പത്തൊമ്പതാം നൂറ്റാണ്ടിൽ ലണ്ടനിലെ സെമിത്തേരികൾ മൃതദേഹങ്ങളാൽ നിറഞ്ഞുകവിയുകയുണ്ടായി. ശ്മശാനങ്ങൾ വർദ്ധിക്കുന്നത് നഗരവികസനത്തിന് തടസ്സമായിത്തീർന്നു. അവയുടെ എണ്ണം കുറയ്ക്കേണ്ടതായിവന്നു. വിവിധ പള്ളികളിലെ മൃതദേഹങ്ങൾ ലണ്ടൻ നെക്രോപോളിസ് റെയിൽവേസ്റ്റേഷനിൽ എത്തിച്ച് ബ്രൂക്വിഡ് സെമിത്തേരിയിലേക്ക് കൊണ്ടുപോവുക എന്നതായിരുന്നു പരിഹാരമാർഗ്ഗം. രണ്ടുനൂറ്റാണ്ട് ദൂരമുള്ള നെക്രോപോളിസിന്റെ ഈ സ്ഥലപരതയെ സമകാലജീവിതത്തിന്റെ ഉദ്വേഗങ്ങളിലേക്കും സന്നിഗ്ദ്ധതകളിലേക്കും വിന്യസിപ്പിക്കുവാനും സംഘർഷഭരിതമായ അനുഭവലോകങ്ങളിലൂടെ കത്തിപ്പടർന്നുപോവാനും ഇക്കഴിഞ്ഞയിട മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന ഷിനിലാലിന്റെ “മൈക്രോപോളിസ്” എന്ന കഥയ്ക്ക് സാധ്യമാകുന്നു. ഒരു ജനതയുടെ അനുഭവമെഴുത്തിന്റെ ആകൃതിയിലാണ് ആഖ്യാനനിർവഹണം ഉള്ളത്.

സച്ചിദാനന്ദന്റെ “വേനൽമഴ “എന്ന കവിതയിൽ ‘ശവങ്ങൾ ഒഴുകിനടക്കുന്ന ഒരു പുഴ പോലെയായി തീർന്നിട്ടുണ്ട് എന്റെ ജീവിതമെന്ന് ‘കവി വ്യസനിക്കുന്ന ഒരു സന്ദർഭം കാണാം. ഇതൊരു മൈക്രോസ്പെയ്സിലുള്ള അനുഭവചിത്രണമാണ്. എന്നാൽ ഈ കഥയുടെ മാക്രോസ്പെയിസാകെ ശവങ്ങളും ശ്മശാനങ്ങളും ശവദാഹങ്ങളും കുമിഞ്ഞുനിറയുകയാണ്. ആർത്തുല്ലസിക്കാൻ പാകമാകാത്തവിധമുള്ള ഇരുളുനിറഞ്ഞ അന്തരീക്ഷസൃഷ്ടിയാണ് കഥയാകമാനമുള്ളത് . തീവണ്ടിയുടെ കമ്പാർട്ട്മെന്റുകളിൽ നിരത്തിവെച്ച ഇരുമ്പ്ട്രേകളിലാകെ കേക്കുകൾ പോലെ അടുക്കിവെച്ചിട്ടുള്ള ശവങ്ങളിലാണ് കഥാകാരന്റെ ആശങ്കക്കണ്ണ് ചെന്നുതറയ്ക്കുന്നത്. റെയിൽപ്പാളത്തിലൂടെ ആർത്തിരമ്പിവന്ന ശവങ്ങളെയും അവയുടെ പരിചരണത്തെയും മുൻനിർത്തി ജീവിതം സ്വരുക്കൂട്ടുന്ന മനുഷ്യരുടെ അപൂർവതയിലാണ് കഥാപാത്രജീവിതം കാണ്മാനാവുക. നമ്മുടെ പരിചയസീമയിൽ പ്രത്യക്ഷപ്പെടാത്ത ഒരു സമാന്തരജീവിതദൃശ്യം തന്നെയാണിത്. മരിച്ചവരുടെ അരികിലിരുന്ന് കരയാൻ ശീലിച്ച കരച്ചിൽവിദഗ്ദ്ധരും മരണാനന്തരചടങ്ങുകൾ സ്വന്തം ജീവിതത്തിന്റെ ഉപജീവനമാക്കിയ പരിചരണതൊഴിലാളരുമടങ്ങുന്ന നിരവധി പേരാണ് ഈ കഥാകഥനത്തിലൂടെ കയറിയിറങ്ങിപ്പോകുന്നത്. മുറിവേറ്റ ശവങ്ങൾ കയറ്റിവരുന്ന , മധുരതരവും സംഗീതസാന്ദ്രവുമായ ചൂളംവിളി സ്വായത്തമാക്കിയിട്ടുള്ള തീവണ്ടിയാണ് കഥയിലെ നായകസ്വരൂപം. ഈ രാക്ഷസസാന്നിധ്യം എത്ര മനോഹരമായ കാഴ്ചയാണെന്ന പ്രസ്താവം കഥയ്ക്കുള്ളിൽ രൂഢമൂലമായിനിന്ന് നമ്മെ ഭയചകിതരാക്കുന്നു. അഗാധമായ ദുരന്തബോധത്തിൽനിന്നാണ് ഇത്തരം പ്രയോഗങ്ങളുടെ പിറവി. യുദ്ധങ്ങളും കലാപങ്ങളും വംശഹത്യകളും ഇല്ലാതാവുമ്പോൾ തങ്ങളുടെ തൊഴിലിടത്തിന് വിനാശം സംഭവിക്കുന്നുവെന്നാണ് മൈക്രോപോളിസിലെ മനുഷ്യക്കൂട്ടം ആവലാതിപ്പെടുന്നത്. നല്ല മരണം സാദ്ധ്യമാക്കുന്ന നല്ല ഭരണത്തെയാണ് അവർ സ്വപ്നം കാണുന്നത്. ഇതില്ലാതാകുന്ന കാലത്ത് തീവണ്ടിയുടെ വരവ് നിലയ്ക്കും. യുദ്ധം ചെയ്യാതെ മനുഷ്യർ എങ്ങനെ ജീവിക്കുന്നു എന്ന ചോദ്യചിഹ്നമുള്ള ആശങ്കയിൽകിടന്ന് ഷിനിലാലിന്റെ കഥ തിളച്ചുമറിയും. ഈ വാക്യത്തിനുള്ളിലെ വിപരീതാർത്ഥം അതീവശ്രദ്ധേയംതന്നെ. ഒരു ജനതയെ പരസ്പരം ഭിന്നിപ്പിക്കാനും ബോധപൂർവ്വം ഹിംസാഭിമുഖ്യങ്ങളിലേക്ക് ആനയിക്കാനും തയ്യാറാവുന്ന ഭരണകൂടഫാസിസത്തിന്റെ നീതിരാഹിത്യം സൂക്ഷ്മധ്വനിയായിത്തീരുന്നുണ്ട് ഇവിടെ.
മഹാമാരിയും യുദ്ധവിമാനങ്ങളും കാത്തിരിക്കുന്ന ഒരു ജനക്കൂട്ടം ഒരർത്ഥത്തിൽ എത്രമാത്രം കാരുണ്യരഹിതവും ഒപ്പം നിസ്സഹായവുമാണെന്ന് ഓർക്കുക. തങ്ങളുടെ പട്ടിണി മാറാൻ മറ്റിടങ്ങളിലെല്ലാം മഹാമാരി പടർന്നുപിടിക്കണമെന്ന് പ്രാർത്ഥിച്ചുകൊണ്ട് ജീവിക്കാൻ പ്രേരിപ്പിക്കപ്പെടുന്നവരെപ്പോലെ വലിയൊരു ദുസൂചന വേറെ ഉണ്ടാവാനിടയില്ല. കുറുനരികളും കഴുകുകളും നെഞ്ചത്തടിച്ച് കരയാൻ കാത്തുനിൽക്കുന്ന കരച്ചിൽവിദഗ്ധരും ചുറ്റുംനിന്ന് നൃത്തംവെയ്ക്കുന്ന മരണത്തിന്റെ തീവ്രഗന്ധമായി ജീവിതം മാറുന്നു. അപ്പോൾ ഉണ്ടാവുന്ന ആനന്ദം ഐറണിയുടെ ഭദ്രതയിൽ പറഞ്ഞറിയിക്കാൻ പ്രയാസപ്പെടുന്നുമുണ്ട്. നഷ്ടവസന്തം തിരിച്ചെത്തുംമട്ടിലാണ് കഥാന്ത്യത്തിൽ ശവങ്ങൾ വഹിച്ചുകൊണ്ടുള്ള തീവണ്ടി മെക്രോപോളിസിലേക്ക് എത്തുക. ‘മൃത്യു ജീവൻവെച്ച് ഉണർന്നു’ എന്ന പ്രസ്താവത്തിൽ ജീവിതമകപ്പെട്ട ദുരന്താവസ്ഥകളുടെയും ദുരധികാരരൂപങ്ങളുടെയും പകർന്നാട്ടമുണ്ട്. വടക്കുകിഴക്കൻ പ്രദേശങ്ങളിലുണ്ടായ പ്രശ്നങ്ങളിലും ദേശം കടന്ന് പാഞ്ഞുവരുന്ന മഹാമാരിയിലും സന്തുഷ്ടരാകുന്ന മനുഷ്യർക്ക് ശരിക്കും ശവാകൃതി തന്നെയാണുള്ളത്. അന്തസാരശൂന്യമായിത്തീർന്ന ലോകാവസ്ഥയുടെ വിസ്തൃതി എത്രത്തോളമുണ്ടെന്ന് ഈ കഥാഖ്യാനം നമ്മെ ബോധ്യപ്പെടുത്തിത്തരുന്നു.







No Comments yet!