Skip to main content

വസന്തത്തിൻ്റെ മേഘഗർജ്ജനം

ദൈവം ആറാം ദിവസം സ്ത്രീയും പുരുഷനുമായി മനുഷ്യനെ സൃഷ്ടിച്ചു. സന്താനപുഷ്ടിയുള്ള വരായി പെരുകുവിൻ.
ഭൂമിയിൽ നിറഞ്ഞ്. അതിനെ കീഴടക്കുവിൻ. കടലിലെ മത്സ്യങ്ങളുടേയും ആകാശത്തി ലെ പറവകളുടേയുംമേൽ നിങ്ങൾക്ക് ആധിപത്യമുണ്ടായിരിക്കട്ടെ. ദൈവം അരുളി ചെയ്തു. ആറു നാളുകൾ കൊണ്ട് വൈറസ് സംക്രമണം പോലെ കോടിക്കണക്കിന് അനുഭാവിവൃന്ദങ്ങളെ ഉല്പാദിപ്പിച്ചുകൊണ്ട് കീട ജന്മമായ പാറ്റകളുടെ യുവജന പ്രസ്ഥാനം നാട്ടിൽ അഭൂതപൂർവമായി പെരുകിപ്പടരുകയാണ്.

പാറ്റയെന്നു വിളിച്ച് അധിക്ഷേപിച്ചവർക്കെതിരെ ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ യുവശക്തിയുടെ പ്രതിഷേധാഗ്നിയാണ് ഇവിടെ മിന്നൽക്കൂട്ടമായി ഉയർത്തെഴുനേൽക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പരുവപ്പെടുത്തി ത്വരിതമാക്കപ്പെട്ട യുവമനസ്സുകളിൽ സവിശേഷ സന്ദർഭങ്ങളിലെ അടിയന്തര ആഖ്യാന
ങ്ങളാണ് രാഷ്ട്രീയവെളിപാടുകളായി തീ പാറിക്കുന്നത്.

India's Gen Z 'Cockroach' party channels youth anger but faces offline  hurdles | Reuters

വർത്തമാനകാലത്തെ മുഖ്യ സാമൂഹ്യ പ്രശ്നങ്ങളെ പ്രഹരശേഷിയാർന്ന കോപ്പുകളാക്കി മാറ്റുന്നതും അനീതിക്കെതിരെ കാഞ്ചി വലിക്കുന്നതും ഈ പാറ്റകൾ തന്നെയാണ്. ചരിത്രപരമോ സാമൂഹികമോ ആയ ഒരവബോധം രൂപപ്പെട്ടിട്ടില്ലെന്നു കരുതുന്ന യുവമനസ്സുകളുടെ പുതിയ നൈതിക കാഴ്ചപ്പാടുകളാണ് ഈ യുഗാരംഭത്തിന് തുടക്കം കുറിച്ചതെന്നത് തികച്ചും അത്ഭുതകരമാണ്. സ്വാതന്ത്ര്യാനന്തര ഭരണകൂടങ്ങൾ ക്ക് ജനാധിപത്യ മതേതര ആശയങ്ങളുടെ ഒരു പ്രത്യയശാസ്ത്രദർശനാടിത്തറ ഉണ്ടായിരുന്നതായി കണക്കാക്കാവുന്നതാണ്. എന്നാൽ ഭരണം സ്ഥിരാവകാശമാക്കുകയും വ്യവസ്ഥാപിതമാക്കുകയും ചെയ്തതോടെ അധികാര രൂപങ്ങളെല്ലാം സ്ഥാപനവൽക്കരിക്കപ്പെടുകയും നിശ്ചലമാകുകയും ചെയ്തു. അപ്പോൾ അനീതിക്കെതിരെ പ്രതികരിക്കുന്നവരെ രാജ്യദ്രോഹികളാക്കി പീഡിപ്പിക്കുകയും അഴിമതിയും കൊള്ളയും വഴി രാജ്യത്തെ തകർക്കുകയും ചെയ്യുന്ന ക്ഷുദ്രജീവികളായി അധികാരികൾ മാറുകയും ചെയ്തു.

ജനാധിപത്യ മൂല്യങ്ങളെ ഭൂരിപക്ഷ ധാർഷ്ട്യം കൊണ്ട് ശിഥിലമാക്കുന്നതോടെ അതിൻ്റെ മഹാവിപത് രൂപമായ ഫാസിസത്തിലേക്കാണ് ഭരണകൂട ഭീകരത ഒടുവിൽ എത്തിനില്ക്കുന്നത്. 90 കളിലാരംഭിച്ച നവ
ഉദാരവൽക്കരണ രക്ഷാമാർഗങ്ങൾ തുറന്നുകൊടുത്ത് കോർപ്പറേറ്റ് മൂലധന ശക്തികളുടെ കരുക്കളായി
സ്വയം പരിണമിച്ച ഭരണകൂടം ആട്ടക്കലാശത്തിന് അരങ്ങൊരുക്കിയിരിക്കുകയാണ്. ഓരോ ചരിത്ര സന്ധികളിലും പ്രതിലോമ ഭരണകൂടങ്ങൾക്കെതിരെ ലോകത്തെ ഏതാണ്ട് രാജ്യങ്ങളിലും ജനകീയ വിമോചന സ്വപ്നങ്ങളുടെ വസന്ത വിപ്ലവങ്ങൾ പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.

നമ്മുടെ നാട്ടിലെത്തന്നെ അസം ഗണ പരിഷത്. ആം ആദ്മി പാർട്ടി തുടങ്ങിയ പ്രസ്ഥാനങ്ങളുടെ ഊറ്റ
വും ഉയർച്ചയും പതനവും വരെ നമ്മൾ കണ്ടതാണ്. ഇന്തോനേഷ്യ, ഫിലിപ്പീൻസ് , അറബി
രാജ്യങ്ങൾ. നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലും നടന്ന ജനകീയ വിമോചന കലാപങ്ങളും
നമുക്കറിയാം. സ്വയംഭൂവെന്നു തോന്നിപ്പിക്കുന്ന കലാപങ്ങളുടെ ഉറവിടവും ഊർജ
കേന്ദ്രങ്ങളും നമുക്ക് തിരിച്ചറിയാനാവാത്ത വിധം അജ്ഞാതമാണ് അരാഷ്ട്രീയ ബുദ്ധി
ജീവികളുടെ വലതുപക്ഷ വ്യതിയാനങ്ങളിലേക്കും ജനവിരുദ്ധ ദുഷ്പ്രവണതകളിലേക്കും കുഴഞ്ഞുവീണ്
സിദ്ധി കൂടിയ പല പ്രസ്ഥാനങ്ങളും നമ്മുടെ വിസ്മൃതിയിലാണ്ടുപോയിട്ടുണ്ട്. അതുകൊണ്ടാണ് ആശയ രൂഢമായ ഒരുൾക്കാമ്പ് ഈ സൈബറിടത്തിലെ ഡിജിറ്റൽ കൂട്ടായ്മക്ക് അന്യമാണെന്നും ഇവരുടെ പ്രതിഷേധഘോഷം മാറ്റൊലി
വിപ്ലവമാണെന്നും കുറച്ചു കാണുന്നവരുണ്ടാകുന്നത്.

വ്യവസ്ഥാപിത രീതികൾക്കെതിരെ ആധുനിക സങ്കല്പനങ്ങളുടെ ഒരു അനൗപചാരിക സംഘടനയാണ് പാറ്റ ജനത പാർട്ടി. വലിയ ചരിത്രമോ തലതൊട്ടപ്പനോ നിലവിലില്ലാത്ത ഈ മുന്നേറ്റ സംഘം ചില ലളിതമായ പ്രമേയങ്ങളുടെ
പ്രമാണ രേഖ പ്രകാരമാണ് പ്രവർത്തിച്ചുവരുന്നത്. മാരകമായ അണുവികരണങ്ങളെ പ്പോലും അതിജീവിക്കുന്ന പാറ്റകളുടെ ബഹുരൂപിയായ ഘോഷയാത്രകളും മുദ്രാവാക്യങ്ങളും റാപ് സംഗീതവും ഒരു വേരിട്ട വിമോചന ദർശനമാണ് മുന്നോട്ടു വയ്ക്കുന്നത് അധസ്ഥിതരുടെഅരുകിലകപ്പെട്ടവരുടെ പെണ്ണുങ്ങളുടെ അതൃപ്തരും നിരാശാഭരിതരുമായ യുവാക്കളുടെ പ്രശ്ന യാഥാർത്ഥ്യങ്ങളെ അഭിമുഖീകരിക്കുന്ന ഈ പാറ്റ സഞ്ചയം നാടിൻ്റെ രാഷ്ട്രീയ ഭാഗധേയത്തെയാണ് പുനരാവിഷ്‌ക്കരിക്കാൻ ശ്രമിക്കുന്നത്.

സ്ഥിതിവിവര കണക്കുകളുടെ കേവലയുക്തികൾക്കോ പ്രവചനങ്ങളുടെ ദുഷ്ടലാക്കിനോ പിടികൊടുക്കാതെ ചിറകടിച്ചുയരുന്ന പാറ്റകളെ ചുട്ടെരിക്കാനുള്ള ഭരണ ശൗര്യം മറനീക്കി വരുന്നതായി കാണാനാകുന്നുണ്ട്. ഗുണപരമായ സാമൂഹ്യ മാറ്റങ്ങൾക്കുവേണ്ടി പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്നവരുടെ രാഷ്ട്രീയ ആഖ്യാനങ്ങളുടെ ഫലസിദ്ധിയുമായി പാറ്റകൾ കണ്ണി ചേരേണ്ടത് ഇന്നിൻ്റെ ആവശ്യമായിരിക്കുന്നു. പ്രസിദ്ധ ചിന്തകനായ ഴാക് റാൻസി യേറിൻ്റെ വീക്ഷണത്തിൽ മനുഷ്യാവകാശങ്ങൾ മിഥ്യയല്ല. എന്നാൽ അത് എല്ലാവർക്കും അനുഭവ വേദ്യവുമല്ല. ഇത് രേഖാപരമായി ബോധ്യപ്പെടുന്നതിലൂടെ അസ്തിത്വം കൈവരിക്കുന്നു. അതുകൊണ്ട് സാമൂഹ്യ യാഥാർത്ഥ്യമാകുക മാത്രമല്ല, അവകാശസമത്വവും യാഥാർത്ഥ്യത്തിൻ്റെ നിഷേധിക്കാനാവാത്ത ഭാഗ
മാകുകയും ചെയ്യുന്നു.

നമ്മുടെ അനുഭവഘടനയിലൂടെ നമുക്കുമുന്നിൽ പ്രത്യക്ഷമാകുന്ന ലോകത്തിൻ്റെ ഒരു ഭാഗം തന്നെയായി അതു മാറുന്നു. അവകാശങ്ങളുടെ ശക്തി തിരിച്ചറിയുന്നത് ജനങ്ങൾ അത് പ്രയോഗിക്കുന്നതിലൂടെ കൂടിയാണ്. ചെവിയോർക്കൂ, മനുഷ്യൻ്റെ പുതിയ ലോകത്തിനു വേണ്ടിയുള്ളൂ വസന്തത്തിൻ്റെ മേഘഗർജ്ജനം ഉയരെ കേട്ടുതുടങ്ങിയിരിക്കുന്നു.

No Comments yet!

Your Email address will not be published.