Skip to main content

യുക്തിവാദികള്‍ ലക്ഷ്യമില്ലാത്തവരോ?

യുക്തിവാദി, സ്വതന്ത്രചിന്തകന്‍, ഫ്രീ തിങ്കര്‍ എന്നൊക്കെ സ്വയം അവകാശപ്പെടുന്ന നിരീശ്വവാദികള്‍ ലക്ഷ്യമില്ലാത്തവരോ? എന്നൊരു ചര്‍ച്ച നടക്കുന്നത് കണ്ടു.

ഇതില്‍ തന്നെ നിരീശ്വവാദികളില്‍ യുക്തിവാദികള്‍ എന്നത് ലോക്കല്‍സും സ്വതന്ത്രചിന്തകന്‍, ഫ്രീ തിങ്കര്‍ എന്നൊക്കെ പേരുള്ളവര്‍ എലൈറ്റ് ക്ളാസും ആണെന്നും അവരില്‍പലരും തങ്ങള്‍ യുക്തിവാദികള്‍ എന്ന് അറിയപ്പെടുന്നത് കുറച്ചിലായതുകൊണ്ട് ബാര്‍ബര്‍ ഷോപ്പ് പേരുമാറ്റി ജെന്റസ് ബ്യുട്ടിപാര്‍ലറും സലൂണും ഒക്കെ ആക്കിയതുപോലെ ഒരു ഏര്‍പ്പാടാണ് സ്വതന്ത്രചിന്തകന്‍, ഫ്രീ തിങ്കര്‍ എന്നിങ്ങനെയൊക്കെയുള്ള ഐറ്റങ്ങള്‍ എന്ന് ഷാജു ലാസര്‍ കഴിഞ്ഞ വര്‍ഷം ഒരു പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതുകണ്ട് തമാശയാണെന്നാണ് ഞാന്‍ ആദ്യം കരുതിയതെങ്കിലും അങ്ങിനെയും ചിലരൊക്കെ ഉണ്ടെന്ന് പിന്നീട് മനസിലായി. സ്വതന്ത്രമായ ഒരു ചിന്തയും സ്വതന്ത്രമായ ഒരു അറിവും ഉണ്ടോ എന്നെനിക്കറിയില്ല. എങ്കിലും ഒരു നൂറ്റാണ്ടായി യുക്തിവാദികള്‍ എന്നപേരില്‍ അറിയെപ്പെടുന്ന യുക്തിവാദികള്‍ എന്ന അലവലാതികള്‍ക്ക് ലക്ഷ്യം ഉണ്ടോ എന്ന് മാത്രം പറയാം. മറ്റേ ചിന്തകരുടെ കാര്യം അവരെല്ലാം വലിയ ചിന്തകര്‍ ആയതിനാല്‍ പറയാന്‍ പ്രയാസമാണ്.

പുന്നപ്ര-വയലാര്‍ സമര സ്മാരകം

പുന്നപ്രവയലാര്‍ സമരത്തിന്റെ ചരിത്രവും യുക്തിവാദി സംഘത്തിന്റെ ചരിത്രവും ഒരുപോലെയാണ്, പുന്നപ്രവയലാര്‍ സമരത്തെക്കുറിച്ച് കമ്യൂണിസ്റ്റുകാര്‍ ആരെങ്കിലും എഴുതിയ പുസ്തകങ്ങളില്‍ നിന്നും മനസിലാക്കാം എന്ന് കരുതിയാല്‍ സിപിഎംകാര്‍ ഇറക്കിയ ഏതെങ്കിലും ബുക്ക് ആണെങ്കില്‍ സിപിഐ നേതാക്കള്‍ പലരും സമരത്തില്‍ കാണില്ല, സിപിഐ ഇറക്കിയ ബുക്ക് ആണെങ്കില്‍ സിപിഎം ന് ഒപ്പം പോയവരും പലരും കാണില്ല, അത് പോലെയാണ് യുക്തിവാദികളുടെ ചരിത്രം. യുക്തിവാദികള്‍ തന്നെ എഴുതിയ പുസ്തകങ്ങളിലൂടെ പഠിക്കാന്‍ ശ്രമിച്ചാലും.

കേരളത്തില്‍ യുക്തിവാദി പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് കാരണമായിത്തീര്‍ന്ന ആലുവ അദ്വൈതാശ്രമത്തില്‍ വെച്ച് ഗുരുവും സഹോദരന്‍ അയ്യപ്പനും തമ്മില്‍ നടന്ന സംഭാഷണം ഗുരുവൈഖരിയില്‍ ഉണ്ട്, അത് വായിച്ചാല്‍ തന്നെ ലക്ഷ്യം മനസിലാകും. ലക്ഷ്യം സെമിനാര്‍ നടത്തലും പ്രസംഗം പറയലും മാത്രമായിരുന്നില്ല എന്നും മനസിലാകും.

ശ്രീനാരായണ ഗുരുവും സഹോദരന്‍ അയ്യപ്പനും

‘അയ്യപ്പന്‍ നന്നായി കവിതയെഴുതും, നന്നായി ഉപന്യാസമെഴുതും. നന്നായി പ്രസംഗം പറയും പക്ഷേ ഇങ്ങനെ പ്രസംഗിച്ചു നടന്നിട്ട് എന്ത് കാര്യം ആയപ്പാ? നമുക്ക് കാര്യമായി എന്തെങ്കിലും ചെയ്യണ്ടേ?’ എന്ന നാരയണഗുരുവിന്റെ ആ ചോദ്യമോ ചെറിയൊരു ഇന്‍സള്‍ട്ടിങ്ങോ ആണ് അയ്യപ്പനെക്കൊണ്ട് കാര്യമായി എന്തെങ്കിലുമൊക്കെ ചെയ്യാന്‍ തന്നെ തീരുമാനിപ്പിച്ചത്. അങ്ങിനെയാണ് സഹോദര സംഘവും യുക്തിവാദി സംഘവുമൊക്കെ രൂപീകരിക്കപ്പെടുന്നത്.

1916 മെയ് 29-ന് ആയിരുന്നു നാരായണഗുരു മതവും ജാതിയുമെല്ലാം ഉപേക്ഷിച്ചുകൊണ്ടുള്ള പത്രപരസ്യം നല്‍കിയത്. അതിന്റെ വാര്‍ഷികത്തിന് ഒരുമാസം മുന്‍പ് 11 ആം മാസം അതേ ദിവസം 1917 ഏപ്രില്‍ 29 ന് ആയിരുന്നു കൊച്ചിയില്‍ കെ. അയ്യപ്പന്‍ സഹോദര സംഘത്തിന് രൂപം നല്‍കിയത്. മിശ്ര ഭോജനം, മിശ്രവിവാഹം, അധ:കൃതവര്‍ഗോദ്ധാരണം, സ്ഥിതിസമത്വവാദം ജാതി നശീകരണം എന്നിവയായിരുന്നു സഹോദര സംഘത്തിന്റെ പ്രവര്‍ത്തന പരിപാടികള്‍. ഈ സംഘത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു ഒരുമാസത്തിന് ശേഷം 1917 മെയ് 29-ന് അതായത് നാരായണഗുരു ജാതിയും മതവുമെല്ലാം ഉപേക്ഷിച്ചതിന്റെ ഒന്നാം വാര്‍ഷിക ദിവസം ആണ് ചെറായിയില്‍ കേരളം രുചിച്ച സാമൂഹ്യവിപ്‌ളവ രുചിയുള്ള ‘മിശ്രഭോജനം’ നടന്നത്.

തുടര്‍ന്ന് എസ്എന്‍ഡിപി യോഗത്തിന് ശാഖകള്‍ ഉണ്ടാകുന്നതിനൊക്കെ മുന്‍പ് തന്നെ
തിരുവിതാംകൂറിലും കൊച്ചിയിലും സഹോദര സംഘത്തിന് പലസ്ഥത്തും യൂണിറ്റുകള്‍ ഉണ്ടായിരുന്നു.

മിശ്രഭോജനത്തിന് നാലുവര്ഷത്തിന് ശേഷം ഗുരു മതം ഉപേക്ഷിച്ചതിന്റെ അഞ്ചാം വാര്‍ഷിക ദിവസം ‘സാഹോദര്യം പുലരാന്‍ വര്‍ണ്ണാശ്രമ ധര്‍മ്മം വലിച്ചെറിയുക’ എന്ന മുദ്രാവാക്യവുമായി സഹോദര സംഘം ആലുവയില്‍ ”സമസ്ത കേരള സഹോദര സമ്മേളനം” നടത്തിയതും 1921 മെയ് 29-ന് ആയിരുന്നു. സമ്മേളന പന്തലിന്റെ കവാടത്തില്‍ ”സാഹോദര്യം സര്‍വത്ര” എന്നൊരു സൂക്തം എഴുതിവെച്ചിരുന്നു.

അദ്വൈതാശ്രമം – ആലുവ

1925 ല്‍ അദ്വൈതാശ്രമത്തില്‍ സംഘടനാ രൂപീകരണത്തെക്കുറിച്ച് ആലോചനകള്‍ നടക്കുന്നുണ്ടെങ്കിലും പിന്നീട് കേരളത്തിലെ ആദ്യ യുക്തിവാദി പ്രസ്ഥാനമായ ‘കേരളാ യുക്തിവാദി സഭ’യുടെ ആദ്യസമ്മേളനം നടന്നത് 1926 മെയ് 29-ന് മിതവാദി കൃഷ്ണന്റെ വീട്ടില്‍ ആയിരുന്നു. എന്താണ് ആ ദിവസത്തിന്റെ പ്രത്യേകത? നാരയണഗുരു മതം ഉപേക്ഷിച്ച് മനുഷ്യന്‍ ആയതിന്റെ 10 ആം വാര്‍ഷിക ദിവസം ആണ് അതിനവര്‍ തിരഞ്ഞെടുത്തത്. ചില സീനിയര്‍ യുക്തിവാദി നേതാക്കളുടെ പുസ്തകങ്ങളില്‍ ഊഹിച്ചു പറയുംപോലെ കുറ്റിപ്പുഴ കൃഷ്ണപിള്ള ആ യോഗത്തില്‍ ഇല്ലായിരുന്നു. കുറ്റിപ്പുഴ അക്കാലത്തൊക്കെ ഭക്തിവാദി ആയിരുന്നു. നാസ്തികരായ സിവി കുഞ്ഞിരാമനും മിതവാദി കൃഷ്ണനും സഹോദരന്‍ അയ്യപ്പനും രാമവര്‍മ്മ തമ്പാനും എംസി ജോസഫ്ഉം ഉള്‍പ്പെടെ അറുപതോളം പേര്‍ ആ യോഗത്തില്‍ പങ്കെടുത്തിരുന്നതായി എംസി തന്നെ എഴുതിയിട്ടുണ്ട്.

തൊട്ടടുത്തവര്‍ഷം 1927ല്‍ തന്നെ സംഘടനയ്ക്ക് ഒരു മുഖപത്രം വേണമെന്ന് തീരുമാനിക്കുകയും അതിനായി ‘യുക്തിവാദി’ എന്നപേരില്‍ കോഴിക്കോട് നിന്നും ഒരു മാസിക ആരംഭിക്കാനും. അത് മിതവാദി പ്രസ്സില്‍ അച്ചടിക്കാനും തീരുമാനിക്കുകയും അതിന്റെ പോസ്റ്റല്‍ രജിസ്ട്രേഷനും ലൈസന്‍സിനും മറ്റു കാര്യങ്ങള്‍ക്കും ഒക്കെയായി കൃഷ്ണന്‍ വക്കീലിനെ ചുമതലപ്പെടുത്തുകയും ചെയ്തെങ്കിലും പലകാരണങ്ങള്‍ കൊണ്ട് അത് നീണ്ടുപോകുകയും അവസാനം രണ്ടുവര്ഷത്തിന് ശേഷം സഹോദരന്‍ തന്നെ മുന്‍കൈ എടുത്ത് 1929 മുതല്‍ എറണാകുളത്ത് നിന്നും പ്രസിദ്ധീകരിച്ച് തുടങ്ങുകയുമായിരുന്നു എന്ന് എംസി തന്നെ എഴുതിയിട്ടുണ്ട്, അതിനേക്കാള്‍ വലിയ ആധികാരിക തെളിവാണോ മറ്റേ പുസ്തകം?

യുക്തിവാദിയുടെ ആദ്യ ലക്കത്തിലെ പ്രസ്താവനയില്‍ തന്നെ സഹോദരന്‍ അയ്യപ്പന്‍ യുക്തിവാദിയുടെ ലക്ഷ്യങ്ങള്‍ വിവരിക്കുന്നുണ്ട്- ‘യുക്തിവാദം ഒരു മതമല്ല. അത് യുക്തിയെ അടിസ്ഥാനപ്പെടുത്തിയുള്ള അറിവ് മാത്രം സ്വീകരിക്കുക എന്ന ഒരു മനോഭാവമാണ്. ഈ മനോഭാവം ജനങ്ങളില്‍ സൃഷ്ടിക്കാനായിരിക്കും ‘യുക്തിവാദി’ യുടെ ശ്രമം. അതിനു യുക്തിവിരുദ്ധമായ വിശ്വാസങ്ങളെ ഖണ്ഡിക്കുകയും യുക്തിയുക്തമായ അറിവിനെ പരത്തുകയും വേണം. പരിപൂര്‍ണ ജ്ഞാനത്തിലും അഭേദ്യ ജ്ഞാനത്തിലും യുക്തിവാദിക്ക് വിശ്വാസമില്ല. അതുകൊണ്ട് യുക്തിക്കനുസരിച്ച് ശരിയെന്നു കണ്ട് ഒരിക്കല്‍ പറയുന്നത് പിന്നെ പുതിയ അന്വേഷണങ്ങളുടെ ഫലമായി തെറ്റെന്നു കണ്ടാല്‍ തെറ്റെന്നും മുന്‍പ് തെറ്റെന്നു കണ്ടത് അപ്രകാരം പിന്നെ ശരിയെന്നു കണ്ടാല്‍ ശരിയെന്നും സമ്മതിക്കുവാന്‍ യുക്തിവാദിക്ക് വിരോധമില്ല. അങ്ങനെ സമ്മതിക്കേണ്ടത് യുക്തിവാദിയുടെ മുറയുമാണ്. അറിവ് യുക്തിയുക്തമായിരിക്കണമെന്നതില്‍ മാത്രമാണ് യുക്തിവാദി സ്ഥിരത എടുക്കുന്നത്.’

എം.സി. ജോസഫ്

നാരായണഗുരുവിന്റെ മരണശേഷമാണ് കുറ്റിപ്പുഴ യുക്തിവാദി ആകുന്നത്. അതേക്കുറിച്ച് കുറ്റിപ്പുഴയും എഴുതിയിട്ടുണ്ട് സഹോദരന്‍ അയ്യപ്പനും ശിവഗിരി പ്രസംഗത്തില്‍ പറഞ്ഞിട്ടുണ്ട്. ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ആ പുസ്തകത്തില്‍ ഒരുപാട് തെറ്റുകള്‍ ഉണ്ട്, കുറ്റിപ്പുഴ ആലുവ അദ്വൈതാശ്രമത്തിന്റെ സ്‌കൂളില്‍ ആണ് പഠിച്ചത് എന്നാണ് അതില്‍ പറയുന്നത്. അദ്ദേഹം അയിരൂര്‍ പ്രൈമറി സ്‌കൂള്‍, ആലുവ സെന്റ് മേരീസ് സ്‌കൂള്‍ എന്നിവിടങ്ങളില്‍ ആണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. കുറ്റിപ്പുഴ നാരയണഗുരുവിനെ കാണുന്നത് തന്റെ 21 ആമത്തെ വയസിലാണ്. 1922 മുതല്‍ 4 വര്‍ഷം അദ്ദേഹം ആലുവ അദ്വൈതാശ്രമം സംസ്‌കൃത സ്‌കൂളിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. പിന്നീട് ആലുവ യു.സി. കോളേജില്‍ മലയാളം അധ്യാപകനായി. എന്നാല്‍ നാരയണ ഗുരു ആശ്രമത്തില്‍ ഒരു മുറി അദ്ദേഹത്തിനു നല്‍കിയിരുന്നു, അങ്ങിനെ സന്യാസി ആയില്ലെങ്കിലും പാതി സന്യാസി ആയി അവിടെ കഴിയുകയായിരുന്നു. അന്നൊക്കെ അദ്ദേഹം ഒരു അദ്വൈതി ആയിരുന്നു പക്ഷേ നിരീശ്വരവാദി ആയിരുന്നില്ല. വിവാഹവും കഴിച്ചില്ല.

കുറ്റിപ്പുഴ കൃഷ്ണപിള്ള

1935 നവംബര്‍ 11 ന് കൊച്ചിയില്‍ പച്ചാളം അയ്യപ്പന്‍കാവില്‍ വെച്ച് യുക്തിവാദികളും സഹോദരസംഘക്കാരും വീണ്ടും യോഗം ചേര്‍ന്ന് ‘യുക്തിവാദി സംഘം’ എന്നപേരില്‍ തന്നെ സംഘടന രജിസ്റ്റര്‍ ചെയ്യുകയും സഹോദര സംഘം യുക്തിവാദി സംഘത്തില്‍ ലയിക്കുകയും ചെയ്ത സമ്മേളനത്തിലാണ് കുറ്റിപ്പുഴ വൈസ് പ്രസിഡന്റ് ആകുന്നത്. അന്ന് രാമവര്‍മ്മ തമ്പാന്‍ പ്രസിഡന്റായും എംസി ജോസഫ് സെക്രട്ടറി ആയും പനമ്പിള്ളി ഗോവിന്ദമേനോന്‍ ട്രഷററായും സഹോദരന്‍ അയ്യപ്പന്‍ രക്ഷാധികാരി ആയും തിരഞ്ഞെടുക്കപ്പെട്ടു. ഈ യോഗത്തെക്കുറിച്ചാണ് സഹോദരസംഘമാണ് പിന്നീട് യുക്തിവാദി സംഘമായി മാറിയത് എന്നൊക്കെ പറയുന്നത്. ആദ്യത്തെ യുക്തിവാദി സഭയുടെ മീറ്റിങ് അല്ല അത്. ആദ്യത്തെ യോഗത്തില്‍ ഡോ. പിപി ആന്റണിയും പി കെ കോരുമാസ്റ്ററും കെപി വള്ളോനും ഒക്കെയുണ്ടായിരുന്നു പക്ഷേ കുറ്റിപ്പുഴ ഉണ്ടായിരുന്നില്ല.

സഹോദരന്‍ അയ്യപ്പന്‍ തന്റെ അവസാനത്തെ ശിവഗിരി പ്രസംഗത്തിലും അത് പറയുന്നുണ്ട് ‘ഗുരുവിന്റെ ‘നീ സത്യം ജ്ഞാനം ആനന്ദം’ എന്ന വരിയിലെ ജ്ഞാനം എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്റെ മനസിലേക്ക് വരാറുള്ളത് മഹാപണ്ഡിതനായിരുന്ന കുറ്റപ്പുഴ കൃഷ്ണപിള്ള ആണെന്നും. ഒരുപീഡ എറുമ്പിനും വരുത്തരുതെന്ന് പറഞ്ഞു ജീവിച്ച ഗുരുവിന്റെ വേദന സഹിച്ചുള്ള മരണം കണ്ട് ഈ സ്വാമിമാര്‍ക്കൊന്നും മനസിലാകാത്ത ഒരു കാര്യം കുറ്റിപ്പുഴയ്ക്ക് മനസിലായി ഈ ദൈവം എന്നൊന്നില്ലെന്ന്. അങ്ങിനെ നാരയണഗുരുവിന്റെ മരണം കണ്ട് കേരളത്തില്‍ ഒരു യുക്തിവാദി ഉണ്ടായി കുറ്റിപ്പുഴ കൃഷ്ണപിള്ള….’ എന്ന്. അതിനര്‍ത്ഥം അതിന് മുന്‍പ് കുറ്റിപ്പുഴ യുക്തിവാദി ആയിരുന്നില്ല എന്ന് തന്നെ അല്ലേ? ശ്രീനാരായണ ഗുരുവിന്റെ മരണമാണ് തന്നെ യുക്തിവാദിയാക്കിയതെന്ന് കുറ്റിപ്പുഴ തന്നെ എഴുതിയിട്ടുമുണ്ട്.

ആ പുസ്തകത്തിന്റെ രചയിതാവ് കുറ്റിപ്പുഴയെ നേരിട്ട് പരിചയം ഉള്ളയാള്‍ ആയിരുന്നെങ്കിലും ഇതെന്ത് താത്പര്യം വെച്ചാണ് ഇങ്ങനെയൊക്കെ എഴുതിയിട്ടുള്ളതെന്നറിയില്ല. എങ്കിലും യുക്തിവാദികളുടെ ലക്ഷ്യം മനസ്സിലായിക്കാണും എന്ന് കരുതുന്നു.

ഇപ്പോഴത്തെ കെവൈഎസ് നും ലക്ഷ്യങ്ങളും പരിപാടിയും ഭരണഘടനയും എല്ലാമുണ്ട്. അത് അവര്‍ പ്രിന്റ് ചെയ്ത് ഇറക്കിയിട്ടുമുണ്ട്.

No Comments yet!

Your Email address will not be published.