം ഗോർക്കി, ഷേക്സ്പിയർ, 2025 SAARC സാഹിത്യ പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര ബഹുമതികൾ ലഭിച്ചിട്ടുണ്ട്. നാല് ഓണററി ഡോക്ടറേറ്റുകൾ നേടിയ അദ്ദേഹം 12 കവിതാസമാഹാരങ്ങളുടെ രചയിതാവാണ്.
തെലുഗില്‍നിന്ന് മലയാളത്തിലേക്ക് വിവര്‍ത്തനം :
ഇമ്മാനുവല്‍ മെറ്റ്ല്‍സ്
Poet, Artist, Post Graduate in English Sanskrit and Psychology (Social and Health) by profession clinical psychologist.
Write in Telugu English and Malayalam.







No Comments yet!