Skip to main content

ഇടതുപക്ഷ ഫാസിസവും ഹേബർമാസ്‌ ചിന്തയും

ഗൈഡ്‌ പുസ്‌തകങ്ങളിലെ ചതുരവടിവുകളെയും സാമ്പത്തിക നിർണയനത്തിലെ വരണ്ട മുൻവിധികളെയും അമിത വർഗന്യൂനീകരണ ശാഠ്യങ്ങളെയും ധൈഷണികമായി നിരാകരിച്ച്‌ കാൾ മാർക്‌സിനെ പുനർവായിക്കാനും മാർക്‌സിസത്തെ വികസിപ്പിക്കാനും പുതിയ സമസ്യകൾ നിർധാരണം ചെയ്യാനും അതിസാഹസികവും സൂക്ഷ്‌മവുമായി പരിശ്രമിച്ച ജർഗൻ ഹേബർമാസിന്റെ ചിന്തകൾ മുൻനിർത്തി ഒരന്വേഷണം.

ജുർഗെൻ ഹേബർമാസ്

ബഹുജന സംസ്കാരം, മുതലാളിത്തം, ഫാസിസം എന്നിവ സംബന്ധിച്ച പഠനത്തിന്‌ നിയോ-മാർക്സിസ്റ്റ് വീക്ഷണങ്ങൾ പ്രയോഗിച്ച, സാംസ്കാരിക വ്യവസായ (കൾച്ചറൽ ഇൻഡസ്‌ട്രി)ത്തെയും ആധുനിക സാങ്കേതിക സമൂഹത്തിലെ വ്യക്തിഗത സ്വയംഭരണത്തിന്റെ തകർച്ചയെയും കുറിച്ച് ആഴത്തിലുള്ള വിചിന്തനങ്ങൾ അവതരിപ്പിച്ച ബൗദ്ധിക ശാഖയാണ്‌ കാൾ ഗ്രൂൺബെർഗ് ആദ്യ ഡയരക്ടറായി 1923 ഫെബ്രുവരി മൂന്നിന്‌ സ്ഥാപിതമായ ഫ്രാങ്ക്ഫർട്ട് സ്‌കൂൾ. പ്രത്യയശാസ്ത്ര വിമർശനത്തിൽനിന്നും സാമൂഹിക മാറ്റത്തിൽനിന്നും അറിവ് വേർതിരിക്കാനാവാത്തതാണെന്ന് വാദിച്ച അത്‌ പരമ്പരാഗത സിദ്ധാന്തങ്ങളെ നിരാകരിച്ചു. മാക്സ് ഹോർക്ക്ഹൈമറും തിയോഡോർ ഡബ്ല്യു അഡോർണോയും സംയുക്തമായി രചിച്ച ‘ഡയലക്റ്റിക് ഓഫ് എൻലൈറ്റൻമെന്റ്‌’ 1947 (ജ്ഞാനോദയത്തിന്റെ വൈരുധ്യാത്മകത) ബദൽ കാഴ്‌ചപ്പാടിന്‌ അടിത്തറയായി. ഹിറ്റ്‌ലറുടെ ഭരണത്തിൽ നിന്ന് രക്ഷപ്പെടാൻ 1933-ൽ സ്‌കൂൾ അമേരിക്കയിലെ കൊളംബിയ സർവകലാശാലയിലേക്ക്‌ മാറ്റി. മാക്സ് ഹോർഖൈമർ, തിയോഡോർ അഡോർണോ, ഹെർബർട്ട് മാർക്കസ്, വാൾട്ടർ ബെഞ്ചമിൻ, എറിക് ഫ്രോം തുടങ്ങി ഒന്നാം തലമുറ സ്ഥാപക പ്രതിഭകളെ പിന്തുടർന്ന് ഫ്രാങ്ക്ഫർട്ട് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പാരമ്പര്യം മുന്നോട്ടുകൊണ്ടുപോയ 20‐ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലെ ഏറ്റവും പ്രധാന ജർമൻ തത്ത്വചിന്തകനാണ് 2026 മാർച്ച്‌ 14ന്‌ 97‐ാം വയസിൽ 1971 മുതൽ താമസിച്ചുവന്ന ജർമനിയിലെ സ്റ്റാർൺബെർഗിൽ ലോകത്തോട്‌ വിടപറഞ്ഞ ജുർഗെൻ ഹേബർമാസ്. സാമൂഹിക വിമർശനത്തിലെയും പൊതുസംവാദത്തിലെയും സ്വാധീനത്താലും ആധുനിക സമൂഹത്തെയും സ്വാതന്ത്ര്യത്തിന്റെ സാധ്യതയും സംബന്ധിച്ച്‌ സമഗ്ര ദർശനം രൂപപ്പെടുത്തിയ ബൃഹത്തായ ഗ്രന്ഥങ്ങളാലും ഉപന്യാസങ്ങളാലും അക്കാദമിക് മേഖലകൾക്ക് വെളിയിലും പ്രമുഖനായിരുന്നു. സാംസ്കാരിക പഠനങ്ങൾ, ധാർമിക വിചാരം, ഭാഷാശാസ്ത്രം, സാഹിത്യ സിദ്ധാന്തം, തത്ത്വചിന്ത, മതവിശകലനങ്ങൾ, ദൈവശാസ്ത്രം, ജനാധിപത്യ ആഖ്യാനം തുടങ്ങിയ വിഷയങ്ങളെ ഹേബർമാസിന്റെ കൃതികൾ ആഴത്തിൽ അഭിമുഖീകരിക്കുകയുമുണ്ടായി. 1929 ജൂൺ 18 ന് ജർമനിയിലെ റൈൻ പ്രവിശ്യയിലെ ഡസൽഡോർഫിലാണ് ജനനം. സംസാര തടസം നേരിട്ടതിനാൽ ബാല്യത്തിൽ രണ്ടു പ്രാവശ്യം ശസ്ത്രക്രിയ നടത്തി. ആ വൈകല്യം ആഴത്തിലുള്ള ആശ്രയത്വത്തിന്റെയും ആശയവിനിമയത്തിന്റെയും പ്രാധാന്യത്തെക്കുറിച്ച് വ്യത്യസ്തമായി ചിന്തിക്കാൻ പ്രേരിപ്പിച്ചുവെന്ന് പിന്നീട് പറയുകയുണ്ടായി. 1945 മെയ് മാസത്തിൽ നാസികളുടെ പതനശേഷം സെക്കൻഡറി വിദ്യാഭ്യാസം പൂർത്തിയാക്കി. ഗ്രാമർ സ്കൂളിൽനിന്ന് ബിരുദം നേടുംവരെ കൊളോണിന്‌ സമീപത്തെ ഗുമ്മേഴ്‌സ്ബാക്കിലെ പ്രൊട്ടസ്റ്റന്റ് അന്തരീക്ഷത്തിലാണ് വളർന്നത്. മുത്തച്ഛൻ ഫ്രീഡ്രിക്ക് ഹേബർമാസ് പ്രാദേശിക സെമിനാരി ഡയരക്ടർ. കൊളോൺ ചേംബർ ഓഫ് ഇൻഡസ്ട്രി ആൻഡ് കൊമേഴ്‌സ്‌ എക്സിക്യൂട്ടീവ് ഡയരക്ടറായിരുന്ന അച്ഛൻ ഏണസ്റ്റ് ഹേബർമാസ് 1933 ൽ നാസി പാർടിയിൽ ചേരുകയും 1939 മുതൽ ഉപദേഷ്ടാവായിരിക്കുകയും ചെയ്തു. രണ്ടാം ലോക യുദ്ധ വേളയിൽ കൗമാരക്കാരനായ ഹേബർമാസ് അദ്ദേഹത്തിന്റെ പ്രേരണയിൽ ഹിറ്റ്‌ലർ യൂത്തിന്റെ ഭാഗമായ ഡച്ച്സ് ജങ്‌വോക്കിലെത്തി. യുദ്ധം അവസാനിക്കാൻ തുടങ്ങിയപ്പോൾ സൈനിക‐ പൊലീസിൽ നിന്ന് ഒളിച്ചോടിയതിനാൽ വെർമാച്ചിലേക്ക് ഡ്രാഫ്റ്റ് ചെയ്യപ്പെടുന്നത് ഒഴിവാക്കാൻ കഴിഞ്ഞു.

ഗോട്ടിങ്ങൻ, സൂറിച്ച്, ബോൺ സർവകലാശാലകളിലായിരുന്നു ഹേബർമാസിന്റെ ഉപരിപഠനം. 1954 ഫെബ്രുവരിയിൽ ബോണിൽ നിന്ന് തത്ത്വചിന്തയിൽ ഡോക്ടറേറ്റ് നേടി, കാന്റിനെയും ഹെഗലിനെയും ബന്ധിപ്പിച്ച്‌ അന്വേഷണങ്ങൾ നടത്തിയ ജർമൻ ആദർശവാദ തത്ത്വചിന്തകൻ ഫ്രെഡറിക് വിൽഹെം ജോസഫ് വോൺ ഷെല്ലിങ്ങിന്റെ ചിന്തയിലെ കേവലതയും ചരിത്രവും തമ്മിലെ പിരിമുറുക്കത്തെക്കുറിച്ചായിരുന്നു പ്രബന്ധം. 1962-ൽ കൂട്ടിച്ചേർക്കലുകളോടെ അത് സ്ട്രക്റ്റർവാണ്ടൽ ഡെർ ഒഫെന്റ്ലിച്ച്കീറ്റ് (പൊതുമണ്ഡലത്തിന്റെ ഘടനാപരമായ പരിവർത്തനം ) എന്ന ശീർഷകത്തിൽ പുസ്‌തകമാക്കി. ബോൺ സർവകലാശാലയിൽ പഠിക്കുമ്പോൾ ഹേബർമാസ്‌ വെസ്സൽഹോഫ്റ്റ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ട സഹപാഠി ഉട്ടെ വെസ്സൽ ഹോഫ്റ്റിലേക്ക്‌ ആകൃഷ്ടനായി. ആധുനിക കല, സിനിമ, സാഹിത്യം എന്നിവയിൽ അവർ സ്വാധീനമാവുകയായിരുന്നു. ആ ധൈഷണിക സഹവാസം 1955 ൽ വിവാഹത്തിലെത്തി. പിന്നീട്‌ ഗോട്ടിംഗൻ സർവകലാശാലയിൽ ആധുനിക ചരിത്ര പ്രൊഫസറായ വെസ്സൽഹോഫ്റ്റ് കഴിഞ്ഞ വർഷം നിര്യാതയായി. ടിൽമാൻ, റെബേക്ക, ജൂഡിത്ത് എന്നിവർ മക്കൾ.

Jürgen Habermas obituary | Philosophy | The Guardian

പത്രപ്രവർത്തനത്തിലും മാധ്യമ വിമർശനങ്ങളിലും

1950 കളുടെ മധ്യത്തിൽ ഹേബർമാസ് ഫ്രീലാൻസ്‌ പത്രപ്രവർത്തകനായി കുറച്ചുകാലം പ്രവർത്തിച്ച്‌ ജർമൻ സ്വത്വം, യൂറോപ്യൻ സംയോജനം, മാധ്യമ ധാർമികത എന്നിവ മുൻനിർത്തിയുള്ള സംവാദങ്ങളിൽ ഇടപെട്ടു. യാഥാസ്ഥിതിക വീക്ഷണങ്ങൾ മുറുകെപിടിച്ച്‌ 1949 ൽ സ്ഥാപിതമായ ജർമനിയിലെ പ്രമുഖ ദിനപത്രങ്ങളിൽ ഒന്നായ വലതുപക്ഷ പത്രം ഫ്രാങ്ക്ഫർട്ടർ ആൾജെമൈൻ സെയ്തുങ്ങിനായി 1953- മുതൽ കുറേ മാസങ്ങൾ എഴുതിവന്നു. നാസിസത്തിന്റെ ആന്തരിക സത്യത്തെ മഹത്വവൽക്കരിച്ച, ദൈവശാസ്ത്രം മുതൽ സാഹിത്യ സിദ്ധാന്തം, രാഷ്ട്രീയ തത്ത്വചിന്ത വരെയുള്ള മേഖലകളിൽ ഗണ്യമായ സ്വാധീനം ചെലുത്തിയ മാർട്ടിൻ ഹൈഡെഗറുടെ 1935- ലെ ഫ്രീബർഗ് സർവകലാശാലാ പ്രഭാഷണങ്ങളുടെ പ്രസിദ്ധീകരണത്തിനെതിരെ രോഷം പ്രകടിപ്പിച്ചു. അതിലെ നാസി സഹതാപങ്ങളെ കടന്നാക്രിക്കുകയും ചെയ്‌തു. യുദ്ധാനന്തരം നാസിസവുമായുള്ള ധാർമിക വിട്ടുവീഴ്ചകളെക്കുറിച്ച് ചെറിയ പശ്ചാത്താപം പോലും പ്രകടിപ്പിക്കാൻ കഴിയാത്ത തലമുറയുടെ മുഴുവൻ ധാർമിക പാപ്പരത്തത്തെ അപലപിച്ചതിലൂടെ ഹേബർമാസ് പ്രശസ്തി നേടി.

2006-ൽ ആദ്യമായി ഇന്റർനെറ്റിനെക്കുറിച്ച് ഹേബർമാസ്‌ സംസാരിച്ചത്‌ അത്ര പ്രതീക്ഷാനിർഭരമായിട്ടായിരുന്നില്ല. നെറ്റിനെ ദശലക്ഷക്കണക്കിന് വിഘടിച്ച ചാറ്റ് റൂമുകളെന്ന് തള്ളിക്കളഞ്ഞു. അവസാന കാലത്ത്‌ പ്രസിദ്ധീകരിച്ച പ്രബന്ധം ഇന്റർനെറ്റിനെയും പൊതു വ്യവഹാരത്തിൽ അതിന്റെ സ്വാധീനത്തെയും പ്രതിഫലിപ്പിച്ചു. മനുഷ്യചരിത്രത്തിലെ മാധ്യമ വികസനത്തിലെ അച്ചടിയുടെ ആമുഖവുമായി താരതമ്യപ്പെടുത്താവുന്ന സുപ്രധാന നീക്കം, ചലിക്കുന്നതരം കണ്ടുപിടുത്തത്തിന് തുല്യമായ നവീകരണം, ആശയവിനിമയ സാങ്കേതികവിദ്യകളിലെ മൂന്നാം വിപ്ലവം എന്നിങ്ങനെയായിരുന്നു വിശേഷണങ്ങൾ. നമ്മുടെ വൃത്തികെട്ട ജീവിവർഗങ്ങളുടെ ആശയവിനിമയ പ്രവാഹങ്ങൾ ലോകമെമ്പാടും ലോകചരിത്രത്തിന്റെ എല്ലാ യുഗങ്ങളിലും അഭൂതപൂർവമായ വേഗതയിൽ വ്യാപിക്കുകയും ത്വരിതപ്പെടുത്തുകയും നെറ്റ്‌വർക്ക് ചെയ്യപ്പെടുകയും സംഭവിച്ചതിനാൽ അതിർത്തികളുടെ ആഗോള വിഘടനം ഉണ്ടായെന്നും കൂട്ടിച്ചേർത്തു. പൊതുമണ്ഡലത്തിന്റെ സാധൂകരണം ഹേബർമാസ് വളരെക്കാലം അന്വേഷിച്ചുവന്നു. ഇംഗ്ലണ്ടിലെയും യൂറോപ്പിലെയും കോഫിഹൗസുകളിലും സലൂണുകളിലും വിമർശനാത്മകവും യുക്തിസഹവും ഉൾക്കൊള്ളുന്നതുമായ വ്യവഹാരത്തിലൂടെ ജനങ്ങൾക്കും ഭരണകൂടത്തിനും ഇടയിൽ മധ്യസ്ഥത വഹിക്കുന്ന ബൂർഷ്വാ പൊതുമണ്ഡലം (പബ്ലിക്‌ സ്‌പിയർ)ഉയർന്നുവന്നുവെന്ന് നിരീക്ഷിക്കുകയും ചെയ്‌തു. സ്വകാര്യ സമൂഹത്തിനും ഭരണകൂടത്തിനും ഇടയിലെ തുറന്നതും സംവാദാത്മകവുമായ അവിടെ വ്യക്തികൾ പൊതുതാൽപ്പര്യമുള്ള വിഷയങ്ങൾ ചർച്ച ചെയ്യാനും പൊതുജനാഭിപ്രായം രൂപപ്പെടുത്താനും ഒത്തുകൂടുന്നു. രാഷ്ട്രീയ തീരുമാനങ്ങളെ സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെ, ഭരണകൂടത്തിന്റെയോ വാണിജ്യപരമോ ആയ നിർബന്ധങ്ങളിൽനിന്ന് മുക്തമായി യുക്തിസഹ ചർച്ചകൾക്ക് തുല്യ പ്രവേശനം ഉറപ്പാക്കുന്നതാണ് ആ മേഖലയുടെ ആദർശം. 18-‐19 നൂറ്റാണ്ടുകളിലെ യൂറോപ്പിലെ ബൂർഷ്വാ പൊതുമണ്ഡലത്തിന്റെ (ആധുനിക യൂറോപ്യൻ സലൂണുകൾ, കഫേകൾ, സാഹിത്യ ഗ്രൂപ്പുകൾ,കോഫി ഹൗസുകൾ, പത്രങ്ങൾ) ഉയർച്ചയും തകർച്ചയും കണ്ടെത്തുന്ന 1962-ലെ ‘പൊതുമണ്ഡലത്തിന്റെ ഘടനാപരമായ പരിവർത്തനം’ എന്ന പുസ്തകത്തിൽ ആ പരികൽപ്പന പരിചയപ്പെടുത്തി. എല്ലാ പൗരന്മാർക്കും തുറന്ന സമീപനം, തുല്യ പ്രവേശനം, ഒത്തുചേരാനുള്ള സ്വാതന്ത്ര്യം, സ്വകാര്യ താൽപ്പര്യങ്ങൾക്കോ പ്രൊഫഷണൽ അജണ്ടകൾക്കോ പകരം വിമർശനാത്മക സംവാദങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കലാണ്‌ മുഖമുദ്ര. മാധ്യമങ്ങളുടെയും ഉപഭോക്തൃ സംസ്കാരത്തിന്റെയും ഉയർച്ച പൊതുമണ്ഡലത്തിന്റെ റഫ്യൂഡലൈസേഷനിലേക്ക് നയിച്ചിട്ടുണ്ടെന്ന് ഹേബർമാസ് വാദിച്ചു. യുക്തിസഹമായ സംവാദം വാണിജ്യവൽക്കരിക്കപ്പെട്ട പബ്ലിക് റിലേഷൻസിലൂടെ മാറ്റിസ്ഥാപിക്കപ്പെടുകയും പൊതുജനാഭിപ്രായം രൂപപ്പെടുന്നതിനുപകരം കൃത്രിമമായി രൂപപ്പെടുത്തപ്പെടുകയും ചെയ്യും. മാധ്യമ‐ ജനാധിപത്യ പഠനങ്ങളിൽ ആ ആശയം കേന്ദ്രബിന്ദുവായി തുടരുന്നു; പൊതു വ്യവഹാരങ്ങളിൽ ഇന്റർനെറ്റിന്റെയും സമൂഹ മാധ്യമങ്ങളുടെയും സ്വാധീനം വിശകലനം ചെയ്യുന്നതിനുപോലും.

Habermas's theory of truth meant he changed his mind | Aeon Essays

വിമർശനാത്മക സാമൂഹിക സിദ്ധാന്തത്തിന്റെ അടിത്തറ

‘പൊതുമണ്ഡലത്തിന്റെ ഘടനാപരമായ പരിവർത്തനം’ പൊതുമണ്ഡലത്തെ ജനാധിപത്യവൽക്കരിക്കുന്നതിനുള്ള വിഭവങ്ങൾ എങ്ങനെ ഉൾക്കൊള്ളുന്നുവെന്ന് വിരൽചൂണ്ടി. 1965-ൽ ഫ്രാങ്ക്ഫർട്ട് സർവകലാശാലയിൽ നടന്ന ഉദ്ഘാടന പ്രഭാഷണമായ ‘എർക്കെന്റ്നിസ് അൻഡ് ഇന്ററസ്’ (വിജ്ഞാനവും മനുഷ്യ താൽപ്പര്യങ്ങളും) മൂന്ന് വർഷത്തിന് ശേഷം അതേ തലക്കെട്ടിൽ പുസ്തകമായി. ആദ്യകാല വിമർശനാത്മക സാമൂഹിക സിദ്ധാന്തത്തിന്റെ അടിത്തറ സംബന്ധിച്ച പുനർവിചിന്തനത്തിൽ കാൾ മാർക്സിന്റെ ദാർശനിക പാരമ്പര്യങ്ങളെയും ജർമൻ ആദർശവാദത്തെയും സിഗ്മണ്ട് ഫ്രോയിഡിന്റെ മനോവിശ്ലേഷണത്തെയും അമേരിക്കൻ യുക്തിചിന്തകൻ ചാൾസ് സാൻഡേഴ്‌സ് പിയേഴ്‌സിന്റെ പ്രായോഗികതയെയും സംയോജിപ്പിക്കാൻ ഹേബർമാസ് ശ്രമിച്ചു. വ്യക്തികൾ പങ്കെടുക്കുന്ന ആശയവിനിമയ ഇടപെടൽ യുക്തിരഹിതമായ എല്ലാത്തരം നിർബന്ധത്തെയും ചെറുക്കുന്ന പരിധി വരെ മാത്രമേ സാധ്യമാകൂ. ആദർശ ആശയവിനിമയ സമൂഹം മൂർത്ത സംഭാഷണ സാഹചര്യങ്ങളെ നിയന്ത്രിക്കുന്നതിനും വിമർശിക്കുന്നതിനും ഔപചാരികമായി പ്രയോഗിക്കാൻ കഴിയുന്ന വഴികാട്ടിയായി പ്രവർത്തിക്കുന്നു. നിയന്ത്രണപരവും വിമർശനാത്മകവുമായ ഈ ആദർശം ഉപയോഗിച്ച് വ്യക്തികൾക്ക് സത്യം, ശരി, ആത്മാർത്ഥത എന്നിവയ്ക്കുള്ള പരസ്പരം അവകാശവാദങ്ങൾ ഉന്നയിക്കാനോ അംഗീകരിക്കാനോ നിരസിക്കാനോ കഴിയും. മികച്ച വാദത്തിന്റെ നിർബന്ധിതമല്ലാത്ത ശക്തിയുടെ അടിസ്ഥാനത്തിൽ – യുക്തിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ – എല്ലാ പങ്കാളികളും പരസ്പര ധാരണ നേടാനുള്ള ആഗ്രഹത്താൽ മാത്രം പ്രചോദിതരാവുകയുമാണ്‌. ആദർശ ആശയവിനിമയ സമൂഹം ഒരിക്കലും പൂർണമായി സാക്ഷാത്കരിക്കപ്പെടുന്നില്ലെങ്കിലും അതിനുള്ളിലെ അനിയന്ത്രിത ആശയവിനിമയ ചക്രവാളം സ്വതന്ത്രവും തുറന്നതുമായ പൊതു ചർച്ചയുടെ മാതൃകയായി വർത്തിക്കും. അതുപോലെ ഇത്തരം നിയന്ത്രണപരവും വിമർശനാത്മകവുമായ ആദർശങ്ങൾ ചർച്ചാപരമായ ലിബറൽ- ജനാധിപത്യ രാഷ്ട്രീയ സ്ഥാപനങ്ങളുടെ ന്യായീകരണമാവുകയും ചെയ്യും. പക്ഷേ ആശയവിനിമയ യുക്തിയുടെ വികാസം ലിബറൽ ജനാധിപത്യം ഉറപ്പുനൽകുന്നില്ല. ആധുനിക മുതലാളിത്ത സമൂഹങ്ങളിൽ ആശയവിനിമയ സ്വഭാവത്തിൽ ആദർശപരമായി ഉണ്ടായിരിക്കേണ്ട സാമൂഹിക സ്ഥാപനങ്ങളായ കുടുംബം, രാഷ്ട്രീയം, വിദ്യാഭ്യാസം – തുടങ്ങിയവ ഹേബർമാസിനെ സംബന്ധിച്ച്‌ തന്ത്രപരമായ യുക്തിബോധം ഉൾക്കൊള്ളാൻ തുടങ്ങിയിരിക്കുന്നു. അവ പരസ്പര ധാരണയുടെ ആദർശത്താൽ നയിക്കപ്പെടാതെ ഭരണപരമായ അധികാരത്തിന്റെയും സാമ്പത്തിക കാര്യക്ഷമതയുടെയും തത്വങ്ങളാൽ നിയന്ത്രിക്കപ്പെടുന്ന സാമ്പത്തിക, ഉദ്യോഗസ്ഥ ശക്തികളാൽ കൂടുതലായി കീഴടക്കപ്പെടുന്നു. 1985 ലെ ‘ദി ഫിലോസഫിക്കൽ ഡിസ്‌കോഴ്‌സ് ഓഫ് മോഡേണിറ്റി’ പ്രഭാഷണ പരമ്പരയിൽ ആ ധാരണകൾ വിപുലമാക്കി. പൊതുമണ്ഡലത്തിനൊപ്പം യുക്തിപരമായ സംവാദം, ആലോചനാ ജനാധിപത്യം തുടങ്ങിയ രൂപീകരണങ്ങളും ഹേബർമാസിന്റെ വിചിന്തനങ്ങളുടെ മർമമായിരുന്നു. ജനാധിപത്യ സംവാദങ്ങളിലൂടെ പരസ്പരം ആശയങ്ങൾ പങ്കുവയ്ക്കുകയും ഒരു പൊതുബിന്ദുവിൽ – എത്തുകയും ചെയ്യുകയാണ്‌ വിനിമയത്തിന്റെ മുഖ്യ ലക്ഷ്യമെന്ന സൂചനയ്‌ക്കും ഏറെ ആരാധകരുണ്ടായി.

അഡോർണോയുടെ ശ്രദ്ധ പിടിച്ചുപറ്റിയ നിർണായകമായ ആദ്യകാല പഠനം

1954- ൽ ജർമൻ മാഗസിനിൽ വെളിച്ചംകണ്ട “ദി ഡയലക്റ്റിക് ഓഫ് റാഷണലൈസേഷൻ’ ആദ്യകാല ഉപന്യാസം പാശ്ചാത്യ മാർക്സിസ്റ്റുകാരുമായുള്ള ഹേബർമാസിന്റെ വിമർശനാത്മക ഇടപെടൽ ഉൾപ്പെടെ പിൽക്കാല കൃതികളുടെ രൂപരേഖയായി. കരിയറിന്റെ ആരംഭത്തിൽ രചിച്ച അതിൽ തിയോഡോർ അഡോർണോയുടെയും മാക്സ് ഹോർഖൈമറിന്റെയും സംയുക്ത സംഭാവനയായ ‘ഡയലക്റ്റിക് ഓഫ് എൻലൈറ്റൻമെന്റ്’ എന്ന കൃതിയുടെ സ്വാധീനമുണ്ട്‌. സാമൂഹിക‐സാമ്പത്തിക ജീവിതത്തിന്റെ യുക്തിസഹ വിശദീകരണം – പലപ്പോഴും സാങ്കേതിക കാര്യക്ഷമതയാൽ നയിക്കപ്പെടുന്നത് – വിമോചനത്തിനു പകരം അന്യവൽക്കരണത്തിലേക്ക് നയിക്കുന്നു, അത് വ്യക്തികൾ എങ്ങനെ പ്രവർത്തിക്കുന്നു, ഉപഭോഗം ചെയ്യുന്നു എന്നതിനെ എപ്രകാരം ബാധിക്കുന്നുവെന്ന് ഹേബർമാസ് അഭിസംബോധന ചെയ്‌തു. അഡോർണോയുടെ ജിജ്ഞാസ ഉണർത്തിയത് ആ കൃത്യതയാണ്. അദ്ദേഹത്തിന്റെ ശ്രദ്ധനേടിയ നിർണായകമായ ആ ആദ്യകാല പഠനം ഫ്രാങ്ക്ഫർട്ട് സ്കൂളിൽ ഗവേഷണ സഹായിയാകാനുള്ള ക്ഷണം ലഭിക്കുന്നതിന് കാരണമായി. 1956- ൽ ഹേബർമാസ് ചുമതല ഏറ്റെടുത്തു. 1956 ‐59 വർഷങ്ങളിൽ അഡോർണോയുടെയും ഹോർഖൈമറിന്റെയും കീഴിൽ തത്ത്വചിന്തയും സാമൂഹ്യശാസ്ത്രവും പഠിച്ചു. അക്കാലത്ത് ആണവ വിരുദ്ധ പ്രസ്ഥാനത്തിന്റെ ഭാഗവുമായി. ആയിടക്ക്‌ ഹോർഖൈമറിൽ ചില എതിർപ്പുകളുയർന്നു. തദ്‌ഫലമായി ഹേബർമാസ് ഫ്രാങ്ക്ഫർട്ട് വിട്ട് 1527 ജൂലൈ ഒന്നിന്‌ -ഹെസ്സെയിലെ ലാൻഡ്ഗ്രേവ് ഫിലിപ്പ് ഒന്നാമൻ സ്ഥാപിച്ച ജർമനിയിലെ ഏറ്റവും ചരിത്രമുള്ള സർവകലാശാലകളിലൊന്നും ലോകത്തിലെ ഏറെ പഴക്കം ചെന്ന പ്രൊട്ടസ്റ്റന്റ് സർവകലാശാലയുമായ മാർബർഗ് സർവകലാശാല (ജർമൻ‐ ഫിലിപ്പ്സ്-യൂണിവേഴ്സിറ്റി മാർബർഗ്) യിൽ വോൾഫ്ഗാങ് വാൾട്ടർ ആർനൾഫ് അബെൻഡ്രോത്തിന്റെ കീഴിൽ പൊളിറ്റിക്കൽ സയൻസ്‌ വിഭാഗത്തിലേക്ക്‌ മാറി. 1989-ൽ ‘ദി സ്ട്രക്ചറൽ ട്രാൻസ്ഫോർമേഷൻ ഓഫ് ദി പബ്ലിക് സ്ഫിയർ : ആൻ എൻക്വയറി ഇൻടു എ കാറ്റഗറി ഓഫ് ബൂർഷ്വാ സൊസൈറ്റി’ പ്രസിദ്ധീകരിച്ചു. 18‐ാം നൂറ്റാണ്ടിലെ സലൂണുകളിൽ നിന്ന് മൂലധനാധിഷ്ഠിത മാധ്യമങ്ങളുടെ സ്വാധീനത്തിലൂടെയുള്ള പരിവർത്തനം വരെയുള്ള ബൂർഷ്വാ പൊതുമണ്ഡല വികാസത്തിന്റെ വിശദ സാമൂഹിക ചരിത്രമാണത്. ഹാൻസ്- ജോർജ്‌ ഗഡാമറിന്റെയും കാൾ ലോവിത്തിന്റെയും പ്രേരണയാൽ 1962-ൽ ഹൈഡൽബർഗ് സർവകലാശാലയിൽ തത്ത്വചിന്തയുടെ “അസാധാരണ പ്രൊഫസർ’ (ചെയർ ഇല്ലാത്ത പ്രൊഫസർ) സ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടെങ്കിലും നിരസിച്ചു. 1964-ൽ അഡോർണോയുടെ ശക്തമായ പിന്തുണയോടെ ഫ്രാങ്ക്ഫർട്ടിലേക്ക് മടങ്ങി, തത്ത്വചിന്തയിലും സാമൂഹ്യശാസ്ത്രത്തിലും ഹോർഖൈമർ ചെയർ സ്ഥാനം ഏറ്റെടുത്തു. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ചിന്റെ ഡയരക്ടർ പദവി നേരത്തെ നിരസിച്ച ഹേബർമാസ്, 1969-ൽ അഡോർണോയുടെ വിയോഗശേഷം പോളിഷ് തത്ത്വചിന്തകനും ആശയങ്ങളുടെ ചരിത്രകാരനും മാർക്സിസ്റ്റ് വിമർശനാത്മക വിശകലനങ്ങളിലൂടെ അറിയപ്പെട്ട പ്രതിഭയും മൂന്ന് വാല്യങ്ങളുള്ള ‘മെയിൻ കറന്റ്സ് ഓഫ് മാർക്സിസം’(1976) എന്ന കൃതിയുടെ കർത്താവുമായ ലെഷെക് കൊളകോവ്സ്കിയെ ആ സ്ഥാനം ഏറ്റെടുക്കാൻ ശുപാർശ ചെയ്തു. തത്ത്വചിന്താ വകുപ്പിന്റെ എതിർപ്പ്‌ നിർദ്ദേശം വിഫലമാക്കിയപ്പോൾ വിമർശനാത്മക സിദ്ധാന്തത്തിന്റെ സ്ഥാപനവൽക്കരണത്തിനെതിരെ ഹേബർമാസ് തുറന്ന കത്തെഴുതി. 1971-ൽ ജർമൻ-‐അമേരിക്കൻ തത്ത്വചിന്തകനും സാമൂഹിക വിമർശകനും രാഷ്ട്രീയ സൈദ്ധാന്തികനുമായിരുന്ന ഹെർബർട്ട് മാർക്കസിന് അയച്ച കത്തിൽ ഫ്രാങ്ക്ഫർട്ട് സ്കൂൾ ഓഫ് ക്രിട്ടിക്കൽ തിയറിയുമായുള്ള പൂർണമായ വേർപിരിയൽ പ്രഖ്യാപിച്ചു.

ഇടത്‌‐ വലത്‌ സ്വേച്ഛാധിപത്യങ്ങൾ

യുദ്ധാനന്തരം പടിഞ്ഞാറൻ ജർമനിയുടെ ‘സംശയിക്കുന്ന തലമുറ’യിലെ പ്രമുഖ ശബ്ദമെന്ന നിലയിൽ 20‐ാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലും ശേഷവും രാജ്യത്തിനകത്ത് നടന്ന പ്രധാന ബൗദ്ധിക സംവാദങ്ങളിൽ ഹേബർമാസ് ഭാഗഭാക്കായി. 1960 കളിൽ ജർമൻ വിദ്യാർഥി പ്രസ്ഥാനത്തിന്റെ മുൻനിര സൈദ്ധാന്തികരിൽ ഒരാളായിരുന്ന അദ്ദേഹം – 1967 ൽ ഇടതുപക്ഷ ഫാസിസത്തിന്റെ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് നൽകി. ‘ദി അഥോറിറ്റേറിയൻ പേഴ്‌സണാലിറ്റി റീകൺസിഡേഡ്‌: ദി ഫാന്റം ഓഫ്‌ ലെഫ്‌റ്റ്‌ ഫാസിസം’ (സ്വേച്ഛാധിപത്യ വ്യക്തിത്വം: പുനഃപരിശോധിക്കപ്പെടുന്ന ഇടതുപക്ഷ ഫാസിസത്തിന്റെ മായാജാലം)ആ നിലയിൽ ശ്രദ്ധേയം. സിദ്ധാന്തവും പ്രയോഗവും തമ്മിലെ ബന്ധം സംബന്ധിച്ച്‌ മാർക്കസും അഡോർണോയും തമ്മിലുള്ള സുപ്രധാന കത്തുകളിലൂടെയാണ്‌ ആദ്യ നിരീക്ഷണം മുന്നേറിയത്‌. ഫാസിസം അല്ലെങ്കിൽ സ്വേച്ഛാധിപത്യം ഒരുപക്ഷേ ഇടതോ വലതോ ആകാമെന്ന നിഗമനത്തിലൂടെ സമകാലിക ഇടതുപക്ഷത്തിന്റെ സ്വേച്ഛാധിപത്യ പ്രവണതകളെക്കുറിച്ച് ചില നിഗമനങ്ങളിൽ എത്തിച്ചേർന്നു. 1967‐ 68-ൽ പശ്ചിമ ജർമൻ വിദ്യാർഥി പ്രസ്ഥാനത്തിലെ ഒരു വിഭാഗത്തിന്റെ തീവ്രവും അക്രമാസക്തവും ജനാധിപത്യവിരുദ്ധവുമായ തന്ത്രങ്ങളെ വിമർശിക്കുന്നതിനായിരുന്നു ആ രൂപീകരണം. അവരുടെ പ്രവർത്തനം പാർലമെന്ററി ജനാധിപത്യത്തെ നിരാകരിക്കുന്നതും ഫാസിസ്റ്റ് രീതികളോട് സാമ്യമുള്ളതുമാണെന്ന് വാദിച്ച്‌ അതിനെ പ്രതീക വിപ്ലവം എന്ന് വിളിച്ചു. വിദ്യാർഥി പ്രസ്ഥാനം അക്രമത്തിലേക്കുള്ള മാറ്റവും യുക്തിസഹവും ജനാധിപത്യപരവുമായ സംവാദങ്ങളെ നിരാകരിക്കുന്നതും പരമ്പരാഗത ഫാസിസ്റ്റ് സ്വേച്ഛാധിപത്യത്തോട് സാമ്യമുള്ളതുമാണെന്ന് ഹേബർമാസ് വിശ്വസിച്ചു. അഡോർണോ ആ സ്വഭാവനിർവചനത്തെ പിന്തുണയ്‌ക്കുകയുമുണ്ടായി. ഇടതുപക്ഷ ഫാസിസം യുദ്ധാനന്തര ജർമനിയിൽ നിർമിക്കപ്പെട്ട ജനാധിപത്യ സ്ഥാപനങ്ങളെ നശിപ്പിക്കുമെന്നും മുന്നറിയിപ്പ് നൽകി. അടിസ്ഥാനപരമായി യഥാർഥ വിമോചനത്തിലേക്ക് നയിക്കാത്ത പ്രേതമായി പ്രവർത്തിക്കുന്നുവെന്നും വിശദീകരിച്ചു. തുടക്കത്തിൽ ഹേബർമാസ് സോഷ്യലിസ്റ്റ് വിദ്യാർഥികളുമായി വളരെ അടുപ്പത്തിലായിരുന്നു, കൂടാതെ സർവകലാശാലകളെ ജനാധിപത്യവൽക്കരിക്കുകയെന്ന അവരുടെ മുദ്രാവാക്യത്തെ തുണച്ചു. 1962 ഒക്ടോബറിൽ ഫ്രാങ്ക്ഫർട്ടിലെ സോഷ്യലിസ്റ്റ് ജർമൻ വിദ്യാർഥി യൂണിയൻ പ്രതിനിധി യോഗത്തിൽ മുഖ്യ പ്രഭാഷകനുമായി. തുടർന്ന് വിയറ്റ്നാം അധിനിവേശത്തിനെതിരായ പ്രതിഷേധങ്ങളിൽ സജീവമായി പങ്കെടുത്തു. ‘ഫാസിസ്‌റ്റ്‌’ വിമർശനം ജർമൻ ഇടതുപക്ഷത്തിനുള്ളിൽ അക്രമത്തിന്റെ ഉപയോഗത്തെയും ജനാധിപത്യത്തിന്റെ സ്വഭാവത്തെയും കുറിച്ച് ചൂടേറിയ ചർച്ചയ്ക്ക് തുടക്കമിട്ടു. 1985-‐87 കാലയളവിൽ ജർമൻ നാസി ഭൂതകാലത്തിന്റെ യുദ്ധക്കുറ്റത്തിന്റെ സ്വഭാവത്തെയും വ്യാപ്തിയെയും അടിസ്ഥാനമാക്കിയുള്ള ചരിത്രകാരന്മാരുടെ സംവാദത്തിൽ അദ്ദേഹം പങ്കെടുത്തു. 1989-‐90-ൽ പുനരേകീകരണം ഉയർത്തിയ ദേശീയതയുടെ അപകടങ്ങളെക്കുറിച്ച്‌ മുന്നറിയിപ്പ് നൽകിയത്‌ ഒരു വിഭാഗത്തിന്റെ രോഷത്തിന് കാരണവുമായി.

ആശയവിനിമയ യുക്തിയുടെ വളച്ചൊടിക്കൽ

ഹേബർമാസ്‌ സാമ്രാജ്യത്വത്തെ, പ്രത്യേകിച്ച് അതിന്റെ ആധുനിക രൂപത്തെ തന്ത്രപരവും അധികാരാധിഷ്ഠിതവുമായ താൽപ്പര്യങ്ങളാൽ ആശയവിനിമയ യുക്തിയുടെ വളച്ചൊടിക്കലായി കണ്ടു. അത് പലപ്പോഴും മുതലാളിത്ത വികാസവുമായുംഅമേരിക്കൻ ഏകപക്ഷീയതയുമായും ബന്ധപ്പെട്ടിരിക്കുന്നു. ആഗോള ശക്തിയെ സന്തുലിതമാക്കുന്നതിന്‌ പോസ്റ്റ്-നാഷണൽ, ജനാധിപത്യ യൂറോപ്യൻ യൂണിയനെ പിന്തുണയ്ക്കുകയും അന്താരാഷ്ട്ര സമാധാനത്തിനും നീതിക്കും വിഘ്‌നമായ അക്രമ സാമ്രാജ്യത്വത്തെ അപലപിക്കുകയും ചെയ്‌തു. 9/11 ന് ശേഷമുള്ള അമേരിക്കൻ വിദേശനയത്തിന്റെ നിശിത വിമർശകനായി. അന്താരാഷ്ട്ര നിയമത്തെയും സഹകരണ‐ ആശയവിനിമയപരമായ തീരുമാനമെടുക്കലിനെയും അവഗണിക്കുന്ന ആധിപത്യ സാമ്രാജ്യത്വമായാണ് ഹേബർമാസ് വീക്ഷിച്ചതും. അദ്ദേഹത്തിന്റെ ആശയവിനിമയ പ്രവർത്തന സിദ്ധാന്തത്തിൽ സാമ്രാജ്യത്വത്തെ ഉപകരണ യുക്തിയുടെ വിപുലീകരണമായി കണ്ടു. അവിടെ സാമ്പത്തിക, ഭരണ സംവിധാനങ്ങൾ പൗരന്മാരുടെ ദൈനംദിന ജീവിതത്തെ കോളനിവൽക്കരിക്കുകയും സംഭാഷണങ്ങളെ ബലപ്രയോഗത്തിലൂടെയും തന്ത്രപരമായ പ്രവർത്തനത്തിലൂടെയും മാറ്റിസ്ഥാപിക്കുകയും ചെയ്യുന്നു. പുതിയ സാമ്രാജ്യം എന്ന നിലയിലല്ല, വ്യക്തിഗത രാഷ്ട്രങ്ങളുടെ ഏകപക്ഷീയവും സാമ്രാജ്യത്വപരവുമായ നടപടികളെ തടയാൻ കഴിയുന്ന ജനാധിപത്യ, അന്താരാഷ്ട്ര സ്ഥാപനം എന്ന നിലയിലാണ് പോസ്റ്റ്-നാഷണൽ കോൺസ്റ്റലേഷനും ശക്തമായ യൂറോപ്യൻ യൂണിയനും വേണ്ടി വാദിച്ചത്.

യൂറോപ്യൻ യൂണിയനിൽ ഭരണഘടനാപരമായ അതിരാഷ്ട്രീയ ജനാധിപത്യം സൃഷ്ടിക്കുന്നതിനെ ഹേബർമാസ്‌ പ്രോത്സാഹിപ്പിച്ചു. അത്‌ സാങ്കേതിക വിദഗ്ദ്ധരും എക്സിക്യൂട്ടീവും നയിക്കുന്ന തീരുമാനമെടുക്കൽ (പ്രത്യേകിച്ച് യൂറോ പ്രതിസന്ധിയിൽ) പൗരന്മാരെ മറികടക്കുകയും ജനാധിപത്യ നിയമസാധുതയെ ദുർബലപ്പെടുത്തുകയും ചെയ്യുന്നുവെന്ന് വാദിക്കുകയുമുണ്ടായി. ജനാധിപത്യാനന്തര ഉദ്യോഗസ്ഥവൃന്ദത്തെയും വലതുപക്ഷ പോപ്പുലിസത്തെയും തടയുന്നതിന് യൂറോപ്യൻ പാർലമെന്റിനെ ശക്തിപ്പെടുത്തുന്ന, കൂടുതൽ സംയോജിതവും രാഷ്ട്രീയവൽക്കരിക്കപ്പെട്ടതുമായ യൂണിയനുവേണ്ടി നിലകൊള്ളുകയും ചെയ്‌തു. അധികാരം നേരിട്ടുള്ള ജനാധിപത്യ ഉത്തരവാദിത്തമില്ലാത്ത, സുതാര്യതയില്ലാത്തതും സാങ്കേതികവുമായ എക്സിക്യൂട്ടീവിലേക്ക് – മാറ്റിയിരിക്കുന്നു. തീരുമാനമെടുക്കൽ പ്രക്രിയ പൗരന്മാരിൽനിന്ന് വളരെ അകന്നു നിൽക്കുന്നതിനാൽ യൂറോപ്യൻ പാർലമെന്റിനെ ശക്തിപ്പെടുത്തുകയും വ്യാപകമായ പൊതുമണ്ഡലം വികസിപ്പിക്കുകയും വേണം. യൂറോസോൺ പ്രതിസന്ധി കൈകാര്യം ചെയ്തതിനെ പരിഭ്രാന്തി നിറഞ്ഞ കൃത്യവും സാങ്കേതികതയുമായി വിമർശിച്ചു, യൂറോപ്യൻ സംയോജനത്തിന്റെ ഭാവിയെക്കുറിച്ചുള്ള നിർണായക പൊതു ചർച്ചകൾ ഒഴിവാക്കിയതിന് ഉന്നതസ്ഥാനീയരെ കുറ്റപ്പെടുത്തി. വരേണ്യവർഗത്താൽ നയിക്കപ്പെടുന്ന നവലിബറൽ ദിശ, യൂറോപ്യൻ വിരുദ്ധ‐വലതുപക്ഷ പോപ്പുലിസ്റ്റ് പ്രസ്ഥാനങ്ങളുടെ ഉയർച്ചയ്ക്ക് കാരണമായി. യഥാർഥ സാമൂഹിക ഐക്യദാർഢ്യവും ഭരണഘടനാപരവും സാമൂഹികവുമായ യൂറോപ്പും അനുവദിക്കുന്ന സാങ്കേതിക സംഘത്തിനുപകരം പൗരന്മാർക്കും അംഗരാജ്യങ്ങൾക്കും ഇടയിൽ അധികാരം പങ്കിടുന്ന അന്തർദേശീയ ജനാധിപത്യം മുന്നോട്ട് വെച്ചു.

മതമൗലികവാദികളുടെ വിനാശകരമായ പ്രതികരണത്തിനെതിരെ മുന്നറിയിപ്പ്‌

പടിഞ്ഞാറൻ രാജ്യത്തിനകത്തും പുറത്തുമുള്ള എല്ലാത്തരം മതമൗലികവാദികളുടെയും വിനാശകരമായ പ്രതികരണത്തിനെതിരെ മുന്നറിയിപ്പും നൽകിയ ഹേബർമാസ്‌, 1977 ൽ ആഭ്യന്തര ഭീകരവിരുദ്ധ നിയമനിർമാണത്തിലെ പൗരസ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങൾക്കെതിരെ പ്രതിഷേധിച്ചു. 2001 സെപ്‌തംബർ 11 ആക്രമണത്തെ ചരിത്രത്തിലെ പിളർപ്പായാണ്‌ വ്യാഖ്യാനിച്ചത്‌. അമേരിക്കൻ രാഷ്ട്രീയ ചിന്തകനും അക്കാദമീഷ്യനുമായ സാമുവൽ ഫിലിപ്‌സ്‌ ഹണ്ടിങ്‌ടണിന്റെ നാഗരികതകളുടെ ഏറ്റുമുട്ടലിനുപകരം അജ്ഞതയുടെ ഏറ്റുമുട്ടൽ ഇന്ധനമായ ആഗോളവൽക്കരിക്കപ്പെട്ട ഭീകരതയുടെ സവിശേഷ രൂപത്തെ അടയാളപ്പെടുത്തി. ഏകപക്ഷീയ സൈനിക നടപടിക്ക് പകരം ആഗോളതലത്തിൽ നിയമാധിഷ്ഠിത പ്രതികരണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ആഗോളവൽക്കരണം ത്വരിതമാക്കിയ പരസ്പര അജ്ഞതയിൽ നിന്നും മറ്റൊരാളുടെ വീക്ഷണത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണയിൽ നിന്നുമാണ് ആക്രമണങ്ങൾ ഉണ്ടായതെന്നും 2001-ൽ തത്ത്വചിന്തകനായ ജിയോവന്ന ബൊറാഡോറി തയ്യാറാക്കിയ ‘ഫിലോസഫി ഇൻ എ ടൈം ഓഫ് ടെറർ: ഡയലോഗ്സ് വിത്ത് ജർഗൻ ഹേബർമാസ്, ജാക്വസ് ഡെറിഡ’ എന്ന കൃതിയിൽ വ്യക്തമാക്കി. സമകാലിക യാഥാർഥ്യം സംബന്ധിച്ച ധാരണയിലെ വിള്ളൽ എന്നാണ് വിശേഷണം. ആഗോളവൽക്കരിക്കപ്പെട്ട ലോകത്തിന്റെ ദുർബലതകൾ അത്‌ മുൻപന്തിയിലെത്തിച്ചു. അമേരിക്കൻ നേതൃത്വത്തിലുള്ള ഏകപക്ഷീയ പ്രതികരണത്തെ രൂക്ഷമായി വിമർശിക്കാനും തയ്യാറായി. അത് അന്താരാഷ്ട്ര നിയമത്തെയും ജനാധിപത്യ തത്വങ്ങളെയും ദുർബലപ്പെടുത്തുന്നതായി വരവുവെച്ചു. അന്താരാഷ്ട്ര നിയമ ചട്ടക്കൂടുകൾ ശക്തിപ്പെടുത്തുന്നതിനും ഏകധ്രുവ ലോകത്തിൽനിന്ന് കൂടുതൽ ബഹുമുഖ, കോസ്‌മോപൊളിറ്റൻ ക്രമത്തിലേക്കുള്ള മാറ്റത്തിനും വാദിച്ചതും പ്രധാനം. പൊതുമണ്ഡലത്തിൽ മതത്തിന്റെ പങ്കിനെക്കുറിച്ച് പുനർവിചിന്തനം നടത്താനും മതഭീകരതയ്ക്ക് വളക്കൂറുള്ള മണ്ണ് സൃഷ്ടിക്കുന്ന ആഗോള അനീതികൾ പരിഹരിക്കാനും 9/11 പാശ്ചാത്യ സമൂഹങ്ങളെ നിർബന്ധിതരാക്കിയെന്ന് സൂചിപ്പിക്കുകയും ചെയ്‌തു. ഇന്നത്തെ ഇസ്ലാമിക മൗലികവാദം രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുള്ള മറകൂടിയാണ്. മതഭ്രാന്തിന്റെ രൂപങ്ങളിലെ രാഷ്ട്രീയ ലക്ഷ്യങ്ങൾ അവഗണിക്കരുത്. യാഥാർഥ്യബോധമുള്ള ലക്ഷ്യങ്ങളുടെ അഭാവത്തിലും സങ്കീർണമായ സംവിധാനങ്ങളുടെ ദുർബലതയെ നിന്ദ്യമായി ചൂഷണം ചെയ്യുന്നതിലും ആഗോള ഭീകരത അതിരുകടന്നക്കുന്നുണ്ട്‌. ദേശീയ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളോടുള്ള നിരാശയായിരിക്കാം മതം പഴയ രാഷ്ട്രീയ ആഭിമുഖ്യങ്ങൾക്ക് പുതിയതും ആത്മനിഷ്ഠമായി കൂടുതൽ ബോധ്യപ്പെടുത്തുന്നതുമായ ഭാഷ വാഗ്ദാനം ചെയ്യുന്നത്‌. ഭരണകൂടങ്ങളുടെ മാറ്റത്തിനിടയിൽ രാഷ്ട്രീയ ഭീകരതയും സാധാരണ കുറ്റകൃത്യങ്ങളും തമ്മിലെ വ്യത്യാസം വ്യക്തമാകും, അതിൽ മുൻ ഭീകരർ അവരുടെ രാജ്യത്തിന്റെ ആദരണീയ പ്രതിനിധികളായി മാറുന്നു. ധാർമിക വീക്ഷണത്തിൽ നോക്കുമ്പോൾ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഒരു ഒഴികഴിവുമില്ല, അവ നടപ്പിലാക്കുന്നതിന്റെ ഉദ്ദേശ്യമോ സാഹചര്യമോ പരിഗണിക്കാതെ തന്നെ. ആക്രമണകാരികൾ മാൻഹട്ടനിലെ ഏറ്റവും തലയെടുപ്പുള്ള കെട്ടിടങ്ങൾ തകർക്കാൻ ഭൗതികമായി കാരണമാവുക മാത്രമല്ല ചെയ്തത്; അമേരിക്കൻ പ്രതിച്ഛായയിലെ പ്രതീകവും നശിപ്പിച്ചു. സെപ്റ്റംബർ 11 ന് ശേഷമുള്ള മാസങ്ങളിൽ മാധ്യമങ്ങൾ വിശദമായി വരച്ച ജൈവശാസ്ത്രപരമോ രാസപരമോ ആയ യുദ്ധത്തിന്റെ സാഹചര്യങ്ങൾ അപകടത്തിന്റെ വ്യാപ്തി നിർണയിക്കാനുള്ള ഗവൺമെന്റിന്റെ കഴിവില്ലായ്മ മാത്രമേ വെളിപ്പെടുത്തിയുള്ളൂ. ഭീകരതയ്‌ക്കെതിരായ യുദ്ധത്തിന് ആഹ്വാനം ചെയ്യാനുള്ള ബുഷിന്റെ തീരുമാനം ഗുരുതരമായ തെറ്റായി. ശേഷം യൂറോപ്യൻ സർക്കാരുകൾ പൂർണമായും പരാജയപ്പെട്ടു. സ്വന്തം ദേശീയ താൽപ്പര്യങ്ങളുടെ പരിധിക്കപ്പുറം കാണാൻ അവർക്ക് കഴിഞ്ഞില്ല. വിശുദ്ധ യുദ്ധത്തിലേക്ക് ആകർഷിക്കപ്പെട്ടവരിൽ ചിലർ ഏതാനും വർഷങ്ങൾക്ക് മുമ്പ് മതനിരപേക്ഷ ദേശീയവാദികളായിരുന്നു. അവരുടെ ജീവചരിത്രങ്ങൾ പരിശോധിച്ചാൽ ശ്രദ്ധേയ തുടർച്ചകൾ വെളിപ്പെടും എന്നിങ്ങനെയെല്ലാം വിസ്‌തൃതമായി ഹേബർമാസിന്റെ വിലയിരുത്തലുകൾ.

20 വർഷമായി, ഇറാഖ് യുദ്ധത്തിൻ്റെ നിഴൽ അവശേഷിക്കുന്നു - ഫ്രണ്ട്‌ലൈൻ

ഇറാഖിലെ അമേരിക്കൻ അധിനിവേശത്തിനെതിരെ

2003 മാർച്ച് 19 ന് ഓപ്പറേഷൻ ഇറാഖി ഫ്രീഡം എന്ന പേരിൽ ആരംഭിച്ച അമേരിക്കൻ നേതൃത്വത്തിലുള്ള അധിനിവേശത്തെ ഹേബർമാസ്‌ ശക്തമായി എതിർത്തു. അന്താരാഷ്ട്ര ധാർമികതയുടെയും ആഗോള നിയമസാധുതയുടെയും അപകടകരമായ തകർച്ചയായി അതിനെ കണക്കാക്കി. ഏകപക്ഷീയ നടപടി ഐക്യരാഷ്ട്രസഭയുടെ അധികാരത്തെ ദുർബലപ്പെടുത്തിയെന്നും സൈനിക ബലപ്രയോഗത്തിനുപകരം മനുഷ്യാവകാശങ്ങൾ, ബഹുരാഷ്ട്രവാദം, ആഗോളതലത്തിൽ നിയമാധിഷ്ഠിതമായ ക്രമം എന്നിവയിൽ ഊന്നിയ എതിർ-ആധിപത്യത്തെ അനുകൂലിക്കുന്നുവെന്നും വാദിച്ചു. അമേരിക്കൻ ഭരണ നേതൃത്വത്തിനുള്ള കത്തിൽ വിശാലമായ അന്താരാഷ്ട്ര സമവായമില്ലാതെ സൈനിക ഇടപെടലിൽ ഏർപ്പെടുന്നതിനെതിരെ മുന്നറിയിപ്പുംനൽകി. ഐക്യരാഷ്ട്രസഭയുടെ അംഗീകാരമുള്ള സുരക്ഷാ സമീപനത്തിന്റെ ആശയത്തെ പിന്തുണച്ചു, സുരക്ഷാ കൗൺസിൽ പ്രമേയമില്ലാതെ സഖ്യം നയിക്കുന്ന യുദ്ധം അന്താരാഷ്ട്ര നിയമസാധുതയുടെ ലംഘനമാണെന്ന് വാദിക്കുകയുമുണ്ടായി. ഏകപക്ഷീയ അമേരിക്കൻ ആധിപത്യത്തിന് സാധാരണ പ്രതിശക്തിയായി പ്രവർത്തിക്കാൻ കഴിയുന്ന കോർ യൂറോപ്പ് രൂപീകരണത്തിന് തത്ത്വചിന്തകൻ ജാക്വസ് ഡെറിഡയ്‌ക്കൊപ്പം ആഹ്വാനം നൽകുന്നതിനും ഇറാഖ് യുദ്ധത്തെ ഉപയോഗിച്ചു. ബുഷ് ഭരണകൂടത്തിന്റെ വിദേശനയത്തിന്റെ നിശിത വിമർശകനായിരുന്ന ഹേബർമാസ് ആധുനികതയുടെ സാർവത്രിക തത്വങ്ങൾക്ക് വിരുദ്ധമായ പ്രത്യേക സ്വഭാവമായി അതിനെ തിരിച്ചറിഞ്ഞു. ആഗോള ആഭ്യന്തര നയം രൂപപ്പെടുത്തേണ്ടത്‌ ഏകപക്ഷീയ ബലപ്രയോഗത്തിലൂടെയല്ല. നിയമത്തിലൂടെയും കൂട്ടായ നടപടികളിലൂടെയുമാണ്‌. അന്താരാഷ്ട്ര തർക്കങ്ങൾ പരിഹരിക്കുന്ന സംവിധാനത്തിന്‌ വാദിക്കുന്നതിനുള്ള വലിയ പൊതുജന ബൗദ്ധിക ശ്രമത്തിന്റെ ഭാഗമായിരുന്നു വിമർശനം.

ഇസ്രയേലിനെ പിന്തുണച്ചത്‌ ലോകത്തെ അമ്പരപ്പിച്ചു

2023- ഒക്ടോബർ ഏഴിന്‌ തുടക്കമായ പലസ്‌തീൻ അധിനിവേശത്തിൽ ഐക്യദാർഢ്യത്തിന്റെ തത്വം ഉദ്ധരിച്ച്‌ ഹേബർമാസ്‌ ഇസ്രയേലിനെ പിന്തുണച്ചത്‌ ലോകത്തെ അമ്പരപ്പിച്ചു. സയണിസ്‌റ്റ്‌ പ്രതികാരം ന്യായീകരിക്കുന്നതായും തോന്നി. അതിനെ വംശഹത്യയെന്ന് വിശേഷിപ്പിക്കുന്നതിനെതിരെ വാദിച്ചു, അതേസമയം ഇസ്രയേലി നടപടികൾ യഹൂദവിരുദ്ധതയെ ന്യായീകരിക്കുന്നില്ലെന്നും; പ്രത്യേകിച്ച് ജർമനിയിൽ പറഞ്ഞു. 2023 നവംബറിൽ ഗോയ്‌ഥെ യൂണിവേഴ്സിറ്റി ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് തിയറിസ് ഓഫ് ഗ്ലോബൽ ഓർഡേഴ്‌സ്‌ പ്രൊഫസറും ഫ്രാങ്ക്ഫർട്ടിലെ പീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്‌ ഡയരക്ടറുമായ നിക്കോൾ ഡീറ്റെൽഹോഫ്, ജർമൻ തത്ത്വചിന്തകനും രാഷ്ട്രീയ സൈദ്ധാന്തികനും ഗോട്ട്ഫ്രൈഡ് വിൽഹെം ലീബ്നിസ് പുരസ്‌കാര ജേതാവുമായ റെയ്‌നർ ഫോർസ്റ്റ്, ജോഹാൻ വുൾഫ്ഗാങ് ഗോഥെയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ക്രിമിനൽ സയൻസ് ആൻഡ് ഫിലോസഫി ഓഫ് ലോയിലെ പ്രൊഫസർ ഡോ. ക്ലോസ് ഗുന്തർ എന്നിവർക്കൊപ്പമാണ്‌ പ്രസ്താവനയിറക്കിയതും. ഇസ്രയേലിന്റെ പ്രവർത്തനങ്ങൾ വംശഹത്യാ ഉദ്ദേശ്യങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടെയാണെന്നും നാസി ഘട്ടത്തിലെ ഹോളോകോസ്റ്റ് കാരണം ഇസ്രയേലുമായുള്ള ജർമൻ ഐക്യദാർഢ്യം പ്രത്യേക ബാധ്യതയാണെന്നും ന്യായീകരിച്ചു. പ്രസ്താവന ഏകപക്ഷീയമാണെന്നും പലസ്തീൻ ദുരിതങ്ങളെ അവഗണിക്കുന്നുവെന്നും എല്ലാവരിലും മാനുഷികാന്തസിന്റെ തത്വങ്ങൾ പ്രയോഗിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും ഈന്നിയ മറ്റ് അക്കാദമിക് വിദഗ്ധരിൽ നിന്ന് പ്രസ്താവന കാര്യമായ വിമർശം നേരിട്ടു. ലക്ഷക്കണക്കിന് ജൂതരെ വധിച്ചതിൽ കുറ്റബോധം അനുഭവിക്കുന്നവരാണ്‌ ജർമൻ ബുദ്ധിജീവികൾ. അതിനാൽ ജൂത രാഷ്ട്രമായ ഇസ്രയേലിനെ ഏതുവിധേനയും പിന്തുണയ്ക്കുക ധാർമിക ഉത്തരവാദിത്തമായി പലരും കണക്കാക്കുന്നു. പ്രധാന ആഭ്യന്തര, അന്തർദേശീയ സംഘർഷങ്ങൾ പരിഹരിക്കുന്നതിനുള്ള യുക്തിസഹമായ ചർച്ചയുടെ ശക്തിയിലുള്ള ഹേബർമാസിന്റെ വിശ്വാസത്തെ പോസ്റ്റ്‌മോഡേൺ ഇടതുപക്ഷവും നിയോകൺസർവേറ്റീവ് വലതുപക്ഷവും ഒരുപോലെ കടന്നാക്രമിച്ചു. വിദ്യാഭ്യാസം, ധാർമികത, നിയമം തുടങ്ങിയ മേഖലകളിൽ പ്രയോഗിക്കുന്ന വിമർശനാത്മക സിദ്ധാന്തം അപകടകരമാംവിധം യൂറോകേന്ദ്രീകൃതമാണെന്ന് ചിലർ വിമർശിച്ചു, മറുഭാഗം അതിന്റെ ഉട്ടോപ്യൻ ഇടതുപക്ഷ ലിബറൽ സ്വഭാവത്തെയാണ്‌ അപലപിച്ചത്‌. ആഗോളവൽക്കരണ വിരുദ്ധ സാമൂഹിക പ്രസ്ഥാനങ്ങളുടെ ചില പ്രതിനിധികൾക്ക് നിലവിലെ ജനാധിപത്യ സ്ഥാപനങ്ങളിൽ പ്രകടമാവുന്ന സാംസ്കാരിക, രാഷ്ട്രീയ, സാമ്പത്തിക വിഷയങ്ങൾ അഭിസംബോധന ചെയ്യാൻ ഹേബർമാസിന്റെ രാഷ്ട്രീയ ലിബറലിസവും ചർച്ചാപരമായ ജനാധിപത്യ പരിഷ്കരണവാദവും പര്യാപ്തമല്ലായിരുന്നു. ഇരു ധൃവങ്ങളിലുമുള്ള വിമർശകർക്ക് ഹേബർമാസ് മറുപടി നൽകി. ‘ടൈം ഓഫ് ട്രാൻസിഷൻസ് ’ എന്ന കൃതിയിൽ ഭീകരതയെ ഉപയോഗപ്പെടുത്തുന്ന യുദ്ധങ്ങൾക്കും അതുപോലെ ഭീകരതയ്‌ക്കെതിരായ യുദ്ധത്തിനും ആഗോള ജനാധിപത്യ ബദലുകൾ വാഗ്ദാനം ചെയ്തു. യുദ്ധാനന്തരം പ്രത്യാശയ്‌ക്കെതിരായ പ്രത്യാശ എന്ന വിഷയത്തിൽ മുഴുകിയിരുന്ന സോറൻ കീർക്കെഗാഡ്, ജീൻ-പോൾ സാർത്രെ, ജോഹാൻ ബാപ്റ്റിസ്റ്റ് മെറ്റ്സ്, ജർഗൻ മോൾട്ട്മാൻ, വാൾട്ടർ ബെഞ്ചമിൻ, ഹാൻസ് ജോനാസ്, ഹെർബർട്ട് മാർക്കസ് തുടങ്ങിയ ചിന്തകരുമായി ഹേബർമാസ് ഇടപെട്ടു.

മാര്‍ക്‌സിന്റെ ആകെയുള്ള പാന്റ് ഭാര്യ വാടകയ്ക്ക് കൊടുത്തു.  പുറത്തിറങ്ങാനാകാതെ മാർക്സ് | Grihalakshmi
Karl Marx

കാൾ മാർക്‌സിനെ പുനർനിർമിച്ചു

വിപണിയുടെ ഭാഷ എല്ലാ സുഷിരങ്ങളിലേക്കും തുളച്ചുകയറുകയും എല്ലാ ബന്ധങ്ങളെയും വ്യക്തിഗത മുൻഗണനകളുടെ പദ്ധതിയിലേക്ക് നിർബന്ധിക്കുകയും ചെയ്യുന്നുവെന്നും – സത്യാനന്തര ജനാധിപത്യം ജനാധിപത്യമായിരിക്കില്ലെന്നും അടിവരയിട്ട ഹേബർമാസ്‌, സമൂഹത്തിന്റെ അധ്വാനത്തിന്റെയും ഭൗതികവാദ അടിത്തറയുടെയും പ്രാധാന്യത്തെ ശരിയായി തിരിച്ചറിഞ്ഞ, എന്നാൽ ആശയവിനിമയ ഇടപെടലിന്റെ ചെലവിൽ ഉപകരണ ജോലിയെ അമിതമായി ഊന്നിപ്പറഞ്ഞ അപൂർണനായ സൈദ്ധാന്തികനായാണ് മാർക്സിനെ സ്ഥാനപ്പെടുത്തിയത്‌. ആശയവിനിമയ യുക്തിയിലധിഷ്ഠിതമായി അദ്ദേഹത്തിന്റെ ആശയ പ്രപഞ്ചത്തെ നിരാകരിക്കുന്നതിനുപകരം പുനർനിർമിക്കുകയായിരുന്നു അതിലൂടെ. ആദ്യകാല കൃതികളിൽ മാർക്സ്, അധ്വാനത്തിലൂടെ മനുഷ്യന്റെ സ്വയം-ഘടനയിൽ ശരിയായി ശ്രദ്ധ കേന്ദ്രീകരിച്ചെന്നും പിന്നീട് പ്രകൃതി അതിന്റെ നിലനിൽപ്പിന് ആത്മാവിന്റെ വികാസത്തിലെ ഒരു ഘട്ടവുമായും കടപ്പെട്ടിട്ടില്ലെന്ന പരിമിതമായ വീക്ഷണം വികസിപ്പിച്ചെന്നും വാദിച്ച ഹേബർമാസ് യഥാർഥ വിമോചനത്തിന് ആവശ്യമായ ആശയവിനിമയ ഇടപെടലിനെ അവഗണിച്ച്‌ മനുഷ്യ പ്രവർത്തനത്തിന്റെ സങ്കീർണതകളെ സാമൂഹിക അധ്വാനത്തിലൂടെയുള്ള സമന്വയം എന്ന ഭൗതികവാദ ആശയത്തിലേക്ക് ചുരുക്കിയെന്ന് ഹേബർമാസ് നിഗമനം നടത്തി. 1960-കളുടെ അവസാനം വരെയുള്ള സൈദ്ധാന്തിക വികാസവുമായി അക്കാദമിക് ജീവിതത്തിലെ ഘട്ടങ്ങൾ യോജിപ്പുള്ളതാണ്. മാർക്സിസത്തെ കുറിച്ചുള്ള അവലോകനത്തിൽ സമൂഹത്തിന്റെ വിപ്ലവകരമായ പരിവർത്തനത്തിനുള്ള സാധ്യതയുടെ ചരിത്രപരവും പ്രായോഗികവുമായ സാഹചര്യങ്ങൾ നിർണയിക്കാൻ സാധ്യമാക്കുന്ന അനുഭവപരത അടിസ്ഥാനമാക്കിയുള്ള തത്ത്വചിന്തയുടെ ചട്ടക്കൂടിൽ ചരിത്രപരമായ ഭൗതികവാദത്തെ നവീകരിക്കാൻ ശ്രമിച്ചതും നിസാരമല്ല. 1960- ലെ‘ശാസ്ത്രത്തിനും തത്ത്വചിന്തയ്ക്കും ഇടയിൽ: മാർക്സിസം വിമർശനപരമായി’ എന്ന ലേഖനം വ്യാവസായിക സമൂഹങ്ങളിൽ വർഗബോധത്തിന്റെ അഭാവത്തെക്കുറിച്ച് പരിശോധിച്ചു. ക്ഷേമരാഷ്ട്രം അതിന്റെ നഷ്ടപരിഹാര സാമൂഹിക നടപടികളിലൂടെ മൂലധനത്തിനും തൊഴിലാളിക്കും ഇടയിലെ ഉരസൽ മറച്ചുവച്ചു; മുതലാളിത്തത്തെ മെരുക്കാനുള്ള ഏക മാർഗം ജനാധിപത്യമാണെന്ന് തോന്നി.മാർക്സിനെ നിരസിക്കുന്നതിനുപകരം കേവലം ഉപകരണ യുക്തിയിൽനിന്ന് ആശയവിനിമയ പ്രവർത്തനത്തിലേക്ക് ശ്രദ്ധ മാറ്റുന്നതിലൂടെ അദ്ദേഹത്തിന്റെ പദ്ധതി തനിക്ക് കഴിയുന്നതിനെക്കാൾ നന്നായി നിറവേറ്റുകയാണെന്ന് വിശ്വസിക്കുകയും ചെയ്‌തു. അങ്ങനെ അര നൂറ്റാണ്ടിലേറെയായി വ്യത്യസ്‌ത നിലപാടുകൾ ഉയർത്തിയ തളരാത്ത വാദപ്രതിവാദകനെയാണ്‌ പ്രമുഖ ജർമൻ സാമൂഹ്യശാസ്ത്രജ്ഞനും ഫ്രാങ്ക്ഫർട്ട് സ്കൂളുമായി ബന്ധപ്പെട്ട തത്ത്വചിന്തകരുടെ ബൗദ്ധിക ജീവചരിത്രങ്ങൾക്ക് പേരുകേട്ട എഴുത്തുകാരനും ‘ഹേബർമാസ് ഇന്റർവ്യൂവർ’ എന്ന കൃതിക്കായി അഭിമുഖം നടത്തുകയും ചെയ്‌ത എസ് മുള്ളർ-ഡൂം അവതരിപ്പിക്കുന്നത്‌. സത്യം കണ്ടെത്താൻ ശ്രമിക്കുമ്പോൾ വാദങ്ങളുടെ കൈമാറ്റത്തിന് ഹേബർമാസിനെപ്പോലെ പ്രാധാന്യം നൽകുന്ന ഒരാളെ ഒരിക്കലും കണ്ടുമുട്ടിയിട്ടില്ലെന്ന സാക്ഷ്യം മറക്കാനാവില്ല. ഹേബർമാസിന്റെ ചർച്ചാ അഭിരുചി സമവായത്തെക്കാൾ താർക്കിക കലയോട് കൂടുതൽ അടുത്തതാണ്‌; 1953- ൽ ഹൈഡെഗറിനെതിരെ തയ്യാറാക്കിയ കുറ്റപത്ര പ്രബന്ധം മുതൽ പൊതുചർച്ചയ്ക്കുള്ള സമീപകാല സംഭാവനകൾ വരെ. 1962- ൽ പ്രസിദ്ധീകൃതമായ ‘ഹാബിലിറ്റേഷൻ തീസിസ്‌’ ബൂർഷ്വാ പൊതുമണ്ഡലത്തിന്റെ ആധുനിക രൂപീകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച്‌ പൊതുജനാഭിപ്രായത്തിന്റെ ഗുണനിലവാരത്തിൽ ബഹുജന മാധ്യമങ്ങളുടെ മുതലാളിത്ത ഘടനയുടെ ദോഷകരമായ പ്രത്യാഘാതങ്ങളെ അപലപിച്ചു. ‘ടെക്നോളജി ആൻഡ് സയൻസ് ആസ് ഐഡിയോളജി’ (1968) ഉപന്യാസ സമാഹാരം സാങ്കേതികവിദ്യയെക്കാൾ പ്രായോഗിക യുക്തിയുടെ രാഷ്ട്രീയ പുനരധിവാസത്തിന്റെ അപകടസാധ്യതകളിലാണ് കേന്ദ്രീകരിച്ചത്. നിരവധി ദശാബ്ദങ്ങളായി അക്കാദമിക്, ദാർശനിക വിഷയങ്ങളുടെ അതിരുകൾ ഭേദിച്ച അദ്ദേഹത്തിന്റെ വിപുലവും വൈവിധ്യം നിറഞ്ഞതുമായ രചനകൾ ആധുനിക സമൂഹത്തെയും അതിന്റെ ഇടപെടലിനെയും കുറിച്ചുള്ള ദർശനം പകർന്നുനൽകി. ‘ദി ഫിലോസഫർ’ ജീവചരിത്രത്തിൽ ഫിലിപ്പ് ഫെൽഷ് യുദ്ധാനന്തര ജർമനികളുടെ പൊതുജന വിദ്യാഭ്യാസ വിദഗ്ദ്ധൻ എന്നാണ്‌ വിളിച്ചത്‌. മാർക്സിനുശേഷം ഇളകാത്ത ആത്മവിശ്വാസത്തോടും ആഴത്തിലുള്ള രാഷ്ട്രീയ തിരിച്ചറിവോടും ആധികാരികമായും പലരും ഉദ്ധരിച്ച ജൈവബുദ്ധിജീവി അദ്ദേഹമായിരിക്കാം. ജനാധിപത്യം, യുക്തി, ആധുനികത, വിമർശനാത്മക സിദ്ധാന്തത്തിന്റെ സാധ്യതകൾ എന്നിവ സംബന്ധിച്ച്‌ നിരന്തരം ആലോചിച്ച പ്രതിഭ. രക്തരഹിത പ്രതിവിപ്ലവം എന്ന്‌ വിളിക്കാവുന്ന സോഷ്യലിസ്‌റ്റ്‌ ഭരണവ്യവസ്ഥകളുടെ ശൈഥില്യവും ആധുനിക സിവിൽ സമൂഹ പ്രസ്ഥാനങ്ങളുടെ വളഞ്ഞുപുളഞ്ഞുള്ള പന്ഥാവുകളെയും കുറിച്ച്‌ ബൃഹത്തായി അന്വേഷിച്ച സന്ദേഹി. ആഗോള കമ്യൂൂണിസ്റ്റ് പ്രസ്ഥാനത്തിലെ വേലിയിറക്കങ്ങളും ജനാധിപത്യ പോരാട്ടങ്ങളുടെ പരിവർത്തനത്തിന്‌ വിധേയമായിക്കൊണ്ടിരിക്കുന്ന സ്വഭാവസവിശേഷതകളും പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌ ആ ഇടപെടലുകൾ വഴികാട്ടിയായി വർത്തിക്കും. 20‐ാം നൂറ്റാണ്ടിലെ രാഷ്ട്രീയ പരീക്ഷണങ്ങളുടെ പരാജയങ്ങളെയും വൈരുധ്യങ്ങളെയും അഭിമുഖീകരിക്കുന്നതിനൊപ്പം വിമോചന ജാഗ്രതയോട്‌ എങ്ങനെ പ്രതിജ്ഞാബദ്ധനായി തുടരാമെന്നതിന്‌ ഹേബർമാസിന്റെ കൃതികൾ സാക്ഷ്യമാണ്‌. ആ നിലയിൽ 20, 21 നൂറ്റാണ്ടുകളിലെ ഏറ്റവും സാന്ത്വനപൂർണമായ ധൈഷണികാന്വേഷണ സഞ്ചാരത്തിന്‌ തിരശീല വീണിരിക്കയാണ്‌. ജീവിച്ചിരിക്കുന്നവർക്ക്‌ കൈമോശംവന്നത്‌ ഉന്നതശീർഷനായ ദാർശനികനെ മാത്രമല്ല, എല്ലാ പ്രതീക്ഷകളും കടലെടുത്തുപോകുന്ന കാലയളവിൽ യുക്തിഭദ്രമായ പൊതുആഖ്യാനത്തിന്റെ അപഭ്രംശം തൊട്ടുതീണ്ടിയിട്ടില്ലാത്ത സംരക്ഷകരിൽ ഒരാളെയും കൂടിയാണ്. ലോകമാകെ ക്ലാസ് മുറികളിലും സംവാദ സദസുളിലും പണ്ഡിത ചിന്തകൾ ഏറ്റുമുട്ടുന്ന വേദികളിലും ഹേബർമാസിന്റെ ബൗദ്ധിക തലയെടുപ്പ്‌ തുടർന്നും പ്രചോദനമാവും. വിമർശനാത്മക ചിന്ത പിന്തുടരുന്നതിന്‌ അവശ്യവും ഒഴിച്ചുകൂടാനാവാത്തതുമായ പോരാളിയെന്നർഥം.

The opinions and positions expressed in articles published and comments posted here are those of its authors and not of chenda.co The author has full responsibility for the views. Making derogatory statements and/or using abusive words/statements against any individual, society, religion, or country is a punishable offense under the provisions of the IT policy and the Central Government Act. Any such statement/words/comments will attract legal action.

No Comments yet!

Your Email address will not be published.