ചുമരിലെ
എൻ്റെ പഴയകാല ഫോട്ടോ നോക്കി
ആദ്യമായി വീട്ടിൽ വന്ന സുഹൃത്ത് ചോദിച്ചു:
അനിയനാണോ ?
അതേ.
ഏറെക്കുറെ
അതേ മുഖഛായ
അനുസരിക്കാത്ത
അതേ മുടി
പക്ഷെ കണ്ണിത്ര കുണ്ടിലല്ല
നല്ല ഓർമ്മകൾ ഇത്രത്തോളം
അകലത്തായിരുന്നില്ല.
കാണുവാൻ നിങ്ങളേക്കാൾ നന്ന്
ആത്മവിശ്വാസം
അവൻ്റെ നീക്കങ്ങൾക്ക്
വേഗം കൂട്ടി
പൊരുത്തങ്ങൾക്ക് ദൃഢത കുട്ടി
ഒരേകാന്തതയിലും അവൻ തനിച്ചായില്ല
സുഹൃത്ത് ഫോട്ടോയിൽ തുനിഞ്ഞു നോക്കി
ഒച്ചയൽപ്പം താഴ്ത്തി എന്നോട് ചോദിച്ചു:
ഇപ്പോഴില്ലേ?
ഇല്ല ,
മിക്കവാറും
ഇല്ല.
***







No Comments yet!