പറയപ്പെടാത്തത് പറയുകയും മറച്ചുവയ്ക്കപ്പെട്ടത് തുറന്നുകാണിക്കുകയും സംഭവങ്ങളുടെ പിന്നാമ്പുറ യാഥാർത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുകയും ചെയ്യുകയാണ് ഏതൊരു രാഷ്ട്രീയ സിനിമയുടെയും കാതൽ. “ഒഴിയാതെ” എന്ന സിനിമയും അതൊഴിവാക്കുന്നില്ല.
ഭൂതകാല നന്മകൾ വളരെയേറെ കൊട്ടിഘോഷിക്കപ്പെടുന്ന ബഹളങ്ങൾക്കിടയിൽ, ഭൂതകാലം കൊടുംക്രൂരതകളും തിന്മകളും കൂടി നിറഞ്ഞതായിരുന്നുവെന്ന ബോധ്യപ്പെടുത്തലുമായാണ്, സമരചരിത്രങ്ങളുടെ പുസ്തകത്താളുകളിൽ അടയാളപ്പെടുത്താതെപോയ അതിജീവനകഥയുടെ നേർസാക്ഷ്യമായി, “ഒഴിയാതെ” എന്ന മലയാളസിനിമ നമ്മളിലേക്കെത്തുന്നത്.

അമ്പതാണ്ടുമുൻപ് ഇന്ത്യാരാജ്യം നേരിട്ട വിലക്കയറ്റത്തിനും പട്ടിണിക്കും ഭക്ഷ്യക്ഷാമത്തിനും അഴിമതിക്കും അസമത്വത്തിനും അനീതിക്കുമെതിരെ ഉയർന്നുവന്ന എതിർസ്വരങ്ങളും പ്രതിഷേധസമരങ്ങളും നേരിടാൻ കെൽപ്പില്ലാതെ, സ്വന്തം നിലനിൽപ്പ് അപകടത്തിലാവുമെന്ന് ഭയന്ന ഭരണകൂടവും ഭരണവർഗവും ജനാധിപത്യത്തെ കശാപ്പുചെയ്തും പൗരാവകാശങ്ങൾ നിഷേധിച്ചും 1975 ജൂൺ 25-ന് ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ഉയർന്നുവന്ന പ്രതിഷേധങ്ങൾക്കൊപ്പം വലിയ ജനകീയ മുന്നേറ്റങ്ങൾ കേരളത്തിലുമുണ്ടായി.
കേരളത്തിന്റെ പോരാട്ടചരിത്രത്തിൽ ഇടംപിടിക്കാതെപോയ ഒരു നീതിനിഷേധത്തിന്റെ, ഭരണകൂടഭീകരതയുടെ, പൊലീസ് ക്രൂരതയുടെ കഥയാണ് “ഒഴിയാതെ”!

പാലക്കാട്ടെ കൊടുവായൂർ ഹൈസ്കൂളിൽ എട്ടിലും ഒൻപതിലും പഠിക്കുന്ന, 13-നും 16-നും ഇടയിൽ പ്രായമുള്ള നിഷ്കളങ്കരായ 19 ആൺകുട്ടികളെ കള്ളക്കേസുകളുണ്ടാക്കി അറസ്റ്റുചെയ്യുകയും 21 ദിവസത്തെ ജയിൽവാസത്തിനുശേഷം ഹൈക്കോടതി ഇടപെട്ട് മോചിപ്പിക്കുകയും ചെയ്ത ഞെട്ടിപ്പിക്കുന്ന സംഭവവും അതേത്തുടർന്ന് അവരുടെ കുടുംബങ്ങൾ അനുഭവിച്ച ഭയവും തീരാവേദനയും ഓർമകളാൽ വെളിച്ചപ്പെട്ട് അഭ്രപാളിക്ക് തീപിടിപ്പിച്ചുകൊണ്ട് ചരിത്രത്തോടും സ്വന്തം നാടിനോടും കാലത്തോടും നീതികാട്ടുകയാണ് സിനിമയുടെ രചയിതാവും സംവിധായകനുമായ ഫാറൂഖ് അബ്ദുൾ റഹ്മാൻ.
ബ്രിട്ടീഷുകാരിൽനിന്ന് ഇന്ത്യ മോചിപ്പിക്കപ്പെട്ടതിനുശേഷം, അടിയന്തരാവസ്ഥയെപ്പോലെ ഇത്രമേൽ അരക്ഷിതത്വം നിലനിന്ന ഒരു കാലം മുൻപുണ്ടായിരുന്നില്ലെന്ന പാഠം നമ്മുടെ മുന്നിലുണ്ട്. ഭരണകൂട സംവിധാനങ്ങളെ പരമാവധി ദുരുപയോഗം ചെയ്ത കാലമായിരുന്നല്ലോ അടിയന്തരാവസ്ഥ.

പൗരസ്വാതന്ത്ര്യത്തിന് പുല്ലുവില കൽപ്പിച്ച ഒരു ഫാസിസ്റ്റ് ഭരണകൂടത്തിന്റെ കീഴിൽ ജനാധിപത്യം തകർന്നുവീണ അക്കാലത്ത്, പതിമൂന്നിനും പതിനാറിനുമിടയിൽ പ്രായമുള്ള സ്കൂൾകുട്ടികളെ അന്യായമായും അകാരണമായും തടവറയിലാക്കുമ്പോൾ, അടിയന്തരാവസ്ഥയെക്കുറിച്ചുപോലും വ്യക്തമായ ധാരണയില്ലാത്ത, എന്തിനാണ് തങ്ങളെ അറസ്റ്റുചെയ്യുന്നതെന്നതിന് ഉത്തരംപോലും ലഭിക്കാത്ത കുട്ടികളിലുണ്ടാകുന്ന മാനസികപ്രശ്നങ്ങൾ, ഒരു ജന്മം മുഴുവനും ഉണങ്ങാത്ത മുറിവുകൾ, അവരുടെ കുടുംബങ്ങളിലുണ്ടായ മാനസികസംഘർഷങ്ങൾ, മനോവേദന, അപമാനം, അന്നത്തെ ചുറ്റുപാടിൽ അത്തരമൊരു സംഭവമുണ്ടാക്കുന്ന സാമൂഹികപ്രശ്നങ്ങൾ, ഭാവിയിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്നിവയെല്ലാം പരിശോധിക്കാനും ചർച്ചയാക്കാനും ഈ സിനിമ വഴിയൊരുക്കുന്നു.
ആ കുട്ടികളിൽ 14 പേർ ഇന്നും ജീവിച്ചിരിപ്പുണ്ട് എന്ന സത്യം പ്രേക്ഷകനറിയുമ്പോൾ, അതൊരു നീറുന്ന വർത്തമാനകാല യാഥാർത്ഥ്യമായി, ഒഴിയാത്ത ചോദ്യമായി മുന്നിലെത്തുന്നു.
“വ്യാപാരമേ ഹനനമാം വനവേടനുണ്ടോ,
വ്യാപന്നമായ് കഴുകനെന്നു കപോതമെന്നും…” എന്ന കവി കുമാരനാശാന്റെ വരികളെ അർത്ഥവത്താക്കുന്ന വിധം, അധികാരഭ്രാന്ത് അതിർവരമ്പു കടക്കുമ്പോൾ അധികാരികൾക്കുമുന്നിൽ ബാല്യംപോലും അപ്രസക്തമാവുമെന്ന സത്യം വിളിച്ചോതി, ഭൂതകാലത്തിൽനിന്ന് വർത്തമാനത്തിലേക്ക് സഞ്ചരിക്കുന്നതുപോലെ, അഥവാ പാലക്കാടുനിന്ന് ഡൽഹിയിലേക്കെത്തിയതുപോലെ, ഈ സിനിമ തീക്ഷ്ണമായൊരു ദൃശ്യാനുഭവമായിത്തീർന്ന് ഓർമകളുടെ തീക്കൊള്ളി കൊണ്ട് പ്രേക്ഷകനെ ചുട്ടുപൊള്ളിക്കുന്നുണ്ട്.
നെല്ലിയാമ്പതി മലനിരകൾക്കിപ്പുറം പച്ചവിരിച്ച ഗ്രാമീണ നിസ്സഹായതയെ മറവിയുടെ കോടമഞ്ഞുനീക്കി പുറത്തെടുത്ത് പ്രേക്ഷകനെ സങ്കടത്തിന്റെ ചുടുകാറ്റുകൊള്ളിക്കുന്നുണ്ട്.

ജനാധിപത്യധ്വംസനത്തിന്റെ വർത്തമാനകാലത്തെ രാഷ്ട്രീയപ്രേരിതമായ ചരിത്രരചനകളിലെ ബോധപൂർവമായ അശ്രദ്ധകൂടി ഓർമിപ്പിക്കുന്ന ഈ സിനിമ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം വളരെ ശക്തമാണ്; കാലികപ്രസക്തവുമാണ്.
അനുഭവങ്ങളിൽനിന്ന് പാഠമുൾക്കൊണ്ട് അതീവജാഗ്രതയോടെ ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കാനും കാലം മാപ്പുകൊടുക്കാത്ത തെറ്റുകൾ ആവർത്തിക്കാതിരിക്കാനും ഈ സിനിമ പ്രേക്ഷകനെ പ്രേരിപ്പിക്കുക മാത്രമല്ല, സമൂഹത്തോട് പറയാതെ പറഞ്ഞുപോകുകയും ചെയ്യുന്നുണ്ട്.
1971-ലെ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായിരുന്ന ലോക്ദളിലെ രാജ് നാരായണൻ ഫയൽ ചെയ്ത കേസിൽ ഹൈക്കോടതി ജസ്റ്റിസ് ജഗ്മോഹൻലാൽ സിൻഹ ഇന്ദിരാഗാന്ധിക്കെതിരായി വിധി പറഞ്ഞതും ഇന്ദിരാഗാന്ധിയുടെ ലോക്സഭാംഗത്വം നഷ്ടപ്പെട്ടതും അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുണ്ടായ നിരവധി കാരണങ്ങളിലൊന്നാണ്. ഭരണരംഗത്തും സാമൂഹിക-രാഷ്ട്രീയരംഗത്തും പ്രശ്നങ്ങൾ രൂക്ഷമായ വേളയിൽ, രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹമ്മദാണ് ഭരണഘടനയുടെ 352-ാം വകുപ്പിലെ ഒന്നാം ഉപവകുപ്പുപ്രകാരം ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
പത്രങ്ങൾക്ക് നേരെ സെൻസർഷിപ്പ് ഏർപ്പെടുത്തി. പ്രതിപക്ഷനേതാക്കളെ തുറുങ്കിലടച്ചു. പൗരന്മാരുടെ മൗലികാവകാശങ്ങൾ ഉറപ്പുനൽകുന്ന ഭരണഘടനയുടെ 14, 21, 22 വകുപ്പുകൾ നിർവീര്യമാക്കി.
1975 ജൂൺ 25 മുതൽ 1977 മാർച്ച് 20 വരെയായിരുന്നു അടിയന്തരാവസ്ഥക്കാലം.
കേരളത്തിൽ എല്ലാ മേഖലകളിലും ചെറുത്തുനിൽപ്പുകളുണ്ടായി. കോളേജ് ക്യാമ്പസുകളിൽനിന്നും പണിശാലകളിൽനിന്നും സമൂഹത്തിന്റെ നാനാതുറകളിലേക്കും പ്രതിഷേധം അലയടിച്ചുകയറി. അടിയന്തരാവസ്ഥയ്ക്കെതിരെ ആദ്യം രംഗത്തിറങ്ങിയതും പോരാടിയതും വിദ്യാർഥികളായിരുന്നു. അന്ന് എസ്.എഫ്.ഐ. സംസ്ഥാന പ്രസിഡന്റായിരുന്ന എം. എ. ബേബി, ജി. സുധാകരൻ, എം. വിജയകുമാർ എന്നിവർ നേതൃത്വം നൽകിയ മാർച്ചിൽ 25 പേർ പങ്കെടുത്തു.
പ്രകടനം ഏജീസ് ഓഫീസ് പരിസരത്തെത്തിയപ്പോൾ പൊലീസ് വളഞ്ഞു. 24 പേരെ അറസ്റ്റുചെയ്തു. പൊലീസ് വാനിലും സ്റ്റേഷനിലുംവച്ച് അടിവസ്ത്രം മാത്രം ധരിപ്പിച്ച് ക്രൂരമായി മർദിച്ചു. ഒന്നര മാസത്തേക്ക് റിമാൻഡ് ചെയ്തു. ജഡ്ജി ഫാത്തിമ ബീവി ജാമ്യം അനുവദിച്ചെങ്കിലും ഹൈക്കോടതി ജാമ്യം റദ്ദാക്കി 24 പേരെയും പൂജപ്പുര സെൻട്രൽ ജയിലിലാക്കി. ആദ്യദിനങ്ങളിൽ അറസ്റ്റിലായവരിൽ എസ്.എഫ്.ഐ. ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമുണ്ടായിരുന്നു. കേരളത്തിൽ 600-ൽപ്പരം എസ്.എഫ്.ഐ. പ്രവർത്തകർക്കെതിരെ കേസെടുത്തു.
അടിയന്തരാവസ്ഥയുടെ ദുരിതകാലം അങ്ങനെ തുടർന്നു…

കൊടുവായൂർ സ്കൂളിലെ കുട്ടികൾക്കുനേരെയുണ്ടായ ഭരണകൂട-പൊലീസ് ക്രൂരതകൾ നടന്നത് 1976-ലാണ്. കൊടുവായൂർ ഹൈസ്കൂളിലെ 19 നിഷ്കളങ്കരായ വിദ്യാർഥികളെ അടിയന്തരാവസ്ഥയ്ക്കെതിരെ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്തുവെന്ന കാരണത്താൽ സ്കൂളിൽ കയറി മർദിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തി 21 ദിവസം ജയിലിലടച്ചു. ഇടിവണ്ടിയിൽ കയറ്റി പുതുനഗരം പൊലീസ് സ്റ്റേഷനിലേക്കും പിന്നീട് പാലക്കാട് ജില്ലാ ജയിലിലേക്കും മാറ്റി.
കീഴ്ക്കോടതി ജാമ്യം നിഷേധിച്ച കേസിൽ ഹൈക്കോടതി ജാമ്യം നൽകി.
19 വിദ്യാർഥികളുടെ അനുഭവങ്ങൾ മാത്രമല്ല, “ഒഴിയാതെ” എന്ന സിനിമ മുന്നോട്ടുവയ്ക്കുന്നത്. ഒന്നര രൂപ ദിവസക്കൂലിക്ക് കൃഷിപ്പണിയെടുത്ത് ജീവിക്കുന്ന അരപ്പട്ടിണിക്കാരായ അവരുടെ കുടുംബങ്ങളുടേതുകൂടിയാണ് ഈ കഥ.
കൊടുവായൂർ സർക്കാർ സ്കൂളിലെ ഇടതുപക്ഷ വിദ്യാർഥിപ്രസ്ഥാനത്തിന്റെ സ്വാധീനം സഹിക്കാനാവാത്ത കേരള സ്റ്റുഡന്റ്സ് യൂണിയൻ പ്രവർത്തകർ കുറച്ച് എസ്.എഫ്.ഐ.ക്കാരെ തങ്ങളുടെ സംഘടനയുടെ ഭാഗമാക്കാൻ തുനിഞ്ഞിറങ്ങി. പണി പതിനെട്ടും പാളിയപ്പോൾ അടിയന്തരാവസ്ഥയുടെ അനുകൂല രാഷ്ട്രീയസാഹചര്യം മുതലെടുത്ത് നാട്ടിലെത്തന്നെ ചില പൊലീസുകാരുടെ സഹായത്തോടെയാണ് കുട്ടികൾക്കെതിരെ കള്ളക്കഥകൾ ചമയ്ക്കുന്നതും സംഘർഷമുണ്ടാക്കുന്നതും അകാരണമായി അറസ്റ്റുചെയ്യിപ്പിക്കുന്നതും.
കുട്ടികൾക്ക് ഭക്ഷണവും ദാഹജലവും നൽകാതെയാണ് അവരെ സെല്ലുകളിൽ പാർപ്പിച്ച് ക്രൂരമായ മർദനമുറകൾക്ക് വിധേയരാക്കിയത്.
ലോകത്തിലെ ഏറ്റവും വലിയ ദുഃഖം സ്ത്രീകളുടേതാണെന്ന് കവികൾ പറയാറുണ്ട്. കാലത്ത് സ്കൂളിലേക്ക് പോയ മകൻ നേരം വൈകിയിട്ടും തിരിച്ചുവരാതിരിക്കുമ്പോൾ ഓരോ അമ്മയിലും അതുണ്ടാക്കുന്ന ഉത്കണ്ഠയും വേദനയും എത്രമാത്രമായിരിക്കുമെന്ന് ഈ സിനിമ പ്രേക്ഷകനെയും അനുഭവിപ്പിക്കുന്നുണ്ട്.
ഒരമ്മ ചോദിക്കുന്നുപോലുമുണ്ട്…
“എന്റെ മകൻ ഒന്നും മോഷ്ടിച്ചിട്ടില്ലല്ലോ? അവൻ യാതൊരു കുറ്റകൃത്യവും ചെയ്തിട്ടില്ലല്ലോ? പിന്നെന്തിനാണ് അവനെ പൊലീസ് പിടിച്ചുകൊണ്ടുപോയത്?”
ഈച്ചരവാര്യർ മുതൽ പല മാതാപിതാക്കളും ഇത്തരം ചോദ്യങ്ങൾ ചോദിച്ചിട്ടുണ്ട് എന്ന ചരിത്രം നമുക്കറിയാം.
ഇന്നത്തെപ്പോലെ ഫോൺസൗകര്യങ്ങളോ വാഹനസൗകര്യങ്ങളോ മറ്റു വാർത്താവിനിമയ സംവിധാനങ്ങളോ ഇല്ലാതിരുന്ന ഒരു കാലത്ത്, മക്കൾ തിരിച്ചുവരുന്നതുവരെ തീ തിന്ന അമ്മമാരുടെയും ഭക്തിയും ദൈവവിശ്വാസവും ആചാരങ്ങളും അനുഷ്ഠാനങ്ങളുമൊക്കെ ഇടകലർന്ന സാംസ്കാരിക പൈതൃകമുള്ള ഒരു ഗ്രാമീണജനതയുടെയും, അഥവാ ഗ്രാമത്തിന്റെതന്നെ, 21 ദിവസത്തെ കാത്തിരിപ്പിന്റെ കഥകൂടിയാണ് “ഒഴിയാതെ”.
അടിയന്തരാവസ്ഥയുടെ ക്രൂരതകൾക്കിടയിൽ ഈ കുട്ടികളുടെ ദുരന്തകഥ ശ്രദ്ധിക്കപ്പെടാതെ പോയത് അവരെല്ലാം കർഷകത്തൊഴിലാളി കുടുംബങ്ങളിൽനിന്നുള്ളവരും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുമായതുകൊണ്ടാണെന്ന രാഷ്ട്രീയവായന തെറ്റാവുകയുമില്ല.
“ഞങ്ങളെന്ത് തെറ്റാണ് ചെയ്തത്?” എന്ന് കൊടുവായൂരിലെ കുട്ടികൾ ചോദിച്ചപ്പോൾ ഉത്തരം മുട്ടിയതുപോലെ, വർത്തമാനകാലത്തും കുട്ടികളുടെ ചോദ്യങ്ങൾക്കുനേരെ കൊഞ്ഞനം കുത്തുന്നവരാണ് ഇന്നും നമ്മളെ ഭരിക്കുന്നത്.
സന്ദർഭം വ്യത്യസ്തമാണെങ്കിലും, “എന്താണ് ക്രൈം? ആരാണ് ക്രിമിനൽ?” എന്ന് മധു മാസ്റ്ററുടെ ഒരു കഥാപാത്രം നാടകത്തിലൂടെ ചോദിച്ചതുപോലെ, വെയിലത്തും മഴയത്തും നിന്ന് ഇന്നും കുട്ടികൾ ചോദിക്കുന്നുണ്ട്…
ഇന്നും ആ ചോദ്യം “ഒഴിയാതെ” നമ്മളെ വേട്ടയാടുന്നുമുണ്ട്.
സാങ്കേതികമികവും മിതത്വവും പാലിച്ച സിനിമ നല്ലൊരു ദൃശ്യാനുഭവം കാഴ്ചവയ്ക്കുന്നു. മലനിരകൾ അതിരിട്ട പച്ചപ്പാടങ്ങളും കരിമ്പനകൾ വരിനിൽക്കുന്ന പച്ചത്തുരുത്തുകളും നിറഞ്ഞ പാലക്കാടൻ ഗ്രാമസൗന്ദര്യം ഒപ്പിയെടുത്ത സോണി സുകുമാരന്റെ ഛായാഗ്രഹണവും മേതിൽ സതീശന്റെ വരികളും ബിജി ബാലിന്റെ സംഗീതവും ചരിത്രത്തിന് ജീവൻ നൽകി ചിത്രത്തെ കൂടുതൽ അനുഭവവേദ്യവും ആസ്വാദ്യകരവുമാക്കുന്നു.
പാലക്കാടൻ പ്രാദേശികഭാഷ ഒട്ടും കലർപ്പില്ലാതെ മനോഹരമായി സിനിമയിൽ സന്നിവേശിപ്പിച്ചിട്ടുമുണ്ട്. പ്രദേശവാസികളിൽ പലരും അഭിനേതാക്കളായത് ഒരു സമൂഹത്തിന്റെ സ്വത്വം നിലനിർത്തുന്നതിനും സത്യസന്ധമായി വസ്തുതകൾ അവതരിപ്പിക്കുന്നതിനും സഹായകമാവുക മാത്രമല്ല, സിനിമയുടെ മാറ്റ് കൂട്ടുകയും ചെയ്തു.

മേതിൽ കോമളൻകുട്ടി (ഇൻസൈറ്റ് ദ ക്രിയേറ്റീവ് ഗ്രൂപ്പ്) നിർമ്മിച്ച്, “കളിയച്ഛനും”, “പൊരിവെയിലും” ഒക്കെ സമ്മാനിച്ച സംസ്ഥാന അവാർഡ് ജേതാവ് കൂടിയായ ഫാറൂഖ് അബ്ദുൾ റഹ്മാൻ രചനയും ഒരു നെയ്ത്തുകാരന്റെ കരവിരുതോടെ സംവിധാനവും നിർവഹിച്ച ഈ ചലച്ചിത്രം വെറുമൊരു ഓർമപ്പെടുത്തൽ മാത്രമല്ല, വിസ്മൃതിയിലാണ്ട ഒരു ചരിത്രഖണ്ഡത്തിന്റെ വീണ്ടെടുപ്പുകൂടിയാണ്.
പ്രേംസായി (എഡിറ്റിംഗ്), പ്രമോദ് പള്ളിയിൽ (കലാസംവിധാനം), ഗണേഷ് മാരാർ (സൗണ്ട് ഡിസൈൻ & മിക്സ്), നിഷാദ് എം. ബി. (കളറിംഗ്), ലതാ മോഹൻ (വസ്ത്രാലങ്കാരം), ബിൻസ് ജോസഫ് (ചീഫ് അസോസിയേറ്റ് ഡയറക്ടർ), സതീഷ് ദാമോദരൻ (ഡിസൈൻ) എന്നിവരും ഒരു കാലഘട്ടത്തെ പുനർജനിപ്പിക്കാൻ കൂട്ടുകൂടിയവരാണ്.
സിനിമ കണ്ട് പുറത്തിറങ്ങിയപ്പോൾ മുന്നിൽ പത്തറുപത് വയസ്സിനു മുകളിൽ പ്രായം തോന്നിക്കുന്ന ഒരാൾ…
പടർന്ന പുഞ്ചിരി അയാളിലേക്കടുപ്പിച്ചപ്പോൾ, ഹസ്തദാനം ചെയ്ത് സിനിമയെക്കുറിച്ച് അഭിപ്രായം ആരാഞ്ഞു. എന്നിട്ട് അദ്ദേഹം സ്വയം പരിചയപ്പെടുത്തി…
നാരായണൻ വാഴക്കോട്.
കൊടുവായൂർ സർക്കാർ സ്കൂളിലെ 19 വിദ്യാർഥികളിൽ ഒരാൾ… ആ 13 വയസ്സുകാരൻ…
1976-ലെ ഒരു കാലഘട്ടം എന്റെ ഉള്ളംകൈയിൽ സ്പന്ദിച്ചു. ഇടത്തെ കൈമുഷ്ടി അറിയാതെ ചുരുണ്ടു…
ഗുരുവായൂർ അപ്പാസ് തിയറ്റർ കൊടുവായൂർ സ്കൂളായി. ചുറ്റിലും ഇങ്ക്വിലാബ് വിളികളുടെ ഇരമ്പമാണ്…
കുറച്ചു പൂക്കൾ ഇറുത്താലും വസന്തം വരാതിരിക്കില്ലെന്നോർത്ത്, ഫാസിസത്തിന്റെ കരാളഹസ്തങ്ങൾ കുട്ടികളെ വേട്ടയാടിയ ഒരു കാലഘട്ടത്തിന്റെ വിങ്ങലും വിതുമ്പലും “ഒഴിയാതെ”, അപ്രഖ്യാപിത അടിയന്തരാവസ്ഥയുടെ വർത്തമാനസമസ്യകളിലേക്ക് പൊള്ളുന്ന ഉൽക്കണ്ഠകളും പേറി, നീതിയുടെ പക്ഷം ചേർന്ന് ഞാൻ ഇറങ്ങിനടന്നു…
പാബ്ലോ ലാറെയിന്റെ വാക്കുകളോർത്തു…
“Cinema is always a political art, at the end!”







No Comments yet!